റൂമിലേക്ക് പോകാറില്ല ഹോളിലെ സോഫയിൽ കഴിച്ചുകൂട്ടും.. അവളെപ്പറ്റി ഓർത്തതേയില്ല എല്ലാ ബാധ്യതകളും തീർന്നപ്പോൾ ഒരു സമാധാനം ഉണ്ട് അത്യാവശ്യം നല്ലൊരു ജോലിയും……

എഴുത്ത്:- നില

“”എടാ എന്താ നിന്റെ തീരുമാനം??””

അമ്മ ചോദിച്ചത് കേട്ട് ഒന്നുകൂടി ആലോചിച്ചു ജയേഷ്. ലോണെടുത്ത് വീട് വച്ചതാണ് അതിലേക്ക് ഒന്നും തിരിച്ചെടച്ചിട്ടില്ല ഇപ്പോൾ പലിശയും പലിശയുടെ മേൽ പലിശയും ഒക്കെയായി നോട്ടീസ് വന്നു കഴിഞ്ഞു ഇനിയിപ്പോ രക്ഷപ്പെടണം എന്നുണ്ടെങ്കിൽ ആ പണം മുഴുവൻ കൊണ്ടുപോയി ബാങ്കിൽ അടയ്ക്കണം അത്രയും പണം ഒന്നും തന്റെ കയ്യിൽ എടുക്കാനില്ല അപ്പോഴാണ് ഒരു വിവാഹാലോചന വരുന്നത് പെൺകുട്ടിക്ക് കാലിന് അത്യാവശ്യം മുടന്തുണ്ട്
അവർ നല്ല പണക്കാരാണ് അവളെ കല്യാണം കഴിച്ചു കഴിഞ്ഞാൽ ഒരു വലിയ സംഖ്യ തനിക്ക് സ്ത്രീധനമായി നൽകും. പോരാത്തതിന് വീടും അവർ ബാങ്കിൽ നിന്ന് എല്ലാ ബാധ്യതകളും തീർത്തു എടുത്തു തരും..

അത് കേട്ടത് മുതൽ അമ്മ അതിനു പുറകെയാണ് എങ്ങനെയെങ്കിലും ഈ വിവാഹത്തിന് സമ്മതിപ്പിക്കാൻ നോക്കുകയാണ്. പക്ഷേ ഭാര്യയെ കുറിച്ച് ഒരുപാട് സങ്കല്പങ്ങൾ മനസ്സിലുണ്ട് അങ്ങനെ ഇരിക്കുമ്പോൾ ഇങ്ങനെ ഒരു പെൺകുട്ടിയെ കല്യാണം കഴിക്കണം എന്ന് പറഞ്ഞാൽ അത് ഉൾക്കൊള്ളാൻ മനസ്സ് സമ്മതിക്കുന്നില്ല.

നമുക്ക് തൽക്കാലം വാടകയ്ക്ക് പോകാം എന്തെങ്കിലും ഒരു വഴിയുണ്ടെങ്കിൽ മറ്റൊരു വീട് പണിയാം എന്നെല്ലാം അമ്മയോട് പറഞ്ഞു നോക്കി പക്ഷേ അമ്മ ഒറ്റക്കാലിൽ നിൽക്കുകയാണ്..

“”” കാലിന് ചെറിയൊരു പ്രശ്നം ഉണ്ടെന്നു കരുതി ആ കുട്ടിയെ കാണാൻ നല്ല രസമുണ്ട് പിന്നെ അത്യാവിശ്യം പണവും നിനക്ക് നല്ലൊരു ജോലിയും ആക്കി തരും ഇപ്പോൾ എന്താ നിനക്ക് ജോലി ഒരു പ്രൈവറ്റ് കമ്പനിയിലല്ലേ പോകുന്നത് സാലറിയും അധികം ഇല്ല എല്ലാംകൊണ്ടും ജീവിതം സേഫ് ആവാനുള്ള ഒരു മാർഗ്ഗമാണ് ഈ വിവാഹം അപ്പോൾ പിന്നെ അവളുടെ കുറവ് അങ്ങ് കണ്ടില്ല എന്ന് നടിക്കുന്നതാണ് നല്ലത്!

