സുഖമല്ലേ അല്ലാ നിനക്കവിടെ കുറവുകളൊന്നുമില്ലെന്ന് നിന്നെ കാണുമ്പോൾ തന്നെ അറിയാം…..

Story written by Saji Thaiparambu

ദേ മോളും ഹരിയും വന്നിട്ടുണ്ട്‌ കെട്ടോ, നിങ്ങള് കുറച്ച് ചിക്കനും ,നല്ല മീൻ വല്ലതും കിട്ടുമെങ്കിൽ അതും കൂടി ഒന്ന് വേഗം വാങ്ങിച്ചോണ്ട് വാ

സുരേന്ദ്രൻ രാവിലെ ആദ്യ സവാരി കഴിഞ്ഞ് ഓട്ടോറിക്ഷയുമായി സ്റ്റാൻ്റിൽ തിരിച്ചെത്തിയ ഉടനെയാണ് ഭാര്യ ഗീത വിളിച്ച് വിവരം പറയുന്നത്

അവരെന്താടീ യാതൊരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് കയറി വന്നത് ?

ആഹ് എനിക്കറിയത്തില്ല ?മിനിമോളുടെ മുഖത്ത് ഒരു തെളിച്ചമില്ല, എന്നോടൊന്നും പറഞ്ഞില്ല പക്ഷേ എന്തോ പന്തികേടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്

ങ്ഹാ എന്തായാലും നീയൊന്നും ചോദിക്കാൻ നില്ക്കേണ്ട ഞാനങ്ങോട്ട് വരട്ടെ?

ഫോൺ കട്ട് ചെയ്തിട്ട് സുരേന്ദ്രൻ, ഓട്ടോറിക്ഷ സ്റ്റാർട്ട് ചെയ്ത് അടുത്തുള്ള മാർക്കറ്റിലേക്ക് പോയി

**************

ങ്ഹാ മോനേ ഹരീ …എന്തൊക്കെയാ വിശേഷങ്ങൾ? നാളെയല്ലേ മോന് തിരിച്ച് പോകേണ്ടത്?

മാർക്കറ്റിൽ പോയി തിരിച്ച് വന്ന സുരേന്ദ്രൻ ,വരാന്തയിലിരിക്കുന്ന മരുമകൻ ഹരികൃഷ്ണനോട് കുശലം ചോദിച്ചു.

ഡൽഹിയിലൊരു പ്രൈവറ്റ് കമ്പനിയിലാണ് അയാൾജോലി ചെയ്യുന്നത് ,മൂന്ന്മാസത്തിലൊരിക്കൽ ലീവിന് വന്ന് രണ്ടാഴ്‌ച നാട്ടിൽ നിന്ന് തിരിച്ച് പോകാറാണ് പതിവ്

അതേ അച്ഛാ … അപ്പോൾ മിനിമോൾക്ക്‌ ഇങ്ങോട്ടൊന്ന് വരണമെന്ന് പറഞ്ഞു, അതാ പിന്നെ പെട്ടെന്ന് വന്നത്

ഓഹ് അത് ശരി ,എന്നാൽ ഇരിക്ക് മോനേ.. നിങ്ങള് പെട്ടെന്ന് കയറി വരുമെന്ന് കരുതിയില്ല കെട്ടോ? അല്ലെങ്കിൽ, എന്തെങ്കിലും കരുതി വച്ചേനേ, മോൻ വെള്ളം വല്ലതും കുടിച്ചായിരുന്നോ?

ഹരിയേട്ടനിപ്പോൾ ജ്യൂസ് കുടിച്ചതേയുള്ളു അച്ഛാ …

മറുപടി പറഞ്ഞത് അകത്ത് നിന്ന് ഇറങ്ങി വന്ന മിനിമോളായിരുന്നു

ങ്ഹാ മോളേ .. സുഖമല്ലേ അല്ലാ നിനക്കവിടെ കുറവുകളൊന്നുമില്ലെന്ന് നിന്നെ കാണുമ്പോൾ തന്നെ അറിയാം കഴിഞ്ഞ പ്രാവശ്യം കണ്ടതിലും ലേശം തടി കൂടിയിട്ടുണ്ട് അല്ലേ ഗീതേ

അയാൾ ഭാര്യയോട് ചോദിച്ചു.

