സമയം – ഭാഗം 9 – വൈഗ വസുദേവ് എഴുതുന്ന നോവൽ

എട്ടാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ..

” അമ്മേ… എന്തൊക്കെയാണ് പറയുന്നത് .ലതയെ ആലോചിക്കാമെന്നോ..?
അങ്ങനെ എങ്കിൽ നേരത്തെ ആകാമായിരുന്നല്ലോ. അമ്മയ്ക്ക് അവളെ അത്രയ്ക്ക് ഇഷ്ടപ്പെട്ടോ.. “

” എൻ്റെ ഉണ്ണീ അങ്ങനെ ഞാൻ ചിന്തിച്ചില്ല. ഒരു കാര്യം ഉറപ്പാ അവൾക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടമാണെന്നല്ലേ പറഞ്ഞുള്ളൂ. “

” അമ്മേ ..നമുക്ക് ശ്യാമയുടെ കാര്യം ആലോചിച്ചാൽ മതി. അതേപ്പറ്റി മാത്രം.”

” പക്ഷെ ഉണ്ണീ അവൾക്ക് ഇഷ്ടമാകുമോ അത് അറിയേണ്ടേ…അല്ലാതെ എങ്ങനെ മുന്നോട്ടു പോകും.നീ പറയ്.നീ അവളോട് ചോദിച്ചോ.”

” ചോദിച്ചില്ല… ചോദിക്കാം .അമ്മേ ..”

” നീ വാ കഴിക്കാം .. എന്നിട്ടു എനിക്കൊന്നു കിടക്കണം. വല്ലാത്ത ക്ഷീണം. “

” വരുന്നു…അമ്മേ സ്റ്റെപ്പ് ഇറങ്ങുമ്പോൾ സൂക്ഷിക്കണം .വിളമ്പുമ്പൊളേയ്ക്കും വരാം .”

“ഇനി താമസിയാതെ ശ്യാമയുടെ അഭിപ്രായം അറിയണം. അതും എത്രയും വേഗം. ” അരവിന്ദ് ഉറപ്പിച്ചു.

       °°°°°°°   %%%%   °°°°°°

അവർ പോയിക്കഴിഞ്ഞിട്ടും ശ്യാമ തിണ്ണയിൽ നിന്നുംപോയില്ല. കുറെനേരമായിട്ടും ഒരേ ഇരിപ്പുതന്നെ .

” ഈ പെണ്ണിതു എന്തു ഭാവിച്ചാ . ശ്യാമേ നിനക്ക് ഡ്രസ്സുപോലും മാറേണ്ടേ ..കുറേനേരം ആയല്ലോ ഇരിക്കുന്നു. അവർ അവരുടെ വീട്ടിൽ ചെന്നുകാണും . അവൾ അവളുടെ കാര്യസാധ്യത്തിനുവേണ്ടി എങ്ങനെയും ചിന്തിക്കും പെരുമാറുംഅത് നിനക്ക് അറിവുള്ളതല്ലേ പിന്നെയെന്തിനാ നീ അവർ പറഞ്ഞതോർത്ത് വിഷമിക്കുന്നത് .നീ ഇങ്ങനെ ഇരിക്കുന്നത് അച്ഛന് സങ്കടമാവും .
വാ .. എണീറ്റ് കയ്യുംമുഖവും കഴുകിവാ…” പറഞ്ഞിട്ട് ലീല അടുക്കളയിലേയ്ക്ക് നടന്നു.

” അമ്മ പറഞ്ഞത് എത്ര ശരിയാ ..സീമ സ്വന്തം കാര്യം നേടാൻ ഏതറ്റം വരെയും പോകും . അതു അറിയാം .എന്നാലും ഈ പത്തു വർഷത്തിനുശേഷം അവൾക്ക് എന്നെക്കൊണ്ട് എന്താവും കാര്യം സാധിക്കാനുള്ളത് .അതാണ് തനിക്ക് ആലോചിച്ചിട്ട് പിടികിട്ടാത്തത് ..ഇനി സുനിലിൻ്റെ അച്ചനെ നോക്കാൻ ഹോംനേഴ്സിൻ്റെ ആവശ്യം ഉണ്ടായിട്ടാണോ തന്നെ തിരക്കി വന്നത്. ആറുമാസം ആ വീട്ടിലെ ഹോംനേഴ്സ് ആരുന്നല്ലോ.ശമ്പളം കൊടുക്കേണ്ട .. ആ എന്തേലും ആവട്ടെ ..അതാലോചിച്ച് എന്തിനാ ഉള്ള സമാധാനം കളയുന്നത് .”
ശ്യാമ എണീറ്റ് അകത്തേക്ക് നടന്നു.

