ലക്ഷിയമ്മ
Story written by Suja Anup
“എന്താ മോനെ ഇത്, കല്യാണമായിട്ടു ഈ ഭ്രാന്തിയെ ഇവിടേക്ക് എന്തിനാണ് കൊണ്ടുവന്നത്.”
കേട്ടപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നൂ.
ഭ്രാന്തിയാണത്രെ…
അമ്മയ്ക്ക് ഇതെങ്ങനെ സാധിക്കുന്നൂ. മനുഷ്യർ എത്ര സ്വാർത്ഥരാണ്.
“അമ്മ ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ. കല്യാണം എൻ്റെ ആണെങ്കിൽ ആ പന്തലിൽ മുന്നിൽ ഇവരുണ്ടാകും. ഇതെൻ്റെ തീരുമാനം ആണ്.”
അത് പറയുമ്പോൾ കൺകോണിൽ നിന്നും ഒരു തുള്ളി അടർന്നു വീണു.
അമ്മ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അകത്തേക്ക് പോയി. വീട്ടിൽ കല്യാണത്തിരക്കുണ്ട്. ആരൊക്കെയോ വരുന്നൂ, പോകുന്നൂ. പിടിപ്പതു പണിയുണ്ട്. പക്ഷേ എൻ്റെ മനസ്സു ഇപ്പോഴാണ് ഒന്ന് ശാന്തമായത്.
ഞാൻ ലക്ഷ്മിയമ്മയെ അവരുടെ മുറിയിലേക്ക് കൂട്ടികൊണ്ടു പോയി. അമ്മയ്ക്ക് അതത്ര പിടിച്ചില്ല എന്നെനിക്കു മനസ്സിലായി.
വീട് പണിതപ്പോൾ മുതൽ ഞാൻ ആരെയും കയറ്റാതെ അടച്ചിട്ട മുറിയാണ്.
പെട്ടെന്ന് അമ്മ ഓടി വന്നൂ..
“നിനക്ക് വട്ടാണോ. ആ ചായ്പ്പിലെങ്ങാനും ആ തള്ളയെ കൊണ്ടുപോയി കിടത്തിയാൽ പോരെ. ഇത് അതിഥികൾക്ക് കൊടുക്കേണ്ടേ.”
“ഈ മുറി അവർക്കു വേണ്ടിയാണ് ഞാൻ പണി കഴിപ്പിച്ചത്. അവർ കഴിഞ്ഞിട്ടേ എനിക്ക് ആരുമുള്ളൂ. ലക്ഷ്മിയമ്മ ഇനി ഈ വീട്ടിൽ എന്നും ഉണ്ടാകും.”
ലക്ഷ്മിയമ്മയുടെ കണ്ണുകൾ നിറഞ്ഞു.
ആ കണ്ണുനീർ തുടച്ചിട്ട് ഞാൻ വാതിൽ അടച്ചു.
*****************
മനസ്സിലേക്ക് ഒരുപാട് കാര്യങ്ങൾ ഓടിയെത്തി.
അന്നൊക്കെ എന്ത് രസമായിരുന്നൂ.
ഞാനും അയല്പക്കത്തെ ലക്ഷിയമ്മയുടെ മകനും (കുമാർ) കൂടെയാണ് എന്തിനും ഏതിനും ഒരുമിച്ചു പോകാറുള്ളത്. കുമാറേട്ടൻ എന്നേലും മൂത്തതാണ്. ഞാൻ കോളേജിൽ ബിരുദത്തിനു അവസാന വർഷം, ഏട്ടൻ ബിരുദാനന്തബിരുദത്തിനും പഠിക്കുന്നു. എന്തിനും ഏതിനും ഏട്ടനാണ് എനിക്ക് തുണ.
