എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ
“അപ്പൊ ഇനി അച്ഛന്റെ പരിപാടി എന്താ?”
പതിവ് പോലെ സന്ധ്യാ സമയത്തുള്ള ക്ഷേത്ര ദർശനവും കഴിഞ്ഞു വീടെത്തിയപ്പോഴാണ് മകന്റെ ചോദ്യം.”
കുറച്ചു നേരം ടീവീ കാണണം. കഞ്ഞി കുടിക്കണം. ഗുളിക കഴിക്കണം. കിടക്കണം. എന്ത്യേ?”
മറുപടിക്ക് താമസമുണ്ടായില്ല.
“അതല്ല ഞാൻ ചോദിച്ചത്. റിട്ടയർ ആയി ഒരു മാസമായില്ലേ അച്ഛൻ വെറുതെ ഇരിക്കുന്നു.എത്ര നാൾ എന്ന് വച്ചാ ഇങ്ങനെ വെറുതെ ഇരിക്കാ.”
“ഇത്രയും നാൾ ഓടി നടന്നതല്ലേ.ഇനി എനിക്ക് കുറച്ചു നാൾ വിശ്രമജീവിതം ആകാല്ലോ.”
“അതെങ്ങനെയാ ശര്യാവാ.
ജോലിക്ക് പോകാതിരുന്നാൽ അച്ഛന്റെയും അമ്മയുടെയും ചിലവുകൾ എങ്ങിനെ നടക്കും.”
“അതിനല്ലേ പെൻഷൻ.”
“പ്രൊവിഡന്റ് ഫണ്ട് പെൻഷൻ അല്ലെ. അത് എണ്ണിച്ചുട്ട അപ്പം പോലെയല്ലേ കിട്ടൂ.അത് കൊണ്ട് അച്ഛനും അമ്മയും എങ്ങനെ ജീവിക്കും.”
“ഞാൻ എന്ത് വേണമെന്നാ നീ പറയുന്നത്?”
“അച്ഛന് അമ്പത്തെട്ടു വയസ്സല്ലേ ആയിട്ടുള്ളൂ. എന്തെങ്കിലും ജോലിക്ക് പോകാമല്ലോ
വല്ല സെക്യൂരിറ്റി ആയിട്ടോ മറ്റോ.
“നീ എന്തൊക്കെയാടാ അച്ഛനോട് പറയുന്നത്.പത്തു മുപ്പത്തെട്ടു വർഷത്തെ ഓട്ടം കഴിഞ്ഞ് അങ്ങേര് ഒന്ന് നടു നിവർത്താൻ തുടങ്ങുമ്പോ വീണ്ടും ജോലിക്ക് പോകാനോ.”
അവരുടെ സംഭാഷണം കേട്ട് നിന്ന ഭാനുമതി
ചുവന്ന മുഖത്തോടെ അങ്ങോട്ടു ചെന്നു.
“മുപ്പത്തെട്ടു വർഷം ഓടി എന്ന് പറഞ്ഞിട്ട് അച്ഛന്റെ കയ്യിൽ ഒന്നും ഇല്ലല്ലോ.
പി എഫ് പോലും ഉള്ളത് മുഴുവൻ ലോൺ എടുത്തില്ലേ.ഏതെങ്കിലും ഒരു സ്ഥാപനത്തിൽ ഉറച്ചു നിന്നിരുന്നെങ്കിൽ ഗ്രാറ്റുവിറ്റിയെങ്കിലും കിട്ടിയേനെ.
ഇതിപ്പോ മൂന്നു കൊല്ലം കൂടുമ്പോൾ കമ്പനി മാറൽ അല്ലായിരുന്നോ.”
“അതിനല്ലേ നിങ്ങളെ സ്വയം പര്യാപ്തരാക്കിയത്.പ്രൈവറ്റ് ആയാലും
നിനക്ക് നല്ല ജോലിയല്ലേ. നിന്റെ ഭാര്യക്കും ജോലിയുണ്ട്. അഞ്ജനയെ കെട്ടിച്ചയച്ചിരിക്കുന്നതും നല്ല കുടുംബത്തേക്കാ”
ഭാനു മുഖത്തെ വിയർപ്പു തുടച്ചുകൊണ്ട് പറഞ്ഞു.
“ഞാൻ അടുത്ത മാസം എറണാകുളത്ത് ഫ്ലാറ്റിലേക്ക് മാറാൻ തീരുമാനിച്ചു. ഹേമക്ക് ജോലിക്ക് പോകാൻ എളുപ്പം അതാ.മോളെ അവിടെ കെജിയിൽ ചേർക്കണം.
