സംഭവം ജോറായിരിക്കുമെന്ന് മനസ്സിൽ കരുതി ഞാൻ ആദ്യം ഇരുന്നു അവൻ വലിക്കാൻ തുടങ്ങി….

എഴുത്ത്:-സൽമാൻ സാലി

സ്കൂളിൽ പഠിക്കുമ്പോൾ എല്ലാവർക്കും കാണും ഒരു കട്ട ചങ്ക് സുഹൃത്ത്..എപ്പോഴും ജമ്പനും തുമ്പനും പോലെ ഒരുമിച്ചു നടക്കുന്നവർ. അങ്ങിനെ എനിക്ക് കിട്ടിയ എന്റെ ചങ്കാണ് ഷാഫി.

ഒന്നാം ക്‌ളാസ്സുമുതൽ പ്ലസ്‌ടു വരെ ഒരുമിച്ചു സ്കൂളിൽ പോയി ഒരേ ബെഞ്ചിൽ ഇരുന്നു പഠിച്ചവർ.. ഞാൻ എവിടെ ഉണ്ടോ അവിടെ ചാപ്പിയും ഉണ്ടാകും. തോട്ടിൽ വെള്ളം നിറഞ്ഞാലും ഇന്ത്യയുടെ ക്രിക്കറ്റ് ഉണ്ടെങ്കിലും ഞങ്ങളിൽ ഒരാൾക്ക് സ്കൂളിൽ വെച്ച് വയറുവേദന തലവേദന തുടങ്ങിയ വേദനകൾ വരും (പ്രസവവേദനയൊഴിച് )

ഒരാൾക്ക് അസുഖം വന്നാൽ വീട്ടിലേക്കു കൊണ്ടുവിടാൻ ഒരാളെ വിടുമായിരുന്നു സ്കൂളിൽ നിന്ന്..

അങ്ങനെ എന്റെ വീട്ടിൽ ചാപ്പിക്ക് സുഖമില്ലെന്നും അവന്റെ വീട്ടിൽ എനിക്ക് സുഖ മില്ലെന്നും പറഞ്ഞു വീട്ടുകാരെ പറ്റിച്ചു നടന്ന കാലം..

സ്കൂൾ വിട്ട് വരുമ്പോൾ കയ്യിലൊരു വടി കരുതും ഇടവഴിയിൽ കിളിർത്തു നിൽക്കുന്ന കമ്മ്യുണിസ്റ്റ് പച്ചയുടെ തലയറുക്കാനുള്ള വാളായിരുന്നു അത് ഒരു സൈഡിൽ അവനും മറ്റേ സൈഡിൽ ഞാനും അങ്ങിനെ ചെടികളുടെ തല തെറിപ്പിച്ചുകൊണ്ട് വീട്ടിലേക്കു നടക്കും..

അല്ലെങ്കിൽ ഉള്ള പരിപാടിയാണ് പോസ്റ്റ്‌ മാറി ഓടൽ ഒരു ഇലക്ട്രിക് പോസ്റ്റുവരെ നടന്നാൽ അടുത്ത പോസ്റ്റുവരെ ഓടും.. അങ്ങിനെ സകല വികൃതികളുമായി പോയിക്കൊണ്ടിരുന്നു സ്കൂൾ കാലം.

ഒരു ദിവസം പോസ്റ്റുകൾ മാറി ഓടിക്കൊണ്ടിരിക്കുമ്പോളാണ് ഒരു കവുങ്ങിൻ പട്ട മുന്നിൽ വീഴുന്നത്.. അത് കണ്ടപ്പോൾ ഒരു ഐഡിയ പറഞ്ഞത് ചാപ്പിയാണ് .ഒരാൾ അതിലിരുന്നു മറ്റെയാൾ വലിക്കുക..

സംഭവം ജോറായിരിക്കുമെന്ന് മനസ്സിൽ കരുതി ഞാൻ ആദ്യം ഇരുന്നു അവൻ വലിക്കാൻ തുടങ്ങി.. ഒരുവിധം അടുത്ത പോസ്റ്റ്‌ എത്തിയപ്പോൾ ഞാൻ ഇറങ്ങിയതും അവൻ ഒറ്റച്ചാട്ടത്തിന് അതിൽ ഇരുന്നു.. വലിയെടാ വലി.. എന്നുള്ള രീതിയിൽ എന്നെ തന്നെ നോക്കി..

അവനെയും വലിച്ചു ഞാൻ അടുത്ത ഇലക്ട്രിക് പോസ്റ്റ്‌ ലക്ഷ്യമാക്കി നടന്നു..

എന്തോ വീണ്ടും അതിൽ ഇരിക്കാനുള്ള ആർത്തി വലി അൽപ്പം സ്പീഡാക്കി..

അള്ളോ………… എന്ന വിളിയോടെ പട്ടയുടെ കനം കുറഞ്ഞു..

