ഏട്ടൻ
രചന: Sharath Sambhavi
പതിവുപോലെ ചിന്നു ചിണുങ്ങികൊണ്ട് തന്നെ വീട്ടിൽ വന്നു കയറി… അല്പം വൈകി സ്കൂൾ വിട്ട് വീട്ടിൽ കയറിചെന്ന ഞാൻ കണ്ടത്
വിറകുക്കൊള്ളിയും പിടിച്ചു സംഹാര താണ്ഡവം ആടി നിൽക്കുന്ന അമ്മയെ ആണ്.. തൊട്ട് അരികിൽ മുന്നേ ഞാൻ ചിന്നു എന്ന് വിശേഷിപ്പിച്ച എന്റെ ഒരേയൊരു കൂടെപിറപ്പ്… ചിന്മയ
ഡാ.. അപ്പു .. നീ ഓടരുത്…. എന്റെ നിൽപ് കണ്ടത് കൊണ്ട് ആവണം അമ്മ മുൻകൂട്ടി അത് പറഞ്ഞത്…
അമ്മേ ഞാൻ ഒന്നും ച്യ്തില്ല അവളെ…
അതിന് നീ വല്ലതും ച്യ്തതെന്നു പറഞ്ഞോ…
പിന്നെന്തിനാ ഈ വിറകുക്കൊള്ളി.. എന്നെ ത ല്ലാനല്ലേ…?
ത ല്ലണോ കൊ ല്ലണോ എന്ന് ഞാൻ തീരുമാനിച്ചോളാം.. നീ ഇങ് വന്നേ..
ഇല്ലാ ഞാൻ വരില്ല… വിറക് കള എന്നിട്ട് ഞാൻ വരാം….
അമ്മ എന്റെ അടുക്കലേക്കു വരാൻ ഒരുങ്ങിയതും.. ഞാൻ ഓടി… ഓടുന്ന മകന് ഒരു മുഴം മുൻപേ എന്ന് പറഞ്ഞ പോലെ… അമ്മ എറിഞ്ഞ ആ വിറക് കൊള്ളി കറക്ട് ആയിട്ട് മുതുകിൽ തന്നെ കൊണ്ടു ….
ദാ കിടക്കുന്നു… വീര ശൂര പരാക്രമിയായ ഞാൻ….. ചാടി എഴുന്നേൽക്കാൻ ശ്രമിച്ചതും.. അമ്മയെന്ന പോരാളിയുടെ കൈ എന്റെ മേൽ പതിച്ചിരുന്നു…
നിന്നോട് ഞാൻ പറഞ്ഞാ ഓടരുത് എന്ന്… നീ എന്താ ഇന്ന് ചിന്നുനെ കൊണ്ട് വരാതെ സ്കൂളിൽ നിന്ന് പോന്നത്…?ഞാൻ വിളിച്ചു ഇവള് വരാഞ്ഞിട്ടാ…
ആണോടി … ഇവൻ വിളിച്ചോ…?
വെറുതെയാ അമ്മേ… ഞാൻ പുറകെ ഒത്തിരി വിളിച്ചു… അപ്പു അപ്പൊളെക്കും ആ പള്ളീടെ പിന്നിൽ ഉള്ള ഇടവഴി കയറി പോന്നു… ചിന്നു പരമാവധി എനിക്കിട്ട് വെച്ചു…
അത് കേട്ടതും പോരാളി ഒരെണ്ണം കൂടി എനിക്കിട്ട് തന്നു… നിങ്ങളുടെ അച്ഛൻ ഇങ്ങോട്ട് വരട്ടെ… ബാക്കി തന്നോളും…. നിനക്ക് കൂടെപ്പിറപ്പ് ആയി ഇവള് മാത്രല്ലേയുള്ളു…
എങ്കിലേ ഇവളോട് എന്നെ ചേട്ടാന്ന് വിളിക്കാൻ പറ… ഞാൻ ഇവള്ടെ മൂത്തത് അല്ലേ.. പിന്നെന്തിനാ ഇവളും എന്നെ അപ്പുന്ന് വിളിക്കണേ..