” വല്ലതും കഴിച്ചിട്ട് കടയിൽ പോകണം . താൻ അതിനെപ്പറ്റി ചിന്തിച്ചാൽ മതി.”

  °°°°°°°°    %%%%%    °°°°°°°°

ശ്യാമ കൂൾബാറിൽ എത്തി പത്തുമിനിറ്റ് കഴിഞ്ഞില്ല.
കടയുടെ മുന്നിൽ ഒരു കാർ വന്നുനിന്നു.
അകത്തായിരുന്ന ശ്യാമ ഇറങ്ങി കൗണ്ടറിലേയ്ക്ക് വന്നു.
” ആരാവും ..” എന്നാൽ കാറിൽനിന്നും ഇറങ്ങിയ ആളെ കണ്ട് ശ്യാമ ഒന്നുപതറി .
” ദൈവമേ ..ഇനി ഇവൾ എന്താവും പറയുന്നത്. എന്തായാലും തന്നെ കുഴപ്പത്തിലാക്കാൻ ആവാതിരുന്നാൽ മതി.”

കാറിൽനിന്നും ഇറങ്ങിയ ലത നേരേ ശ്യാമയുടെ അടുത്തെത്തി.

” കേറിവരൂ…”

” ശ്യാമയ്ക്ക് തിരക്കുണ്ടോ ..ഇല്ലേൽ അല്പം സംസാരിക്കാനുണ്ട് . അതോ ഞാൻ പോയിട്ട് മറ്റൊരു ദിവസം വരണോ..”

” തിരക്കില്ല വാ… അകത്തിരിക്കാം..” ലത ശ്യാമയ്ക്കൊപ്പം അകത്തേക്ക് നടന്നു.

” ഇരിക്കൂ.. ഞാൻ ഇപ്പോൾ വരാം..”

” ഓക്കെ..”

പെട്ടെന്ന് തന്നെ ജ്യൂസുമായി ശ്യാമ എത്തി.

” ആദ്യം ഇത് കുടിക്ക് .”

ശ്യാമ ലതയ്ക്ക് എതിരായി ഇരുന്നു.

ലത ജ്യൂസ് വാങ്ങി കുടിച്ചു.

” ഇനി പറയൂ ..എന്താണ് എന്നോട് പറയാനുള്ളത്.”

” ആദ്യമേ പറയട്ടെ ..ശ്യാമ എന്നോട് ക്ഷമിക്കണം.. ശ്യാമയെ ഞാൻ ഒരുപാട് തെറ്റിദ്ധരിച്ചു. ശ്യാമയോട് എനിക്ക് പകയും വൈരാഗ്യവും തോന്നി. “

“അതെന്തിന് ..? ഞാൻ ഒരു ഉപദ്രവവും ചെയ്തില്ലല്ലോ..”

“ഇല്ല ..ഒക്കെ എൻ്റെ തെറ്റ്. അതിനു കാരണമുണ്ട്.. അത് എന്താണെന്ന് ശ്യാമ അറിയണം .”

” പറയൂ ..”

