അച്ചുക്ക
Story written by Navas Amandoor
സോപ്പിട്ട് കഴുകി മുറിയിൽ വെച്ച ഒന്നരപ്പവന്റെ കൈച്ചയിൻ കാക്കയോ എലിയോ എടുത്തു കൊണ്ട് പോവോ..?
അങ്ങനെ എന്തായാലും പോവില്ല. ഒന്നിങ്കിൽ ആരോ കട്ടെടുത്ത്.. അല്ലങ്കിൽ എവിടെയൊ വീണു പോയി.
കുന്തം പോയാൽ കുടത്തിലും നോക്കണം എന്നല്ലേ.ഉമ്മയും റെജിയും തിരിച്ചിൽ തുടങ്ങി.
വീട്ടിലെ മൊത്തം അലമാരകളിൽ പിന്നെ കട്ടിൽ കട്ടിലിന്റെ താഴെ ബെഡ് ബെഡിന്റെ താഴെ അങ്ങനെ മുക്കും മൂലയും മുറ്റവും അടുക്കളയും ചപ്പിലും ചവറിലും അവർ തിരിഞ്ഞു.
നോക്കിയെടുത്ത് പിന്നെയും പിന്നെയും നോക്കി. മാസങ്ങളായി കൈ തൊടാത്ത പെട്ടിയും ബേഗും മസാല ഇട്ട് വെക്കുന്ന പാത്രങ്ങളും അലക്കി ആയേൺ ചെയ്ത വെച്ച ഡ്രസ്സ്.. എല്ലായിടത്തും നോക്കി.
ഉമ്മയും റെജിയും തകൃതിയായി തിരഞ്ഞു കൊണ്ടിരിക്കുന്ന നേരത്താണ് അച്ചുക്ക വീട്ടിൽ എത്തിയത്
“തിരികെ കിട്ടിയാൽ പത്തു പേർക്ക് മുറുക്കാൻ കൊടുക്കണം മോനെ..”
“ഉമ്മ എന്നെ കണ്ടപ്പോൾ നിയ്യത്ത് വെച്ചു. അല്ലങ്കിലും എല്ലാ നമ്മളെ തലയിൽ ആണല്ലോ.അല്ല ഉമ്മ ആരിപ്പോ വെറ്റിലയൊക്കെ തിന്നുന്നത്..?”
“മോനെ അവളെ കൈച്ചയിൻ കാണുന്നില്ല.. ഇവിടെ മൊത്തം നോക്കി..”
“പടച്ചോനെ അത് എവിടെ പോയി.ആകെ ഉള്ള മുതലാണ്. വാപ്പയുടെ സമ്മാനമായി ആർക്കും കൊടുക്കാതെ കൊണ്ട് നടന്ന മുതലാണ്.അത് എവിടെയും പോവില്ല ഉമ്മ.. ഇവിടെയെവിടെയെങ്കിലും കാണും..”
റെജിക്ക് നല്ല വിഷമമുണ്ട്. വീട് പണിക്ക് മറ്റു സ്വർണമെടുത്തുമ്പോൾ ഈ കൈച്ചയിൻ മാത്രം അവൾ കൊടുത്തില്ല.അവളുടെ വാപ്പ എന്നും അവളുടെ കൈയിൽ ഉണ്ടാവാണെന്ന് പറഞ്ഞു അണിയിച്ചു കൊടുത്തതാണ്.
“എല്ലായിടത്തും നോക്കിയോ..?”
“ഉം .. നോക്കി ഇക്ക.”
“ഇവിടെന്നങ്ങിനെ പോകോ..ഇന്നിവിടെ ആരങ്കിലും വന്നിരുന്നോ…?”
“വന്നിരുന്നു.. പക്ഷെ അവർ മുറിയിലേക്കൊന്നും കയറിയില്ല.”
തകൃതിയായി നടന്ന തിരച്ചിലിൽ അച്ചുക്കയും കൂടി.നോക്കിയിടുത്ത് തന്നെ പലവട്ടം നോക്കി. തൂത്ത് വാരി കൊണ്ട് കളഞ്ഞടിത്ത് നോക്കിട്ടും നോക്കിട്ടും വിശ്വസം വരാത്ത പോലെ പിന്നെ യും പോയി നോക്കി ഉമ്മ.
നാല്പത് പാവനുമായി കയറി വന്ന പെണ്ണാണ്. പത്തു വർഷം കൊണ്ട് ഈ ഒരു കൈച്ചയിൻ മാത്രം ബാക്കിയായി.
