Story written by Sumayya Beegum T A
രാവിലെ മീൻകാരൻ ചേട്ടന്റെ കയ്യിൽ നിന്ന് വാങ്ങിയ ഒരു കിലോ മത്തി ചട്ടിയിൽ അങ്ങനെ ഞെളിഞ്ഞു കിടന്നു.
കിലോക്ക് പത്തു രൂപ ആയിരുന്ന ഒരു കാലം ഒക്കെ ഉണ്ടായിരുന്നെന്ന് വല്ല ഓർമയുമുണ്ടോ? ഇപ്പോൾ രാജയോഗമല്ലേ രൂപ ഇരുന്നൂറ്റി അറുപത് ആയി വില. എങ്കിൽ പിന്നെ എന്നെ അങ്ങോട്ട് വേണ്ടാന്ന് വെക്കാമായിരുന്നില്ലേ എന്ന് മത്തി തിരിച്ചു ചോദിക്കില്ല എന്നുറപ്പുള്ളത് കൊണ്ട് ആത്മഗതം അല്പം ഉറക്കെയാക്കി.
അത്യാവശ്യമായി ഒരിടം വരെ പോവാനുള്ളത് കൊണ്ട് മത്തിയെ തത്കാലം അമ്മയ്ക്ക് വിട്ടുകൊടുത്തു. ജോലി സംബന്ധമായ ഒരു യാത്രയാണ് കൂടെ പഠിച്ച സുഹൃത്ത് വിളിച്ചുപറഞ്ഞതാണ് പന്ത്രണ്ടു മണിക്ക് മുമ്പ് ഓഫീസിലെത്തണം എന്ന്.
പെട്ടന്ന് ഒന്നും കെട്ടിയോനോട് വഴക്കുണ്ടാക്കി ഞാൻ തിരിച്ചു ചെല്ലരുതെന്നു ദുരുദ്ദേശം ആങ്ങളക്ക് ഉള്ളതുകൊണ്ട് കവലയിൽ നിന്നും ഒരു കിലോമീറ്ററിൽ കൂടുതൽ ഉള്ളിലേക്ക് അവനെന്നെ സന്തോഷപൂർവം യാത്രയാക്കി. ബസ് കയറാനുള്ള ഓരോ യാത്രയിലും അവനെ ഞാൻ ഒരുപാടു സ്മരിക്കാറുണ്ട് ആ ദിവസങ്ങളിൽ തുമ്മി തുമ്മി അവൻ വിഷമിക്കുമ്പോൾ കിട്ടുന്ന ഒരു മനസുഖം മാത്രമാണെന്റെ ഒരു സമാധാനം.
വർഷങ്ങൾക്ക് ശേഷം ബയോഡാറ്റാ ഒന്ന് കൂടി തയ്യാറാക്കി രണ്ടു മൂന്നു സർട്ടിഫിക്കറ്റ്സ് കൂടുതൽ വന്നിട്ടുണ്ട് എന്നല്ലാതെ കാര്യമായ പുരോഗതി എനിക്കോ എന്റെ ബയോ ഡാറ്റക്കോ ഉണ്ടായിട്ടില്ല.
എന്താ ചേച്ചി പഠിത്തം കഴിഞ്ഞ് ഇത്രയും ഗ്യാപ് വന്നതെന്ന് കഫയിലെ കുട്ടി ചോദിച്ചപ്പോൾ മോനുണ്ടായി പിന്നെ അവന്റെ പുറകെ ആയിപോയി നാലഞ്ചുകൊല്ലം എന്ന് മറുപടി കൊടുത്തു. ആഹാ ഇപ്പൊ മോൻ സ്കൂളിൽ പോകാറായല്ലോ ഇനി ജോലിക്ക് കേറാല്ലോ എന്ന് ആ കുട്ടി ചിരിച്ചോണ്ട് ചോദിച്ചപ്പോൾ എനിക്ക് അതിലും ചിരി വന്നു. രണ്ടാമത്തെ മോൻ വലുതായി പക്ഷേ അടുത്ത ആൾക്ക് ഒരു വയസ്സ് ആയിട്ടില്ല എന്ന് ഞാൻ പറഞ്ഞപ്പോൾ ആ കുട്ടി എന്ത് വികാരം പ്രകടിപ്പിക്കണം എന്നറിയാതെ നോക്കി നിന്നു.