അമ്മയും ഞാനും ചേച്ചിയും മാത്രമാണ് ഇവിടെയുള്ളത് അച്ഛൻ ചെറുപ്പത്തിലെ മരിച്ചു ചേച്ചിയുടെ വിവാഹം കഴിഞ്ഞിട്ട് കുറെ നാളായി അതിലും കുറച്ചു ബാധ്യതകൾ ഉണ്ട് അളിയൻ സ്ത്രീധന തുക മുഴുവൻ കൊടുത്തില്ല എന്ന് പറഞ്ഞ് ഇപ്പോഴും ചൊറിയും അവളുടെ അമ്മായി അമ്മയും അവളെ അത് പറഞ്ഞു കുത്തിനോവിക്കാറുണ്ട് എന്ന് പറയുന്നു..

അതുകൊണ്ട് കൂടിയാണ് അമ്മ ഈ വിവാഹത്തിന് മുൻകൈയെടുക്കുന്നത് അവർ പറഞ്ഞ തുക കയ്യിൽ കിട്ടിക്കഴിഞ്ഞാൽ അവളുടെ ബാധ്യതയും തീർക്കാം അമ്മയ്ക്ക് പിന്നീട് അമ്മയുടെ മകൾ സുഖമായി ജീവിക്കും എന്നൊരു ആശ്വാസവും ഉണ്ട്

അങ്ങനെയാണ് മനസ്സില്ല മനസ്സോടെ വിവാഹത്തിന് സമ്മതിച്ചത്,.
അവൾ വീട്ടിലേക്ക് വന്നു കയറിയപ്പോൾ എല്ലാവർക്കും അവളെ വലിയ കാര്യമായിരുന്നു ആദ്യം ഒന്നും എനിക്ക് ഒട്ടും ഉൾക്കൊള്ളാൻ പറ്റിയില്ല ഞാൻ കൂട്ടുകാരുടെ കൂടെ പുറത്ത് തന്നെ ഇരിക്കും രാത്രിയിൽ എപ്പോഴെങ്കിലും കേറിവരും അമ്മ കുറേ എന്നെ വഴക്ക് പറഞ്ഞു..

റൂമിലേക്ക് പോകാറില്ല ഹോളിലെ സോഫയിൽ കഴിച്ചുകൂട്ടും.. അവളെപ്പറ്റി ഓർത്തതേയില്ല എല്ലാ ബാധ്യതകളും തീർന്നപ്പോൾ ഒരു സമാധാനം ഉണ്ട് അത്യാവശ്യം നല്ലൊരു ജോലിയും അവർ എനിക്ക് വാങ്ങിത്തന്നു ഇപ്പോൾ സാലറിയും ബാങ്ക് ബാലൻസ് എല്ലാം കൊണ്ടും ജീവിതം സുഖകരം പക്ഷേ ഒരു കാര്യം മാത്രം എനിക്ക് അംഗീകരിക്കാനായില്ല എന്റെ ഭാര്യയെ..

കുറച്ചുനാളുകൊണ്ട് അവളും അത് മനസ്സിലാക്കി എന്ന് തോന്നുന്നു അദ്ദേഹം എന്നോട് സംസാരിക്കാൻ വരില്ല എന്റെ മുന്നിൽ പോലും വരാതെ അവൾ വീട്ടിൽ ഒതുങ്ങി കൂടാൻ തുടങ്ങി…

കുറച്ചുകാലം കഴിഞ്ഞപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത് വയ്യാത്ത ആളെ കൊണ്ട് അമ്മ അവിടുത്തെ ജോലികൾ മുഴുവൻ ചെയ്യിക്കുന്നുണ്ട് ഒരു പരാതിയും പറയാതെ അവൾ എല്ലാം ചെയ്യുന്നുണ്ട്.. എന്നിട്ടും അമ്മ ഓരോന്നിനും കുറ്റം പറയും അവൾ തിരികെ ഒന്നും പറയാറില്ല കണ്ണ് നിറച്ചു നിൽക്കും..

