നീ വിഷമിക്കല്ലേ. നമ്മുടെയൊക്കെ ആഗ്രഹം അതുതന്നെയല്ലേ..? അത് അങ്ങനെ തന്നെ നടക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അല്ല പ്രതീക്ഷയല്ല.. അത് അങ്ങനെ തന്നെയായിരിക്കും….

എഴുത്ത്:-അപ്പു

” എന്റെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന് അറിയാമോ..? “

രാത്രിയിൽ ഭർത്താവിന്റെ നെഞ്ചിൽ തലവച്ച് കിടക്കുമ്പോൾ അവൾ ചോദിച്ചു. അവൻ തലയുയർത്തി അവളെ ഒന്നു നോക്കി. പിന്നെ പുഞ്ചിരിച്ചു കൊണ്ട് കിടന്നു.

” അതിപ്പോ ആർക്കാ അറിയാൻ വയ്യാത്തത്..? “

അവൻ നിസ്സാര ഭാവത്തിൽ പറഞ്ഞപ്പോൾ അവൾ തിരിഞ്ഞ് അവനെ നോക്കി.

” എങ്കിൽ പറഞ്ഞെ.. എന്താ എന്റെ ഏറ്റവും വലിയ ആഗ്രഹം..? “

അവൾ ചോദിച്ചപ്പോൾ അവൻ വീണ്ടും ചിരിച്ചു.

” നമ്മുടെ കുഞ്ഞ് ഈ ഭൂമിയിലേക്ക് വരുമ്പോൾ അതിനെ ഏറ്റുവാങ്ങാൻ നിന്റെ അമ്മ മുന്നിലുണ്ടാകണം എന്നല്ലേ..? “

അവൻ ചോദിച്ചപ്പോൾ അത്രയും നേരം പുഞ്ചിരിച്ചു കൊണ്ടിരുന്ന അവളുടെ മുഖം മങ്ങി. പിന്നെ അതെ എന്ന് തലയാട്ടി.

“നീ വിഷമിക്കല്ലേ. നമ്മുടെയൊക്കെ ആഗ്രഹം അതുതന്നെയല്ലേ..? അത് അങ്ങനെ തന്നെ നടക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അല്ല പ്രതീക്ഷയല്ല.. അത് അങ്ങനെ തന്നെയായിരിക്കും.”

ഒരു ഉറപ്പു പോലെ അവൻ പറഞ്ഞപ്പോൾ അവൾ ദീർഘനിശ്വാസം ഉതിർത്തു.

” ആ ഒരു പ്രതീക്ഷയാണ് എന്നെയും മുന്നോട്ട് നടത്തുന്നത്. പക്ഷേ അത് എത്രത്തോളം ഫലപ്രദമാകും എന്ന് എനിക്കറിയില്ല.”

നിരാശയും സങ്കടവും ഒക്കെ കലർന്ന സ്വരത്തിൽ അവൾ അത് പറയുമ്പോൾ അവനും സങ്കടം തോന്നി.

” നീ ഓരോന്ന് ആലോചിച്ചിരുന്നു ഉറക്കം കളയാതെ കിടന്നുറങ്ങാൻ നോക്ക്. ഒന്നാമത് ഇപ്പോൾ നിനക്ക് രാത്രിയിൽ ഉറക്കമില്ല. ഇങ്ങനെ ഓരോന്ന് ആലോചിച്ചിരിക്കുക കൂടി ചെയ്താൽ പിന്നെ എങ്ങനെയാണ്..? ഈ സമയത്ത് ഏറ്റവും അത്യാവശ്യമായി വേണ്ടത് വിശ്രമമാണ്. നിനക്കിപ്പോൾ അത് കിട്ടുന്നില്ല എന്നൊക്കെ എനിക്കറിയാം. എങ്കിലും കിട്ടുന്ന സമയത്തെങ്കിലും നിനക്ക് റസ്റ്റ് എടുക്കാമല്ലോ.. ” അവൻ പറഞ്ഞപ്പോൾ അവൾ മറുപടിയൊന്നും പറഞ്ഞില്ല. പകരം അവനിലേക്ക് ഒന്നുകൂടി ചേർന്ന് കിടന്നു. അപ്പോഴും അവളുടെ കൈകൾ വീർത്ത വയറിൽ ഭദ്രമായിരുന്നു.

ആ നിമിഷം അവനും ഓർമ്മകളുടെ കയത്തിൽ അകപ്പെട്ടിരിക്കുകയായിരുന്നു.

