മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
കൃഷ്‌ണയെ കാണുന്നതിനായി ഹോസ്പിറ്റലിൽ എത്തിയതായിരുന്നു രുദ്ര.
തലേന്നായിരുന്നു അവളുടെ സർജറി.
കൃഷ്ണ ഐ സി യുവിൽ ആണെന്നും സർജറി കഴിഞ്ഞ് കണ്ടുവെന്നും അവളുടെ അമ്മ പറഞ്ഞു. മകളുടെ ജീവൻ രക്ഷിച്ച രുദ്രയോട് എത്ര നന്ദി പറഞ്ഞിട്ടും അവർക്ക് മതി വരുന്നുണ്ടായിരുന്നില്ല.
നന്ദിയൊന്നും വേണ്ട ആന്റീ. ആന്റി മുൻപിൽ നിന്നപ്പോൾ എനിക്കെന്റെ അമ്മയെയാ ഓർമ വന്നത്. രുദ്ര ഇടർച്ചയോടെ പറഞ്ഞു.
മോളുടെ അമ്മ.. അവർ ചോദിച്ചു.
പോയി.. എന്നെ ഒറ്റയ്ക്കാക്കി പോയി. ആക്‌സിഡന്റ് ആയിരുന്നു. റോഡിലൂടെ പോകുമ്പോൾ നിയന്ത്രണം വിട്ട ടിപ്പർ ഇടിച്ചതാണെന്നാ അറിഞ്ഞത്. ഏഴുവർഷം ആകുന്നു. ഇടറിയ സ്വരത്തിൽ പറഞ്ഞു നിർത്തി രുദ്ര.
കേസ് ഒന്നുമാക്കിയില്ലേ മോളേ. അവർ ചോദിച്ചു.
അയാളെ അറസ്റ്റ് ചെയ്തു. പിന്നെ അയാൾക്കുമില്ലേ കുടുംബം. പാവത്തിന് പെട്ടെന്ന് നിയന്ത്രിക്കാനായില്ല. അയാളുടെ മോൻ ഹോസ്പിറ്റലിൽ ആയിരുന്നത്രേ. അത്രയേ അറിയിച്ചുള്ളൂ എന്നെ.
മോളേ… അവർ വിളിച്ചു.
മ്.. രുദ്ര തലയുയർത്തി.
ഒന്നുമില്ലെന്ന് പറയുമ്പോഴും അവരുടെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
അവരോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ രുദ്രയുടെ മനസ്സ് ഒട്ടും ശാന്തമല്ലായിരുന്നു. ഇനിയും ഡ്രൈവ് ചെയ്താൽ ശരിയാകില്ലെന്ന് മനസ്സിലാക്കി അവൾ സഞ്ജുവിന്റെ നമ്പർ ഡയൽ ചെയ്ത് അവൾ ചെവിയോട് ചേർത്തു.
സഞ്ചൂ.. നീ മെഡിസിറ്റി ഹോസ്പിറ്റലിനടുത്ത് ഒന്ന് വരുമോ.
ഏയ് എനിക്ക് കുഴപ്പമൊന്നുമില്ലെടാ. എന്തോ ഡ്രൈവ് ചെയ്താൽ ശരിയാകില്ലെന്ന് തോന്നി. മറുവശത്തുനിന്നും സഞ്ജുവിന്റെ പരിഭ്രമം കലർന്ന ശബ്ദം കേട്ടപ്പോൾ അവൾ പറഞ്ഞു.
പതിനഞ്ച് മിനിറ്റായപ്പോൾ അവനവിടെ എത്തി.
വാടി ബുള്ളറ്റിൽ പോകാം.എന്നും കാറിലല്ലേ അവന്റെ നിർബന്ധത്തിന് വഴങ്ങി കാർ ഒതുക്കി പാർക്ക് ചെയ്തശേഷം അവൾ അവന് പിന്നിൽ കയറി.
ഓഫീസിന്റെ മുൻപിൽ അവർ വന്നിറങ്ങുമ്പോൾ അത് സിദ്ധു കാണുന്നുണ്ടായിരുന്നു.
സിദ്ധുവിനെ കണ്ട രുദ്ര പെട്ടെന്ന് സഞ്ജുവിന്റെ കൈചേർത്ത് പിടിച്ച് അകത്തേക്ക് നടന്നു.