” അത് കുറെ വർഷമായി ഞാനും അരവിന്ദും ഒരുമിച്ച് ജോലി ചെയ്യുന്നു. പക്കാ ഡീസൻ്റ്.ആർക്കും ഇഷ്ടപ്പെടുന്ന സ്വഭാവം. ലേഡീസിനോട് ബഹുമാനത്തോടെയേ സംസാരിക്കൂ.. .അതൊക്കെയാവാം എന്നെ അരവിന്ദിനോട് അടുപ്പിച്ചത്. എന്നുവച്ചാൽ ഞാൻ അരവിന്ദിനെ ശ്രദ്ധിക്കാൻ തുടങ്ങിയത്.
അറിയാതെ അറിയാതെ അരവിന്ദിനെ ഞാൻ സ്നേഹിച്ചു തുടങ്ങി. എനിക്ക് വീട്ടിൽ കല്യാണാലോചന തുടങ്ങിയിരുന്നു. എന്നാൽ ഞാൻ അതെല്ലാം ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു .എനിക്ക് ഒരു ജീവിതമുണ്ടെങ്കിൽ അരവിന്ദ് മതി . അങ്ങനെ മനസ്സിൽ കരുതി .എന്നാൽ എൻ്റെ ഇഷ്ടം അരവിന്ദിന് അറിയില്ല. പലവിധത്തിലും പറയാൻ ഞാൻ ശ്രമിച്ചു . അരവിന്ദ് ഓരോ തവണയും അതിനുള്ള സാഹചര്യം ഒഴിവാക്കും . അരവിന്ദിൻ്റെ മറുപടി കിട്ടിയിട്ടുവേണം എനിക്ക് വീട്ടിൽ പറയാൻ.
അങ്ങനെയിരിക്കെയാണ് ഞാൻ ഇതിലെ പോകുമ്പോൾ അരവിന്ദ് ഇവിടെ നിന്നും ഇറങ്ങുന്നതും ശ്യാമ യാത്ര അയയ്ക്കാൻ നിൽക്കുന്നതും കണ്ടത്. അന്ന് അരവിന്ദ് ഓഫീസിൽ വളരെ സന്തോഷത്തിൽ ആരുന്നു .അത്രയും സന്തോഷത്തോടെ ഞാൻ അരവിന്ദിനെ കണ്ടിട്ടില്ല. നഷ്ടപ്പെട്ട ആരേയോ തിരിച്ചുകിട്ടുമ്പോൾ ഉണ്ടാകുന്ന.സന്തോഷം എത്രയാണോ അത് ആ മുഖത്ത് കണ്ടു. “

” അരവിന്ദിൻ്റെ സന്തോഷത്തിനു കാരണം ശ്യാമയാണ് .എന്നുമനസിലായി. അതാണ് .പിറ്റേദിവസം ഞാൻ വന്നത് അരവിന്ദിൻ്റെ ഭാര്യയാണ് ഞാനെന്ന് ശ്യാമയെ തെറ്റിദ്ധരിപ്പിക്കാൻ… “

” അതെ ഞാൻ അങ്ങനെ വിശ്വസിച്ചു .മറുത്തു ചിന്തിക്കേണ്ട കാര്യമില്ലല്ലോ.അന്നുമുതൽ ഇന്നുവരെ ഞാൻ അങ്ങനെ തന്നെയാണ് കരുതിയിരുന്നത് .ഇന്ന് കോഫീഹൗസിൽ വച്ച് അരവിന്ദ് പറയും വരെ .”

” ശ്യാമ അരവിന്ദിനെ എനിക്ക് വിട്ടുതരണം എന്നു പറയാനാണ് കോഫീഹൗസിൽ വന്നത്.
കുറെ വിഷമം തന്നു എങ്കിലും അരവിന്ദ് ഇഷ്ടപ്പെടുന്നത് എന്നെയോ ശ്യാമയെയോ അല്ല എന്ന് മനസിലായി. അതുകൊണ്ടാണ് ഞാൻ ശ്യാമയോട് ചെയ്ത തെറ്റിന് ക്ഷമ ചോദിക്കാൻ വന്നത്. ശ്യാമ എന്നോട് ക്ഷമിക്കണം..”

” സാരമില്ല ലതേ ..സത്യം മനസിലായല്ലോ..”

” എന്നോട് ഒട്ടും പിണക്കം തോന്നരുത് .
നല്ല സുഹൃത്തായി കൂടെ ഉണ്ടാവണം.”

” ശരി ..ലത സമാധാനമായിരിക്കൂ.”

” എനിക്ക് സമാധാനം കിട്ടണേൽ അരവിന്ദ് ഇന്ന് കാണാൻ പോയ പെണ്ണ് ആരെന്നറിയണം ..അവളെ കാണണം .
ശ്യാമയ്ക്ക് അറിയോ ..?

” എനിക്കെങ്ങനെ അറിയാം.. നമ്മൾ ഒന്നിച്ചിരിക്കെയല്ലേ പെണ്ണുകാണാൻ പോയ കാര്യം പറഞ്ഞത് . അതിൽകൂടുതൽ ഒന്നും എനിക്കറിയില്ല. അതുമാത്രമല്ല . അരവിന്ദ് വിവാഹം കഴിച്ചത് ലതയെ ആണെന്നായിരുന്നു ഞാൻ കരുതിയത് . അരവിന്ദ് വിവാഹിതനല്ലെന്ന കാര്യംപോലും ഞാൻ അറിഞ്ഞിരുന്നില്ല. ” ശ്യാമ പറഞ്ഞു.