ഞാൻ ചുമ്മാ ചിരിച്ചു ഓരോ നാലു വർഷവും കൂടുമ്പോൾ പൂക്കുന്ന ഒരു പ്രത്യേക തരം ചെടിയായി ഞാൻ എന്നെ സങ്കല്പിച്ചു അതിൽ അതിമനോഹരമായി വിരിഞ്ഞു നിൽക്കുന്ന എന്റെ മക്കളും.പിന്നല്ല ഞാൻ ഹാപ്പി.
അങ്ങനെ സങ്കല്പത്തിന് ബ്രേക്ക് കൊടുത്തു കിട്ടിയ ബസിൽ കയറിയിരുന്നു ഒറ്റയ്ക്കല്ലാട്ടോ കൂട്ടിനു കൊച്ചച്ചന്റെ മോളുമുണ്ട്. ഒരു വഴിക്ക് പോകുമ്പോ ആരേലും ഉള്ളത് വളരെ നല്ലതാണ്. അവർക്ക് വിശക്കുന്നു എന്നുപറഞ്ഞു വെള്ളവും സ്നാക്സും ഒക്കെ വാങ്ങി കഴിക്കാം.അവർക്ക് വേണ്ടിയാണല്ലോ എന്നോർക്കുമ്പോൾ പൈസ ചിലവാക്കുന്നതിൽ എന്റെ മനസ്സിനും ഒരു ന്യായീകരണം കിട്ടും.
ബസ് ഓടിക്കുന്ന ചേട്ടന് ജീവിതത്തോട് തന്നെ വെറുപ്പാണ് കരഞ്ഞു കരഞ്ഞു വണ്ടി മുന്നോട്ട് നീങ്ങി. പടച്ചോനെ പണി പാളി പന്ത്രണ്ടിന് എത്തേണ്ട ഞാൻ പതിനൊന്നര ആയിട്ടും കോട്ടയം കടന്നില്ല. ദോഷം പറയരുതല്ലോ അടുത്ത കാലത്തൊന്നും ഇത്രയും തെറി വിളിക്കേണ്ടി വരുന്നൊരു ബ്ലോക്ക് ഞാൻ കണ്ടിട്ടില്ല.
എങ്ങനെയോ നിരങ്ങി ഏന്തി വലിഞ്ഞു പഴയ സ്റ്റാൻഡിൽ എത്തിയതും ഞാൻ കൂടെയുള്ള കൊച്ചിന്റെ കൈപിടിച്ച് ഒറ്റ ഓട്ടമായിരുന്നു ഓട്ടോ സ്റ്റാൻഡിലേക്ക്. ഓട്ടോയിൽ കേറി പത്തു മിനുട്ട് ടൈം ഉണ്ട്.അങ്ങനെ പന്ത്രണ്ട് മണി ആകാൻ മൂന്നോ നാലോ മിനുട്ട് ഉള്ളപ്പോൾ നോം സ്ഥലത്തെത്തി. പോയ കാര്യം ചെയ്തു തീർത്തു.
ഞാൻ നേരത്തെ പറഞ്ഞിരുന്നില്ലേ എന്റെ ഒരു സുഹൃത്തിന്റെ കാര്യം അവനാണ് കരിയറുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും എന്റെ രണ്ടു ഗുരുക്കന്മാരിൽ ഒന്ന്. എനിക്ക് ടി.ടി. സി പഠിക്കുമ്പോൾ കിട്ടിയതാണ്. എന്നേക്കാൾ നാലു വയസ്സിനു ഇളപ്പം ആണെങ്കിലും നടപ്പും നിപ്പും അപ്പൂപ്പൻ ആണെന്ന മട്ടിലാണ്.
