മോളേ…ആ വിളിക്ക് ശേഷം ഒരു ചെറിയ ഇടവേള ഉണ്ടായിരുന്നു. ആർക്കും കേൾക്കുവാൻ കഴിയാത്തൊരു മൗനം

തെയ്യാട്ടം – രചന: Ashna Ashin

നിയന്ത്രണം ഇല്ലാതെ വാരി വിതറുന്ന ഉഷ്ണം താണ്ടി എത്താൻ നന്നേ കഷ്ട്ടപ്പെടുന്ന തെന്നലിനോട് കുശലം പറഞ്ഞിരുന്ന് മടുത്തു. മുന്നിലേക്ക് കുതിക്കുന്ന വണ്ടിക്ക് പുറകിലേക്ക് അടങ്ങാത്ത പൊടിപടലം, രോഗങ്ങളുടെ വലിയൊരു മാറാപ്പ് തന്നെ മനസ്സിൽ ഇറക്കിവെച്ചു.

വനപുരാ…വനപുരാ…ബോധം വീണ്ടെടുക്കാനാക്കാനാകാതെയുള്ള ഞെട്ടിത്തിരിയലിൽ കണ്ണുകൾ ആരിലൊക്കെയോ, എവിടെയൊക്കെയോ ഉടക്കി. ഇരുന്നൊന്ന് വിശകലനം ചെയ്യാൻ സമയം കാത്ത് നിൽക്കാത്തത് കൊണ്ട് അവിടെ ഇറങ്ങി.

വൈഗ വരുന്ന വഴിയാണോ.. കുറേ നാളായല്ലോ കണ്ടിട്ട്..?

ലീവ് കിട്ടണ്ടേ ലെനേച്ചീ…പിന്നെയൊരു ചോദ്യത്തിനോ ഉത്തരത്തിനോ സാവകാശം കൊടുക്കാതെ സ്വതവേ നീളമേറിയ കാലുകൾക്ക് എത്തുവാൻ കഴിയുന്നത്രെയും വേഗത്തിൽ നടന്നു.

മോള് വന്നോ.. ക്ഷീണിച്ചല്ലോ എന്റെ കുട്ടീ നീ…

അത് യാത്രയുടെ ആകും വല്യമ്മേ…അമ്മ ഉറക്കമാണോ…ഞാൻ ഒന്ന് കയ്യും മുഖവും കഴുകി വന്നിട്ട് കാണാം അമ്മയെ…

നീ വരുമെന്ന് പറഞ്ഞപ്പോൾ മുതൽ ജനലിലൂടെ പുറത്തേക് നോക്കി കെടപ്പാ…ആ വാക്കുകളുടെ ശബ്ദം കുറഞ്ഞ് കുറഞ്ഞ് തീരെ ഇല്ലാതെയായി. കൈ കഴുകുവാൻ വാഷ്‌ബേസിന്റെ അടുത്ത് ചെന്നപ്പോൾ അമ്മയുടെ നേരിയ ഞരക്കങ്ങൾ കേൾക്കുന്ന പോലെ..

ഞാൻ വന്നെന്ന് മനസ്സിലായിക്കാണും. ഏറെ നേരം അമ്മയുടെ അടുത്തിരുന്നു. മുമ്പ് വന്ന് കണ്ടതിനേക്കാൾ പ്രയാസമായിരിക്കുന്നു ഇപ്പോഴത്തെ അവസ്ഥ. ഒന്നുകൂടി പ്രായം ഏറിയത് പോലെ. കണ്ണുകൾ കുഴിഞ്ഞ്, ക്ഷീണിച്ച്, കറുത്ത തലമുടികൾ എണ്ണിനോക്കുന്നതാകും ഇപ്പോൾ എളുപ്പം.

രാവിലെ ഒന്നും കഴിച്ചിട്ടില്ല…നീ ഈ കഞ്ഞി കൊടുക്ക്. നീ കൊടുത്താൽ കഴിക്കും. ആദ്യം വിസമ്മതിച്ചുവെങ്കിലും രണ്ട് വാ കുടിക്കാൻ ഉള്ളതുമാത്രമേ ബാക്കി വെച്ചുള്ളു. ഇപ്പോഴും കണ്ണിന്റെ ചലനം ജനലഴികളിലൂടെ പുറത്തേക്കാണ്.

