രചന:- സജി തൈപ്പറമ്പൻ .
ഇളയ മകൻ്റെ ഹൗസ് വാമിംഗ് കഴിഞ്ഞ്, സന്ധ്യയോട് കൂടി, ദേവയാനി തറവാട്ടിലേക്ക് മടങ്ങുമ്പോൾ, മനസ്സ് നിറയെ ആശങ്കകളായിരുന്നു.
ഇന്നലെ വരെ ചെറുമക്കളുടെ കളിചിരികളാൽ മുഖരിതമായിരുന്ന
ആ പഴയ ഓടിട്ട വീടിനുള്ളിൽ, തനിയ്ക്ക് കൂട്ട് കടുത്ത നിശബ്‌ദത മാത്രമായിരിക്കുമെന്ന ചിന്ത അവരെ വല്ലാതെ തളർത്തി
ഇനി മുതൽ പാർട്ടി പരിപാടികൾ ഇല്ലാത്തപ്പോൾ മാത്രമായിരിക്കും ഭർത്താവിൻ്റെ കാർക്കശ്യം നിറഞ്ഞ ആക്രോശങ്ങൾ ആ വീട്ടിൽ മുഴങ്ങി കേൾക്കുന്നത് .
വിവാഹം കഴിഞ്ഞ് ആദ്യത്തെ മകൻ ജനിക്കുന്നത് വരെയെ അദ്ദേഹത്തിൻ്റെ സ്നേഹവും പരിഗണനയും കുറച്ചെങ്കിലും തനിക്ക് കിട്ടിയിട്ടുളളു.
വിവാഹാലോചന നടക്കുമ്പോഴേ ചെറിയമ്മാവൻ പറഞ്ഞിരുന്നു , ആള് വലിയ കമ്മ്യൂണിസ്റ്റാണെന്ന് ,.പക്ഷേ മുഴുവൻ സമയം, സാമൂഹിക സേവനമാണ് ആളുടെ ജീവിതലക്ഷ്യമെന്ന് താനറിയുന്നത്, മകനെ പ്രസവിക്കാനായി വീട്ടിൽ പോയി തിരിച്ച് വന്നപ്പോൾ മുതലായിരുന്നു .
പ്രായമായ അമ്മയ്ക്ക് ഒരു കൂട്ടുവേണമെന്ന് തോന്നലുണ്ടായത് കൊണ്ടാണത്രെ ,താനൊരു വിവാഹം കഴിച്ചതെന്ന് ,തൻ്റെ പരിഭവം കേൾക്കുമ്പോൾ നീരസത്തോടെ ആള് അന്നൊക്കെ പറയുമായിരുന്നു.
പ്രിയദർശിനി ബസ്സിൽ കവലയിൽ വന്നിറങ്ങുമ്പോൾ ,കേന്ദ്ര സർക്കാരിനെതിരെയുള്ള പന്തം കൊളുത്തി പ്രകടനത്തിനുളള ഒരുക്കത്തിലായിരുന്നു യുവസഖാക്കൾ ,
സമരം ഉത്ഘാടനം ചെയ്യുന്നത് പതിവ് പോലെ ,സഖാവ് KPR ആണ് ,അതായത്
തൻ്റെ ഭർത്താവ്.
മകൻ്റെ കേറിത്താമസത്തിന് വരാനാണ് സഖാവിന് സമയമില്ലാത്തത് , കൊടി പിടിക്കുന്നിടത്ത് ,എത്ര തിരക്കുണ്ടെങ്കിലും പറന്നെത്തുന്നതിന് യാതൊരു തടസ്സവുമില്ലല്ലോ ?
പുശ്ചത്തോടെ ഓർത്ത് കൊണ്ട് ,ചിറി കോട്ടുമ്പോഴാണ് ,അങ്ങേര് തന്നെ
കണ്ടെന്ന് ദേവയാനിയ്ക്ക് മനസ്സിലായത്.
താൻ സൗജന്യ യാത്ര ചെയ്ത് വന്നത് പുള്ളിക്കാരന് ഇഷ്‌ടമായില്ലെന്ന് ആ പരുക്കൻ നോട്ടത്തിലൂടെ ദേവയാനിയ്ക്ക് മനസ്സിലായിരുന്നു.
