സമയം – ഭാഗം 11 – വൈഗ വസുദേവ് എഴുതുന്ന നോവൽ

പത്താം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

” ശ്യാമേ … ” അരവിന്ദ് സ്നേഹത്തോടെ വിളിച്ചു.ആ വിളിയിൽ തൻ്റേതെന്ന ഭാവം ഉണ്ടായിരുന്നു.

” ഉംം.. ഞാൻ ചോദിച്ചതിന് മറുപടി ഇല്ലേ..”

” ഉണ്ട്. … പത്തു വർഷങ്ങൾക്കു മുന്നേ നീ എനിക്ക് ആരായിരുന്നു ..അതേ മനസ്സാണ് ഇന്നും .നിനക്കും അതേ മനസ്സ് ആണെന്നാണ് എൻ്റെ വിശ്വാസവും. അതേ അരവിന്ദും അതേ ശ്യാമയും. പ്രായത്തിൻ്റെ മാറ്റം നമ്മളിൽ ഉണ്ടാവാം. മനസ്സ് ഇപ്പോഴും പഴയത് തന്നെയാണ്. പക്വത വന്നിട്ടുണ്ട് വാക്കിലും പ്രവർത്തിയിലും .അല്ലാതെ മറ്റൊരു മാറ്റവും എന്നിലില്ല. ” പറയുമ്പോൾ അരവിന്ദിൻ്റെ ശബ്ദം താഴ്ന്നിരുന്നു.

” അരവിന്ദ് ..എന്തൊക്കയാണ് പറയുന്നത്. ആ കാലം എന്നേ കഴിഞ്ഞു. നമ്മൾ രണ്ടുവഴിക്കായി. ഇനി അതൊക്കെ മനസ്സിൽ വച്ചിരുന്നിട്ട് എന്താണ് നേട്ടം. അരവിന്ദിനുള്ള പെണ്ണ് ഞാനല്ലായിരുന്നു. .

” ഇതിൽകൂടുതൽ എങ്ങനാ എൻ്റെ മനസ്സ് കാണിക്കുന്നത്. ഇത്രയും വ്യക്തമായി പറഞ്ഞിട്ടും നീയെന്താ മനസിലാവാത്ത മട്ടിൽ സംസാരിക്കുന്നത്. ” അരവിന്ദ് മനസ്സിൽ പറഞ്ഞു.

” അരവിന്ദ് ഞാനൊന്നു ചോദിക്കട്ടെ.. എന്തിനാണ് ഇത്രയും നാൾ വിവാഹത്തെക്കുറിച്ച് ചിന്തിക്കാതിരുന്നത് . ഞാൻ ..കാരണമായിരുന്നോ.. ഞാൻ കരുതിയത് അരവിന്ദ് കല്യാണം കഴിച്ചുസുഖായി കഴിയുകയാണെന്നാണ്. അരവിന്ദ് സന്തോഷത്തോടെ ജീവിക്കുകയാണെന്നോർത്ത് ഒരുപാട് സന്തോഷിച്ചു. കാലങ്ങൾക്കുശേഷം കണ്ടുമുട്ടിയപ്പോഴും അങ്ങനാവും എന്നുകരുതി .
പറയ് എന്തിനാ കല്യാണം കഴിഞ്ഞു എന്നരീതിയിൽ എന്നോട് സംസാരിച്ചത്. ..എനിക്കറിയണം ..അരവിന്ദ്.. പ്ലീസ്‌ .” .ശ്യാമ അരവിന്ദിൻ്റെ കണ്ണിൽ നോക്കി ചോദിച്ചു.

” ഞാനായിട്ട് വിവാഹിതനാണെന്നു പറഞ്ഞില്ല.നീ ചോദിച്ചു ഭാര്യയും മക്കളും സുഖായിരിക്കുന്നോ എന്ന് .ആണെന്ന് ഞാൻ പറഞ്ഞു. “

” അതെന്തിന്..നിനക്ക് പറയാരുന്നില്ലേ .ഭാര്യയും മക്കളും ഇല്ല എന്ന്.”