രാത്രി അമ്മയോടൊപ്പമാണ് കിടക്കാറുള്ളത്. വല്യമ്മ തറയിൽ മെത്ത ഇട്ട്, അതിൽ കിടക്കും. എത്ര തവണ പറഞ്ഞിരിക്കുന്നു കട്ടിലിൽ കിടക്കാൻ. ഞാൻ ഇല്ലെങ്കിലും തറയിൽ കിടക്കുവാനാണ് ആൾക്ക്  ഇഷ്ട്ടം.

വല്യച്ചനും രണ്ട് മക്കളും ഒരു ആക്‌സിഡന്റിൽ മരിച്ചതാണ്, അന്ന് വല്യമ്മയും ഒപ്പം ഉണ്ടായിരുന്നു. പക്ഷെ, കഥ നീണ്ടുപോകണമെങ്കിൽ ഒരാൾ ചെറിയ പരുക്കുകളോടുകൂടി രക്ഷപ്പെടണമല്ലോ !!അങ്ങനെ അല്ല, ഓരോരുത്തർക്കും ആയി  എഴുതിവെക്കപ്പെട്ട കർമ്മം ഉണ്ട്. അത് അവർ തന്നെ ചെയ്യുന്നതാണ് ദൈവത്തിനിഷ്ടം. ആ ഇഷ്ട്ടം നടപ്പിലാക്കുവാൻ ദൈവം ഓരോ വഴികൾ മെനഞ്ഞ് കൊണ്ടിരിക്കും.

ഇന്ന് തന്നെ പോകണോ മോളെ…വൈകിട്ട് തെയ്യം കളി ഉണ്ട് വനപുരകാവിൽ…

വേണം  വല്യമ്മേ…കമ്പനിയിൽ രണ്ട് പേർ ലീവിലാണ്. അമ്മക്ക് സുഖമില്ലെന്ന് പറഞ്ഞ്, കുറേ തവണ ചോദിച്ചിട്ടാണ് ഇന്നലെ ഒരു രാത്രി അമ്മയോടൊപ്പം ഉറങ്ങാൻ പറ്റിയത് തന്നെ…

അടുത്തുള്ള അമ്പലത്തിൽ നിന്നും പാട്ട് കേൾക്കാം. പത്തുദിനഉത്സവം  തുടങ്ങിയെന്ന് ഫോൺ ചെയ്യുമ്പോൾ വല്ല്യമ്മ പറഞ്ഞിരുന്നു…ഏഴെട്ട് വർഷമായി ജീവിതത്തിൽ തന്നെ ഒരു ഉത്സാഹമില്ലാതെ ആയിട്ട്…

വൈകിട്ടത്തെ ട്രെയിനിന് ഓൺലൈൻ ബുക്ക്‌ ചെയ്തിട്ട് ഓടിപ്പിടിച്ച് കുളിക്കാൻ പോകുമ്പോഴാണ് ഓർത്തത്, ഇന്നലെ ചോറ് കൊടുക്കുന്നതിനിടയിൽ എങ്ങനെയോ എന്റെ കൈ അമ്മയുടെ കൈലെ നഖം തട്ടി ചെറുതായി മുറിഞ്ഞിരുന്നല്ലോ…പഴയൊരു നഖം വെട്ടി തപ്പികണ്ടുപിടിച്ച് അമ്മയുടെ മുറിയിലേക്ക്, ‘ ഓടി’ എന്ന് പറയുന്നതാകും ശരി.