ഏട്ടൻ്റെ അച്ഛൻ ചെറുപ്പത്തിലേ മരിച്ചു പോയി. അവർക്കു ധാരാളം ഭൂസ്വത്തുക്കൾ ഉണ്ടായിരുന്നൂ. അതിൽ നിന്നും കിട്ടുന്നത് കൊണ്ടാണ് അമ്മയും മകനും ജീവിക്കുന്നത്. അമ്മയ്ക്ക് മകനും മകന് അമ്മയും, അത്രയ്ക്ക് സ്നേഹമാണ് അവർ തമ്മിൽ.
അന്ന് എൻ്റെ ജന്മദിനം ആയിരുന്നു. പുഴയിൽ നല്ല ഒഴുക്കുള്ള സമയം ആയിരുന്നിട്ടു കൂടി ഞാനാണ് ഏട്ടനെ നിർബന്ധിച്ചത്.
“പിറന്നാളായിട്ട് പുഴയിൽ മുങ്ങികുളിക്കണം.”
ലക്ഷിയമ്മ തടഞ്ഞു.
“വേണ്ട, കുട്ടി. നല്ല ഒഴുക്കുണ്ട്. ഇന്ന് പോകേണ്ട.”
കുമാറേട്ടൻ പറഞ്ഞു.
“സാരമില്ല അമ്മേ, എനിക്ക് നീന്താനറിയാമല്ലോ. പിറന്നാളായിട്ടു അവൻ ഒരാഗ്രഹം പറഞ്ഞതല്ലേ. ഞാൻ നോക്കിക്കൊള്ളാം. അമ്മ പേടിക്കേണ്ട.”
എൻ്റെ നിർബന്ധത്തിനു വഴങ്ങി ലക്ഷിയമ്മ മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി.
പക്ഷേ എൻ്റെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റി.
കുളിക്കുന്നതിനിടയിൽ ഞാൻ പെട്ടെന്ന് ഒഴുക്കിൽ പെടുകയായിരുന്നൂ. ഏട്ടൻ എന്നെ മുടിയിൽ കുത്തിപിടിച്ചു ഒരുകണക്കിന് കരയിലേക്ക് നീന്തി. എന്നെ രക്ഷിക്കുമ്പോഴേക്കും ഏട്ടൻ തളർന്നു പോയിരുന്നൂ. അടുത്തെങ്ങും ആരും ഉണ്ടായിരുന്നില്ല. എൻ്റെ ബോധം അപ്പോഴേക്കും പോയിരുന്നൂ.
ആശുപത്രിയിൽ നിന്നും വീട്ടിൽ എത്തിയപ്പോൾ മാത്രമാണ് ഏട്ടൻ പോയ വിവരം ഞാൻ അറിഞ്ഞത്. ആരാണ് എന്നെ ആശുപത്രിയിൽ ആക്കിയത് എന്നുപോലും അറിയില്ല.
കാല് ചളിയിൽ പുതഞ്ഞതാണെന്നു ആരൊക്കെയോ പറയുന്നൂ. എനിക്കൊന്നും അറിയില്ല. ചടങ്ങുകൾ എല്ലാം ഞാൻ എത്തുമ്പോഴേക്കും കഴിഞ്ഞിരുന്നൂ.
പിന്നീട് ഒരിക്കലും ലക്ഷിയമ്മയെ കാണുവാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. കുറ്റബോധം എന്നെ വല്ലാതെ വേട്ടയാടി.
ആ കുറ്റബോധത്തിൽ നിന്നും എനിക്ക് ഒരിക്കലും മോചനം കിട്ടിയില്ല. പരീക്ഷ കഴിഞ്ഞ ഉടനെ ഞാൻ ഗൾഫിലേക്ക് പറന്നൂ. നാട്ടിൽ നിൽക്കുവാൻ മനസ്സ് അനുവദിച്ചില്ല. ചെവിയിൽ എപ്പോഴും ഒരമ്മയുടെ ഏങ്ങലടികൾ അലയടിക്കുന്നുണ്ടായിരുന്നൂ. തിരികെ വന്നത് പിന്നെ രണ്ടു വർഷം കഴിഞ്ഞിട്ടാണ്.