” പറയാരുന്നു. നിന്നെ കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി നീ ഒരുപാട് സങ്കടത്തിലാണെന്ന്. കാരണം എന്നെ കണ്ടപ്പോൾ നിൻ്റെ മുഖത്തെ ഭാവം അതായിരുന്നു. നിന്നെ വലിയ പണക്കാരൻ ആണ് കല്ല്യാണം കഴിച്ചതെന്ന് എൻ്റെ ഫ്രണ്ട്സ് പറഞ്ഞിരുന്നു. ആനിലയ്ക്ക് നിനക്ക് ഈ കൂൾബാർ നടത്തേണ്ട കാര്യമില്ല. അപ്പോൾ ഈകാലയളവിൽ നിൻ്റെ ജീവിതത്തിൽ ആ അവസ്ഥയിൽ നിന്നും ഈ അവസ്ഥയിൽ എത്തിച്ചേരാൻ എന്തൊക്കയോ നടന്നിട്ടുണ്ട്. അതറിയണം .അതിനാണ് ഞാൻ കല്ല്യാണംകഴിച്ചില്ല എന്നു പറയാഞ്ഞത്. ഞാൻ അങ്ങനെ പറഞ്ഞിരുന്നു എങ്കിൽ നിനക്ക് എന്നോട് തുറന്നു സംസാരിക്കാൻ പറ്റില്ലാരുന്നു.”

” ചിലപ്പോൾ അരവിന്ദ് പറഞ്ഞതാവുംശരി . എന്തേയ്..കല്യാണം കഴിക്കാതിരുന്നത് ..”

നീയെന്താണ് മറ്റൊരു ജീവിതത്തെക്കുറിച്ചു ചിന്തിക്കാഞ്ഞത്.ആദ്യം അതുപറയ്..

എൻ്റെ വിവാഹം കഴിഞ്ഞതല്ലേ അരവിന്ദ് . ..അത് ഇങ്ങയെയും ആയി. നിന്നെ വേദനിപ്പിച്ചതിൻ്റെ ശിക്ഷയാണ് ഞാൻ അനുഭവിക്കുന്നത്. അരവിന്ദ് ..ഞാൻ നിന്നെ മറന്നിട്ടില്ല അന്ന് ആ തീരുമാനം എടുത്തത്. ഞാൻ പറഞ്ഞല്ലോ അതിന്റെ കാരണം. എനിക്ക് മറ്റൊരാളാവാൻ പറ്റില്ല. നീയും ഞാനും ആ ഓർമ്മകൾ മതി എനിക്ക് മുന്നോട്ടു ജീവിക്കാൻ. . ഞാൻ ഇപ്പോൾ വളരെ സന്തോഷത്തിലാണ്. ഇങ്ങനെയും ജീവിതത്തിൽ സന്തോഷം കണ്ടെത്താം .. വിവാഹം കഴിക്കണമെന്നില്ല. ആ നല്ല ഓർമ്മകൾക്കൊപ്പം അങ്ങനെ ജീവിക്കണം. .
ശ്യാമ മനസുകൊണ്ട് ആ ലോകത്ത് എത്തിയപോലെ ഇരുന്നു.
അവൾ പറഞ്ഞത് കേട്ടിട്ടും അരവിന്ദ് ഒന്നും പറഞ്ഞില്ല.

” ശ്യാമേ നീ വേണം എൻ്റെ ജീവിതത്തിൽ ” എന്ന്.. പറഞ്ഞ് നിനക്ക് എന്നെ വിളിച്ചൂടെ …നിൻ്റെ ജീവിതത്തിലേയ്ക്ക് ..” ശ്യാമ പ്രതീക്ഷയോടെ അരവിന്ദിനെ നോക്കി . അരവിന്ദിൽ നിന്നും ഇങ്ങനൊരു വാക്ക് കേൾക്കാൻ താൻ ഇപ്പോഴും കൊതിക്കുണ്ട് ..