രേഷ്മ. അച്ഛന്റെയും അമ്മയുടെയും ഒരേ ഒരു മകളാണ് അവൾ. ഡിഗ്രി കഴിഞ്ഞ സമയത്താണ് അവളുടെ വിവാഹം നടന്നത്. ജാതകം ഒക്കെ ചേർന്നു വന്നത് എനിക്ക് ആയിരുന്നു.

അവളുടെ അത്രയും വിദ്യാഭ്യാസം എനിക്ക് ഇല്ലാതിരുന്നിട്ടും സാധാരണ ക്കാരായ രണ്ടു കുടുംബങ്ങൾ ആയതുകൊണ്ട് തന്നെ ബന്ധം കൂട്ടി യോജിപ്പിക്കുന്നതിൽ ആർക്കും എതിർപ്പുണ്ടായിരുന്നില്ല.

എന്റെ വീട്ടിൽ എനിക്ക് മൂത്തതായി ഒരു ചേട്ടൻ കൂടിയുണ്ട്. ആളുടെ വിവാഹമൊക്കെ കഴിഞ്ഞ് രണ്ടു കുട്ടികളുമുണ്ട്.

വിവാഹം കഴിഞ്ഞ് രേഷ്മ അവിടേക്ക് കയറി വന്നതു മുതൽ എല്ലാവർക്കും അവൾ പ്രിയപ്പെട്ടതായി മാറിയിരുന്നു. കളിയും ചിരിയും ബഹളവും ഒക്കെയായി അവൾ എല്ലാവരെയും കയ്യിലെടുത്തു വച്ചിരുന്നു.

വിവാഹം കഴിഞ്ഞ് ആദ്യത്തെ ആറു മാസങ്ങൾ കുട്ടികൾ ഒന്നും വേണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. പക്ഷേ അതിനു ശേഷം ഉള്ള ഓരോ മാസവും ഞങ്ങൾ പുതിയ അതിഥിയേ പ്രതീക്ഷിക്കുകയായിരുന്നു.

എന്നാൽ ഞങ്ങളുടെ പ്രതീക്ഷകളെ ഒക്കെ അസ്ഥാനത്താക്കിക്കൊണ്ട് ആ അതിഥി ഞങ്ങളിലേക്ക് കടന്നു വന്നില്ല. അത് ഞങ്ങളോടൊപ്പം തന്നെ രണ്ടു കുടുംബങ്ങളെയും ഒരുപാട് വിഷമത്തിൽ ആക്കി.

മാസങ്ങൾ വർഷങ്ങളായി കടന്നു പോയി. വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ അഞ്ചാം വർഷമാണ്. ഇപ്പോഴാണ് ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം ഞങ്ങൾക്കുണ്ടായത്.

ആ വാർത്ത അറിഞ്ഞത് മുതൽ രണ്ട് വീട്ടുകാരും സന്തോഷം കൊണ്ട് നിലത്തൊന്നുമായിരുന്നില്ല.

അവളെ അവളുടെ വീട്ടിലേക്ക് കൊണ്ടാക്കാൻ എന്റെ വീട്ടുകാർക്ക് തന്നെയായിരുന്നു താല്പര്യം. അവൾ പൂർണമായും റസ്റ്റ് എടുത്തോട്ടെ എന്നൊരു കാഴ്ചപ്പാടിലാണ് അവർ അവളെ വീട്ടിലേക്ക് കൊണ്ടാക്കിയത്.

അവളുടെ അച്ഛനും അമ്മയ്ക്കും അതിൽപരം സന്തോഷം മറ്റൊന്നും ഉണ്ടായിരുന്നില്ല. കാരണം അവൾക്ക് വിശേഷം അറിയിച്ചത് മുതൽ അവളോടൊപ്പം നിൽക്കാൻ അവളുടെ അമ്മ ഒരുപാട് ആഗ്രഹിക്കുന്നുണ്ടായിരുന്നു.

അവളെ താഴത്തും തറയിലും വയ്ക്കാതെ തന്നെയാണ് അമ്മ നോക്കിയത്. പക്ഷേ ദൈവം അതിന് ഒരുപാട് നാളുകൾ അവസരം കൊടുത്തില്ല എന്ന് മാത്രം.