” ഒരുകാര്യം ചോദിച്ചാൽ ശ്യാമ സത്യം പറയുമോ ..”

” ഇതുവരെ ലതയോട് കള്ളം പറഞ്ഞിട്ടില്ല. എന്നാലും ചോദിക്കൂ… “

” അത്…അത്… നിങ്ങൾ തമ്മിൽ എങ്ങനെ അറിയും “

” ഞങ്ങൾ ക്ലാസ്മേറ്റായിരുന്നു.”

” അത്രേ ഉള്ളോ ..ഞാൻ എന്തൊക്കെ ചിന്തിച്ചു കൂട്ടി. ആം റിയലി സോറി ശ്യാമ “.ലത ശ്യാമയുടെ കയ്യിൽപിടിച്ചുകൊണ്ട് പറഞ്ഞു.

” ഇറ്റ്സ് ഓക്കെ .. കഴിഞ്ഞതുകഴിഞ്ഞു നല്ല ഓർമ്മകൾ മതി .ബാക്കിയൊക്കെ മറന്നേക്കൂ..”

” എങ്ങനെ മറക്കും .. അരവിന്ദിനുവേണ്ടി ഞാൻ എൻ്റെ വീട്ടുകാരോട് ഒരുപാട് പടവെട്ടി. വന്ന കല്യാണം എല്ലാം ഓരോകാരണങ്ങൾ പറഞ്ഞ് ഒഴിവാക്കി. ഇന്നല്ലെങ്കിൽ നാളെ അരവിന്ദ് എന്നെ മനസിലാക്കും എന്നു വിശ്വസിച്ചു.”

” ലതേ ..ആരുടെയും സ്നേഹം പിടിച്ചുവാങ്ങാൻ പറ്റില്ല. പിടിച്ചുവാങ്ങുന്ന സ്നേഹം അധികകാലം ഉണ്ടാവുകയുമില്ല. അവർ ഒഴിവാക്കാൻ നൂറുകാരണങ്ങൾ തേടും ..സങ്കടപ്പെടേണ്ട എല്ലാം നല്ലതിനാണെന്ന് വിശ്വസിക്ക്. “

” ഓക്കെ ഞാൻ പോകുന്നു. ഇടയ്ക്ക് കാണാം.” ലത യാത്ര പറഞ്ഞു .

ലത പോകുന്നത് ശ്യാമ നോക്കിനിന്നു.
” പാവം എത്രമാത്രം വേദനിക്കുന്നുണ്ടാവും. പാവം .”.ശ്യാമയ്ക്ക് ലതയുടെ അവസ്ഥയിൽ സങ്കടം തോന്നി.

” പുറമെ സന്തോഷം ഭാവിച്ചെങ്കിലും ഉള്ളിൻ്റെ ഉള്ളിൽ സൂചിക്കുകുത്തുന്ന വേദനയാണ്. അരവിന്ദ് വിവാഹിതനല്ല എന്നതാണ് തന്നെ വേദനിപ്പിക്കുന്നത് . താനാണ് അതിനുകാരണവും . പെണ്ണുകണ്ട് ഇഷ്ടപ്പെട്ടന്നല്ലേ പറഞ്ഞത്. ഈശ്വരാ ആ കല്യാണം നടക്കണേ.. ആരായാലും ആ കുട്ടി ഭാഗ്യവതിയാണ്. ഇതാണ് പറയുന്നത് ചേരേണ്ടതേ ചേരൂ എന്ന് ..”
ശ്യാമ ഓരോന്നോർത്ത് നിന്നുപോയി.

” ചേച്ചീ… ചേച്ചീ… ” ശ്യാമ ഞെട്ടിപ്പോയി.

ബൈജു ആണ്.
“ങേ… നീയാണോ.. ഞാൻ പേടിച്ചുപോയല്ലോ.”

” അല്ല കുറച്ചുനേരമായി ചേച്ചി ഈ നിൽപ്പ് നിൽക്കാൻ തുടങ്ങിയിട്ട്. കൂട്ടുകാരി വീടെത്തിക്കാണും. ചേച്ചി വരുന്നുണ്ടേൽ വീട്ടിൽ വിടാം. എനിക്ക് വീടുവരെ പോകണം “.