അരവിന്ദ്. .. നീ കല്യാണം കഴിക്കാതിരുന്നതിന് ഞാനാണോ കാരണം ..ശ്യാമ ചോദിച്ചു.

” നീയാണ് കാരണം എന്നു പറയില്ല. നീ എന്നെവിട്ടുപോയപ്പോൾ വല്ലാത്ത വിഷമവും സങ്കടവും നിന്നോട് അരിശവും ഒക്കെ തോന്നി. ജീവിതം തീർന്നു എന്നു ചിന്തിച്ചതാ… എന്നാൽ എന്നെ ആശ്രയിക്കാൻ ആളുണ്ട് എന്ന ചിന്ത . വയ്യാത്ത അച്ഛൻ ..അമ്മ .അവർക്കുവേണ്ടി എനിക്ക് മുന്നോട്ടു പോയേ പറ്റൂ.. ജീവിച്ചേ..പറ്റൂ.. പതിയെപ്പതിയെ ഞാൻ യാഥാർത്ഥ്യത്തിലേയ്ക്ക് വന്നു .പഠനം കഴിഞ്ഞ് ജോലിക്കുവേണ്ടിയുള്ള ഓട്ടത്തിൽ എന്നെപ്പറ്റി ചിന്തിക്കാനോ ..നിന്നെപ്പറ്റി അന്വേഷിക്കാനോ സമയവും ഉണ്ടായിരുന്നില്ല. അച്ഛൻ്റെ മരണശേഷം ഞങ്ങൾ അവിടംവിട്ടു. ജോലി സൗകര്യാർത്ഥം തിടനാട് സ്ഥലം വാങ്ങി . മറക്കാൻ കഴിയാഞ്ഞതിനാൽ നിന്നെ ഓർക്കേണ്ടിയും വന്നില്ല. അമ്മ കല്ല്യാണത്തെക്കുറിച്ച് പറഞ്ഞുമടുത്തു . എപ്പോഴും പറയും ഉണ്ണീ എൻ്റെ കാലം കഴിഞ്ഞാൽ നിനക്ക് ആരും ഇല്ലല്ലോ എന്ന് ..ചിലപ്പോൾ പറയും ഉണ്ണീ..എനിക്ക് എൻ്റെ കൊച്ചുമക്കളെ കാണാനുള്ള യോഗം ഇല്ല അല്ലേ .. എന്ന് ഞാൻ മറുപടി പറയില്ലാന്നു അറിയാം .. മടുത്ത് അമ്മതന്നെ പറച്ചിൽ നിർത്തി. കുറച്ചു നേരം അരവിന്ദ് മിണ്ടാതിരുന്നു.ഞാൻ കരുതിയത് എല്ലാ സുഖസൗകര്യങ്ങളോടുംകൂടി നീ ജീവിക്കുന്നു എന്നാണ്. വീണ്ടും നിന്നെ കാണും വരെ. നിൻ്റെ അവസ്ഥ അറിഞ്ഞപ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പുതോന്നി. ഇത്രയും കാലത്തിനിടയ്ക്ക് ഒരിക്കൽ പോലും എനിക്ക് നിന്നെപ്പറ്റി തിരക്കാൻ തോന്നിയില്ലല്ലോ എന്നോർത്ത്. “

” അരവിന്ദ് ..ലതയ്ക്ക് നിന്നെ ജീവനാണ്. നിനക്കറിയാരുന്നല്ലേ.. അത് .”