ആ അവള് വിളിച്ചോളും… ഇനി കൊച്ചിനെ ഇട്ടേച്ചും പോന്നാൽ വീട്ടിലും കയറ്റില്ല പച്ചവെള്ളവും ഞാൻ തരില്ല പറഞ്ഞേക്കാം
അമ്മ അത് പറഞ്ഞപ്പോൾ അവൾ ഒരു ആക്കിയ ചിരി എന്നെ നോക്കി ചിരിച്ചു അതിന്റെ അർത്ഥം ഒന്നേയുള്ളു…
ഇപ്പൊ തന്നെ വിളിക്കും നോക്കിയിരുന്നോ എന്ന്…
നീ പോടീ… ചിന്നു നാരായനീ കോന്ദ്രപല്ലി….
അമ്മേ…. ദേ എന്നെ.. കോന്ദ്രപല്ലിയെന്നു വിളിക്കുന്നു…
നീ എന്തിനാടി അമ്മയെ വിളിക്കുന്നത് പിശാശുപിടിച്ചവളെ…
ഇതും പറഞ്ഞു ഞാൻ കളിക്കാൻ ആയിട്ട് ഓടി… പള്ളിയിൽ ബാങ്ക് കൊടുക്കുന്നത് വരേയുള്ളൂ പറമ്പിലെ കളി… ബാങ്ക് വിളി കേട്ടാൽ എല്ലാവീട്ടിലും വിളക്ക് തെളിക്കാൻ തുടങ്ങും…
അന്ന് ഒരു തൃക്കാർത്തികയായിരുന്നു.. വീടിന് മുന്നിൽ ഒരുപാട് ദീപങ്ങൾ ഞങ്ങൾ രണ്ടാളും തെളിച്ചു.. അവിടെയും ഇടി തന്നെ..
പിന്നെ… സന്ധ്യനാമം ചൊല്ലാനായി ഇരിന്നു..
സന്ദ്യനാമം ചൊല്ലികഴിഞ്ഞു എഴുന്നേറ്റതും മുന്നിൽ അതാ നിൽക്കുന്നു ഭീതിപ്പെടുത്തുന്ന നോട്ടത്തോടെ എന്നെ ഇപ്പൊ തന്നെ എടുത്ത് വിഴുങ്ങും എന്ന മട്ടിൽ…
അത് മറ്റാരും ആയിരുന്നില്ല എന്റെ അച്ഛൻ… സ്നേഹം വരുമ്പോൾ അച്ചായി എന്നാ ഞങ്ങൾ വിളിക്കാറ്.
ഡാ… എന്താ എന്നെ നോക്കികൊണ്ട് നിൽക്കുന്നത് പഠിക്കാൻ ഒന്നും ഇല്ലേ..?
ഇണ്ട് അച്ചായി… പഠിക്കാൻ പോകുവാ… അങ്ങനെ ആകെ അറിയാവുന്ന കേരളാ
പാഠവലി ഇന്നും എടുത്തു… അല്പം ഉറക്കെ വായിക്കാൻ തുടങ്ങി..
അച്ചായി… അപ്പുനോട് പതുക്കെ വായിക്കാൻ പറ… എനിക്ക് എഴുതാൻ പറ്റുന്നില്ല…
ഡാ….. അച്ഛൻ എന്നെ രൂക്ഷമായി നോക്കികൊണ്ട് വിളിച്ചു.. ആ നോട്ടത്തിലും വിളിയിലും എല്ലാം ഉണ്ടായിരുന്നു..
എന്നെ നോക്കുന്നത് എന്തിനാ…എനിക്ക് ഉറക്കെ വായിച്ചാലെ പഠിക്കാൻ പറ്റൂ…
ആഹാ… അങ്ങനെ ഇപ്പൊ ഉറക്കെ വായിക്കേണ്ട… മനസ്സിരുത്തി വായിച്ചാൽ മതി മനസ്സിൽ പതിഞ്ഞോളും.
അതിന്റെ ഇടയ്ക്ക് അടുക്കളയിൽ കറിവെക്കുന്ന മണം മൂക്കിൽ അടിച്ചു…
അമ്മേ ഞണ്ട്ന്റെ കാല് എനിക്കു വേണേ…
അമ്മേ എനിക്കും വേണം… ചിന്നുവും വിട്ടുകൊടുത്തില്ല…
കണ്ട.. കണ്ട.. രണ്ടെണ്ണംത്തിന്റെയും ശ്രദ്ധ പുസ്തകത്തിൽ അല്ല…. പോരാളി അമ്മ പരാതിയും ആയി രംഗപ്രവേശനം ചയ്തു….
