ശെരി ഞാനും വരാം നിന്റെ കണ്ണുകൾ ആ നിറകാഴ്ചകൾ കണ്ട് സന്തോഷിക്കുന്നത് കാണാൻ……..

അമ്മയുടെ മനം നിറയുമ്പോൾ

Story written by Jolly Shaji

“റാണി രാവിലെ തുടങ്ങിയ ജോലികൾ അല്ലേ ഇത്… ഇന്നലെ രാത്രി കിടന്നിട്ടു ഒരുപോള കണ്ണടക്കാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന ആളാണ്… എന്നിട്ടാണ് പുലർച്ചെ മുതൽ ഈ കഷ്ടപ്പെടൽ…”

“സണ്ണിച്ചൻ എന്താ ഒന്നും അറിയാത്ത പോലെ സംസാരിക്കുന്നതു…”

“എടോ പത്തുനാൽപതു കൊല്ലം ആയില്ലേ ഇത് തുടരുന്നു ഇനിയെങ്കിലും നിർത്തിക്കൂടെ…”

“എന്താ സണ്ണിച്ചാ പൈസ പോകുന്നു എന്ന ബുദ്ധിമുട്ട് ഉണ്ടോ…”

“എടോ പൈസ… അതിനി ആർക്കുവേണം… തനിക്കു വയ്യാതായിരിക്കുന്നു അതാണ് ഞാൻ പറഞ്ഞത്…”

“നമ്മുടെ ടോണി മോന്റെ പിറന്നാൾ അങ്ങനെ മറക്കാൻ പറ്റുമോ സണ്ണിച്ചാ..”

“മറക്കാൻ ആരു പറഞ്ഞു… ഒറ്റയ്ക്ക് ഇത്രേം ഭക്ഷണം വെച്ചുണ്ടാക്കുന്ന വിഷമം ഞാൻ കാണുന്നതല്ലേ…”

“ടോണി മോൻ ഇന്നു നമുക്കൊപ്പം ഉണ്ടായിരുന്നു എങ്കിലും നമ്മൾ ഇതുപോലെ ഭക്ഷണം ഉണ്ടാക്കില്ലേ… ഇതിപ്പോൾ അളവല്പം കൂട്ടിയെന്നെ ഉള്ളു…”

“തന്നോട് തർക്കിച്ചു നേടാൻ ഞാൻ ആളല്ല… ഇനി രാത്രിയിൽ അവിടെ വേദന ഇവിടെ വേദന എന്ന് പറഞ്ഞു കേൾക്കരുത്..”

“ആ അനാഥാലയത്തിൽ പോയി അവിടുത്തെ കുഞ്ഞി മക്കൾക്ക് വിളമ്പികൊടുത്ത് അവർക്കൊപ്പം ഒരുപിടി ചോറുണ്ണുമ്പോൾ എന്റെ ടോണി മോൻ എന്റെ അടുത്തു വരുംപോലെയാണ്… ഈ തടി വീഴും വരെ എനിക്ക് ഇത് ചെയ്യണം…”

“ശെരി ഞാനും വരാം നിന്റെ കണ്ണുകൾ ആ നിറകാഴ്ചകൾ കണ്ട് സന്തോഷിക്കുന്നത് കാണാൻ…”

“അവരുടെ വയർ നിറയുമ്പോൾ എനിക്കെന്റെ മനം നിറയും സണ്ണിച്ചാ..,”

അപ്പോളേക്കും മുറ്റത്ത്‌ ഓട്ടോ വരുന്ന ശബ്ദം കേട്ടു…

“സണ്ണിച്ചാ അബ്ദു ആവും വന്നത്… ആ സാധനങ്ങൾ എടുത്തു വണ്ടിയിലേക്ക് വെക്കാൻ അവനെ ഒന്ന് സഹായിച്ചേ… ഞാൻ ഡ്രസ്സ് മാറിവരാം…”

“എടി.. റാണി പപ്പടം വറത്തില്ലേടി..”

“ശോ ഞാൻ അത് മറന്നു… ഈയിടെ മറവി കൂടുതൽ ആണ് ഞാൻ ദേ വരുന്നു…”

“വരേണ്ട നീ ഡ്രസ്സ് മാറിക്കോളൂ ഞാൻ വറക്കാം പപ്പടം… നമ്മുടെ ടോണി മോന് ഏറ്റവും കൂടുതൽ ഇഷ്ടം പപ്പടം ആയിരുന്നില്ലേ…”

അത്രയും പറഞ്ഞു സണ്ണിച്ചൻ അടുക്കളയിലേക്ക് കയറി…

ജോളി ഷാജി