എന്തോ എനിക്ക് അവളോട് വല്ലാത്ത പാവം തോന്നി ഇത്രയും പാവം ആവരുത് ആരും എന്ന് തോന്നിപ്പോയി.. ഒരുപക്ഷേ തിരികെ ചെന്നിട്ടുണ്ടെങ്കിൽ അവളുടെ അച്ഛനും അമ്മയ്ക്കും വിഷമമാകും എന്ന് കരുതിയാവും പാവം അതെല്ലാം സഹിക്കുന്നത്..

അന്ന് രാത്രി ഞാൻ പുറത്തു പോയില്ല ആദ്യമായി ഞാൻ റൂമിലേക്ക് കയറി ചെന്നു. അവൾ അതോട്ടും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു..

ഞാനിപ്പോൾ തന്നെ പുറത്തേക്ക് പോകും എന്നാണ് അവൾ കരുതിയത് പക്ഷേ പോകാതിരിക്കുന്നത് കണ്ടപ്പോൾ നെറ്റി ചുളിച്ച് എന്നെ നോക്കുന്നത് കണ്ടു.

“” സുമി ഞാൻ നിന്നെ അവഗണിച്ചപ്പോൾ നിനക്കൊന്നും തോന്നിയില്ലേ??’

ആദ്യമായി ഞാൻ അവളോട് ചോദിച്ചത് അതായിരുന്നു കാരണം അത്രത്തോളം ഞാൻ അവഗണിച്ചിട്ടുണ്ട് എന്നിട്ടും അവൾ എന്റെ എല്ലാ കാര്യങ്ങളും നോക്കിയും കണ്ടും ചെയ്യും പരാതി ഒന്നും കൂടാതെ..

“” ഞാനത് പ്രതീക്ഷിച്ചായിരുന്നു വന്നത് എന്നെപ്പോലെ ഒരാളെ ആർക്കും ഉൾക്കൊള്ളാൻ കഴിയില്ല എന്ന് ചെറുപ്പം മുതൽ ഓരോരുത്തരുടെ അവഗണന കൊണ്ട് എനിക്ക് മനസ്സിലായിരുന്നു വിവാഹം എന്ന് പറഞ്ഞപ്പോഴും ഭയം അതുതന്നെയായിരുന്നു പക്ഷേ എന്റെ അച്ഛനും അമ്മയും വിവാഹം കഴിഞ്ഞാൽ മാത്രമേ മകൾ സുരക്ഷിതയായിരിക്കു എന്ന് വിശ്വസിക്കുന്നവരാണ് അവരെ കുറെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു പക്ഷേ എനിക്ക് അതിനു പറ്റുന്നുണ്ടായിരുന്നില്ല ഒടുവിൽ അവരുടെ സമാധാനത്തിനു വേണ്ടിയാണ് ഞാൻ വിവാഹത്തിന് സമ്മതിച്ചത് കൂടുതൽ ഒന്നും പ്രതീക്ഷിക്കാത്തതുകൊണ്ട് എനിക്ക് വിഷമം ഇല്ല!””

അവൾ പറഞ്ഞു നിർത്തിയപ്പോൾ എനിക്ക് എന്തോ കുറ്റബോധം തോന്നി..

“” ഞാൻ എനിക്ക് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല ഈ വിവാഹത്തിന് അമ്മയോട് ഒരുപാട് പറഞ്ഞു നോക്കിയതാണ് പക്ഷേ പണത്തിനു വേണ്ടി…!””