” അറിയാം.. അവൾകാരണം ആണ് ആദ്യം ജോലിചെയ്തിടത്തുനിന്നും ഇങ്ങോട്ടേയ്ക്ക് മാറ്റംവാങ്ങിയത് .എന്നാൽ ചുറ്റിയ പാമ്പ് കടിച്ചേ മാറൂ എന്നുപറയുംപോലെ അവളും ഇങ്ങോട്ടേയ്ക്ക് മാറ്റംവാങ്ങി വന്നു. അവൾ നല്ല കുട്ടിയാണ്. നല്ല സാമ്പത്തികം ഉള്ളിടത്തെയാണ് .അതിന്റെ അഹങ്കാരം ഉണ്ട്. അതുപോട്ടെ .. എനിക്ക് അവളെപ്പറ്റി കൂടുതൽ ഒന്നും അറിയേണ്ട. ..നിനക്ക് നല്ലൊരു ജീവിതം വേണ്ടേ.. അച്ഛൻ്റെയും അമ്മയുടെയും കാലശേഷം ആരുണ്ട്. ഇത്രയും കാലം തിരിഞ്ഞുനോക്കാത്ത നിൻ്റെ അനിയത്തിയോ.. “

” ഞാൻ അത്രയ്ക്കൊന്നും ചിന്തിക്കുന്നില്ല അരവിന്ദ് ..അങ്ങനൊക്കെ ചിന്തിച്ചാൽ ജീവിക്കാനേ പേടിയാവും .ശ്യാമയുടെ ജീവിതം ഇങ്ങനെതീരും ഇത്രയും നാൾ അച്ഛനും അമ്മയ്ക്കുംവേണ്ടി ജീവിച്ചു. ഇപ്പോൾ അനിയത്തിയും കുടുംബവും കൂടെ ആയി. അവർക്ക് ഇപ്പോൾ കിടപ്പാടംപോലും ഇല്ല. ഞാൻ പോകാൻ പറഞ്ഞാൽ അവർക്ക് പോകേണ്ടി വരും എന്നപേടിയുണ്ട് അവർക്ക്.”

” അപ്പോൾ നീ അവരുടെകൂടെ താമസിക്കാൻ തീരുമാനിച്ചോ..”

” ഇല്ല അരവിന്ദ് ..ഇത് വിൽപ്പത്രത്തിൻ്റെ ഫോട്ടോസ്റ്റാറ്റ് ആണ്. ഒറിജിനൽ എഴുത്തോഫീസിൽ കാണും .അരവിന്ദ് എൻ്റെ കൂടെവരണം. വരില്ലേ…”

“പിന്നെന്താ ..ഇതിനാണോ എന്നെ വിളിച്ചു വരുത്തിയത്.. “

” ഉംം…വേറെ ആരോടാ ഇതൊക്കെ പറയുക വേറെആരുംഇല്ല .ഇത്രയും നാൾ ഒറ്റയ്ക്കാണ് ഓരോ കാര്യങ്ങളും തീരുമാനിച്ചത് . ആരും ഉണ്ടായിരുന്നുമില്ലല്ലോ..പറയ് …”

” നീവാ നമുക്ക് ഇതെഴുതിയ ഓഫീസിൽ പോകാം. .. എന്നിട്ട് ബാക്കി..” അരവിന്ദ് എണീറ്റു. കൗണ്ടറിൽ ബിൽകൊടുത്തിറങ്ങി.

ആദ്യം കണ്ട ആധാരംഎഴുത്തോഫീസിൽ അവർ രണ്ടുപേരും കേറിച്ചെന്നു.

അകത്ത് ആരും ഇല്ല ഒരാൾ ഇരുന്ന് ഉറങ്ങുന്നു.

അരവിന്ദ് മേശയിൽ തട്ടി.
ശബ്ദം കേട്ടിട്ട് അയാൾ കണ്ണുതുറന്നു.
ഒന്നു ചിരിച്ചു.

” ഗംഗാധരൻ നായർ …?അരവിന്ദ് ചോദിച്ചു.

” അതെ ഞാൻ തന്നെ.. എന്താണ് കാര്യം .”

അരവിന്ദ് കയ്യിലിരുന്ന വിൽപ്പത്രം. അയാൾക്ക് നേരേ നീട്ടി.

” ഓഹോ ആധാരം എഴുതാനാണോ..ഇരിക്ക് “

” എഴുതിക്കാൻ അല്ല ..”