” ഞാനും വരുന്നു .ഈ ഷട്ടർ താഴ്ത്താൻ നീ ഒന്നു സഹായിക്ക് “.ശ്യാമവേഗം എല്ലാം എടുത്തുവച്ച് കൂൾബാർ പൂട്ടി ഇറങ്ങി.

           ........ %%%%%%%.......

രാവിലെ തന്നെ ശ്യാമ ഒരുങ്ങി .

” അച്ഛാ അച്ഛനു വയ്യെങ്കിൽ കൂൾബാർ തുറക്കേണ്ട. കേട്ടല്ലോ .”

” അവിടെ എന്താ മലമറിയ്ക്കാൻ ഒന്നുമില്ലല്ലോ കുട്ടികൾ വല്ലതും ചോദിച്ചാൽ എടുത്തു കൊടുക്കുക.”

” അത് വേണ്ടെന്നാ ഞാൻ പറഞ്ഞത്. അമ്മേ അച്ഛനെ കടലേയ്ക്ക് വിട്ടേക്കരുത്. ഞാൻ വേഗം വരും . “

” നീ അവരോട് എതിരൊന്നും പറയാൻ നിന്നേക്കരുത് ..” ലീല പറഞ്ഞു.

” ഇല്ലമ്മേ..എനിക്ക് ഇഷ്ടായിട്ടല്ല പോകുന്നത്. ചെല്ലാം എന്നുപറഞ്ഞുപോയില്ലേ. ഇനി ആർക്കും തട്ടാൻ ഈ ജീവിതം വിട്ടുകൊടുക്കില്ല. പോയിവരാം അമ്മേ .”

ശ്യാമ മുന്താണി മുന്നോട്ടു പിടിച്ചു വേഗം നടന്നു.

   °°°°°°°       °°°°°°°      °°°°°°°°°

പത്തു വർഷത്തിനു ശേഷം വീണ്ടും അവിടേയ്ക്ക് കാലെടുത്തു വച്ചപ്പോൾ മനസ്സിൽ ആരോടും പകയോ ദേഷ്യമോ തോന്നിയില്ല. പത്തു വർഷമായിട്ടും വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. വിശാലമായ മുറ്റം .അന്നു ചെടികൾ ആയിരുന്നു മുറ്റംനിറയെ.ഇന്ന് ഒന്നുരണ്ട് ചെമ്പരത്തി യും റോസയും അതിന് പ്രത്യേക പരിചരണംവേണ്ടല്ലോ .

കോളിംഗ് ബെല്ലിൽവിരലമർത്തി. അകത്തുനിന്നും കിളിചിലയ്ക്കുന്ന ശബ്ദം. കാത്തുനിന്നു.

അകത്തുനിന്നും കുട്ടികളുടെ ഒച്ച കേൾക്കാം .
രണ്ടുമിനിറ്റ് കഴിഞ്ഞില്ല .വാതിൽ തുറന്നു.

അപ്രതീക്ഷിതമായി തന്നെ കണ്ടതിനാലാവാം സീമയുടെ ആശ്ചര്യഭാവം പ്രകടമായി.

” ഈശ്വരാ ..ചേച്ചി.. വാ ചേച്ചിയുടെ കേറിവാ .”സീമ ശ്യാമയുടെ കയ്യിൽപിടിച്ച് പറഞ്ഞു.

” മക്കളെ ..ഡാഡിയോട് പറയ് ശ്യാമാൻ്റി വന്നിട്ടുണ്ടെന്ന്.. ” സീമയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.

” ചേച്ചീ … എനിക്കറിയാരുന്നു ചേച്ചി വരുമെന്ന്.അനിലേട്ടൻ പറഞ്ഞു ചേച്ചി വരില്ലെന്ന്. വരുമെന്ന പ്രതീക്ഷ വേണ്ടെന്ന് .
അകത്തേക്ക് വാ ചേച്ചി…”
ശ്യാമ സീമയ്ക്കൊപ്പം അകത്തേക്ക് നടന്നു .

” ഇരിക്കു ചേച്ചീ.. ഞാൻ ഇപ്പോൾ വരാം .. അനിലേട്ടനെ കണ്ടില്ലല്ലോ ..” സീമ അനിലിനെ വിളിക്കാൻ മുറിയിലേക്ക് പോയി.