വിരലുകൾ നിവർത്തുവാൻ കുറച്ച് കഷ്ട്ടപ്പെട്ടു. കൈകൾ മുറുക്കി അടച്ചിരിക്കുകയായിരുന്നു. പണ്ട് ഞാൻ കുഞ്ഞായിരുന്നപ്പോൾ അമ്മയും ഇതുപോലെ കഷ്ട്ടപ്പെട്ടിട്ടുണ്ടാകും. ഇപ്പോൾ എന്റെ മടിയിൽ തലവെച്ച്, ബോധമനസ്സിനെ സ്വയം നിയന്ത്രിക്കുവാൻ ആകാതെ കിടക്കുന്നത് ബന്ധം കൊണ്ട് അമ്മ ആണെങ്കിലും കർമ്മം കൊണ്ട് മകളെ പോലെ തോന്നുന്നു.

സമയത്തിന് ഒരു ഡെഡ്ലൈൻ കൊടുക്കുമ്പോൾ, വളരെ വേഗം ഓടി ഒന്നാമൻ ചമയുന്നത് അതിന്റെ  പണ്ടേ ഉള്ള ശീലമാണല്ലോ. പക്ഷെ, അമ്മയുടെ കിടപ്പ് കണ്ടിട്ട് ഇട്ടിട്ട് പോകാനും തോന്നുന്നില്ല. പട്ടിണി കിടന്നും, പറഞ്ഞാൽ കേൾക്കാതെയും, ആകെ ബുദ്ധിമുട്ട് ഉണ്ടാക്കിയപ്പോഴാണ് വല്യമ്മ എന്നെ വിളിച്ച് വരുത്തിയത്, ചിലപ്പോൾ നിന്നെ കാണാൻ ആകും മോളെ. സമയം കിട്ടുമെങ്കിൽ ഒന്ന് വന്ന് കണ്ടിട്ട് പൊക്കോ…

കപ്പിലെ ചെറുചൂട് വെള്ളം തലയിലൂടെ ഊർന്നിറങ്ങുമ്പോൾ എന്റെ മേലിലേക്ക് ഒരു കൈക്കുഞ്ഞിനെ പോലെ ചായുവാൻ ശ്രമിക്കുന്നുണ്ടായിരുന്നു അമ്മ. വെള്ളത്തുള്ളികളെ വെള്ളത്തോർത്ത് വെച്ച് ഒപ്പിയെടുക്കുമ്പോൾ, തണുത്തിട്ടാകും ചില ശബ്ദങ്ങൾ ഉണ്ടാക്കുന്നുണ്ട്…വിറക്കുന്നുണ്ട്, ചുണ്ടുകൾ.

അമ്മക്കേറെ ഇഷ്ട്ടമുള്ള ചന്ദ്രിക സോപ്പിട്ട് കഴുകി, അലമാരയിൽ വെച്ചിരുന്ന  ഉടുപ്പിട്ട് കൊടുത്ത്, മുടി ചീകി ഉണങ്ങാൻ പാകത്തിന് തലയിണയിലേക്ക് നിവർത്തിയിട്ട് കിടത്തിയിട്ട് വേഗം പോയി കുളിച്ചു. എങ്ങനെയൊക്കെയോ സമയത്തെ കൈപ്പിടിയിൽ ഒതുക്കി ഇറങ്ങുവാൻ നേരം അമ്മയുടെ മുറിയിലേക്ക് നോക്കുവാൻ പോലും തോന്നിയില്ല.

തലയിലും കണ്ണിലും ഒരുതരം നീറ്റൽ പോലെ. എത്ര ശ്രമിച്ചിട്ടും അടുത്തൊന്നും ജോലി കിട്ടാത്തതിന് എനിക്ക് എന്ത് ചെയ്യാൻ പറ്റും…

ആ, മോള് ഇറങ്ങാറായോ…ഇതൊന്ന് കൊടുത്തിട്ട് പോകാൻ സമയം കാണോ…കഴിക്കണില്ല.

അമ്മേ…കഴിക്ക്…നെയ്യിൽ വഴറ്റിയെടുത്ത ഏത്തക്ക. അമ്മക്ക് ഏറെ ഇഷ്ടമുള്ളതല്ലേ. കാലിയായ പാത്രം വല്യമ്മയെ ഏൽപ്പിച്ച് അമ്മക്ക്, വേദന ഉള്ളിലൊതുക്കിയോരു ഉമ്മയും കൊടുത്ത് ഇറങ്ങുമ്പോൾ പാടവരമ്പത്തുകൂടി തെയ്യക്കോലം  പോകുന്നത് കണ്ടു.