നിർവ്വികാരതയോടെ അയാളെയൊന്ന് നോക്കിയിട്ട്, ഇടവഴിയിലേയ്ക്കിറങ്ങി നടക്കുമ്പോൾ ,സന്ധ്യാ മുറ്റം അടിക്കടണമെന്ന ചിന്തയിലായിരുന്നു അവർ.
രാത്രി കഴിക്കാൻ മരുമകൾ പൊതിഞ്ഞ് കൊടുത്ത , സദ്യയിലെ മിച്ചം വന്ന ചോറും കൂട്ട്കറികളുമുണ്ടായിരുന്നത്കൊണ്ട് , ദേവയാനിയ്ക്കന്ന് പ്രത്യേകിച്ച് ജോലികളൊന്നുമില്ലായിരുന്നു
അത് കൊണ്ട് ,സന്ധ്യാദീപം തെളിയിച്ച്
പ്രാർത്ഥിച്ചതിന് ശേഷം ,വരാന്തയിലെ അരപ്ളേസിലേയ്ക്കവർ വന്നിരുന്നു .
അപ്പോഴാണ് തെക്കേമുറ്റത്തെ പുളിമാവാവിൽ കെട്ടിയ ഊഞ്ഞാല്, നിശ്ചലമായി കിടക്കുന്നത് കണ്ടത്,.ആ കാഴ്ച അവരുടെ മനസ്സിൽ.വീണ്ടുമൊരു അസ്വസ്ഥത പടർത്തി .
മൂന്ന് മക്കളിൽ മൂത്ത രണ്ടാൺ മക്കളും.മാറിത്താമസിയ്ക്കുമ്പോൾ ,ദേവയാനിയ്ക്ക് പ്രത്യേകിച്ച് ഫീലുകളൊന്നുമില്ലായിരുന്നു, പക്ഷേ, ആറേഴ് വർഷമായി തന്നോടൊപ്പം ഉണ്ടും ഉറങ്ങിയും കഴിഞ്ഞിരുന്നവർ പെട്ടെന്നൊരു സുപ്രഭാതത്തിൽ ഇറങ്ങിപ്പോകുമ്പോൾ മനസ്സ് ശൂന്യമായത് പോലെയും ,കൈകാലുകളുടെ ബലം കുറഞ്ഞത് പോലെയുമാണ് അവർക്ക് തോന്നിയത്
അപ്പോഴേക്കും ,ചുമരിൽ തൂക്കിയിരുന്ന വലിയ ഘടികാരത്തിൽ 8 pmൻ്റെ മണി മുഴങ്ങി ,പുള്ളിക്കാരൻ വരാൻ ഇനിയും വൈകും , സാധാരണ, 11 , 12 മണിയാണ് കണക്ക് ,എത്ര താമസിച്ച് കിടന്നാലും രാവിലെ ആറ് മണിയ്ക്ക് മുമ്പ് എഴുന്നേറ്റ് പോവുകയും ചെയ്യും.
കിടക്കാമെന്ന് കരുതി എഴുന്നേറ്റ് മുൻവാതിലടയ്ക്കാനൊരുങ്ങുമ്പോഴാണ് മുറ്റത്തേയ്ക്ക് ഒരു ചൂട്ട് കത്തിച്ച് കൊണ്ട് ആരോ വരുന്നത് കണ്ടത്
ഈ സമയത്ത് ഇതാരാ ? എന്ന് ശങ്കിച്ച് നില്ക്കുമ്പോഴാണ്, പുമുഖത്തെ വെളിച്ചത്തിലേ യ്ക്ക് കടന്ന് വന്നയാള്ത.ൻ്റെ ഭർത്താവാണെന്ന് ദേവയാനി തിരിച്ചറിഞ്ഞത്.
ഇതെന്താ ?സമര പരിപാടിയൊക്കെ ഇത്രവേഗം കഴിഞ്ഞോ?