അവരുടെ സന്തോഷം കണ്ട് സിദ്ധുവിന്റെ മുഖം വലിഞ്ഞു മുറുകി. ദേഷ്യം കൊണ്ടവന്റെ കണ്ണുകൾ ചുവപ്പ് രാശി പൂണ്ടു.
വൈകുന്നേരം വീട്ടിലെത്തി കോഫി കുടിച്ചുകൊണ്ടിരിക്കെ ആണ് കോളിംഗ് ബെൽ ശബ്‌ദിച്ചത്.
വാതിൽ തുറന്നതും മുൻപിൽ നിൽക്കുന്ന സിദ്ധുവിനെ കണ്ട് അവളുടെ മുഖം ചുളിഞ്ഞു.
അലസമായി കിടക്കുന്ന തലമുടിയും ചുവന്ന കണ്ണുകളുമായി അവനവളെ നോക്കി.
മദ്യത്തിന്റെ രൂക്ഷഗന്ധം അവിടെ പരന്നു.
നീയെന്താ ഇവിടെ.. പുറത്തിറങ്ങ്.. അകത്തേക്ക് കടന്ന സിദ്ധുവിനെ നോക്കി ഒരുനിമിഷത്തെ ഞെട്ടലിന് ശേഷം അവൾ ചീറി.
ആഹാ.. അങ്ങനങ്ങു പോകാനല്ലല്ലോ മോളേ നിന്റെ സിദ്ധുവേട്ടൻ വന്നത്. ഭാര്യയും ഭർത്താവും ഒന്നിച്ചല്ലേ താമസിക്കേണ്ടത്. അതുകൊണ്ട് നമ്മളിനി ഒന്നിച്ചേ ജീവിക്കുന്നുള്ളൂ. നീയെവിടെയാണോ അവിടെ ഞാനും കാണും മനസ്സിലായോടീ.. സിദ്ധു ഉറച്ച സ്വരത്തിൽ പറഞ്ഞു.
അത് താൻ മാത്രമങ്ങ് തീരുമാനിച്ചാൽ മതിയോ. താൻ കെട്ടിയ താലിയും സിന്ദൂരവും ഏഴ് വർഷം മുൻപ് ഞാൻ ഉപേക്ഷിച്ചതാ.. താനിപ്പോൾ പോയില്ലെങ്കിൽ ഞാൻ പോലീസിനെ വിളിക്കും. രുദ്ര പറഞ്ഞു.
വിളിക്കെടീ നീ പോലീസിനെ. താലിയും സിന്ദൂരവും ഇല്ലെങ്കിലും നിയമപരമായി നിന്റെ ഭർത്താവ് ഞാൻ തന്നെയാ. ഇനിയും കണ്ടവന്മാരോടൊപ്പം അഴിഞ്ഞാടാൻ നിന്നെ ഞാൻ വിടില്ല. വിളിച്ചു കൂവ് നീ.. ഞാനും പറയാം അപ്പോൾ നാട്ടുകാരോട് എല്ലാം. അവരും അറിയട്ടെ ഭർത്താവിനെ ഉപേക്ഷിച്ച് മറ്റുള്ള ആണുങ്ങളോടൊപ്പം കറങ്ങുന്ന നിന്റെ സ്വഭാവം. സഞ്ജയ്.. ത്ഫൂ.. ആരാടീ അവൻ നിന്റെ. മതി അവന്റെ കൂടെ നടന്നതും കിടന്നതുമൊക്കെ. സിദ്ധാർഥിന്റെ സ്വരം ഉയർന്നു.
ഭർത്താവ്.. ആ വാക്ക് ഉച്ചരിക്കാൻ എന്ത് യോഗ്യതയാടാ നിനക്കുള്ളത്. സംശയരോഗം ബാധിച്ച് താലികെട്ടിയ പെണ്ണിനെ സംശയിച്ച് ദ്രോഹിച്ചിരുന്ന നീയാണോ ഭർത്താവ്. രുദ്ര അലറി.
സിദ്ധു കയറിവരുന്നത് കണ്ട് ഓടിപ്പാഞ്ഞെത്തിയതാണ് സഞ്ജു.
രുദ്രൂ.. വെപ്രാളത്തോടെയവൻ വിളിച്ചു.
സഞ്ജുവിനെ കണ്ട സിദ്ധുവിന്റെ മുഖം മാറി.
