എഴുത്ത്:-സൽമാൻ സാലി
” സാലിയെ മ്മക്കൊരു ബല്യ ഫ്രിഡ്ജ് മാങ്ങണം ട്ടോ .. നോമ്പൊക്കെ വരുവല്ലേ ..!!
വീഡിയോ കോളിൽ മോളോട് സംസാരിച്ചോണ്ടിരിക്കുമ്പോളാണ് ഉമ്മ ഇടയിൽ കേറി ഫ്രിഡ്ജിനെ കൊണ്ട് വച്ചത് .!!
” അതെന്തേ ഉമ്മാ മ്മളെ ഫ്രിഡ്ജ് കേട് വന്നോ ..?
” ഇല്ലെടാ അയിനൊന്നും പറ്റിയിട്ടല്ലാ .. അയിനകത്ത് ഒന്നും വെക്കാൻ സ്ഥലമില്ലെടാ ..!
” ഇക്കാ വാങ്ങിക്കുമ്പോൾ ഡബിൾ ഡോർ തന്നെ വാങ്ങിക്കാ ട്ടോ ..!
ഒരു കയ്യിൽ വെണ്ടയും മറുകയ്യിൽ കത്തിയുമായി ഷാഹി ഇടയിൽ കേറി കുമ്മനടിച്ചു ..
അങ്ങിനെ ഉമ്മാന്റെ വകയിലെ പതിനയ്യായിരത്തിന്റെ പണി ഓളുടെ വക ഇരുപത്തിയയ്യായിരമാക്കി തന്നു ..
” അല്ലുമ്മാ ഡബിൾ ഡോർ ഫ്രഡ്ജിന് വല്യ പൈസയാവൂലെ ..?
” ഓഹ് ഇല്ലെടാ അപ്പുറത്തെ വീട്ടിലെ ജമീല വാങ്ങിയത്ഇ രുപത്തിമൂന്നായിരത്തിന്റെയാ ..!!
അപ്പോഴാണ് ന്റെ വീട്ടിലെ ഫ്രിഡ്ജ് ചെറുതായതിന്റെ കാര്യം പിടികിട്ടിയത് .. ജമീലതാത്തയാണ് അപ്പൊ എനിക്കുള്ള പണിക്ക് ഉൽഘടനം ചെയ്തത് ..
” എടീ ഷാഹിയെ ഇയ്യ് ആ ഫ്രിഡ്ജ് തുറന്ന് ഒന്ന് കാട്ടിക്കേ ..?!!
ഓള് വെണ്ടക്കയും പിടിച്ചോണ്ട് ഫ്രിഡ്ജ് തുറന്നു ..
ടീവിയിൽ കാണുന്ന ഫ്രിഡ്ജിന്റെ പരസ്യം പോലെ പ്രതീക്ഷിച്ചതായിരുന്നു ഞാൻ ..
ആദ്യം കാണുന്നത് പച്ചക്കറി ബോക്സിൽ മൂന്ന് തക്കാളി അഞ്ചാറ് പച്ചമുളക് രണ്ട് സവാള പിന്നെ ഉമ്മാമയുടെ മുഖം പോലെ ചുളിവ് വീണ് പാതി പാവക്കാ
അതിന്റെ മുകളിൽ പാതി ചിരവിയ രണ്ട് തേങ്ങ ഇന്നലത്തെ മീൻ മുളകിട്ടത് ഒരു പാത്രത്തിൽ അരച്ച മാവ് മൂന്ന് കോഴിമുട്ട പിന്നെ മോൾ പാതി കടിച്ചു വെച്ച ഒരാപ്പിൾ .
സൈഡിൽ ഒരു ഗ്ലാസിൽ പാതി മോര് , കാൽഭാഗം പാൽ ഉള്ള രണ്ട് കുപ്പി .ബിരിയാണിയിൽ ഇടുന്ന കളർ രണ്ടെണ്ണം പിന്നെയും മൂടിവച്ച രണ്ട് മൂന്ന് ചെറിയ ബൗളുകൾ അതിലും വല്ല കഞ്ഞിയോ കറിയോ ആവും ..
” അല്ല ഉമ്മാ ഇനി ഫ്രഡ്ജിൽ വെക്കാൻ അവിടെ എന്താ ഉള്ളത് .. കഞ്ഞിക്കലവും ഗ്യസ് അടുപ്പും കൂടെ ഫ്രഡ്ജിൽ ആണോ ഇങ്ങള് വെക്കുന്നത് ..
” അല്ലേടാ ഇവിടെ ഇപ്പൊ നല്ല ചൂട് അല്ലെ ഒരു പാഴയും തലയിണയും ഇട്ട് അതിൽ കിടക്കാനാ ..!
””അനക്ക് വാങ്ങാൻ പറ്റുമെങ്കിൽ വാങ്ങിക്ക് . അല്ലാതെ അതിൽ വെക്കാനുള്ളത് ഇയ്യ് വാങ്ങേണ്ട ..
അല്ലേലും എന്റെയല്ലേ ഉമ്മാ അങ്ങിനെ ഒരു മറുപടി തന്നെയാണ് ഞാൻ പ്രതീക്ഷിച്ചതും ..
ഇപ്പോ ഇതൊക്കെ വായിച്ചിട്ട് ഇങ്ങള് കരുതും ഇവനെന്തിനാ ഇതൊക്കെ ഇവിടെ പറയുന്നത് എന്ന് .. ന്റെ ജീവിതത്തിൽ ഇതുപോലെ ശക്തമായ ഇടപെടൽ നടത്തുന്ന രണ്ട് വനിതകളാണ് ഒന്ന് ഉമ്മയും ഒന്ന് കെട്യോളും .. അപ്പൊ വനിതാ ദിനം ആയിട്ട് അവരെ കുറിച്ഛ് ഒരു പോസ്റ്റ് ഇടണ്ടേ എന്ന് കരുതി പറഞ്ഞതാണ് ..
അപ്പൊ അവർക്കും ഇത് വായിക്കുന്ന വനിതകൾക്കും വനിതാ ദിനാശംസകൾ ..
nb : പുരുഷദിനം എപ്പോഴാണാവോ ..🤓🤓