Story written by Saji Thaiparambu
റാബിയാ,, നിൻ്റെ കൈവശം പാ ഡ് വല്ലതുമിരിപ്പുണ്ടോ?
രാവിലെ ,ഇളയ നാത്തൂൻ്റെ മുറിയിലേയ്ക്ക് കടന്ന് ചെന്ന നാദിയ ആകാംക്ഷയോടെ ചോദിച്ചു
ങ്ഹാ ദീദീ ,, ദാ ആ അലമാരയുടെ താഴത്തെ തട്ടിലിരുപ്പുണ്ട് ,
എടുക്കാമോ?
നിസ്ക്കാരപ്പായയിലിരുന്ന് ഖുറാൻ ഓതാൻ തയ്യാറെടുക്കുകയായിരുന്ന റാബിയ ചോദിച്ചു
ഉം ഞാനെടുത്തോളാം നീ എഴുന്നേല്ക്കണ്ടാ
അതീവ ശ്രദ്ധയോടെ നാദിയ അലമാര തുറന്ന് പാഡിൻ്റെ പായ്ക്കറ്റെടുത്ത് പുറത്തേയ്ക്കിറങ്ങി
എന്താ മോളേ,, എന്ത് പറ്റി?
അതിരാവിലെ മകളുടെ മുറിയിൽ നിന്നിറങ്ങി വരുന്ന മരുമകളെ കണ്ട് ജമീല ജിജ്ഞാസയോടെ ചോദിച്ചു
അത് പിന്നെ, ഉമ്മാ ,,, എനിയ്ക്ക് പി രീഡ്സായി ,എൻ്റെ കൈയ്യിലുണ്ടായിരുന്ന പാ ഡ് തീർന്നു അത് കൊണ്ട് റാബിയാടെ കൈയ്യീന്ന് വാങ്ങാൻ പോയതാണ്
അതും പറഞ്ഞവൾ മുറിയിലേയ്ക്ക് കയറി പോയപ്പോൾ പ്രതീക്ഷ അസ്തമിച്ചത് പോലെ അവർ നോക്കി നിന്നു
രണ്ടാഴ്ച മുമ്പ് മരിച്ച് പോയ അവരുടെ മൂത്ത മകൻ്റെ ഭാര്യയാണ് നാദിയ, അവൾക്ക് മൂന്ന് വയസ്സുള്ള ഒരു മകള് മാത്രമേയുള്ളു
മരിക്കുന്നതിനും രണ്ടാഴ്ച്ച മുമ്പാണ് മകൻ ഗൾഫിൽ നിന്ന് വന്നത്, അത് കൊണ്ട് ,ജമീലയ്ക്ക് മരുമകൾ രണ്ടാമത് ഗർഭിണിയാകുമെന്ന പ്രതീക്ഷ യുണ്ടായിരുന്നു.
ഒരു നെടുവീർപ്പ് പുറപ്പെടുവിച്ച് കൊണ്ട് ജമീല ഉമ്മറത്തേയ്ക്ക് പോയി .
നീയിത് എവിടെ പോകുന്നു നാദിയാ,, ?
പിറ്റേ ദിവസം, പുറത്തേയ്ക്ക് പോകാനൊരുങ്ങുന്ന മരുമകളോട് ജമീല ആകാംക്ഷയോടെ ചോദിച്ചു
ഞാൻ സ്കൂളിലേയ്ക്ക് പോകുവാ എക്സാം തുടങ്ങാൻ ഇനി രണ്ടാഴ്ച കൂടിയേ ബാക്കിയുള്ളു ,,
നീയെന്താ നാദിയാ,,ഈ പറയുന്നത്? ഭർത്താവ് മരിച്ച സ്ത്രീ, നാല് മാസം ഇദ്ദ ഇരിക്കണമെന്ന് നിനക്കറിയില്ലേ?
ജമീല രോഷത്തോടെ ചോദിച്ചു.