ഓഹോ.. അപ്പോൾ ഇവനും ഉണ്ടോ ഇവിടെ. ഞാൻ തരാത്ത സുഖമാണോടീ ഇവൻ തരുന്നത്. സിദ്ധു പരിഹാസച്ചുവയോടെ പറഞ്ഞു.
അതേടാ.. നീ അങ്ങനെ തന്നെ കരുതിക്കോ. നിന്നെപ്പോലെയല്ല അവൻ. അവനൊരാണാ. നട്ടെല്ലുള്ള ആണ്. പെണ്ണിനെ ദ്രോഹിക്കുന്നവൻ അല്ലെടാ അവളെ ഏത് പ്രതിസന്ധിയിലും ചേർത്തു പിടിക്കുന്നവനാ ആണ്. നീ ഒരു ആണല്ല. സ്വന്തം കുഞ്ഞിനെ വരെ ഇല്ലാതാക്കിയ നികൃഷ്ടജീവിയാണ് നീ. എന്റെ അമ്മയെപ്പോലും നീ വേദനിപ്പിച്ചു. രുദ്രയുടെ ശബ്ദമിടറി കണ്ണുകൾ നിറഞ്ഞു എങ്കിലും ഒരുതുള്ളി കണ്ണുനീർ പോലും അവളുടെ അനുവാദം ഇല്ലാതെ പുറത്തേക്കൊഴുകില്ലെന്ന വാശിയിൽ ഉറച്ചു നിന്നിരുന്നു.
ഇവൻ കാരണമല്ലേ.. ഇവൻ കാരണമല്ലേ നിനക്ക് എന്നെ വേണ്ടാത്തത്. ഇവൻ ഇല്ലാതായാൽ നീയെന്നെ പഴയതുപോലെ സ്നേഹിക്കുമല്ലോ… ഭ്രാന്തനെപ്പോലെ പുലമ്പിക്കൊണ്ടവൻ സഞ്ജുവിന് നേരെ പാഞ്ഞെടുത്തു.
സഞ്ജുവിനെ ഷർട്ടോടെ പിടിച്ചുയർത്തി ചുമരോട് ചേർത്തു സിദ്ധു.
ഓടിവന്ന് അവർക്കിടയിൽ നിന്നും സിദ്ധുവിനെ പിടിച്ചു തള്ളി രുദ്ര.
തൊട്ട് പോകരുത് സഞ്ജുവിനെ. ഇറങ്ങി പൊയ്‌ക്കോളണം നീ ഈ നിമിഷം ഇവിടെനിന്നും. രുദ്ര ദേഷ്യംകൊണ്ട് വിറയ്ക്കുകയായിരുന്നു.
എന്താടീ അത്രക്കിഷ്ടമാണോ ഇവനെ.എന്റെ ഭാര്യയാണ് നീ. എന്നെ അനുസരിച്ച് ജീവിക്കേണ്ടവൾ.നീ പലപ്പോഴും മറക്കുന്നു രുദ്രൂ ഞാൻ നിന്റെ ഭർത്താവാണെന്ന്. സിദ്ധുവും ചീറി.
ഭർത്താവ്.. നിന്നോട് ഞാൻ കുറച്ച് മുൻപേ പറഞ്ഞു ആ പദം ഉച്ചരിക്കാൻ പോലുമുള്ള യോഗ്യത നിനക്കില്ലെന്ന്. നിന്നെ ഞാനിനി എങ്ങനെയാ സ്നേഹിക്കേണ്ടിയിരുന്നത്. സ്നേഹം കാട്ടിയും ദേഷ്യം കാട്ടിയും കുത്തിനോവിച്ചും നീ രസിച്ചില്ലേ എന്നെ. നിന്റെ എല്ലാ ചെയ്തികളും ക്ഷമിച്ചും മറന്നും ഞാൻ സ്നേഹിച്ചിട്ടല്ലേ ഉണ്ടായിരുന്നുള്ളൂ.
ദേ.. ഇതുകണ്ടോ നീ. ഓർമ്മയുണ്ടോ നിനക്ക് മാറിൽനിന്നും സാരി തലപ്പവൾ വലിച്ചു മാറ്റി.
ഇറക്കിവെട്ടിയ ബ്ലൗസിൽ കൂടി വ്യക്തമായി കാണാമായിരുന്നു മാറിലും വയറ്റിലും മുദ്ര ചാർത്തപ്പെട്ട കറുത്ത പുള്ളികൾ.