ലക്ഷിയമ്മ പക്ഷേ അന്ന് ആ വീട്ടിൽ ഉണ്ടായിരുന്നില്ല. അവർ എങ്ങോട്ടു പോയി എന്ന് ആർക്കും അറിയില്ലായിരുന്നൂ. അവരുടെ സ്വത്തൊക്കെ അന്യാധീനപ്പെട്ടിരുന്നൂ.
“സ്വത്തെല്ലാം വിറ്റു അവർ ബന്ധുവീട്ടിൽ ആണെന്ന് അമ്മ പറഞ്ഞു.”
പതിയെ പതിയെ ഞാൻ ജീവിതത്തിരക്കിലേക്കു മാറി. എന്നിട്ടും മനസ്സിൻ്റെ ഒരു കോണിൽ നീറലായി അവർ മാറി.
ഈയടുത്താണ് ഗൾഫിൽ വച്ച് കൂട്ടുകാരൻ അവൻ്റെ അമ്മയുടെ ഷഷ്ഠി പൂർത്തിയുടെ ഫോട്ടോകൾ കാണിച്ചു തന്നത്. അതിൽ അനാഥാലയത്തിലെ ആളുകൾക്ക് ഭക്ഷണം കൊടുക്കുന്ന ഫോട്ടോ ഉണ്ടായിരുന്നൂ. അതിൽ ഞാൻ ലക്ഷിയമ്മയെ കണ്ടു. അപ്പോൾ മാത്രമാണ് അവർ അനാഥാലയത്തിൽ ആണെന്ന് എനിക്ക് മനസ്സിലായത്.
“സ്വത്തെല്ലാം തട്ടിയെടുത്തിട്ടു ബന്ധുക്കൾ അവരെ ഉപേക്ഷിച്ചിരിക്കുന്നൂ.”
നാട്ടിൽ പണിത വീട്ടിൽ അവർക്കായി ഞാൻ ഒരു മുറി കരുതി വച്ചിരുന്നൂ.
പിന്നെ ഒന്നും നോക്കിയില്ല. കെട്ടുവാൻ പോകുന്ന മീനുവിനെ വിളിച്ചു കാര്യം പറഞ്ഞു. ലക്ഷിയമ്മയെ കൂടെ നിർത്തുന്നതിൽ അവൾക്കു എതിർപ്പില്ലായിരുന്നൂ. അല്ലെങ്കിലും അവൾ എതിർപ്പ് പറഞ്ഞിരുന്നെങ്കിൽ ആ കല്യാണം ഞാൻ വേണ്ടെന്നു വച്ചേനെ.
ലീവിൽ നാട്ടിൽ വന്നപ്പോൾ ആദ്യം അവരെ കാണുവാൻ ചെന്നൂ.
അവർ ആരെന്നു അനാഥാലയത്തിലെ ആളുകൾക്ക് അറിയില്ലായിരുന്നൂ. ആരോ അവിടെ കൊണ്ട് വന്നാക്കി.
അവർ ഒന്നും സംസാരിക്കാറില്ലത്രെ. പറയുന്ന പണിയെല്ലാം ചെയ്യും. ആർക്കും ഒരു ശല്യവുമില്ല. സ്വയം സംസാരിക്കും. കുറെ കരയും.
തിരിച്ചു വീട്ടിൽ എത്തിയപ്പോൾ ഞാൻ അമ്മയോട് അവരെ പറ്റി തിരക്കി. അമ്മ അതിൽ വലിയ താല്പര്യം കാണിച്ചില്ല. അപ്പോൾ മാത്രമാണ് അമ്മയ്ക്ക് എല്ലാം അറിയാമെന്നു എനിക്ക് മനസ്സിലായത്.