കാറിന്റെ ലോണും ഫ്ലാറ്റിന്റെ വാടകയും എല്ലാം കൂടി കഴിഞ്ഞാൽ കയ്യിൽ നയാ പൈസ ബാക്കി കാണൂല്ല.അപ്പൊ പിന്നെ ഇവിടത്തെ കാര്യം കൂടി നടത്തണം എന്ന് വന്നാൽ.”
മകന്റെ ശബ്ദത്തിന് കാരമുള്ളിന്റെ മൂർച്ച ഉണ്ടായിരുന്നു.
“എടാ ഈ വീട് വയ്ക്കാനും നിന്റെ പഠനത്തിനും അവളുടെ കല്യാണത്തിനും ഒക്കെ ആയിട്ടാ അച്ഛൻ കാശ് മൊത്തം ചെലവാക്കിയേ. എന്നിട്ടിപ്പോൾ അങ്ങേരു റിട്ടയർ ആയപ്പോൾ കണക്കു പറയാൻ വരുന്നോ.”
“ഇതൊക്കെ എല്ലാ മാതാപിതാക്കളും ചെയ്യുന്നതാ. ഇവിടെ മാത്രം അല്ല.
ആയ കാലത്ത് എന്തെങ്കിലും ഉണ്ടാക്കി വച്ചാൽ വയസാം കാലത്ത് ഉപയോഗപ്പെടും.ഇന്നലെ അഞ്ജന വിളിച്ചപ്പോൾ അവളും ഇത് തന്നെയാ പറഞ്ഞത്.”
“എടാ സാമദ്രോഹി നിനക്ക് ഇതൊക്കെ എങ്ങനെ പറയാൻ തോന്നുന്നു.”
ഭാനുമതിയുടെ വാക്കുകൾ കരച്ചിലായി പുറത്തു വന്നു.
“ഭാനൂ നീ മിണ്ടാതിരിക്ക്.മോനെ ഈ ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നു.മക്കളെ കണ്ടും മാമ്പൂ കണ്ടും മയങ്ങരുതെന്നല്ലേ പഴമൊഴി.
അത് കൊണ്ട് തന്നെ അച്ഛനെ കൊണ്ട് ആകാവുന്ന രീതിയിൽ കുറച്ചു സ്വർണം പണ്ടേ വാങ്ങി വയ്ക്കുകയും ചെയ്തു. ഇപ്പോൾ സ്വർണ്ണത്തിന്റെ വില നിനക്ക് അറിയാല്ലോ.
ഒരാളുടെയും സഹായം ഞങ്ങൾക്ക് വേണ്ട. എന്തെങ്കിലും ആവശ്യം വന്നാൽ ഞാനും ഇവളും അത് വിറ്റ് നടത്തിക്കോളാം. അല്ലാതെ ഞങ്ങൾ ആരുടെയും മുന്നിൽ കൈ നീട്ടാൻ വരുന്നില്ല”
“അച്ഛാ അത് ഞാൻ കണക്കു പറയാൻ ഉദ്ദേശിച്ചു പറഞ്ഞതല്ല.പെട്ടെന്നൊരു ദിവസം അച്ഛന് വരവില്ലാതെ ആയാൽ എന്ത് ചെയ്യും എന്ന വേവലാതിയിൽ ചോദിച്ചതാ “
മകന്റെ ശബ്ദം ഇടറി.
“എല്ലാവരുടെയും വേവലാതിയും ആവലാതിയും അച്ഛന് മനസ്സിലാകും.
അടുത്ത മാസം ആകാൻ നിൽക്കേണ്ട.
നിനക്ക് ധൈര്യമായി നിന്റെ കുടുംബത്തെയും കൂട്ടി നാളെ തന്നെ എറണാകുളത്തേക്ക് പോകാം.
പിന്നെ ഒരു കാര്യം. ഈ വീട് ഞാൻ ഉണ്ടാക്കീതാ.ചാകുന്നത് വരെ ആരുടെയും അനുവാദം കൂടാതെ എനിക്കും ഇവൾക്കും ഇവിടെ കിടക്കാം. ആരും ഞങ്ങളെ അന്വേഷിച്ചു ഇങ്ങോട്ട് വരണം എന്നുമില്ല.
നിന്റെ പെങ്ങളോടും പറഞ്ഞേരെ.
ഭാനു കഞ്ഞി വിളമ്പ്. വല്ലാത്ത വിശപ്പ്.”
ഒരു ജേതാവിന്റെ തലയെടുപ്പോടെ അയാൾ അകത്തേക്ക് നടന്നു.
വാൽക്കഷ്ണം : അവനവനുള്ളത് അവനവൻ കരുതണം.