ഗംഗാധരൻ നായർ വിൽപ്പത്രത്തിൻ്റെ താൾ മറിച്ചു നോക്കി.

” ഇത് എങ്ങനെ നിങ്ങളുടെ കയ്യിൽ വന്നു. “

” അനിൽ തന്നു ” ശ്യാമ പറഞ്ഞു. അവൻ എൻ്റെ അനിയനാണ് . സുനിലിൻ്റെ ഭാര്യയാണ് ഞാൻ”

“ഓഹോ…ശ്യാമ എന്നാണോ പേര് …”

” അതെ…. സുനിൽ ഇങ്ങനെ എഴുതി വച്ചത് അറിഞ്ഞിരുന്നില്ല…”

” ഉംം.. ആ ഫയൽ ഒന്നെടുക്കട്ടെ..” ഗംഗാധരൻ നായർ എണീറ്റ് അകത്തേക്ക് പോയി. അലമാര തുറക്കുന്നതിൻ്റേയും ഫയലുകൾ എടുക്കുന്നതിൻ്റേയും ഒച്ച അവർക്ക് കേട്ടു.

കുറച്ചു നിമിഷങ്ങൾക്കുശേഷം അയാൾ ഒരു ഫയലുമായി തിരിച്ചെത്തി.

ഒരക്ഷരം പോലും മിണ്ടാതെ അയാൾ ശ്രദ്ധയോടെ ആ ഫയൽ തുറന്നു .അതിൽനിന്നും ഒരു കവർ എടുത്തു .

” ആ കവറിൽ എന്താവും.” അതറിയിനുള്ള ആകാംക്ഷയോടെ അരവിന്ദും ശ്യാമയും ആ കവറിലേയ്ക്കും ഗംഗാധരൻ നായരുടെ മുഖത്തേയ്ക്കും മാറിമാറി നോക്കി..

ഗംഗാധരൻ നായർ തല ഉയർത്തി ശ്യാമയെ നോക്കി.
വീണ്ടും കവർ ശ്രദ്ധയോടെ തുറന്നു. അതിൽനിന്നും ഒരു ഫോട്ടോ എടുത്തു .വീണ്ടും ശ്യാമയെ നോക്കി. ഒന്നു തലകുലുക്കി എന്തോ ഉറപ്പിക്കും പോലെ.

” എന്താ ചേട്ടാ..ആ ഫോട്ടോയും ഞാനും തമ്മിൽ. ആരുടെ ഫോട്ടോ ആണ്. ” ശ്യാമ ആകാംക്ഷയോടെ ചോദിച്ചു.

” ഇതാ നോക്കൂ.. ” ഗംഗാധരൻ നായർ കയ്യിലിരുന്ന ഫോട്ടോ ശ്യാമയുടെ നേരേ നീട്ടി.

ശ്യാമ അതുവാങ്ങി . ഈശ്വരാ.. ഇത് തൻെറ ഫോട്ടോ ആണ്. ” അരവിന്ദ് ഇതു നോക്കൂ .ഈ ഫോട്ടോ ..” ശ്യാമ ഫോട്ടോ അരവിന്ദിൻ്റെ കയ്യിൽ കൊടുത്തു.

” ഈ ഫോട്ടോ ആരാ ഇവിടെ തന്നത്. “

“സുനിൽ . ശ്യാമ വന്നാൽ തിരിച്ചറിയാൻ ആണ് ഈ ഫോട്ടോ തന്നത്. .. ഒറിജിനൽ ആധാരം ശ്യാമയുടെ കയ്യിലേ കൊടുക്കാവൂ.. വീട്ടുകാർ ചോദിച്ചാൽ കോപ്പിയെ കൊടുക്കാവൂ ..ഒരുകാരണവശാലും ഒറിജിനൽ അവരുടെ കയ്യിൽപെടരുതെന്ന് എന്നും പറഞ്ഞു .”