വീണ്ടും ഞാൻ അനാഥാലയത്തിൽ എത്തി.
“ലക്ഷിയമ്മേ” എന്നൊന്ന് നീട്ടി വിളിച്ചു. എൻ്റെ ആ വിളി അവർ തിരിച്ചറിഞ്ഞോ, അറിയില്ല. കൂടെ പോരുന്നോ എന്ന് ചോദിച്ചു.
അവർ വരാം എന്ന് സമ്മതിച്ചു. അപ്പോൾ ആ കണ്ണുകളിൽ കണ്ട തിളക്കം.
“നഷ്ടമായതെന്തോ തിരിച്ചു കിട്ടിയത് പോലെ.”
അവരെന്നെ കെട്ടി പിടിച്ചു, കരഞ്ഞു.
“എൻ്റെ കണ്ണാ..”
കുമാറേട്ടനെ അവർ കണ്ണൻ എന്നാണ് വിളിച്ചിരുന്നത്. കുമാർ മരിച്ചു പോയതെല്ലാം അവർ മറന്നിരിക്കുന്നൂ. അവർ എന്നിൽ കണ്ണനെ കണ്ടിരിക്കുന്നൂ. ഒരു പക്ഷേ കുമാറേട്ടൻ്റെ ആത്മാവ് കൂടെ ഉണ്ടായിരുന്നോ. അറിയില്ല.
“വാ അമ്മേ, പോവാം..”
അറിയാതെ ഞാൻ പറഞ്ഞു പോയി… ആ കൈപിടിച്ച് അവിടെ നിന്നിറങ്ങുമ്പോൾ മനസ്സു ശാന്തമായിരുന്നൂ.
*****************
“മോനെ, നീ എന്താ ആലോചിക്കുന്നത്.”
“ഒന്നുമില്ല അമ്മേ”
അമ്മ നല്ല ദേഷ്യത്തിൽ ആയിരുന്നൂ.
“ദേ, ഒരു കാര്യം പറഞ്ഞേക്കാം, കല്യാണം കഴിഞ്ഞ ഉടനെ ആ ഭ്രാന്തിയെ പറഞ്ഞു വിട്ടേക്കണം. എത്ര പണം വേണമെങ്കിലും ഞാൻ കൊടുക്കാം. അവരെ ഇവിടെ നിർത്തുവാൻ പറ്റില്ല.”
ഞാൻ അമ്മയെ ഒന്ന് നോക്കി. പിന്നെ സാവധാനം പറഞ്ഞു.
“ആ ലക്ഷ്മിയമ്മയുടെ സ്ഥാനത്തു ഞാൻ അമ്മയെ ആണ് കാണുന്നത്. അന്ന് കുമാറേട്ടന് പകരം ഞാൻ ആണ് മരിച്ചിരുന്നതെങ്കിൽ ഒരുപക്ഷേ, അമ്മയ്ക്ക് അത് പോലെ ഭ്രാന്ത് പിടിക്കുമായിരുന്നില്ലേ. ആ കടം അമ്മയ്ക്ക് എത്ര പണം കൊടുത്തു വീട്ടാനാകും. എൻ്റെ വില അമ്മയ്ക്ക് തീരുമാനിക്കുവാൻ ആകുമോ. പെറ്റവയറാണ് നീറുന്നത്, അതിൻ്റെ വില അമ്മയ്ക്ക് അളക്കാനാവുമോ..”
അമ്മ ഒന്നും മിണ്ടിയില്ല.