അത്ഭുതത്തോടെയാണ് അവർ അയാളോട് ചോദിച്ചത്.
ഇല്ല, ഇനി സമാപനം ഉണ്ട്പ ക്ഷേ ഞാൻ നിന്നില്ല.
മയമില്ലാത്ത ശബ്ദത്തിൽ മറുപടി പറഞ്ഞു കൊണ്ട് കിണ്ടിയിലെ വെള്ളമെടുത്ത് കാലുകൾ കഴുകിയിട്ട് കെപിആർ അകത്തേക്ക് കയറി.
എന്തേലും കഴിച്ചോ?
ആശങ്കയോടെ ദേവയാനി ചോദിച്ചു.
ഇല്ല ,നല്ല വിശപ്പുണ്ട് ,നീ കുറച്ച് കഞ്ഞിയെടുക്ക്,
അയ്യോ അവിടുന്ന് സദ്യയുടെ ബാക്കി തന്ന് വിട്ടത് കൊണ്ട് , ഞാനിന്ന് കഞ്ഞി വെച്ചിട്ടില്ല.
നേരിയ ഭയത്തോടെയാണ് അവർ പറഞ്ഞത്
അത് ശരി, അപ്പോൾ ഞാനിന്ന് പട്ടിണി കിടക്കട്ടെയെന്ന് നീ കരുതിയോ ?
അയാളുടെ ശബ്ദം ഉയർന്നപ്പോൾ അവരുടെ ശരീരം പൂക്കുല പോലെ വിറച്ചു.
ങ്ഹാ സാരമില്ല, തൽക്കാലം ഞാനിത്തിരി.കഞ്ഞി ഉണ്ടാക്കി കുടിച്ചോളാം നിനക്ക് ക്ഷീണമുള്ളതല്ലേ? നീ പോയി കിടന്നോളൂ ,
അപ്രതീക്ഷിതമായി ഭർത്താവ് അങ്ങനെ പറഞ്ഞത് കേട്ട് ,ദേവയാനി തരിച്ചു നിന്നു. താൻ കാണുന്നത് സ്വപ്നമാണോ എന്ന സംശയത്താൽ ,അവർ സ്വയം നുള്ളി നോക്കി.
നീയെന്താ മിഴിച്ച് നിൽക്കുന്നത് ? പോയി കിടന്നോളൂ ,രണ്ടുദിവസമായി മകൻ്റെ വീട്ടിൽ കിടന്ന് കഷ്ടപ്പെടുന്നതല്ലേ? പിന്നെ മറ്റൊരു കാര്യം, നാളെ വെളുപ്പാൻ കാലത്ത് എഴുന്നേൽക്കാൻ നിൽക്കണ്ട ,ക്ഷീണം നന്നായി മാറിയതിന് ശേഷം ,സാവധാനം എഴുന്നേറ്റാൽ മതി ,എനിക്ക് നാളെ പ്രത്യേകിച്ച് പരിപാടികളൊന്നുമില്ല,
ഇങ്ങേർക്കിതെന്തുപറ്റി ?ഇരുട്ടത്തൂടെ നടന്നുവന്നപ്പോൾ ശത്രുക്കളെങ്ങാനും മടല് കൊണ്ട് തലയ്ക്കടിച്ചോ? തന്നോടിതുപോലെ അനുഭാവത്തോടെ അങ്ങേരിന്ന് വരെ സംസാരിച്ചിട്ടില്ലല്ലോ?
ഏതോ സ്വപ്നലോകത്ത് നിൽക്കുന്ന പ്രതീതിയാണ് ദേവയാനിക്കുണ്ടായത്
കിളി പോയ ദേവയാനി, നടന്ന് ചെന്ന് അടുക്കളയോട് ചേർന്ന മുറിയിലെ
കട്ടിലിൽ പോയി കിടന്നു.