ഒരിക്കൽ രേഷ്മയ്ക്ക് എന്തോ വാങ്ങാൻ വേണ്ടി ടൗണിലേക്ക് പോയതായിരുന്നു അമ്മ. പക്ഷേ തിരികെ വരുന്ന വഴി റോഡ് ക്രോസ് ചെയ്യുമ്പോൾ അമിത വേഗതയിൽ വന്ന ഒരു കാർ അമ്മയെ ഇടിച്ചു തെറിപ്പിച്ചു.

തൊട്ടടുത്തുണ്ടായിരുന്ന പോസ്റ്റിൽ ചെന്നിടിച്ചാണ് അമ്മ നിലത്തേക്ക് വീണത്.അതോടു കൂടി അമ്മയുടെ നട്ടെല്ലിന് ക്ഷതം സംഭവിച്ചു.

ഇപ്പോൾ പൂർണ്ണമായും ബെഡ് റസ്റ്റ് ആണ് എന്ന് തന്നെ പറയാം. അമ്മയെ നോക്കുന്നതും പരിപാലിക്കുന്നതും ഒക്കെ രേഷ്മയാണ്.

അമ്മയുടെ ഓരോ കാര്യങ്ങളും വളരെ വൃത്തിയായും കൃത്യമായും ചെയ്തു കൊടുക്കുന്ന രേഷ്മയെ കാണുമ്പോൾ, പലപ്പോഴും അമ്മയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ട്.

അമ്മയുടെ സങ്കടം എത്രത്തോളം ആണെന്ന് ഊഹിക്കാൻ കഴിയുന്നുണ്ട്.

മകൾക്ക് പൂർണമായും വിശ്രമം കൊടുത്ത് അവൾക്ക് ആവശ്യമുള്ളതൊക്കെ ചെയ്തു കൊടുക്കാൻ ആ അമ്മയുടെ മനസ്സ് കൊതിക്കുന്നുണ്ടാവാം. പക്ഷേ അതിന് കഴിയുന്നില്ല എന്നോർത്ത് ആവാം അവരുടെ സങ്കടം.

അതേ സങ്കടം രേഷ്മയിലും കാണാനുണ്ട്. അമ്മയുടെ മുന്നിൽ അവൾ ഒന്നും പ്രകടിപ്പിച്ചില്ലെങ്കിലും, അവൾ കരയുന്നത് പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്.

അമ്മയുടെ കൈകൊണ്ടു വച്ചുണ്ടാക്കുന്ന എന്തെങ്കിലുമൊക്കെ കഴിക്കണമെന്ന് അവൾക്കും ആഗ്രഹമുണ്ടാകും. അമ്മ തന്നെ പരിപാലിക്കണം എന്നും അവൾ കൊതിക്കുന്നുണ്ടാവും. പക്ഷേ ഇപ്പോൾ ഒന്നിനും കഴിയാത്ത ഒരു സാഹചര്യമാണ്. അതോർത്ത് അവൾ വല്ലാതെ വേദനിക്കുന്നുണ്ട്.

പ്രസവത്തിന് ഡേറ്റ് അടുക്കാറായപ്പോൾ, അവളുടെ ഒരേയൊരു പ്രാർത്ഥന അമ്മ അവളോടൊപ്പം ഉണ്ടാകണം എന്ന് മാത്രമാണ്. എന്തെങ്കിലും മഹാത്ഭുതം സംഭവിച്ച് ഞങ്ങളുടെ കുഞ്ഞിനെ എടുക്കാൻ അമ്മയ്ക്ക് കഴിയണം എന്നാണ് അവൾ ആഗ്രഹിക്കുന്നത്.

ഓർമ്മകളിൽ നിന്ന് ഉണർന്നപ്പോൾ അവൾ ഉറങ്ങിയിരുന്നു. രാവിലെ മുതൽ ഓരോ ജോലികൾ ചെയ്ത് കഷ്ടപ്പെടുന്നുണ്ട്. അതിന്റെ കൂടെ ഗർഭാലസ്യവും കൂടിയാകുമ്പോൾ എവിടെയെങ്കിലും കിടന്നാൽ തന്നെ അവൾ മയങ്ങിപ്പോകും എന്നൊരു അവസ്ഥയാണ്.

പിറ്റേന്ന് സൂര്യൻ ഉദിച്ചത്,എല്ലാവരുടെയും നെഞ്ചിൽ തീ കോരിയിടുന്ന ഒരു വാർത്തയും ആയിട്ടായിരുന്നു.