ശ്യാമ ഹാളിൽ ആകെ ഒന്നു കണ്ണോടിച്ചു. പെട്ടെന്ന് ഒരുഫോട്ടോയിൽ കണ്ണുകൾ ഉടക്കി. സുനിലിൻ്റെ ഫോട്ടോ .തൻെറ ഭർത്താവ്. അറിയാതെ ശ്യാമ എണീറ്റ് ആ ഫോട്ടോയുടെ അടുത്തു ചെന്നു. ” എന്തിനാണ് തൻെറ കണ്ണുനിറഞ്ഞതെന്ന് ശ്യാമയ്ക്ക് മനസിലായില്ല. ഈ വീട്ടിൽ തന്റെ നന്മ ആഗ്രഹിച്ച ഒരേഒരാളേ ഉള്ളൂ .അത് മരണംകൊണ്ട് തെളിയിച്ചു .ഈ മനസിൻ്റെ നന്മ ഈ വീട്ടിൽ ഒരാൾക്കുപോലും ഇല്ലല്ലോ.കണ്ടില്ലേ സുനിൽ ഇനിയും ഇവർക്ക് എന്നെക്കൊണ്ട് ആവശ്യം ഉണ്ട്. അതിനാണ് പത്തു വർഷത്തിനുശേഷം എന്നെ അന്വേഷിച്ചു വന്നത്. ” ശ്യാമ മനസ്സിൽ സുനിലിനോട് പറഞ്ഞു.

എവിടെ നിന്നോ കുഴമ്പിൻ്റേയും എണ്ണയുടെയും മണം ശ്യാമയ്ക്ക് അനുഭവപ്പെട്ടു. ” ആരാവും …??
താൻ ഇപ്പോൾ വിരുന്നുകാരിയല്ലേ . സീമയോട് ചോദിക്കാം. “

” കാത്തിരുന്നയാൾ എത്തിയപ്പോൾ ഈ അനിലേട്ടൻ എവിടെപ്പോയി. “സീമ തന്നത്താൻ പിറുപിറുത്തു കൊണ്ട് മുറിയിൽ ചെന്നപ്പോൾ ആള് കുളിമുറിയിലും.
” അനിലേട്ടാ..ഒന്നുവേഗമാട്ടെ ..എൻ്റെ ചേച്ചി വന്നു.” സീമ കതകിൽ തട്ടി പറഞ്ഞു.

” ശ്യാമേച്ചിയോ.. ” അകത്തുനിന്നും അനിൽ ചോദിച്ചു.

” അതേ..ഈശ്വരാ..ഞാൻ ചേച്ചിക്ക് കുടിക്കാൻപോലും കൊടുത്തില്ല . ” സീമ വേഗം നാരങ്ങാവെള്ളം എടുത്ത് ശ്യാമയുടെ അടുത്തെത്തി.

” ചേച്ചി ..അനിലേട്ടൻ ഇപ്പോൾ വരും കുളിക്കുന്നു.”

“ആ കുളിച്ചിട്ട് വരട്ടെ.. അകത്തേക്ക് പോയ മക്കൾ എവിടെ അവർ മറ്റുള്ളവരോട് സംസാരിക്കില്ലേ ..”

” ആദ്യം ഇത്തിരി അകൽച്ച കാണിക്കും പിന്നെ അടുത്തുനിന്നും മാറില്ല.അവർ അച്ഛൻ്റെ അടുത്തുണ്ടാവും. “

” അമ്മയെവിടെ ..?

” മുറിയിലുണ്ട് ..വയ്യാതെ കിടപ്പാ..”

“എനിക്കൊന്നു കാണണം എന്നുണ്ടായിരുന്നു.”

” അതിനെന്നാ കുറച്ചു കഴിയട്ടെ…”

” എനിക്ക് ഉടനെ പോകണം .അച്ഛന് വയ്യ .”

” ചേച്ചി ഇന്ന് പോകരുത് .”.അവരുടെ പറഞ്ഞത് കേട്ടോണ്ടുവന്ന അനിൽ പറഞ്ഞു.

” നിങ്ങൾ പറഞ്ഞതനുസരിച്ച് ഞാൻ വന്നു . ഇനി പറയൂ എന്തിനാ എന്നോട് വരാൻ പറഞ്ഞത്. അത് പറയൂ..”

” പറയാം ..ചേച്ചി വരൂ ..അമ്മേ കാണേണ്ടേ …” അനിൽ അകത്തേക്ക് നടന്നു.