അച്ചുക്ക ഗൾഫിൽ പോയപ്പോൾ വിസയും ടികെറ്റുമായത് അവളുടെ സ്വർണ്ണം.
കെട്ടിയോളെ പിരിഞ്ഞു നിക്കാൻ പറ്റാതെ ആറാം മാസം തിരിച്ചു വന്നപ്പോൾ ആ സ്വർണം അങ്ങനെ പോയി.
പിന്നെ ഓരോരുത്തർ പണയം വെക്കാൻ വാങ്ങി വാങ്ങി കുറച്ചു പോയി.
ബാക്കി ഉണ്ടായത് വീട് പണിക്കും എടുത്തു. ബാക്കിയുള്ളതാണ് ഒരു ജോഡി കമ്മലും ഈ കൈച്ചയിനും.
“നീ നമ്മുടെ ആലിക്കുട്ടി ഉസ്താദിനോട് ഒന്ന് ഇവിടെ വരെ വരാൻ പറ.ഉസ്താദ് വന്നാൽ കിട്ടോ കിട്ടില്ലെന്ന് അറിയാം.”
ഞാൻ മൊബൈൽ എടുത്തു ഉസ്താദിനെ വിളിച്ചു. കാണാനൊരു ലുക്ക് ഇല്ലങ്കിലും ഇങ്ങനെയുള്ള കാര്യങ്ങൾക്ക് പുള്ളിക്കാരൻ പുലിയാണ്. പോയ വഴിയും കിട്ടാനുള്ള വഴിയും തെളിയിച്ചു പറയും.
കുറച്ചു കഴിഞ്ഞപ്പോൾ ഉസ്താദ് വന്നു. ഉമ്മറത്തെ കാസരയിൽ ഇരുന്നു.ഉമ്മനോടും എന്നോടും കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി.
“അച്ചുവേ .. ഒരു വരയില്ലാത്ത പേപ്പറിങ്ങ് എടുത്തേ…?”
ഞാൻ വേഗം പേപ്പർ എടുത്തു കൊടുത്തു.
എന്താണെന്ന് അറിയാൻ ഉസ്താദിനെ ഉമ്മ നോക്കി.
“സാധനം കുറച്ചു ദൂരെ എത്തി. കിട്ടാൻ താമസം ഉണ്ടാവും.. പക്ഷെ കിട്ടും. പെട്ടന്ന് കിട്ടാൻ ഞാൻ തരുന്ന ഈ കടലാസ് ഇപ്പൊ തന്നെ അടുപ്പിലിട്ട് കത്തിക്ക്.. പുക ഉയർന്നാൽ എടുത്തു കൊണ്ട് പോയ ആൾക്ക് ദേഹം മൊത്തം ചൊറിയും..”
ഉസ്താദ് അങ്ങനെ ഉമ്മയോട് പറഞ്ഞു കടലാസ്സിൽ കള്ളികൾ വരച്ചു അറബിയിൽ എന്തോ എഴുതി തുടങ്ങി.
ഉസ്താദ് എഴുതുന്നത് നോക്കി നിന്ന അച്ചുക്കാടെ നെറ്റിയിൽ വിയർപ്പ് പൊടിയാൻ തുടങ്ങി.
“ഉമ്മാ.. ഉസ്താദിന് ചായ ഉണ്ടാക്കു..”
ഉമ്മ അടുക്കളയിലേക്ക് പോയപ്പോൾ ഞാൻ ഉസ്താദിന്റെ അരികിലേക്ക് നീങ്ങി നിന്നു.
“ഉസ്താതെ ചൊറിയൽ വരാതിരിക്കാൻ എന്തങ്കിലും വഴി ഉണ്ടോ..?”
“നീ ആണല്ലേ അതെടുത്തത്..”
“ഒരു അത്യാവശ്യം.. വേറെ വഴിയില്ല.. ഒരാഴ്ച.. സത്യം ഞാൻ തിരിച്ചു കൊടുക്കും.”
“സ്വന്തം മുതൽ കക്കുന്നോ.. ഹമുക്കേ.”
“ഓളോട് ചോയിക്കാൻ മടി.. ചോയിച്ചാൽ മിക്കവാറും തരും എന്നാലും..”
“ഞാൻ വെറുതെ പറഞ്ഞതാ.. നിന്റെ നിപ്പ് കണ്ടപ്പോൾ തന്നെ എനിക്ക് പിടിക്കിട്ടിയതാ.. ഉറപ്പിക്കാൻ ഒരു നമ്പർ ഇട്ടതല്ലെ ആ.. ചൊറിച്ചിൽ. വേഗം കൊടുക്കണട്ടാ..”