“പണം ആർക്കു വേണം. ഒറ്റപ്പെടൽ എന്താണെന്നു വിദേശത്തു കഴിയുന്ന എനിക്കറിയാം. സങ്കടം വരുമ്പോൾ ചേർത്ത് പിടിക്കുവാൻ ആരുമില്ലാത്ത അവസ്ഥ. അപ്പോഴൊക്കെ മനസ്സിൽ നാട്ടിൽ ആരൊക്കെയോ ഉണ്ടെന്നുള്ള ഒരു തോന്നൽ എനിക്കുണ്ടാവാറുണ്ട്. വളർത്തി വലുതാക്കിയ മോനെ പെട്ടെന്ന് കൈവിട്ടു പോയപ്പോൾ ആ മനസ്സൊന്നു പതറി. ചേർത്ത് പിടിച്ചൊന്നു ആശ്വസിപ്പിക്കുവാൻ ഒരാളുണ്ടായിരുന്നെങ്കിൽ അവർ ഇങ്ങനെ ആവുമായിരുന്നോ അമ്മേ.”
അത് പറയുമ്പോൾ എൻ്റെ കണ്ഠം ഇടറിയിരുന്നൂ.
“എനിക്ക് ഇനി വയ്യ അമ്മേ, കുറ്റബോധം പേറി നരകിച്ചു ഇങ്ങനെ ജീവിക്കുവാൻ, ഒരു അമ്മയുടെ ശാപം, അവരുടെ കണ്ണുനീർ അത് മാത്രമേ ഞാൻ ഉറങ്ങുമ്പോൾ കാണാറുള്ളൂ. മനസമാധാനത്തോടെ ഞാൻ ഉറങ്ങിയിട്ടില്ല. കുമാറേട്ടൻ ചിലപ്പോഴൊക്കെ സ്വപ്നത്തിൽ വന്നു ചോദിക്കാറുണ്ട്, എന്നാലും എൻ്റെ ഉണ്ണി, നീ എൻ്റെ അമ്മയെ കൈവിട്ടില്ലേ എന്ന്. ഏട്ടൻ വച്ച് നീട്ടിയ ജീവിതമാണ് ഇത്. ഇതിനു പകരം ഞാൻ എന്ത് കൊടുത്താൽ മതിയാകും.”
ആ നിമിഷം ഞാൻ പൊട്ടിക്കരഞ്ഞു. അതുവരെ കരുതി വച്ചതെല്ലാം ധാരധാരയായി ഒഴുകി.
പെട്ടെന്ന് അമ്മ പറഞ്ഞു..
“ഇനി നീ ഒന്നും പറയേണ്ട മോനെ, അമ്മയ്ക്ക് എല്ലാം മനസ്സിലായി. എല്ലാം എൻ്റെ തെറ്റാണു. ഞാൻ ഇത്തിരി സ്വാർത്ഥയായിപ്പോയി. അവരെ ചേർത്ത് പിടിക്കേണ്ടിയിരുന്നത് ഞാൻ ആണ് മോനെ. ഇന്ന് മുതൽ മോൻ വിഷമിക്കരുത് അമ്മ അവരോടൊപ്പം ആ മുറിയിൽ ഉണ്ടാകും.”
****************
കല്യാണത്തിന് വെറ്റില വച്ച് ലക്ഷ്മിയമ്മയുടെ അനുഗ്രഹം ആദ്യം വാങ്ങുവാൻ അമ്മ പറഞ്ഞു.
മറ്റുള്ളവർ പറയുന്നതൊന്നും അമ്മ ആ നിമിഷം ചെവികൊണ്ടില്ല. അവരോടൊക്കെ അമ്മ പറഞ്ഞു.
“അതിനുള്ള അവകാശം ആദ്യം അവർക്കാണ്. അവരും അവൻ്റെ അമ്മയാണ്.”
ലക്ഷിയമ്മ എൻ്റെ തലയിൽ കൈ വച്ചനുഗ്രഹിച്ചപ്പോൾ ഒരു ജന്മത്തിലെ ശാപം മുഴുവൻ മാറി അത് അനുഗ്രഹമായി പറന്നിറങ്ങുന്നത് ഞാൻ അറിഞ്ഞു. അപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നൂ, ഒപ്പം എൻ്റെയും…
…………………സുജ അനൂപ്