ബാക്കി പറയാൻ എനിക്ക് ആവുമായിരുന്നില്ല അവളുടെ മുഖത്ത് നോക്കിയപ്പോൾ അവളുടെ മുഖത്തെ പിടപ്പ് എനിക്ക് മനസ്സിലായിരുന്നു..

“”” എനിക്ക് മനസ്സിലായിരുന്നു ഞാൻ തെറ്റ് പറയില്ല!! പക്ഷേ മകൾ ഇപ്പോൾ സന്തോഷത്തോടെ കഴിയുകയാണ് എന്ന് വിശ്വസിക്കുന്ന ഒരു അച്ഛനും അമ്മയും ഉണ്ട് എനിക്ക് പാവങ്ങളാണ്!!! അവരെ വിഷമിപ്പിക്കാൻ വയ്യ!! എന്നെ ഒട്ടും ഉൾക്കൊള്ളാൻ വയ്യ എങ്കിൽ എന്റെ അനിയത്തിയുടെ വിവാഹം കഴിയുന്നത് വരെയെങ്കിലും കാത്തിരിക്കണം അതുകഴിഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ തിരികെ ചെല്ലാം അവളുടെ ജീവിതത്തിൽ കൂടി കരിനിഴൽ വീഴ്ത്താൻ ഇനി എനിക്ക് വയ്യ!””

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ശബ്ദം ഇടറി ഞാൻ മെല്ലെ എഴുന്നേറ്റു അവളുടെ അരികിലേക്ക് ചെന്നു മെല്ലെ അവളുടെ തോളിൽ തൊട്ടു… ചായാൻ ഒരു തോള് കിട്ടിയതിന്റെ സമാധാനത്തിൽ അവൾ എന്റെ നെഞ്ചിലേക്ക് ചേർന്ന് ഒരുപാട് കരഞ്ഞു…

അന്ന് മുതൽ ഞാൻ അറിയുകയായിരുന്നു രണ്ടുപേരുടെ പരസ്പര സ്നേഹത്തിൽ മറ്റൊന്നിനും യാതൊരു സ്ഥാനവും ഇല്ല എന്ന് ശാരീരികമായല്ല മാനസികമായാണ് ഇഷ്ടം വരുന്നത് എന്ന്..

പിന്നീട് മുഴുവൻ സ്നേഹിച്ച് ഞാൻ എല്ലാത്തിനും പ്രായശ്ചിത്തം ചെയ്തു!!
മുതലെടുക്കാൻ നോക്കിയ അമ്മയെ തടഞ്ഞു.. അവളെ എല്ലാകാര്യത്തിലും ചേർത്തുപിടിച്ചു ഇന്ന് അവൾ സന്തോഷവതിയാണ് എന്നെ സ്നേഹിച്ച് കൊ ല്ലുന്നുണ്ട്… ഇപ്പോൾ എന്റെ ലോകവും അവളിലേക്ക് ഒതുങ്ങി ഇനി കാത്തിരിപ്പാണ് ഒരു ആറുമാസത്തെക്ക് ഒരു ആൺകുട്ടിയോ പെൺകുട്ടിയോ എന്തുതന്നെയായാലും ഞങ്ങളുടെ പ്രണയത്തിന്റെ ബാക്കിപത്രമാണത്..

അവളെ ബെഡിൽ നിന്ന് ഒന്ന് എണീക്കാൻ പോലും സമ്മതിക്കാതെ ഞാൻ കൂടെ തന്നെയുണ്ട് എനിക്കറിയാം മറ്റുള്ളവരെ പോലെയല്ല അവൾക്ക് പ്രയാസമാണ് എന്റെ കുഞ്ഞിനെ ചുമക്കാൻ എന്ന്.. പാവം തളർന്നു പോയിട്ടുണ്ട്.. എങ്കിലും എല്ലാത്തിനും ഞാനും കൂടെ കാണും..
എന്നും..