ഉം പിന്നെ, പുറമേ കാണുന്നവർക്ക് അങ്ങനെ പലതും തോന്നും

നീരസത്തോടെ മകൾ പ്രതികരിച്ചപ്പോൾ അവളെ എന്തോ ഒന്ന് അലട്ടുന്നുണ്ടെന്ന് അയാൾക്ക് മനസ്സിലായി.

ങ്ഹാ മോളിതെല്ലാം കൊണ്ട് അടുക്കളയിലേക്ക് ചെല്ല് ,എന്നിട്ട് അമ്മയെ നീയും കൂടി ഒന്ന് സഹായിക്കു്, ഞാനാ സമയത്ത് ഹരിമോനുമായി കുറച്ച് നാട്ട് കാര്യങ്ങൾ പറയട്ടെ

സുരേന്ദ്രൻ കൊണ്ട് വന്ന മീനും ഇറച്ചിയുമൊക്കെ മകളെ ഏല്പിച്ചിട്ട് മരുമകനുമായി അയാൾ തൊടിയിലേക്കിറങ്ങി .

****************

മോളേ.. ഹരിക്ക് ആ ചിക്കൻ പീസ് എടുത്തിട്ട് കൊടുക്ക്

ഊണ് കഴിക്കുന്നതിനിടയിൽ സുരേന്ദ്രൻ മിനിമോളോട് പറഞ്ഞു

മതിയച്ഛാ … ഞാനധികം കഴിക്കാറില്ല ഇപ്പോൾ തന്നെ വയറ് ഒരു പാട് ചാടി

ആഹ് അത് ശരിയാണ് ഞാനുമതോർത്തു, പിന്നെ ഭക്ഷണ നിയന്ത്രണം നല്ലതാണ്
അല്ലെങ്കിൽ പെട്ടെന്ന് രോഗിയായി പോകും

ഞാനെഴുന്നേല്ക്കട്ടെ അച്ഛാ

ഹരി ഊണ് മതിയാക്കി കൈകഴുകാനായി എഴുന്നേറ്റു

എങ്കിൽ മോൻ കൈ കഴുകിക്കോ ,അച്ഛനും എഴുന്നേല്ക്കുവാണ്

സുരേന്ദ്രനും ഹരിയും എഴുന്നേറ്റ് പോയിട്ടും ഗീതയും മകളും പിന്നെയും കുറെ നേരം പറഞ്ഞ് തീരാത്തത്ര വിശേഷങ്ങളുമായി ഡൈനിങ്ങ് ടേബിളിൽ തന്നെ കഴിച്ച് കൂട്ടി

*************

ഹരിക്ക് ചായ കൊടുത്തോ?

നാല് മണിക്ക് തനിക്ക് ചായയുമായി വരാന്തയിലേക്ക് വന്ന ഗീതയോട് സുരേന്ദ്രൻ ചോദിച്ചു.

ഉം ഹരി ,ചായ കുടി കഴിഞ്ഞ് പോകാൻ ഒരുങ്ങുന്നു, മിനിമോള് പോകുന്നില്ലത്രേ

ങ്ഹേ, അതെന്താ അവൾക്ക് വല്ല വിശേഷവുമുണ്ടോ?

അയാൾ ആശ്ചര്യത്തോടെ ചോദിച്ചു

പിന്നേ… ഉടനെ കൂട്ടികളൊന്നും വേണ്ടന്ന് പറഞ്ഞിരിക്കുന്ന അവൾക്കെവിടുന്നാ വിശേഷം ?

ഗീത നീരസത്തോടെ ചോദിച്ചു

പിന്നെ?