ക്രോധം പൂണ്ട ചുവന്ന രൂപം…പണ്ടേ പേടിയാണ്. എന്തോ അനിഷ്ടം സംഭവിക്കാൻ പോകുംപോലെ തോന്നും തെയ്യം കാണുമ്പോഴും അതേ കുറിച്ച് കേൾക്കുമ്പോഴും. പക്ഷെ, എന്തോ ആ പേടി പുറത്ത് കാണിച്ചിട്ടില്ല ഇന്നുവരെയും.

ഇങ്ങോട്ട് വരുമ്പോൾ ബസ്സിന് വേഗത കുറവായിരുന്നല്ലോ…ഇപ്പോൾ തിരിച്ചുപോകുമ്പോൾ കിലോമീറ്റർ കുറഞ്ഞുപോയോ…കുളിച്ച് വന്ന് ബെഡിൽ കിടന്നതേ ഓർമ്മയുള്ളു. അലാറം അതിന്റെ തൊണ്ടപൊട്ടുമാറ് ഒച്ചയെടുത്തപ്പോഴും ബോധം വീണ്ടെടുത്തിരുന്നില്ല.

ഇവിടെ ഒരു വീട്ടിൽ പേയിങ് ഗസ്റ്റ് ആയിട്ട് നാല് പേര് കൂടിയാണ് താമസം. സ്വന്തം കുക്കിങ്. ആളുകൂടിയാൽ പാമ്പ് ചാകില്ലാന്ന പഴമൊഴിയിൽ തെറ്റില്ലാന്ന് തോന്നിയത് കൊണ്ട് രണ്ട് പേർ വീതം ഷിഫ്റ്റ്‌ ആയിട്ട് ആണ് ക്ലീനിങ്ങും കുക്കിങ്ങും. എല്ലാം ഒതുക്കി ഓടിക്കിതച്ച് ചെന്ന് പഞ്ച് ഇൻ ചെയ്ത് കഴിഞ്ഞാൽ  ഔട്ട്‌ ചെയ്യുന്നവരെ തിരക്കാകും.

വൈഗ…അമ്മക്ക് എങ്ങനെ ഉണ്ട്…

കുറവില്ല ശാരി…ഇട്ടിട്ട് പോരാനും തോന്നിയില്ല. പിന്നെ നമ്മുടെ അവസ്ഥ ഇതായിപ്പോയില്ലേ. കാശില്ലാതെ മരുന്ന് മേടിക്കുന്നത് എങ്ങനാ…?

ഉച്ചക്ക് കഴിക്കാൻ ആയി ടിഫിൻ ബോക്സ്‌ തുറന്നപ്പോഴാണ് കമ്പനി ഫോണിലേക്ക് സാർ വിളിച്ചത്. അത്യാവശ്യം ആയത് കൊണ്ട് ചോറ്റുപാത്രം അടച്ചുവെച്ച് ഓഫീസിലേക്ക് പോയി. എല്ലാം കഴിഞ്ഞ് ആഹാരം കഴിക്കാൻ നേരം വാച്ചിൽ നോക്കിയപ്പോൾ മണി മൂന്നര…

എല്ലാപേരും കഴിച്ചുപോയതിനാൽ മെസ്സ് മൂകമാണ്. വിശപ്പ് കെട്ടിരിക്കുന്നു. വയറിനുള്ളിൽ ഗ്യാസ് കേറിയിട്ട് കഴിക്കാൻ പറ്റുന്നില്ല. ഫുഡ്‌, വേസ്റ്റ് തട്ടുന്ന ബക്കറ്റിൽ കളഞ്ഞ് പാത്രം കഴുകി ഡ്രെസ്സിംഗ് റൂമിൽ പോകുമ്പോൾ മൊബൈൽ വെറുതേ എടുത്ത് നോക്കി.