കുട്ടികൾക്ക് റിവിഷൻ തുടങ്ങേണ്ട സമയമാണിത്, ഫൈനൽ എക്സാമാണ് വരുന്നത് ,ഈ സമയത്ത് ഞാൻ മാറി നിന്നാൽ അത് ഫുൾ എ പ്ളസ് പ്രതീക്ഷയുള്ള പല കുട്ടികളെയും പ്രതികൂലമായി ബാധിക്കും, വിജയശതമാനം കുറഞ്ഞാൽ മാനേജ്മെൻ്റിനോട് ഞാൻ സമാധാനം പറയേണ്ടിയും വരും,,
അവരോട് പോയി പണി നോക്കാൻ പറയ് നീ ,എൻ്റെ മോൻ മാത്രമേ പോയുള്ളു, ഞങ്ങളൊക്കെ ജീവനോടെയുള്ള കാലത്തോളം നിൻ്റെയും മോളുടെയും കാര്യം ഞങ്ങള് നോക്കിക്കൊള്ളാം, അതിന് നീ ജോലിക്ക് പോകണമെന്നില്ല,,,
ഇല്ലയുമ്മാ ഈ ജോലി എനിക്ക് വെറുതെ കിട്ടിയതല്ലാ, എൻ്റെ ഉപ്പാ ചോര നീരാക്കീ, എന്നെ ബിഎഡ് വരെ പഠിപ്പിച്ചതും പോരാഞ്ഞിട്ട്, അവിടുത്തെ മാനേജരുടെ കാല് കൂടെ പിടിച്ചിട്ടാണ്, ജോലി എനിക്ക് വാങ്ങി തന്നത് ,
അതെന്തിനാണെന്നോ? മറ്റൊരാളെയും ആശ്രയിക്കാതെ ഞാൻ സ്വന്തം കാലിൽ നിൽക്കണമെന്ന് ഉപ്പയ്ക്ക് നിർബന്ധമുണ്ടായിരുന്നു , അല്ലെങ്കിൽ തന്നെ , എനിയ്ക്ക് ചിലവിന് തരാനുള്ള വരുമാനം നിങ്ങൾക്കുണ്ടോ ?എൻ്റെ ഭർത്താവിൻ്റെ അനുജൻ്റെ വരുമാനത്തിൽ നിന്നല്ലേ എനിയ്ക്കും എൻ്റെ കുഞ്ഞിനും ചിലവിന് തരാമെന്ന് ഉമ്മ പറയുന്നത് ?അതൊക്കെ എത്ര നാളാണുമ്മ, കൂടിയാൽ ,അവൻ്റെ കല്യാണം കഴിയുന്നത് വരെ, അത് കഴിഞ്ഞാൽ പിന്നെ അവൻ്റെ കെട്ട്യോൾടെ ആട്ടും തുപ്പും ഞാനും എൻ്റെ മോളും കേൾക്കേണ്ടി വരും ,അതൊന്നും ശരിയാവില്ലുമ്മാ,,
നാദിയാ,, നിൻ്റെയീ പോക്ക് നാശത്തിലേയ്ക്കാണ് ,എൻ്റെ മോൻ മരിച്ചിട്ട് രണ്ടാഴ്ചയേ ആയിട്ടുള്ളു, ഇദ്ദ ഇരിക്കണമെന്ന് നമുക്ക് പറഞ്ഞിട്ടുള്ള കാര്യമാണ് , നീയത് മനസ്സിലാക്ക്,,
അതൊക്കെ എനിക്കറിയാം ഉമ്മാ ,, പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ ഞാൻ അകത്തിരുന്നാൽ എൻ്റെയും എൻ്റെ മോളുടെയും ഭാവി അവതാളത്തിലാകും ,ഉമ്മ പേടിക്കണ്ടാ ,അച്ചടക്കത്തോടെയാണ് എൻ്റെ ഉപ്പ എന്നെ വളർത്തിയത്, അതിനി എൻ്റെ മരണം വരെ അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും ,,,
അത്രയും പറഞ്ഞ് നാദിയ ,മുറ്റത്തേയ്ക്കിറങ്ങി ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു.
ഗൾഫുകാരനായ നജീബായിരുന്നു നാദിയയുടെ ഭർത്താവ് ,ലീവിന് വന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് പെട്ടെന്നൊരു നെഞ്ച് വേദനയുണ്ടായി ,നജീബിനെ ഹോസ്പിറ്റലിൽ കൊണ്ട് പോയത്
പക്ഷേ അവിടെ എത്തുംമുൻപ് തന്നെ മരണം സംഭവിച്ചിരുന്നു നജീബിനും നാദിയയ്ക്കും മൂന്ന് വയസ്സുള്ള ഒരു മകളുണ്ട് ,വീടിന് കുറച്ച് ദൂരെയുള്ള ഒരു മാനേജ്മെൻ്റ് സ്കൂളിലെ ടീച്ചറാണ് നാദിയ,
നജീബിൻ്റെ നേരെ ഇളയത് അനുജനാണെങ്കിലും അതിൻ്റെ ഇളയ ഒരു സഹോദരി കൂടി അവർക്കുണ്ട് ,MBBS സ്റ്റുഡൻ്റായ റാബിയ,
നാദിയ ജോലിക്ക് പോകുന്നതിൽ മറ്റുള്ളവർ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ,റാബിയ പക്ഷേ അവളെ സപ്പോർട്ട് ചെയ്തു കൂടെ നിന്നു.