കോട്ടയം വരെ ഒരു ആവശ്യത്തിന് വന്ന അവൻ ഞാൻ വന്നിരുന്ന ഓഫീസിലെത്തി എന്നെ കാണാനും എന്തായി എന്നറിയാനും. വിവരങ്ങൾ ഒക്കെ പറഞ്ഞു കഴിഞ്ഞപ്പോ ആണ് ഉൾവിളി ഉണ്ടായത്. രാവിലെ തൊട്ട് ഞാൻ പട്ടിണി ആണ്. മക്കളെ മദ്രസയിൽ വിടാനുള്ള ഓട്ടവും പാച്ചിലും ഇളയ ആളെ മെരുക്കാനുള്ള ടൈമും പെട്ടന്ന് പോകേണ്ടി വന്നത് കൊണ്ട് അടുക്കളയിൽ അമ്മയുടെ കൂടെയുള്ള മിന്നൽ സഹായവും എല്ലാം കൂടി ആയപ്പോൾ ഫുഡ് കഴിക്കാൻ നേരം കിട്ടിയില്ല.
രാവിലെ കഴിക്കാതിരിക്കുന്നതിനോടൊക്കെ ഇപ്പോൾ പൊരുത്തപെ ട്ടെങ്കിലും ഇന്ന് തലകറങ്ങുന്നു, രക്ഷയില്ല.എംപ്ലോയ്മെന്റിലൂടെ കയറി സർട്ടിഫിക്കറ്റ്സ് ആഡ് ചെയ്യാൻ ഉള്ളത് കൊണ്ട് എന്തേലും കഴിച്ചില്ലെങ്കിൽ വീണുപോകും.
കഴിക്കാൻ അവനെ വിളിച്ചപ്പോൾ ചെക്കന് ഭയങ്കര വിനയം വേണ്ട പോലും. കണ്ടാൽ നത്തോലി പോലെ ആണെങ്കിലും ഒരു ചെമ്പ് ചോറ് കിട്ടിയാൽ തിന്നുന്നവൻ ആണെന്ന് എനിക്കറിയാല്ലോ. ഞാൻ വാങ്ങിച്ചു തന്നോളം എന്നുപറഞ്ഞു കൂട്ടികൊണ്ട് പോയി തൊട്ടടുത്ത കടയിലേക്ക്.
ഊണ് ഇല്ലാത്തത് കൊണ്ട് മൂന്നു ചിക്കൻ ബിരിയാണി ഓർഡർ ചെയ്തു.ബിരിയാണി വന്നു കഴിച്ചോണ്ടിരുന്നപ്പോൾ ഓർമയിൽ പലതും ഓടിവന്നു.
ടി. ടി. സി ക്ക് പഠിക്കുമ്പോൾ ലവൻ അമ്മൂമ്മയ്ക്ക് ഒപ്പമാണ് നിന്നിരുന്നത്. തന്നെ താനെ റേഷനരി ഇട്ട് ചോറ് വെച്ച് വൻപയർ മെഴുക്കുപുരട്ടിയും ഉണ്ടാക്കി പൊതിഞ്ഞു കൊണ്ടുവരും. പയർ വർഗ്ഗങ്ങൾ കറി വെക്കാതെ പച്ചക്കറി മാത്രം തോരൻ വെക്കുന്ന ഞങ്ങടെ വീട്ടിലെ പലതരം കറികളെക്കാൾ എനിക്കിഷ്ടം അവൻ കൊണ്ടുവരുന്ന വൻപയർ ആയിരുന്നു ഒരുപാട് ആ പാത്രത്തിൽ നിന്ന് വാരി തിന്നിട്ടുണ്ട്.
അതുപോലെ ടീച്ചിങ് പ്രാക്ടിസിന് പോകുമ്പോഴും ഞാനും അവനും ഒരുമിച്ചായിരുന്നു അന്ന് സ്കൂളിലെ ചെറുപയറും മിച്ചം വരുന്ന മുട്ടയും ഒക്കെ ഒരുമിച്ചിരുന്നു പങ്കിട്ടു എത്രയോ വട്ടം കഴിച്ചിരിക്കുന്നു.
അതൊക്കെ കഴിഞ്ഞു വർഷങ്ങൾ ഒരുപാട് കഴിഞ്ഞു ഞാൻ മൂന്ന് മക്കളുടെ അമ്മയായി അവനൊരു അധ്യാപകനും. ജീവിതത്തിൽ പച്ച പിടിച്ചു വരാൻ തുടങ്ങിയ അവനെ അലട്ടി ഹാർട്ടിന്റെ പ്രശ്നം കൂടെയുണ്ടന്നത് എനിക്കെന്നും ഒരു നോവാണ്.