വല്ല്യമ്മ പത്ത്…ലെനേച്ചി അഞ്ച്…ചിറ്റപ്പ ഏഴ്…ഗിരി അഞ്ച് മിസ്സ്ഡ് കാൾ…ദൈവമേ…എന്തോ പറ്റിയിട്ടുണ്ടല്ലോ… എന്റെ അമ്മ…അടിവയറ്റിൽ നിന്നും ഒരു മിന്നൽ തലയിലെ ഞരമ്പുകളെ കാർന്ന് തിന്നുന്നതായി തോന്നുന്നു. നെഞ്ച് ഇടിച്ചിട്ട് ശ്വാസം മുട്ടുന്നു. തൊണ്ട വരളുന്നു. ചെവിയിലേക്ക് ഒരു മൂളൽ. ശരീരമാകെ ചൂട് വ്യാപിക്കുന്നു.

തിരിച്ച് വിളിച്ചിട്ട്…നിങ്ങൾ വിളിക്കുവാൻ ശ്രമിക്കുന്ന നമ്പർ ഇപ്പോൾ തിരക്കിലാണ്…എടുക്ക്, എടുക്ക്…ആവശ്യത്തിന് വിളിച്ചാൽ പരിധിക്ക് പുറത്തും ബിസിയും…വിരലുകൾ സ്വയം അറിയാതെ ചലിക്കുന്നു.

ഹലോ…വല്യമ്മേ…കാൾ കണ്ടു. എന്താ ഉണ്ടായേ…?

മോളേ…ആ വിളിക്ക് ശേഷം ഒരു ചെറിയ ഇടവേള ഉണ്ടായിരുന്നു. ആർക്കും കേൾക്കുവാൻ കഴിയാത്തൊരു മൗനം…എല്ലാം ഒരു നിയോഗം ആണ്. ദൈവം കളിക്കുന്ന ഒരു പാവക്കളി. നമ്മൾ മനുഷ്യർ, നൂല് വലിക്കുന്ന ദിശയിൽ ചാടിക്കൊണ്ടിരിക്കണം.

അവസാനമായി നിന്റെ അമ്മക്ക് നിന്റെ മടിയിൽ കിടക്കുവാനായില്ലേ…നിന്റെ കൈ കൊണ്ട് ഉണ്ണുവാൻ കഴിഞ്ഞില്ലേ…നിന്റെ കൈകളിൽ കിടന്ന് ഒരു കൊച്ചുകുഞ്ഞിനെപ്പോലെ കുളിക്കുവാനായില്ലേ. ഇതിനേക്കാൾ വലിയൊരു ഭാഗ്യം എന്റെ പെങ്ങൾക്ക് ഇനി കിട്ടാനില്ല. ഒരമ്മയെ പോലെ നീ നോക്കിയില്ലേ അവളെ…എത്രയോപേർ ഇതെല്ലാം നിഷേധിക്കപ്പെട്ട് വൃദ്ധസദനങ്ങളിൽ വലിച്ചെറിയപ്പെടുന്നു. നീ, അവൾ ചെയ്ത പുണ്യത്തിന്റെ സമ്മാനമായിരുന്നു. ആ സമ്മാനത്തിൽ സന്തുഷ്ടയായി തന്നെയാണ് അവൾ പോയത്…

ഒന്നലറി വിളിക്കണമെന്ന് തോന്നി. പക്ഷെ, അതിനുള്ള ശേഷി നഷ്ടപ്പെട്ടിരിക്കുന്നു. എന്തൊരു ജന്മമാണ്. കഥയറിയാതെ ആട്ടം ആടുന്ന കോമാളികൾ. ഇന്നുംകൂടിയേ എന്റെ അമ്മ ഉള്ളുവെന്ന് ഇന്നലെ ഒരു സൂചനയെങ്കിലും കിട്ടിയിരുന്നെങ്കിൽ മരുന്ന് മേടിക്കാനുള്ള കാശ് സമ്പാദിക്കുവാൻ ആയി ഇങ്ങോട്ടേക്ക് ഓടില്ലായിരുന്നു. എത്ര നിസ്സഹായരാണ് നമ്മൾ…