നജീബിൻ്റെ മരണം നടന്ന് നാല്പതാം ദിവസം പ്രത്യേക പ്രാർത്ഥന ഉണ്ടായിരുന്നു ,നാദിയ അന്ന് സ്കൂളിൽ പോയില്ല
ബിരിയാണി വയ്ക്കാൻ കൊണ്ട് വന്ന പോത്തിറച്ചിയുടെ മണമടിച്ചപ്പോൾ നാദിയയ്ക്ക്,ഒമിറ്റിങ്ങുണ്ടായി , ചടങ്ങെല്ലാം കഴിഞ്ഞ് ബന്ധുക്കളൊക്കെ പിരിഞ്ഞ് പോയപ്പോൾ ,മുറിയിൽ കിടക്കുകയായിരുന്ന നാദിയയുടെ അടുത്ത് റാബിയ വന്നിരുന്നു
ഇത്ത ഇങ്ങനെ കിടന്നാലോ? ഇത് വരെ ഒന്നും കഴിച്ചില്ലല്ലോ? എഴുന്നേറ്റ് വാ,,നമുക്ക് വല്ലതും കഴിക്കാം
എനിക്ക് വിശപ്പില്ല റാബീ ,, മാത്രമല്ല എനിയ്ക്ക് തലയൊക്കെ കറങ്ങുന്ന പോലെ,,
എന്നാൽ കുറച്ചു നേരം കൂടെ കിടന്നോളു,,
അതും പറഞ്ഞ് റാബിയ മുറി വിട്ട് പോയി.
നാദിയ്ക്ക് തലകറക്കമാണെന്ന് റാബിയ ജമീലയോട് പറഞ്ഞു, അത് കേട്ട് ജമീലയുടെ നെറ്റി ചുളിഞ്ഞു ,അവർ നേരെ നാദിയയുടെ മുറിയിലേയ്ക്ക് ചെന്നു .
നിനക്ക് കഴിഞ്ഞ മാസം പിരീഡ് സായെന്ന് പറഞ്ഞത് നേര് തന്നെയല്ലേ നാദിയാ,,?
സങ്കോചത്തോടെ ജമീല അവളോട് ചോദിച്ചു
അതേ ഉമ്മാ,, എന്താ അങ്ങനെ ചോദിച്ചത് ?
അല്ല, പച്ച ഇറച്ചിയുടെ മണമടിച്ചപ്പോൾ നിനക്ക് ഓക്കാനം വന്നതും പിന്നെ നിൻ്റെ ഇപ്പോഴത്തെ ക്ഷീണവുമൊക്കെ കാണുമ്പോൾ എനിക്കെന്തോ ഉള്ളിലൊരാന്തല്
ഉമ്മയ്ക്കെന്നെ സംശയമാണോ? എങ്കിൽ അതിന്ന് തന്നെ തീർത്തേക്കാം ,ഉമ്മ ഒരുങ്ങി എൻ്റെ കൂടെ വരൂ, നമുക്കൊരു ഡോക്ടറെ കണ്ടിട്ട് ഉമ്മയുടെ സംശയം തീർക്കാം
നാദിയ കട്ടിലിൽ നിന്നെഴുന്നേറ്റു
അതൊന്നും വേണ്ട ,ഞാൻ റാബിയാനോട് പറഞ്ഞിട്ട് ആ ടെസ്റ്റ് ചെയ്യുന്ന കുന്ത്രാണ്ടം വാങ്ങിപ്പിക്കാം നിന്നെ സംശയിച്ചിട്ടല്ല ,എന്നാലും എൻ്റെ മനസ്സിനൊരു സമാധാനം കിട്ടാൻ വേണ്ടിയാണ്
അതും പറഞ്ഞ് ജമീല മുറി വിട്ട് പോയപ്പോൾ നാദിയ ആത്മനിന്ദയോടെ ഇരുന്നു
പ്രെഗ്നോകാർഡിൽ രണ്ട് വരകൾ തെളിഞ്ഞപ്പോൾ നാദിയ ഞെട്ടിത്തെറിച്ച് പോയി ,അത് വരെ ഉണ്ടായിരുന്ന അവളുടെ ആത്മവിശ്വാസമൊക്കെ ആവിയായി പോയി.