“അവർ ഒറിജിനൽ ചോദിച്ചില്ലേ..”

” ചോദിച്ചു. ..ശ്യാമയുടെ കയ്യിലേ കൊടുക്കു എന്നുപറഞ്ഞു.”

“സുനിലിനു വല്ലാത്ത കുറ്റബോധം ഉണ്ടായിരുന്നു. അതിനു പ്രായശ്ചിത്തമായിട്ടാണ് ഈ വിൽപ്പത്രം എഴുതി വച്ചത്. സുനിലിൻ്റെ മരണശേഷം ആ വീട്ടിൽ നിന്നും കുട്ടി പോയത് ഞാൻ അറിഞ്ഞിരുന്നു. വളരെനല്ല മനസിൻ്റെ ഉടമയായിരുന്നു സുനിൽ .നിന്നെ രക്ഷിക്കാൻ ആത്മഹത്യ അല്ലാതെ വേറെ വഴിയില്ലാരുന്നു.ഇനി അതൊക്കെ പറഞ്ഞിട്ട് എന്തുകാര്യം. ..ഇതാ ഇവിടൊരു ഒപ്പിട്ടേരെ..” ഗംഗാധരൻ നായർ ഒരുബുക്കുതുറന്നു ഒപ്പിടേണ്ടഭാഗം കാണിച്ചു.

ഗംഗാധരൻ നായർ കാണിച്ചിടത്ത് ശ്യാമ ഒപ്പിട്ടു.

” ഇത്രയും നാൾ സൂക്ഷിച്ചു വച്ചതിന് ഫീസ് ..”അരവിന്ദ് ചോദിച്ചു.

” ഫീസൊക്കെ സുനിൽ തന്നിട്ടുണ്ട്.”

” ശരി എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ..വീണ്ടും കാണാം .”
അരവിന്ദ് പറഞ്ഞു.

“ശരി ..അങ്ങനെ എൻ്റെ ഉത്തരവാദിത്വം കഴിഞ്ഞു .”

ഗംഗാധരൻ നായർ അവർ പോകുന്നത് നോക്കിയിരുന്നു. ” നല്ല ജോഡി ” അയാൾ തനിയെ പറഞ്ഞു.

കാറിൽ അരവിന്ദിൻ്റൊപ്പം യാത്ര ചെയ്തപ്പോൾ താൻ ഏതോ സ്വപ്നലോകത്താണെന്ന് ശ്യാമയ്ക്കുതോന്നി.

അരവിന്ദ് ഡ്രൈവിംഗിനിടയിൽ ഇടയ്ക്കിടയ്ക്ക് ശ്യാമയെ ശ്രദ്ധിച്ചു

” ശ്യാമേ…നീ എന്താ തനിയെ ചിരിക്കുന്നത് “

” ങേ..ഞാനോ.. “

” ഉംം.. അതെ നീ എന്തോ ഓർത്തു ചിരിക്കുന്നുണ്ടായിരുന്നു.”

” അത് ഞാൻ ഒരു സ്വപ്നലോകത്തായിരുന്നു “

” ആഹാ കൊള്ളാലോ..ആട്ടെ ആ ലോകത്ത് ആരൊക്കെ ഉണ്ടായിരുന്നു.”

“നമ്മൾ ..പെട്ടെന്ന് ശ്യാമ പറഞ്ഞു. നമ്മൾ ഇങ്ങനെ യാത്രചെയ്യുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയതല്ല .ഇപ്പോൾ ഇത് സ്വപ്നമോ യാഥാർത്ഥ്യമോ എന്നതാണ് . സ്വപനമാണെങ്കിൽ വീണ്ടും വീണ്ടും കാണാലോ.. യാഥാർത്ഥ്യമാണേൽ വീണ്ടും പറ്റില്ലല്ലോ . .. സോറി അരവിന്ദ് ..അറിയാതെ എന്തൊക്കയോ പറഞ്ഞു. ഇതൊന്നും കാര്യാക്കേണ്ട. ചിലനേരം മനസ്സ് പിടിവിട്ടുപോകും .”

