എഴുത്ത്:- മഹാ ദേവൻ
” സുകുവേട്ടാ . ചെക്കനിനി നാട്ടിലേക്കൊന്നും വരുന്നില്ലേ. പോയിട്ട് കുറെ ആയല്ലോ. “
കവലയിലെ മീൻകടയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ കൂടെ മീൻ വാങ്ങാൻ വന്ന സാജന്റെ ചോദ്യത്തിന് മറുപടിയായി അയാളൊന്ന് പുഞ്ചിരിച്ചു.
” വിളിക്കാറില്ലേ അവൻ. സുഖല്ലേ അവന്? “
മറുപടിയെന്നോണം അതെ എന്നയാൾ തലയാട്ടി.
വിളിക്കാറുണ്ടെന്നല്ലേ പറയാൻ പറ്റൂ. ഇല്ലെന്ന് വെറുതെ എങ്കിലും ആരോടെങ്കിലും പറഞ്ഞാൽ പിന്നെ സ്വന്തം മകനെ മറ്റുള്ളവർ കുറ്റം പറയുന്നത് കേൾക്കേണ്ടി വരും.
“അല്ലേലും നാട് വിട്ടാലും, കയ്യിൽ പത്തു കാശ് വന്നു തുടങ്ങിയാലും പിന്നെ ഇതുപോലെ ചിലർക്ക് നാടും വേണ്ട വീടും വേണ്ട വീട്ടുകാരും വേണ്ട ” എന്നൊക്കെ ഒരച്ഛന്റെ മുന്നിൽ വെച്ച് മറ്റുള്ളവർ പരിഹാസ ത്തോടെ പറയുന്നത് എങ്ങനെ സഹിക്കും. അതുകൊണ്ട് ആ ചോദ്യത്തിനെല്ലാം മറുപടി പുഞ്ചിരിയായിരുന്നു.
മീൻ വാങ്ങി വീട്ടിലേക്ക് നടക്കുമ്പോഴും മനസ്സിലപ്പോൾ ഒരു ചിന്ത മാത്രമായിരുന്നു..അവൻ പോയിട്ട് വർഷം മൂന്ന് കഴിഞ്ഞു. ഇന്നാളുകളിൽ ഒരിക്കൽപ്പോലും…. അതിന് മാത്രം അപരാധം ചെയ്തിട്ടുണ്ടോ ഞാൻ..
കുടുംബം എന്ന ചിന്തയിൽ മുന്നിലേക്ക് ഓരോ അടി വെക്കുമ്പോഴും പിന്നിൽ പെരുകിവന്ന കടം വീടിന്റെ വെളിച്ചം കെടുത്തിയിരുന്നു. ഒറ്റെക്കെടുത്ത തീരുമാനങ്ങൾ പിഴച്ചു തുടങ്ങിയപ്പോൾ പലതും വിറ്റു, ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതൽ. പക്ഷേ, തോറ്റുപോയി. കടം കടത്തിണ്ണയിൽ കയറി ഉത്തരത്തിൽ കയറുകെട്ടേണ്ട ചിന്തയിലേക്ക് എത്തിച്ചപ്പോൾ ഒരു കച്ചിത്തുരുമ്പ് തേടി പടിയിറങ്ങിയതാണ് അവൻ.
പോയ നാൾ മുതൽ ഇന്ന് വരെ അവന്റെ അമ്മയെ അല്ലാതെ ആരെയും അവൻ വിളിച്ചിട്ടില്ല. കൂട്ടുകാരെയോ ബന്ധുക്കളെയോ പെങ്ങളേയോ, എന്തിന് ഈ അച്ഛനെ പോലും.
പലപ്പോഴും തോന്നിയിട്ടുണ്ട് അച്ഛനോട് അവന് ദേഷ്യമാണെന്ന്. ജീവിതം ആസ്വദിക്കേണ്ട പ്രായത്തിൽ ആർക്കും പിടികൊടുക്കാതെ ജീവിക്കുന്നത് ആരോടൊക്കെയോ ഉള്ള വാശിയാണെന്ന്. നാട്ടിലേക്ക് കാശ് അയക്കും, അതിൽ നിന്നും അച്ഛനുള്ള പങ്ക് അമ്മ വഴി തരും. പക്ഷേ, അത് വാങ്ങാൻ പോലും പലപ്പോഴും മടി തോന്നിയിട്ടുണ്ട്.
