Story written by Shaan Kabeer
ഇന്നലെ നാലഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി മുന്നിൽ വന്ന് ഒരു പാത്രം എന്റെ നേരെ നീട്ടി, അതിൽ കുറച്ച് നാണയതുട്ടുകളും പത്തിന്റെ ഒന്നോ രണ്ടോ നോട്ടുകളും ഞാൻ കണ്ടു. ആ പിഞ്ചു പൈതലിന്റെ കണ്ണിറുക്കിയുള്ള പുഞ്ചിരി എന്നെ വല്ലാതെ ആകർഷിച്ചു. ഞാൻ പോക്കറ്റിൽ നിന്നും പത്ത് രൂപയുടെ ഒരു നോട്ടെടുത്ത് ആ പാത്രത്തിലിട്ടു. അപ്പോൾ ആ പൈതൽ ജ്യൂസ് ഷോപ്പിൽ അലങ്കരിച്ചു വെച്ചിരിക്കുന്ന മുന്തിരി നോക്കി അത് വേണം എന്ന് എന്നോട് ആവശ്യപ്പെട്ടു.
ഞാൻ ഷോപ്പിലെ പയ്യനോട് കുറച്ച് മുന്തിരി ആ കുഞ്ഞിന് നൽകാൻ ആവശ്യപ്പെട്ടു. പയ്യൻ കുറച്ച് മുന്തിരിയെടുത്ത് കുട്ടിക്ക് കൊടുത്തു. ആ പൈതൽ എന്നെ നോക്കി, അവൾക്ക് അത് മതിയായിരുന്നില്ല. പയ്യനോട് കുറച്ചധികം മുന്തിരി കൊടുക്കാൻ ഞാൻ ആവശ്യപ്പെട്ടു. അപ്പോൾ ആ പൈതലിന്റെ മുഖത്ത് വല്ലാത്ത ഒരു സന്തോഷം ഞാൻ കണ്ടു. മുന്തിരി കൂടാതെ ഒരു പോമോഗ്രാനറ്റും രണ്ടു മൂന്ന് പാക്കറ്റ് ബിസ്കറ്റും ഞാൻ കുട്ടിക്ക് മേടിച്ചു കൊടുത്തു.
സന്തോഷത്തോടെ ആ പിഞ്ചു പൈതൽ കുറച്ചപ്പുറത്ത് നിൽക്കുന്ന അവളുടെ അമ്മയുടെയും ചേച്ചിയുടേയും ചേട്ടന്റെയും അടുത്തേക്ക് ഓടി. അവൾ എന്തോ വല്യ കാര്യം ചെയ്യുന്ന പോലെ അവർക്കെല്ലാം അത് തുല്യമായി വീതിച്ചു കൊടുക്കുന്നത് ഞാൻ കൗതുകത്തോടെ നോക്കി നിന്നു. പെട്ടെന്നാണ് ഞാൻ ഒരുകാര്യം ഓർത്തത്, ആ കുട്ടിക്ക് ഞാൻ മുന്തിരിയും, ബിസ്കറ്റും എല്ലാം വാങ്ങി കൊടുക്കുമ്പോൾ വീഡിയോ എടുക്കാൻ മറന്നുപോയിരിക്കുന്നു!!!
ഞാൻ എന്നെത്തന്നെ സ്വയം ശപിച്ചു. “മന്ദാര ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ” എന്ന പാട്ടൊക്കെ വെച്ച് ആ വീഡിയോ ഫേസ്ബുക്കിലും ടിക്ടോക്കിലും ഒക്കെ പോസ്റ്റിയിരുന്നേൽ എത്ര ലൈക്കും ഷെയറും കിട്ടിയേനെ. ഞാൻ വേഗം ഫോണെടുത്ത് അവരെ തിരഞ്ഞു, പക്ഷേ അപ്പോഴേക്കും അവർ ആൾക്കൂട്ടത്തിനിടയിൽ എവിടെയോ പോയി മറഞ്ഞിരുന്നു. “ച്ചെ” നന്മമരമാവാനുള്ള ഒരു അവസരം നഷ്ടപ്പെട്ടതോർത്ത് ഞാൻ അസ്വസ്ഥനായി.
ഒരു കാര്യവും ഇല്ലാതെ പത്തൻപത് രൂപ പോയ സങ്കടം മറക്കാൻ ഞാൻ തൊട്ടപ്പുറത്തെ കടയിൽ നിന്നും നൂറ്റി എഴുപത് രൂപ വിലയുള്ള ഒരു പാക്കറ്റ് കിങ്‌സ് സി ഗരറ്റ് മേടിച്ച് ആഞ്ഞു വലിച്ച് സങ്കടം തീർത്തു. എന്നിട്ടും സങ്കടം തീരാഞ്ഞപ്പോൾ നാലഞ്ച് അവിഹിത കഥകൾ എഴുതി ഫേസ്ബുക്കിൽ അങ്ങ് പോസ്റ്റി, അതിന്റെ ലൈക്ക് എണ്ണിയപ്പോൾ കുറച്ച് ആശ്വാസമുണ്ട്…