അരവിന്ദ് ഒന്നു ചിരിച്ചു. ” ശ്യാമേ .ചില സ്വപ്നങ്ങൾ യാഥാർത്ഥ്യമാവാറുണ്ട് . ഞാനും കുറച്ചു നാളായി ഒരു സ്വപ്നത്തിലാണ് ..നഷ്ടപ്പെട്ട ജീവിതം തിരിച്ചു കിട്ടുന്നതാണ് കാണുന്നത്. ആ സ്വപ്നത്തിൻ്റെ പിറകെയാണ് ഓരോ നിമിഷവും. “

” ശരിയാ അരവിന്ദ് നീ വേണ്ടെന്നുവെച്ച നിൻ്റെ ജീവിതത്തിൽ പുതിയ ആൾ വരുവല്ലേ .. എങ്ങനുണ്ട് നീകണ്ട കുട്ടി. കാണാൻ സുന്ദരിയാ..”

” ഏത് കുട്ടി..”

” അതെന്നാ അരവിന്ദ് പെണ്ണുകാണാൻ പോയത് മറന്നുപോയോ..”

” അതോ… എനിക്ക് ഇഷ്ടായി .പക്ഷേ ആകുട്ടിക്ക് ഇഷ്ടമാണോന്ന് അറിയില്ല .നേരിട്ട് ചോദിക്കാമെന്നു കരുതി .”

” ഇഷ്ടമാവും അരവിന്ദ് എനിക്ക് ഉറപ്പാണ്. അമ്മയ്ക്ക് ഇഷ്ടായോ..”

” പിന്നെ അതല്ലേ ഇത്ര ധൈര്യമായി ആകുട്ടിയോട് നേരിട്ടു ചോദിക്കാമെന്നു വച്ചത്.
അമ്മയ്ക്ക് അവളെ അന്നുതന്നെ കൂട്ടിക്കൊക്കൊണ്ടുപോകണം എന്നായിരുന്നു ആഗ്രഹം. അവൾ സമ്മതിച്ചാൽ ബാക്കി എല്ലാം ഓക്കെയാ ..” അരവിന്ദിൻ്റെ മുഖത്തെ ചിരിമാഞ്ഞില്ല.

ശ്യാമയുടെ മുഖത്തെ സന്തോഷം എവിടോപോയി .സങ്കടഭാവം ആയി

” എനിക്കറിയാം ശ്യാമേ ..ഞാൻ വേറൊരു പെണ്ണിൻ്റെ കാര്യം പറയുന്നത് നിനക്ക് എത്ര വേദനയുണ്ടാക്കുമെന്ന്.നീ നിൻ്റെ മനസുതുറക്കാനാണ് ഞാൻ ഇത്ര ദയയില്ലാതെ പറയുന്നത്. നിനക്ക് പറഞ്ഞൂടെ .അരവിന്ദ് നിനക്ക് എന്നെ സ്നേഹിച്ചൂടെ എന്ന് .നീ പറയും വരെ കാത്തിരിക്കാൻ എനിക്കാവുമോ.. “അരവിന്ദ് മനസ്സിൽ ഓർത്തു കൊണ്ട് ഡ്രൈവ് ചെയ്തു.

” അരവിന്ദ് എന്താ പെട്ടെന്ന് ഗൗരവത്തിൽ . ഞാൻ ഇഷ്ടമില്ലാത്ത എന്തെങ്കിലും ചോദിച്ചോ .. എനിക്കുതന്നെ അറിയില്ല അരവിന്ദ് .നിന്നോട് സംസാരിക്കുമ്പോൾ ..നിൻ്റെ ഒപ്പം ആകുന്ന ഓരോ നിമിഷവും ഞാൻ പഴയ ശ്യാമയാകുന്നു. നീ എൻ്റെ ആണെന്ന് മനസ്സ് പറയുന്നു. ആർക്കും വിട്ടുകൊടുക്കരുതെന്നും ..ഇനിയും നിന്നെ എനിക്കു നഷ്ടപ്പെട്ടാൽ ..നീ വേറൊരാളുടെ ആയാൽ പിന്നെ ശ്യാമ ഈ ഭൂമിയിൽ ഉണ്ടാവില്ല ..” ശ്യാമ മനസ്സിൽ പറഞ്ഞു.