തിരിഞ്ഞു നോക്കിയപ്പോൾ ധാ.. കിടക്കുന്നു.. എന്റെ ചങ്ക്.. റോഡിൽ…

സങ്കടം കൊണ്ട് ഞാൻ പൊട്ടിചിരിച്ചുപോയി…

അവൻ എണീറ്റു പരസപരം കടികൂടുന്ന കണ്ടൻ പൂച്ച നോക്കുംപോലെ എന്നെയൊന്ന് നോക്കി..

പിന്നെ തിരിഞ്ഞു അവന്റെ പിന്നാമ്പുറം നോക്കിയതും അവന്റെ രുപം മാറി..

ചാപ്പി കരഞ്ഞുകൊണ്ട് മൂട് പൊത്തിപിടിച്ചിരിക്കുന്നു..

അവന്റെ അടുത്ത് പോയി നോക്കിയപ്പോളാണ് സംഗതി പിടികിട്ടിയത്.

എന്റെ വലിയുടെ സ്പീഡിൽ ഒരു കൂർത്ത കല്ലിൽ തട്ടി കവുങ്ങിൻ പട്ടയോടൊപ്പം എന്റെ ചങ്കിന്റെ മൂഡും കീറിയിരിക്കുന്നു…

കയ്യിലെ ബാഗ് പിന്നാമ്പുറത്ത് ചേർത്ത് പിടിച്ചു അവൻ കണ്ണും നിറച്ചോണ്ട് വീട്ടിലേക്കു നടന്നു…

രണ്ട്‌ ദിവസം അവനെ സ്കൂളിലേക്ക് കാണാതായപ്പോളാണ് ശനിയാഴ്ച സ്കൂൾ വിട്ടപ്പോൾ അവന്റെ വീട്ടിൽ ചെന്ന് നോക്കിയത്..

ബെഡിൽ കുമ്പിട്ടു കിടന്നു ബാലഭൂമി വായിക്കുന്നു എന്റെ ചങ്ക്.. അവന്റെ കിടപ്പ് കണ്ട എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.. ഞാൻ അറിയാതെ ആഗ്രഹിച്ചു പോയി അവന്റെ സ്ഥാനത് ഞാനായിരുന്നു അപ്പോൾ ആ കവുങ്ങിൻപട്ടയിൽ ഇരിക്കേണ്ടി ഇരുന്നത് എന്ന് ..രണ്ട്‌ ദിവസം അല്ലെ പഹയന് ലീവ് കിട്ടിയത്.. അതും ഓർത്തു സങ്കടത്തോടെ അവന്റെ വീട്ടിൽ നിന്നിറങ്ങി നടന്നു…

ശേ… എന്നാലും… എനിക്കെപ്പോഴാണ് ഇങ്ങനെ ഒരു ലീവ് കിട്ടുക പടച്ചോനെ ….

എങ്ങനേലും മൂഡ് ഒന്ന് മുറിയണം അതിനുള്ള എല്ലാ പരിപാടിയും നോക്കി എല്ലാം പാളി വീട്ടിൽ ചെന്നപ്പോൾ ധാ കിടക്കുന്നു മുന്നിൽ ചിരവ ..ഒന്നും നോക്കിയില്ല കണ്ണും പൂട്ടി ചിരവയുടെ മുകളിൽ ഒറ്റയിരുത്തം ..

”ട്ടോ .. ചിരവ രണ്ട് മുറി .

കയ്യിൽ കിട്ടിയ ചൂലുമായി രണ്ട് റൗണ്ട് വീടിന് ചുറ്റും ഓടി തളർന്നപ്പോൾ ഉമ്മച്ചി കുറെ ചീത്ത പറഞ്ഞെങ്കിലും അതൊക്കെ കേട്ട് എനിക്ക് ചിരിയാണ് വന്നത് ..

പറഞ്ഞത് മുഴുവൻ എന്നെയാണെങ്കിലും കിട്ടിയത് മുഴുവൻ വാപ്പചിക്ക് ആണ് ..എല്ലാ തെറിക്കും അവസാനം എന്നെ******മോനെ *****മോനെ എന്ന് വിളിക്കും പിന്നെ ഞാനെങ്ങനെ ചിരിക്കാണ്ടിരിക്കും ഇങ്ങള് പറ …

എല്ലാം കഴിഞ്ഞു tv യിൽ കാവ്യാഞ്ജലി സീരിയൽ കാണുമ്പോൾ ഒരു പരസ്യം വന്നു അപെക്സ് അൾട്ടിമ മഴയത്തും വെയിലത്തും മാറാത്ത ഭംഗി ..

ഞാൻ അത് എന്റെ രീതിയിൽ ഒന്ന് മാറ്റി ..

സൽമാൻ അൾട്ടിമ തല്ലീട്ടും കുത്തീട്ടും മുറിയാത്ത ചന്തി …..