അപ്പോൾ അന്ന് തനിക്കുണ്ടായത് പിരീഡ്സായിരുന്നില്ലേ? ആയിരിക്കില്ല, അത് ചിലപ്പോൾ യൂറിനറി ഇൻഫെക്ഷൻ മൂലമോ അല്ലെങ്കിൽ, സെർവിക്സിൽ ഉണ്ടാകുന്ന അണുബാധ കൊണ്ടോ ഉണ്ടായ ബ്ളീഡിങ്ങ്സ് ആകാനാണ് സാധ്യത, അല്ലാതെ താനറിയാതെ ഒരു ഗർഭം തനിക്കുണ്ടാവില്ലല്ലോ
പക്ഷേ അതെങ്ങിനെ മറ്റുള്ളവരെ പറഞ്ഞ് വിശ്വസിപ്പിക്കും ,ഉമ്മ ഒരിക്കലും വിശ്വസിക്കാൻ പോകുന്നില്ല ,ഇദ്ദ ഇരിക്കണമെന്ന ഉമ്മയുടെ വാക്കിനെ ധിക്കരിച്ച് പോയത് ഇതിന് വേണ്ടി ആയിരുന്നല്ലേ പി ഴച്ചവളെ എന്നേ അവർ ചോദിക്കാൻ വഴിയുള്ളു
എന്ത് ചെയ്യണമെന്നറിയാതെ നാദിയ നിന്നുരുകി
പുറത്ത് ഉമ്മയും ,റാബിയയും ആകാംക്ഷയോടെ കാത്ത് നില്ക്കുകയാണ് ,അവരോട് എന്താ പറയേണ്ടത് ?ഉമ്മ ഇതറിയുമ്പോൾ തന്നെ ഈ വീട്ടിൽ നിന്ന് അടിച്ചിറക്കും
ബാത്റൂമിൽ നിന്ന് നാദിയ വിയർത്തൊലിച്ചു.
കതകിൽ തുടരെയുള്ള മുട്ട് കേട്ട് മനസ്സില്ലാ മനസ്സോടെ അവൾ കതക് തുറന്നു.
മുന്നിൽ നില്ക്കുന്ന ഉമ്മയുടെയും നാത്തൂൻ്റെയും മുഖത്ത് നോക്കാൻ കെല്പില്ലാതെ കൈയ്യിലിരുന്ന പ്രെഗ്നൻസി കിറ്റ് അവരെ ഏല്പിച്ച് നാദിയ അടുക്കളയിലേയ്ക്ക് വേഗം നടന്ന് പോയി.
ഇന്നത്തോടെ എല്ലാം അവസാനിക്കും ,പി ഴച്ചവൾ എന്ന് മുദ്രകുത്തി ഇവിടെ നിന്ന് പടിയിറക്കി വിടുന്നത് വരെ കാത്ത് നില്ക്കണോ?
അതിന് മുമ്പ് മോളേയും കൊണ്ട് തൻ്റെ സ്വന്തം വീട്ടിലേയ്ക്ക് തിരിച്ച് പോകുന്നതല്ലേ നല്ലത് ,പക്ഷേ അവിടെ ചെന്നാൽ തൻ്റെയീ ഗർഭത്തെ അവര് വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുമോ ?
വേണ്ട ,എല്ലാം അവസാനിപ്പിക്കാം ജീവിതത്തിൽ ഇത്രയും കാലം ഒരു തെറ്റും ചെയ്യാത്ത താൻ, ഇപ്പോൾ സമൂഹത്തിന് മുന്നിൽ അ വിഹിത ഗർഭത്തിന് ഉടമയാണ്, ഒരു കുറ്റവാളിയെപ്പോലെ ജീവിക്കുന്നതിനെക്കാൾ ഉത്തമം മരണം തന്നെയാണ് ,
അങ്ങനെയൊരു തീരുമാനമെടുത്തപ്പോഴേയ്ക്കും റാബിയയും ഉമ്മയും കൂടി അടുക്കളയിലേയ്ക്ക് നടന്ന് വന്നു
അല്ലാ, നീയെന്താ ഇങ്ങനെ വിളറി വെളുത്ത് നില്ക്കുന്നത് ?എൻ്റെ മോളേ,, ഉമ്മ ഇടയ്ക്ക് ഈ ആരോഗ്യ മാസികളൊക്കെ വായിക്കുന്നത് കൊണ്ട് കുറെ കാര്യങ്ങളൊക്കെ ഉമ്മയ്ക്കറിയാം ,അത് കൊണ്ട് തന്നെയാണ് ഇപ്പോൾ നീ ഗർഭിണി ആണെന്നറിഞ്ഞപ്പോൾ അത് എൻ്റെ മകൻ്റെ കുഞ്ഞ് തന്നെ യാണെന്നും അല്ലാതെ നിൻ്റേത് ദിവ്യ ഗർഭമൊന്നുമല്ലെന്നും എനിക്ക് ഉറപ്പുള്ളത് ,മൂന്നാല് കൊ ല്ലമായില്ലേ മോളേ നിന്നെ ഞങ്ങള് കാണാൻ തുടങ്ങിയിട്ട് ,,
വാത്സല്യത്തിൽ പൊതിഞ്ഞ ഉമ്മയുടെ വാക്കുകൾ നാദിയയ്ക്ക് വിശ്വസിക്കാനായില്ല
ഒരു പൊട്ടിക്കരച്ചിലോടെ, അവൾ അവരുടെ ദേഹത്തേയ്ക്ക് വീണു.