ആഹ് അവൾക്കവിടെ പറ്റുന്നില്ലെന്ന്, ഹരി പോയി കഴിഞ്ഞാൽ ,അവിടുത്തെ അമ്മ, അവളെ തൊട്ടതിനും പിടിച്ചതിനുമൊക്കെ ചുമ്മാ ശകാരിക്കുമെന്ന്

ശ്ശെടാ അത് കൊള്ളാമല്ലോ നീയവളെയിങ്ങ് വിളിച്ചേ ഞാൻ ചോദിക്കട്ടെ

ഗീത അകത്ത് പോയി ,മിനിമോളെ കൂട്ടിക്കൊണ്ട് വന്നു.

എന്താ മോളേ പ്രശ്നം ? നിങ്ങടെ കല്യാണം കഴിഞ്ഞിട്ട് വർഷം ഒന്നല്ലേ ആയുള്ളു, അതിന് മുമ്പ് അവിടെ പോര് തുടങ്ങിയോ?

അതേ അച്ഛാ … സഹിക്കാൻ വയ്യാതായി ,അത് കൊണ്ടാ ഞാൻ പറഞ്ഞത് ഹരിയേട്ടൻ മൂന്ന് മാസം കഴിഞ്ഞ് ലീവിന് വരുന്നത് വരെ ഞാനിവിടെ നിന്നോളാമെന്ന്

അല്ല മോളേ.. ഹരിയുടെ അമ്മ നിന്നെ എന്ത് പറഞ്ഞാണ് പീ ഡിപ്പിക്കുന്നത് ?

അയാൾ ഉത്ക്കണ്ഠയോടെ ചോദിച്ചു.

അച്ഛനറിയാമല്ലോ , ഞാനിവിടെ ഉറക്കമെഴുന്നേല്ക്കുന്നത് പതിനൊന്ന് മണിക്കാണെന്ന്, പിന്നെ കുളിക്കുന്നത് ചിലപ്പോൾ വൈകുന്നേര മൊക്കെയായിരിക്കും, അതാണെൻ്റെ ശീലവും, അവിടെ ഹരിയേട്ടൻ്റെയമ്മ ആറ് മണിയാകുമ്പോൾ എൻ്റെ മുറിയുടെ കതകിൽ തട്ടി വിളിക്കാൻ തുടങ്ങും ,ഹൈറേഞ്ചായത് കൊണ്ട് ആ സമയത്തും നല്ല തണുപ്പായിരിക്കും, ഒന്നുകൂടി പുതപ്പിനുള്ളിൽ ചുരുണ്ട് കൂടി കിടക്കാനൊരുങ്ങുമ്പോഴാണ് കുളിച്ചിട്ട് അടുക്കളയിലോട്ട് ചെല്ലാൻ പറയുന്നത് ,പറച്ചില് കേട്ടാൽ അടുക്കളയിലേതാണ്ട് മല മറിക്കാനുള്ളത് പോലെയാണ്, മൂന്ന് പേർക്കുള്ള ദോശ ചുട്ട് വയ്ക്കാൻ, ആ തള്ളയ്ക്കാകത്തില്ലേ ?ഇത് വെറും അസൂയ, അതാണച്ഛാ… ഹരിയേട്ടൻ അടുത്ത ലീവിന് വരുന്നത് വരെ ഞാൻ ഇവിടെ നിങ്ങളോടൊപ്പം നില്ക്കാമെന്ന് കരുതിയത്, എൻ്റെ കല്യാണം കഴിഞ്ഞ്, ഞാൻ പോയപ്പോൾ മുതൽ നിങ്ങൾ രണ്ട്പേരുമിവിടെ തനിച്ചല്ലേ?