ഇവിടെ ഒറ്റയ്ക്ക് കിടന്ന് ,രാത്രിയിൽ.ഗ്യാസോ മറ്റോ കയറിയിട്ട് , സൂക്കേട് വന്നാൽ, ആരറിയാനാ ?എഴുന്നേറ്റുപോയി അപ്പുറത്തെ മുറിയിൽ കിടക്ക് ,
കഞ്ഞിയുണ്ടാക്കാനായി അടുക്കളയിലേയ്ക്ക് പോകുമ്പോഴാണ് ഭാര്യയോടയാൾ അങ്ങനെ പറഞ്ഞത്
അവിശ്വസനീയത്തോടെ, തലയിണയും ബെഡ്ഷീറ്റുമെടുത്ത് വർഷങ്ങൾക്കു
മുമ്പ് ഇറങ്ങിപ്പോന്ന തങ്ങളുടെ പഴയ ബെഡ്റൂമിലേക്ക് കയറുമ്പോഴും
താൻ ഒരു മായാലോകത്ത് അകപ്പെട്ടതുപോലെയായിരുന്നു ദേവയാനിയ്ക്ക് തോന്നിയത്.
സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്നറിയാത്ത ചിന്തകളിൽ മുഴുകി കിടന്ന ദേവയാനി ,എപ്പോഴോ ഒന്ന് മയങ്ങിപ്പോയി..പിന്നീട് കണ്ണ് തുറക്കുമ്പോൾ നേരം നന്നേ പുലർന്നിരുന്നു.
പരിഭ്രാന്തിയോടെ ചാടിയെഴുന്നേറ്റ് അടുക്കളയിലേക്ക് ചെല്ലുമ്പോൾ ,
അടുപ്പിലെ പുട്ടുകുറ്റിയിൽ ആവി പറക്കുന്നുണ്ടായിരുന്നു ,മറ്റൊരു അടുപ്പിൽ മൂടി വച്ചിരിക്കുന്ന കടലക്കറി കൂടെ കണ്ടപ്പോൾ അവരുടെ കണ്ണ് തള്ളിപ്പോയി.
ങ്ഹാ നീ എഴുന്നേറ്റോ? എങ്കിൽ വേഗം പല്ല് തേച്ചിട്ട് വാ, എനിക്ക് നന്നായി വിശക്കുന്നുണ്ട്, പുട്ടാണ് ഉണ്ടാക്കിയത് ,മറ്റൊന്നും എനിക്ക് അത്ര പരിചയമില്ല,
ശബ്ദം കേട്ട് തിരിഞ്ഞുനോക്കുമ്പോൾ വരാന്തയിൽ നിന്നും പാർട്ടിപത്രവുമെടുത്തു കൊണ്ട് , ആള് നടന്നുവരുന്നതാണ് കണ്ടത്.
അല്ല ,നിങ്ങൾക്കിന്ന് പാർട്ടി പരിപാടികളൊന്നുമില്ലേ?
പരിപാടികളൊക്കെ ഉണ്ട് പക്ഷേ ഞാൻ വൈകുന്നേരത്തെ റാലിയിൽ മാത്രമേ പങ്കെടുക്കുന്നുള്ളൂ ഔദ്യോഗിക പദവികളൊക്കെ ഇന്നലെ തന്നെ ഒഴിഞ്ഞിരുന്നു , ഇപ്പോൾ ഞാൻ വെറും.പാർട്ടി പ്രവർത്തകൻ മാത്രമാണ്
അത് കേട്ട് ദേവയാനിയുടെ തലക്കകത്ത്ഒ.രു ഇടിമുഴങ്ങി
അതെന്താ? നിങ്ങൾക്കെതിരെ എന്തേലും ആരോപണമുയർന്നോ ?
ഏയ് അതൊന്നുമല്ല കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഞാൻ ചുമതലകളിൽ നിന്നെന്നെ ഒഴിവാക്കണമെന്ന് കാണിച്ച് നേതൃത്വത്തിന് ഒരു കത്ത് കൊടുത്തിരുന്നു,ഇന്നലെയാണ് അതിന് മറുപടി കിട്ടിയത്
അതെന്തിനാ നിങ്ങൾ സ്ഥാനങ്ങൾ ഒഴിഞ്ഞത് ?ഓർമ്മ വച്ച കാലം മുതൽ നിങ്ങളുടെ ജീവശ്വാസമാണ് പാർട്ടിയെന്നല്ലേ പറയാറുള്ളത്?