സാരമില്ല… കുട്ടികൾ അല്ലേ നീ കറി ശരിയായങ്കിൽ ചോറ് എടുക്ക് എനിക്കും വിശന്നിട്ടു വയ്യ…
അങ്ങനെ അച്ഛൻ തമ്പുരാൻന്റെ വിധി വന്നതോടെ അന്നത്തെ പഠനവും കഴിഞ്ഞു…
ഞണ്ട് കാലിനുള്ള ഇടി ചോറ് കഴിച്ചപ്പോളും തുടർന്നു…
അവസാനം എത്രയൊക്കെ വഴക്കിട്ടാലും പിണങ്ങിയാലും ഒരുമിച്ച് കിടന്നില്ലേ എനിക്കും ചിന്നുനും ഉറക്കം വരൂല്ല. .. അമ്മ വിരിച്ചു തന്ന തഴപായയിൽ ഞങ്ങൾ രണ്ടാളും കിടന്നു..
ഇടയ്ക്ക് എപ്പോഴോ ഇടി വെട്ടിയപ്പോൾ എന്നെയും കെട്ടിപിടിച്ചുറങ്ങി… ആള്…
കാലങ്ങൾ ഒത്തിരി കഴിഞ്ഞു… ഏട്ടൻ എന്ന് അവൾ വിളിച്ചോളും എന്ന് അമ്മ പറഞ്ഞത് നടന്നില്ല..
ഒരിക്കൽ എന്റെ ഫോണിലേക്ക് ഒരു വിളി വന്നു… മറുതലയ്ക്കൽ ഒരു ആണ് ആയിരുന്നു..
ഹലോ.. അപ്പു അല്ലേ….. സോറി.. അഭിനവ് അല്ലേ..
അതേ… ആരാണ്?
എന്റെ പേര്.. ഹരി.. ഇവിടെ പഞ്ചായത്ത് ഓഫീസിൽ ജോലി ചെയ്യുന്നു…
ആ… മനസ്സിലായി… പാലക്കാട് ഉള്ളത്.. എന്താ ഇപ്പൊ വിശേഷിച്ചു.?
എനിക്ക്.. അഭിനവ്നോട് നേരിട്ട് ഒരു കാര്യം സംസാരിക്കാനുണ്ട്.. അല്പം പേർസണൽ ആണ്.. നാളെ മീറ്റ് ചെയ്യാൻ പറ്റുമോ?..
നാളെ… നാളെ പാ ർട്ടിയുടെ ഒരു യോഗം ഇണ്ട് അതിന്റെ പിന്നാലെ ആവും… പേർസണൽ എന്നല്ലേ പറഞ്ഞത്… ഇപ്പൊ പറഞ്ഞോ എന്താണേലും…
അതിപ്പോ… എങ്ങനാ ഫോണിലൂടെ..
ഹേയ്… അത് സാരമില്ല… ഇയാള് പറഞ്ഞോളൂ..വേറൊന്നും അല്ല തന്റെ സിസ്റ്റർ ചിന്മയയെ എനിക്ക് ഇഷ്ട്ടമാണ്… വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്. .
പെട്ടന്ന് അത് കേട്ടപ്പോൾ എന്റെ ഉള്ളൊന്ന് ഇടറി.. എന്നാലും ഞാൻ മറുപടി പറഞ്ഞു
അതിപ്പോ… അവളോട് ഒന്ന് ചോദിക്കട്ടെ…. അവൾ എന്താ പറയുന്നേയെന്നു നോക്കട്ടെ
ഞാൻ സംസാരിച്ചിരുന്നു ചിന്നുനോട്.. ഇവിടെ സാക്ഷരതമിഷന്റെ കോഴ്സ് പഠിപ്പിക്കാൻ വരുണുണ്ടല്ലോ അപ്പോൾ ഞാൻ പറഞ്ഞിരുന്നു ആൾക്ക് ഇഷ്ടക്കുറവില്ല..