രാവിലെ രേഷ്മ അമ്മയെ നോക്കാനായി മുറിയിലേക്ക് ചെല്ലുമ്പോൾ എല്ലാ ദിവസത്തെയും പോലെ തന്നെ കണ്ണടച്ചു കിടക്കുകയായിരുന്നു അമ്മ. അമ്മയെ കണ്ടു ഒരു ചിരിയോടെ അവൾ അമ്മയെ തട്ടിവിളിക്കാൻ ഒരുങ്ങി.

തണുത്ത് മരവിച്ച അമ്മയുടെ ശരീരം കാണവേ അവൾ പകച്ചു നിന്നു പോയി. അവൾ അലറി കരയുന്ന ഒച്ച കേട്ടാണ് മറ്റുള്ളവരൊക്കെയും ഉറക്കത്തിൽ നിന്ന് ഉണർന്നത്.

അറിഞ്ഞ വാർത്തയുടെ നടുക്കം വിട്ടുമാറാൻ ഒരുപാട് സമയം എടുത്തു എല്ലാവർക്കും. അതിൽ അമ്മ തങ്ങളെ വിട്ടു പോയി എന്ന് അംഗീകരിക്കാൻ ആവാത്ത ഒരേ ഒരാൾ രേഷ്മയായിരുന്നു.

അമ്മ അവളോടൊപ്പം തന്നെയുണ്ട് എന്ന് അവൾ ഉറച്ചു വിശ്വസിച്ചു.

ഉറക്കത്തിനിടയിൽ സംഭവിച്ച ഒരു സൈലന്റ് അറ്റാക്ക് ആയിരുന്നു അമ്മയുടെ മരണകാരണം എന്ന് പിന്നീട് അറിയാൻ സാധിച്ചു.

പക്ഷേ മൊത്തത്തിൽ ഒരു ആഘാതം ഏറ്റ മനസ്സായി മാറിയിരുന്നു രേഷ്മയുടെത്.

അധികം വൈകാതെ പ്രസവ വേദനയുമായി അവളെ ആശുപത്രികൾ അഡ്മിറ്റ് ചെയ്യേണ്ടിയിരുന്നു. അവിടെ കിടക്കുമ്പോഴും അവളുടെ മനസ്സ് കൈപ്പിടിയിൽ തന്നെയുണ്ടോ എന്ന് ഞങ്ങൾക്കൊക്കെ സംശയം ആയിരുന്നു.

അധികം നേരം കാത്തു നിൽക്കേണ്ടി വന്നില്ല. അതിനു മുൻപ് തന്നെ ടവലിൽ പൊതിഞ്ഞ് ഒരു മാലാഖ കുഞ്ഞിനെ ഒരു സിസ്റ്റർ ഞങ്ങൾക്ക് കാണിച്ചു തന്നു.

” രേഷ്മക്ക് പെൺകുഞ്ഞാണ്..”

ആ മാലാഖ അത് പറഞ്ഞപ്പോൾ അവളുടെ അമ്മ തന്നെയാണോ ആ പെൺകുഞ്ഞ് എന്നറിയാൻ എനിക്കൊരു ആകാംക്ഷയുണ്ടായി. അതേ ആകാംക്ഷയോടെ ആ മുഖത്തേക്ക് ഞാൻ ഒരിക്കൽ കൂടി ഉറ്റു നോക്കിയപ്പോൾ അവിടെ ഞാൻ കണ്ടത് എന്നെ നോക്കി പുഞ്ചിരിക്കുന്ന അവളുടെ അമ്മയുടെ മുഖമായിരുന്നു.

ആ സന്തോഷം ആരോടെങ്കിലും പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിച്ചു.

മുറിയിലേക്ക് അവളെയും കുഞ്ഞിനെയും കൊണ്ടുവന്നപ്പോൾ, അവളോട് തന്നെ വിവരം പറയാനാണ് എനിക്ക് തോന്നിയത്. പക്ഷേ ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ അവൾ എന്നെ നോക്കി പുഞ്ചിരിച്ചു.

” എന്റെ അമ്മ എന്റെ അടുത്തേക്ക് തന്നെ തിരിച്ചു വന്നു. അല്ലേ ഏട്ടാ..? “

ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയും കണ്ണിൽ കണ്ണുനീരുമായി അവൾ പറഞ്ഞപ്പോൾ സന്തോഷത്തോടെ അവളെ ചേർത്തു പിടിക്കുകയായിരുന്നു അവനും..!