” ശ്യാമേ നീ ഇപ്പോൾ എന്നോട് എന്താ പറഞ്ഞത്.”

” ഞാൻ.. ഞാനൊന്നും പറഞ്ഞില്ലല്ലോ..”

” ഇല്ല നീ പറഞ്ഞു ഞാൻ കേട്ടു. ..പറയ് ..”

” ഈശ്വരാ താൻ മനസ്സിൽ പറഞ്ഞത് അരവിന്ദ് എങ്ങനെ കേട്ടു .”

” ഒന്നും പറഞ്ഞില്ല. തോന്നിയതാവും
അരവിന്ദ് എന്നെ ആനക്കല്ലിൽ ഇറക്കിയേരെ ..” ശ്യാമ വിഷയംമാറ്റാൻ പറഞ്ഞു.

അവർ വില്ലണി കഴിഞ്ഞിരുന്നു.

” ഉംം ..ആ കുട്ടിയോട് നേരിട്ടുചോദിക്കാം അല്ലേ ..നീയും എൻ്റൊപ്പം വേണം .”

” ഞാനോ ..എന്തിന് ..എനിക്കതിനാവില്ല ..”

” എന്തുകൊണ്ട്..”

” അരവിന്ദ് കാർ നിർത്തു .”

” വീട്ടിൽ വിടാം നിൻ്റെ വീട് കാണാലോ .. വരേണ്ട ആവശ്യം വന്നാൽ ആരോടും ചോദിക്കേണ്ടല്ലോ ..”

” അതുവേണോ. അരവിന്ദ് ..”

” വേണം. “

” എൻ്റെ ഈശ്വരാ.. എന്തൊക്കെയാ തന്റെ ജീവിതത്തിൽ നടക്കുന്നത് .അമ്മ കണ്ടാൽ .. ആരെന്നു ചോദിച്ചാൽ .. താൻ എന്തു മറുപടി പറയും “

” ശ്യാമ നീ എന്താ ആലോചിക്കുന്നത് .. “

” ഏയ് ഒന്നുമില്ല.. “

” ദാ ഇതിലെ ” ശ്യാമ വഴി പറഞ്ഞുകൊടുത്തു. ശ്യാമ പറഞ്ഞതനുസരിച്ച് അരവിന്ദ് കാർ ഓടിച്ചു.

” ഇവിടെ ..ദാ അതാണ് എൻ്റെ വീട് . വരൂ വീട്ടിൽ കേറിയിട്ടു പോകാം . “

” ശ്യാമേ.. ഞാൻ വരും പക്ഷേ എനിക്ക് ഒരുകാര്യം പറയാനുണ്ട്.. ചോദിക്കാനും “

” ചോദിക്കൂ..”

” ഞാൻ പെണ്ണുകണ്ട് ഇഷ്ടപ്പെട്ട കുട്ടി നീയാണ് ..അത് മറ്റൊരാളല്ല. നിൻ്റെ സമ്മതമാണ് എനിക്കു വേണ്ടത്. നിനക്ക് എന്നെ സ്നേഹിക്കാനാവില്ലേ.. ഇപ്പോഴും നീ മാത്രമേ ഉള്ളൂ എൻ്റെ മനസ്സിൽ എൻ്റെ പെണ്ണായി…പറയ്..” അരവിന്ദ് ശ്യാമയുടെ കണ്ണിൽ നോക്കി ചോദിച്ചു.

” അരവിന്ദ്….”

” പറയ്….” അരവിന്ദ് ചോദ്യം ആവർത്തിച്ചു..

തുടരും