മദ്യപിച്ച് ലക്കുകെട്ട് എന്റെ അമ്മ മരിച്ചതിന്റെ ഒൻപതാം നാൾ ഇയാളുടെ കൂടെ കിടന്നുകൊടുക്കാൻ വിസമ്മതിച്ചതിന് ഇയാൾ എനിക്ക് തന്ന സമ്മാനം. സിഗരറ്റ് കൊണ്ട് കുത്തിയിറക്കുമ്പോൾ മാംസം മാത്രമല്ല കരിഞ്ഞത് എന്റെ മനസ്സിൽ ഉണ്ടായ നിങ്ങളുടെ രൂപം കൂടിയാണ്. മനസ്സും ശരീരവും ഒരുപോലെ വേദനിപ്പിച്ച് രസിക്കുമ്പോൾ എന്തായിരുന്നു നീ നേടിയത്. രുദ്ര പറയുമ്പോൾ
ഞെട്ടലോടുകൂടി സഞ്ജു സിദ്ധുവിനെ നോക്കി.
ലവലേശം കുറ്റബോധം അയാളിലവന് കാണാൻ കഴിഞ്ഞില്ല.
ഓടി ചെന്നവൻ അവളുടെ സാരി മാറിൽ വലിച്ചിട്ടുകൊടുത്തു.
നിനക്കറിയാമോ സഞ്ജു, എന്റെ വയറ്റിൽ ഇയാളുടെ ജീവൻ തുടിക്കുന്നെന്ന് അറിഞ്ഞ നിമിഷം ഞാൻ എല്ലാം മറന്നതാ. കാലുപിടിച്ചു ഞാൻ ഇയാളോട് കെഞ്ചി എന്റെ കുഞ്ഞിനെ കൊല്ലാതിരിക്കാൻ. എന്നിട്ടുമിയാളുടെ മനസ്സ് തെല്ലും അയഞ്ഞില്ല. ഏതെങ്കിലും ഒരു അച്ഛന് കഴിയുമോ സഞ്ജു സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കാൻ. എന്നിലെ ഭാര്യ ക്ഷമിക്കുമായിരിക്കും ഇയാളുടെ ക്രൂരതകൾ. പക്ഷേ എന്റെ കുഞ്ഞിന്റെ അമ്മയെന്ന നിലയിൽ എനിക്ക് ക്ഷമിക്കാനാകില്ല ഇയാളോട്. ആർത്തലച്ചുകൊണ്ടവൾ സഞ്ജുവിന്റെ മാറിലേക്ക് വീണു.
ഒരുനിമിഷം രുദ്രയെ മാറോട് ചേർത്തു പിടിച്ചശേഷം അവനവളെ സോഫയിലേക്ക് ഇരുത്തി.
ഇറങ്ങിക്കോളണം ഈ നിമിഷം ഇവിടുന്ന്. തനിക്ക് നാണമില്ലേടോ ഇത്രയൊക്കെ ഒരു പാവം പെണ്ണിനെ ദ്രോഹിച്ചിട്ടും വീണ്ടും അവളുടെ പിന്നാലെ നടക്കാൻ. നീയൊക്കെ ഒരു ആണാണോ.സഞ്ജു അവനെപ്പിടിച്ച് പുറത്തേക്ക് തള്ളി കതകടച്ചു.
ദേഷ്യം അതിന്റെ ഉച്ചസ്ഥായിയിലെത്തിയെന്നപോൽ സിദ്ധു കൈകൾ കൂട്ടിത്തിരുമ്മി. അപ്പോഴവന്റെ മനസ്സിൽ കണക്കുകൂട്ടലുകൾ നടക്കുകയായിരുന്നു എല്ലാവരുടെയും ജീവിതം പാടേ മാറ്റിമറിക്കുന്നതിലേക്കുള്ള കണക്കുകൂട്ടലുകൾ.
തുടരും…
രുദ്രയുടെ ജീവിതത്തിലെ ചില സംഭവങ്ങൾ കഥയ്ക്കിടെ വരുന്നുണ്ട്. പാസ്ററ് പറഞ്ഞപ്പോൾ എല്ലാം ഉൾക്കൊള്ളിക്കാതിരുന്നത് വരും പാർട്ടുകളിൽ ആ രംഗങ്ങൾക്ക് സ്ഥാനം കൊടുക്കുന്നതിനാലാണ്.