അനിലിനോപ്പം അകത്തേക്ക് കടന്ന ശ്യാമയ്ക്ക് തൻെറ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.
ഈ വീടും ഇവിടുള്ളവരെയും അടക്കി ഭരിച്ചിരുന്ന രാധിക എന്ന തൻെറ അമ്മായിയമ്മയുടെ അവസ്ഥ അത്രയ്ക്ക് ദയനീയമായിരുന്നു.

എണ്ണയും കുഴമ്പും പുരണ്ട വസ്ത്രങ്ങൾ ചുറ്റിയ അസ്ഥിപഞ്ചരം.

കട്ടിലിൽ ഇരുന്ന് അനിൽ ചോദിച്ചു ” അമ്മേ… ഇതാരാന്ന് അമ്മയ്ക്ക് മനസിലായോ ..?

” ചേച്ചി.. ഇങ്ങോട്ടു നീങ്ങി നിൽക്ക് അമ്മയ്ക്ക് കാണത്തില്ല.” അനിൽ ശ്യാമയോട് പറഞ്ഞു.

ശ്യാമ അമ്മയ്ക്ക് കാണാവുന്ന രീതിയിൽ നിന്നു.

” ഇത് ആരാന്ന് ..അമ്മയ്ക്ക് മനസിലായോ …” അനിൽ വീണ്ടും ചോദിച്ചു.

അവർ ശ്യാമയെതന്നെ കുറച്ചു നേരംനോക്കി കിടന്നു.

” അമ്മേ..” എന്നുശ്യാമ വിളിച്ചുകൊണ്ട് കട്ടിലിൻ്റെ അടുത്തുകിടന്ന സ്റ്റൂളിൽ ഇരുന്നു.

” മോളേ…നീ വന്നുവല്ലേ.” .ചെറിയ ശബ്ദത്തിൽ അവർ പറഞ്ഞു. ശ്യാമയുടെ കയ്യിൽ പിടിച്ച് ഏങ്ങലടിച്ചു കരഞ്ഞു.

” ഇനി നീയേ ഉള്ളൂ ഞങ്ങൾക്ക് .. ഞങ്ങൾ ചെയ്ത എല്ലാതെറ്റിനും ഈശ്വരൻ കണക്കുതീർത്തു തന്നു. കണ്ടില്ലേ ..ഈ കിടപ്പുകിടക്കാൻ തുടങ്ങിയിട്ട് രണ്ടുവർഷമായി. ” .

” ഒക്കെയും ഭേദമാകും അമ്മ വിഷമിക്കാതെ”

” ഇല്ല…നിന്നോടു ചെയ്ത എല്ലാതെറ്റിനും ഞങ്ങളോട് ക്ഷമിക്കണം.. ഇങ്ങനെയൊരു അവസരം ഉണ്ടാകുമെന്നു കരുതിയതല്ല.
ഇനി മോൾ ഇവിടെനിന്നും പോകരുത്. ഞങ്ങൾക്കൊപ്പം ഇവിടെ ഉണ്ടാവണം . “

“അമ്മേ ..ഇപ്പോൾ എന്താ ഇങ്ങനൊക്കെ പറയുന്നത്. എനിക്കൊന്നും മനസിസാവുന്നില്ല.” ശ്യാമ ചോദിച്ചു.

” ചേച്ചി വരൂ.. ഞാൻ പറയാം .. വരൂ..” അനിൽ ശ്യാമയെകൂട്ടി ഹാളിലേയ്ക്ക് വന്നു.

” ഇപ്പോൾ വരാം.. “അകത്തേക്ക് പോയ അനിൽ ഒരു ഫയലുമായി തിരിച്ചെത്തി.

” ചേച്ചി ഇതു വായിക്കൂ…” ആ ഫയൽ അനിൽ ശ്യാമയ്ക്കു കൊടുത്തു .

” ഇതെന്താണ്…”

” ചേച്ചി തന്നെ നോക്കൂ…”

അനിലിൻ്റെ കയ്യിൽനിന്നും ഫയൽ വാങ്ങി നോക്കിയ ശ്യാമയ്ക്ക് അതെന്താണെന്നു മനസിലാക്കാൻ കുറച്ചു സമയം വേണ്ടിവന്നു.

” ഇത്.. എന്ന്.. എപ്പോൾ..??

തുടരും