എന്തുകൊണ്ടാണെന്ന് അറിയില്ല അവൻ എന്നും എനിക്ക് കുഞ്ഞനുജൻ ആണ്. അവന്റെ ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ സ്വന്തം അനുജനെ അടുത്തിരുത്തി ഊട്ടുന്ന ഒരു ചേച്ചിയായി ഞാൻ മാറുന്നു. അവസാനം ഓരോ ചോക്കോബാർ കൂടി വാങ്ങി കൊടുത്തു യാത്ര പറഞ്ഞു പിരിയുമ്പോൾ വയറും മനസ്സും നിറഞ്ഞു.
ചില ആളുകൾ ബന്ധങ്ങൾ ജീവിതത്തിൽ കൂടെയുണ്ടാകും എപ്പോഴും, എനിക്ക് ഉറപ്പാണ്. എത്ര സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും ഒരു രൂപ പോലും വാങ്ങാത്ത അവനു ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ കഴിഞ്ഞത് എന്റെ ഏറ്റവും വലിയ സന്തോഷം. അടുത്ത നിമിഷം എന്ത് സംഭവിക്കും എന്നറിയാത്ത ജീവിതത്തിൽ നമുക്ക് സമ്പാദ്യം ഇങ്ങനെ കുറച്ചു നിമിഷങ്ങൾ മാത്രമാണ്.
ഞാൻ അതിന്റെ മറുവശവും വെറുതെ ആലോചിച്ചു തലയിൽ തട്ടമിട്ട ഞാൻ അന്യമതസ്ഥനായ ഒരു ചെക്കന്റെ ഒപ്പം ഫുഡ് കഴിക്കുമ്പോൾ കാഴ്ചക്കാരിൽ പലരും എങ്ങനെ ഒക്കെ വിലയിരുത്തിയിട്ടുണ്ടാവും. അതും ഞങ്ങളുടെ തന്നെ ആളുകൾ നടത്തുന്ന ഒരു കടയിൽ ആകുമ്പോൾ എന്നിട്ടും ഒരു സങ്കോചവും തോന്നിയില്ല. ഞാൻ ശരി എന്ന് എനിക്ക് ഉറപ്പുള്ളപ്പോൾ മറ്റൊരാളുടെ കണ്ണിൽ കൂടി എന്തിന് ഞാൻ എനിക്ക് മാർക്ക് ഇടണം.
തിരിച്ചു പോരുമ്പോൾ ഞാൻ കൂടെയുള്ള കുട്ടിയോട് വെറുതെ ചോദിച്ചു നമ്മുടെ കുടുംബത്തിലെ വേറെ ഏതേലും മരുമകൾ ഇങ്ങനെ സഹപാഠിക്ക് ഒപ്പം ഫുഡ് കഴിക്കാൻ ധൈര്യപ്പെടുമോ അവൾക്ക് ആലോചിക്കാൻ ഉണ്ടായിരുന്നില്ല ഇല്ല എന്ന് തന്നെ മറുപടി വന്നു. അപ്പോൾ ഞാൻ പറഞ്ഞു ഇതാണ് ഞങ്ങളുടെയും ഞാൻ വന്ന നാട്ടിലെയും ആളുകളുടെ ചിന്താഗതി തമ്മിലുള്ള വ്യത്യാസം.
അത്യാവശ്യം എല്ലാ സ്വാതന്ത്രത്തോടെയും ഒരു മനുഷ്യനായി വളർത്തിയ എന്റെ മാതാപിതാക്കൾക്കും എന്നെ മനസിലാക്കുന്ന നല്ല പാതിക്കും ഞാൻ മനസ്സിൽ നന്ദി പറഞ്ഞു ആദ്യായി ഒരു ആൺ സുഹൃത്തിനൊപ്പം പുറത്തുനിന്നു ഒരുമിച്ചൊരു ഫുഡ് കഴിക്കാൻ കിട്ടിയ ധൈര്യത്തിന്…
ഇതിവിടെ എഴുതിയത് ബന്ധങ്ങൾ പ്രത്യേകിച്ച് സൗഹൃദങ്ങൾ നിധികൾ ആണ്. വിശുദ്ധിയോടെ സൂക്ഷിച്ചാൽ കൂടപിറപ്പായി കൂടെയുണ്ടാ കുന്നവർ അവരെ ഒരിക്കലും വിട്ടു കളയരുത്.