” അച്ഛാ, സുഖമാണോ ” എന്നൊരു വാക്ക്. അച്ഛനെന്നും മക്കൾ കുഞ്ഞുങ്ങളല്ലേ.. അവരുടെ ഒരു വിളി.. അതിൽപ്പരം എന്ത് സന്തോഷമാണ്.. പക്ഷേ…….
പെരുകിവന്ന കടങ്ങളെ പടിയിറക്കിവിടുമ്പോൾ അവനെയോർത്ത് അഭിമാനം തോന്നി. അച്ഛാ എന്ന് വിളിച്ചില്ലെങ്കിലും അച്ഛന് വേണ്ടിയല്ലേ അവൻ കഷ്ടപ്പെടുന്നത്. ജനിച്ച വീട് നഷ്ടപ്പെടാതിരിക്കാൻ അവൻ ഈ പ്രായത്തിൽ കാണിച്ച ധൈര്യം അത്ഭുതമായിരുന്നു.
അന്ന് രാത്രി ഭക്ഷണശേഷം ഉമ്മറത്തിരിക്കുമ്പോൾ വെറുതെ ഒന്ന് ചോദിച്ചു ഭാര്യയോട് ” എന്താടി, നമ്മുടെ മോന് അച്ഛനെ മാത്രം വേണ്ടാതായോ ” എന്ന്.
ആദ്യമറുപടി പുഞ്ചിരിയായിരുന്നു.
” എനിക്കറിയാം അവൻ വിളിക്കാത്തതിന്റ ദേഷ്യവും വിഷമവും ആണ് ഈ ചോദ്യമെന്ന്. ഒന്ന് മനസ്സിലാക്കുക.. അച്ഛനോളം അവൻ ആരെയും സ്നേഹിച്ചിട്ടില്ലെന്ന്. ആർക്കു മുന്നിലും അച്ഛന്റെ തല ഇനി താഴാതിരിക്കാൻ ആണ് അവനീ കഷ്ടപ്പെടുന്നത്.
പിന്നെ വിളിക്കാത്തത്ത്.. ജീവിതത്തിൽ തോറ്റുപോയെന്ന് സ്വയം പഴിചാരി ജീവിക്കുന്ന അച്ഛനോട് അല്ല അവന് സംസാരിക്കേണ്ടത്. മറ്റുള്ളവർക്ക് മുന്നിൽ ചിരിക്കാൻ പോലും മറന്നുപോയ അച്ഛനെ അല്ല അവന് കാണേണ്ടത്.
നിറയെ ചിരിക്കുന്ന ആർക്കും മുന്നിലും തല കുനിക്കാത്ത പഴയ അച്ഛനെ ആണ്. തകർച്ച ആർക്കും സംഭവിക്കാം.. എന്ന് കരുതി വളർച്ച മുരടിച്ചു എന്നല്ലാലോ.. ആ വളർച്ചയാണ് അവന്റെ ലക്ഷ്യം. അതുവരെ സ്വയം ഒതുങ്ങാൻ അവൻ തീരുമാനിച്ചെങ്കിൽ അത് തെറ്റുപറയുന്നതെങ്ങനെ.
അതവന്റെ വാശിയാകാം.. ഒന്നുമിലാത്തവനായിട്ടല്ല, എന്തെങ്കിലും ഉള്ളവനായിട്ട് മതി ഇനി ആരെങ്കിലും അവനെ കാണുന്നത് എന്നൊരു വാശി.. അല്ലാതെ അച്ഛനോട് ദേഷ്യമോ വെറുപ്പോ അല്ല അവന്റെ ഒതുങ്ങൽ..
അച്ഛന്റെ തലയുയർത്തിയുള്ള പുഞ്ചിരിയിലേക്കുള്ള യാത്രയിൽ ആണവൻ… അച്ഛന്റെ മോൻ …
അവളുടെ വാക്കുകൾ കേട്ടപ്പോൾ ഒന്ന് പുഞ്ചിരിച്ചു. കണ്ണുകളിൽ നനവ് പടർന്നത് തുടയ്ക്കാൻ നിന്നില്ല.. അതങ്ങനെ ഒഴുകട്ടെ..
എവിടെയൊക്കെയോ കുത്തിനോവിച്ചിരുന്ന ചില അവഗണനകൾ ക്കുള്ള ഉത്തരം കിട്ടിയതിന്റെ നിലയ്ക്കാത്ത സന്തോഷംപ്പോലെ…..