ആശ്ചര്യത്തോടെയാണ് ദേവയാനി ചോദിച്ചത്.
അതൊക്കെ ശരിയാണ്, ഞാൻ കുടുംബം വിട്ട് ,പാർട്ടിക്ക് വേണ്ടിയാണ് ഇത്രനാളും ജീവിച്ചത് ,അന്നൊക്കെ ഞാൻ ഇല്ലെങ്കിലും എൻ്റെ മൂന്നാൺമക്കൾ നിന്നെ നോക്കാനുണ്ടാവുമെന്ന ഉറപ്പിലാണ്ഞാ.നങ്ങനെ പോയിരുന്നത് . പക്ഷേ അവസാനത്തെ ആളും നിന്നെ ഉപേക്ഷിച്ചു പോയപ്പോൾ ,ഞാൻ മറ്റൊരു കാര്യം തിരിച്ചറിഞ്ഞു ,പാർട്ടിയെ മുന്നോട്ട് നയിക്കാനും സംരക്ഷിക്കാനും ലക്ഷങ്ങൾ ഉള്ളപ്പോൾ ,ആരുമില്ലാത്ത നിന്നെ നോക്കേണ്ടത് ഞാൻ മാത്രമാണെന്ന്,
ഇന്നലെവരെ പാർട്ടിയ്ക്കായിരുന്നു.ഞാൻ പ്രഥമപരിഗണന നൽകിയിരുന്നതെങ്കിൽ,
ഇനിമുതൽ എൻ്റെ പ്രയോറിറ്റി നിനക്ക് വേണ്ടിയുള്ളതാണ് ,mഞാനായിട്ട് നഷ്‌ടപ്പെടുത്തിയ ,നിനക്ക് ലഭിക്കേണ്ടിയിരുന്ന ,ഒരു ഭർത്താവിൻ്റെ സ്‌നേഹവും കരുതലും തരാൻ, ഞാൻ ബാധ്യസ്ഥനാണ് , മക്കൾ ഉണ്ടാകുന്നതിന് മുൻപ് ,എന്നെ മാത്രം വിശ്വസിച്ചല്ലേ? നീ ഇങ്ങോട്ട് കയറി വന്നത്? അവര് വേണ്ടെന്ന് വച്ചാലും ,നിന്നെയെനിയ്ക്കങ്ങനെ വിട്ട് കളയാനാവില്ലല്ലോ?
അത്രയും കേട്ടപ്പോൾ തന്നെ മനസ്സ്
നിറഞ്ഞ ദേവയാനിയുടെ കണ്ണുകളിലൂടെ ആശ്രുകണങ്ങൾ താഴേക്ക് ഉരുണ്ട് വീണു
ഞാൻ നിങ്ങളുടെ നെഞ്ചിലേക്ക് ഒന്ന് ചാഞ്ഞോട്ടെ?
കണ്ണീരോടെ അവർ ചോദിച്ചു
കയ്യിലിരുന്ന പത്രം കസേരയുടെ പുറത്തേയ്ക്കിട്ടിട്ട് അയാൾ തൻ്റെ
ഭാര്യയെ മാറോടു ചേർത്തു പിടിച്ചു.
NB:- ചിലരങ്ങനെയാണ് , നമ്മൾ കാണാത്ത ദീർഘവീക്ഷണം അവർക്കുണ്ടാവും , നാട് മുഴുവൻ ഞെരങ്ങുന്നവൻ ,എന്ന ചീത്തപ്പേര് കേൾക്കുമ്പോഴും ,അവരുടെ ശ്രദ്ധ,
തൻ്റെ കുടുംബത്തിൽ എപ്പോഴുമുണ്ടാവും താനല്ലാതെ മറ്റാരുമില്ലന്ന് തിരിച്ചറിയുമ്പോൾ ഓടിയെത്താനായി ,അവർ സദാ സന്നദ്ധരുമായിരിക്കും .
ഇഷ്‌ടമായാൽ പറയണേ,🙏