“ആ ഉസ്താദേ..”
ഉമ്മ ചായ കൊടുകൊടുത്തപ്പോൾ ഉമ്മാടെ നേരെ ഉസ്താദ് ആ കടലാസ് നീട്ടി. ഉമ്മ അത് വാങ്ങി കൈയിൽ വെച്ചു.
ചായ കുടിച്ചു ഉസ്താദ് ഇറങ്ങിയപ്പോൾ ഉസ്താദിന് അച്ചുവിന്റെ വക സന്തോഷം പോക്കറ്റിൽ വെച്ചു കൊടുത്തു.
ഉസ്താദ് ആ ക്യാഷ് അവന് തന്നെ തിരിച്ചു കൊടുത്തു.
“ഇത് ആ സ്വർണം പണയം വെച്ചതിന്റെ ബാക്കിയല്ലേ.. എനിക്ക് വേണ്ട അച്ചു.”
ഉസ്താദ് ശബ്ദം താഴ്ത്തി പറഞ്ഞത് കൊണ്ട് അച്ചുക്ക മാത്രം കേട്ടുള്ളു.
ഉമ്മ അടുക്കളയിലേക്ക് നടന്നു.പിന്നാലെ അച്ചുക്കയും.
ഉസ്താദ് കുഴപ്പമില്ലന്ന് പറഞ്ഞെങ്കിലും ചിലപ്പോൾ ചൊറിച്ചിൽ വരോയെന്ന് അച്ചുക്കാക്ക് സംശയം ഇല്ലാതില്ല.
ഉമ്മ കനൽ തിളങ്ങുന്ന അടുപ്പിലേക്ക് കടലാസ് ഇടാൻ കൈകൾ നീട്ടിയപ്പോൾ റെജി ആ കടലാസ് ഉമ്മയുടെ കൈയിൽ നിന്നും പിടിച്ചു വാങ്ങി.
“വേണ്ട ഉമ്മ.. ഒരാഴ്ച നോക്കാ.. എന്നിട്ട് കിട്ടിയില്ലെങ്കിൽ മതി.”
“അതാനെന്താ.. മോളേ അങ്ങനെ.”
“അത് അങ്ങനെയാ.. ചൊറിച്ചിലങ്ങാനും വന്നാൽ ഞാൻ തന്നെ മാന്തി കൊടുക്കേണ്ടിവരും..”
അതും പറഞ്ഞു ഉമ്മാടെ അടുത്ത് നിന്നും റെജി അച്ചുക്കയുടെ അടുത്തേക്ക് നീങ്ങി നിന്ന് ഉമ്മ കേൾക്കാതെ പതുക്കെ..അച്ചുക്കയെ ‘കള്ളൻ ‘ എന്ന് വിളിച്ചു അകത്തോട്ടു പോയി.
അച്ചു വേഗം റെജിയുടെ പിന്നാലെ പോയി.
മുറിയിൽ കട്ടിലിൽ ഇരിക്കുന്ന അവളെ നോക്കി ഒരു വളിച്ച ചിരി പാസ്സാക്കി.
“ഞാൻ കേട്ട് ഉസ്താദിനോട് പറഞ്ഞത്.. സാരില്ല… എനിക്കറിയാം എന്തെങ്കിലും അത്യാവശ്യം ഇല്ലെങ്കിൽ ഇക്ക അത് എടുക്കില്ലന്ന്.”
“റെജി.. പെട്ടന്ന് ഒരു ആവിശ്യം വന്നാൽ എപ്പോഴും കൂടുതൽ സ്നേഹിക്കുന്ന വരെയാണ് ആദ്യം പറ്റിക്കുക.. ഞാൻ എത്രയും വേഗം എടുത്തു തരാം.മോളേ.”
“അതികം സെന്റി ആവണ്ട.. കഥ കോമഡിയല്ലേ…”
“എന്നാപ്പിന്നെ ഒരു ഡയലോഗ് കൂടി പറഞ്ഞു കഥ അവസാനിപ്പിക്കാം.. പോരെ.”
കുറ്റപ്പെടുത്തിയില്ല.പരാതി പറഞ്ഞില്ല. അവൾ എന്നും അങ്ങനെയാണ്. അവൾക്ക് മാത്രമെ അങ്ങനെ കഴിയു.
ഇങ്ങനെയൊക്കെ കൂടെ നിക്കുന്ന പെണ്ണിനെ കിട്ടുന്നതാണ് അച്ചുക്കയെ പോലുള്ള കെട്ടിയോന്മാരുടെ ഭാഗ്യം.