ഓഹ് അപ്പോൾ അതാണ് കാര്യം, മോളേ… നീ ഞങ്ങളുടെ ഒറ്റമകളാണ്, അത് കൊണ്ട് നീ ഞങ്ങളോടൊപ്പമുണ്ടാവുന്നത് ഞങ്ങൾക്ക് സന്തോഷം തന്നെയാണ് പക്ഷേ എപ്പോഴുമത് പറ്റില്ലല്ലോ ? നിൻ്റെ വിവാഹം കഴിഞ്ഞതോടെ നീയെപ്പോഴുമുണ്ടാവേണ്ടത് ഹരിയുടെ വീട്ടിലാണ്, ഹരി നിന്നെ വിവാഹം കഴിച്ചത് അയാളുടെ ഭാര്യയാകാൻ വേണ്ടി മാത്രമല്ല ,അയാൾ അടുത്തില്ലാത്തപ്പോൾ പ്രായമായ അയാളുടെ അച്ഛനും അമ്മയ്ക്കും ഒരു കൂട്ടിനും കൂടി വേണ്ടിയാണ്, ഇവിടെ ഞങ്ങൾ തനിച്ചാണെന്ന ഉത്ക്കണ്ഠ നിനക്കുള്ളത് പോലെ അവിടെ അച്ഛനും അമ്മയും തനിച്ചാണെന്നുള്ള വിഷമം,ഹരിക്കുമുണ്ടാവില്ലേ? ഞങ്ങൾ ചെറുപ്പമല്ലേ മോളേ … അത് പോലെയാണോ അവിടുത്തെ അച്ഛനും അമ്മയും ,നീ ഞങ്ങളെ എങ്ങനെ സ്നേഹിക്കുന്നോ അത് പോലെ വേണം അവരെയും സ്നേഹിക്കാൻ പിന്നെ ,രാവിലെ എഴുന്നേറ്റ് കുളിച്ചിട്ട് അടുക്കളയിൽ കയറുന്നത് ഒരു നല്ല ശീലം തന്നെയാണ്, അത് ഹരിയുടെ അമ്മ പറഞ്ഞതിൽ ഒരു തെറ്റുമില്ല ,അത് കൊണ്ട് മോള് വേഗമൊരുങ്ങി ഹരിയോടൊപ്പം പോകാൻ നോക്ക്, ഇടയ്ക്ക് ഞങ്ങളെ കാണാൻ തോന്നുമ്പോൾ ഒരു കോള് ചെയ്താൽ മതി ,ഞങ്ങള് അങ്ങോട്ട് വന്ന് മോളെ കണ്ടോളാം ,പിന്നെ അവരോട് അനുവാദം ചോദിച്ചിട്ട് ഇടയ്ക്ക് ഒന്നോ രണ്ടോ ദിവസം വേണമെങ്കിൽ നിനക്കിവിടെ വന്ന് നില്ക്കാം കെട്ടോ?

ഓഹ് എനിക്കങ്ങനെ ആരുടെയും ഔദാര്യമൊന്നും വേണ്ട, ഞാനിനി ഇങ്ങോട്ട് വരുന്നില്ല പോരെ?

അച്ഛൻ പറഞ്ഞതിഷ്ടപ്പെടാതെ മിനിമോൾ മുഖം കറുപ്പിച്ച് അകത്തേയ്ക്ക് കയറിപ്പോയി.

കണ്ടോ അവൾക്ക് വിഷമമായി

ഗീത അനുഭാവത്തോടെ പറഞ്ഞു

അത് സാരമില്ല, രണ്ട് ദിവസം കഴിയുമ്പോൾ മാറിക്കൊള്ളും അല്ലാതെ നമ്മളവളെ ഈ നിസ്സാര കാര്യത്തിന് സപ്പോർട്ട് ചെയ്താൽ നാളെയവൾ ഇതിലും വലിയ പരാതിയുമായി വരും, ഒരു ദാമ്പത്യമാകുമ്പോൾ അല്ലറ ചില്ലറ പൊരുത്ത ക്കേടുകളൊക്കെയുണ്ടാകും ,അതൊക്കെ നമ്മള് കണ്ടില്ലെന്ന് നടിച്ചാൽ മതി ,

അത് ശരിയാണെന്ന് ഗീതയ്ക്കും തോന്നി .