ചേട്ടനും അച്ഛനും സമ്മതിക്കുവാണേൽ മാത്രം നടക്കൂ എന്ന് പറഞ്ഞു…
ആണോ… എങ്കിൽ അച്ഛനോട് കൂടി ആലോചിച്ചിട്ട് തന്നെ ഞാൻ വിളിക്കാം..
അങ്ങനെ ആലോചനകളും ചർച്ചകളും കഴിഞ്ഞു.. അവളുടെ ഇഷ്ട്ടം തന്നെ നിറവേറ്റാൻ തീരുമാനിച്ചു.. എന്റെ ചിന്നു പെട്ടന്ന് തന്നെ ഒരു കല്യാണപെണ്ണായി മാറി….
കല്യാണപ്പന്തലിൽ നിന്ന് ഇറങ്ങാൻ നേരം കെട്ടിപിടിച്ചു കൊണ്ട് ആദ്യമായിട്ടും അവസാനമായിട്ടും അവൾ എന്നെ ഏട്ടാ എന്ന് വിളിച്ചു…
ഏട്ടാ… എന്നെ അനുഗ്രഹിക്കണം….
ഒരിക്കലും കരയില്ല എന്ന് പറഞ്ഞ വായാടിപെണ്ണ് അന്ന് എന്നെ കെട്ടിപിടിച്ചു കരഞ്ഞു….. ഒത്തിരി നേരം.
പിന്നീട് ഞണ്ട് കറി ഒത്തിരിതവണ വീട്ടിൽ വെച്ചു.. ഒരുപാട് ഞണ്ട്കാൽ ഉണ്ടായിട്ടും ഒന്ന് പോലും തൊട്ടു നോക്കിയില്ല… എന്തോ ആ പഴയ ടേസ്റ്റ് ഇല്ല അമ്മേ എന്ന് അമ്മയുടെ പാചകത്തെ കുറ്റം പറഞ്ഞു…
തഴപായ മാറ്റി ബെഡ് വന്നിട്ടും കിടന്നിട്ട് ഉറക്കം വരുന്നില്ല…..
എപ്പോഴും അമ്മയുടെ പരാതിമാത്രം കാതിൽ വന്നുനിറയും..
നിനക്ക് ഒന്ന് പോയ് കാണാമായിരുന്നില്ലേ അപ്പു അവളെ എത്രനാളായി നീ പോയിട്ട്…അവൾ എന്നും പറയും നിനക്ക് ഒരു സ്നേഹവും ഇല്ലെന്ന്
ആ… പോവാം അമ്മേ….
കാണാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടോ അവളോട് സ്നേഹം ഇല്ലാഞ്ഞിട്ടോ അല്ല… അവിടെ ചെന്നാൽ പഴയപോലെ ഇടികൂടാൻ പറ്റില്ലല്ലോ..
അവളിപ്പോ ഒരു ഭാര്യയാണ് ആ വീട്ടിലെ മരുമകൾ ആണ്…. ആ വീട്ടിലെ കുടുംബനാഥയാവേണ്ടവൾ…
ഒരുമിച്ചുണ്ടായിരുന്നപ്പോൾ അവളെ ഞാൻ സ്നേഹിച്ചിരുന്നോ..? അറിയില്ല…. ഒത്തിരി ദ്രോ ഹിച്ചിട്ടുണ്ട്…
എങ്കിലും മനസ്സിൽ എന്തങ്കിലും സങ്കടം അലട്ടുമ്പോൾ ആദ്യം ഓർക്കുന്നതും… ഒരു ഫോൺകാളിലൂടെ ചെന്നെത്തുന്നതും അവളിലേക്ക് ആണ്…. എന്റെ ചിന്നുവിന്റെ അരികിലേക്ക്…….
ഒരു ഏട്ടനായി മാത്രം അല്ല.. അവളുടെ ബെസ്റ്റ് ഫ്രണ്ട് ആയിട്ട്.. ഇനി ഒരു ജന്മം അല്ല എത്ര ജന്മം ജനിച്ചാലും എന്റെ ചിന്നുവിന്റെ ഏട്ടനായി മാത്രം ജനിച്ചാൽ മതിയെനിക്ക്….