Story written by Ammu Santhosh
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
“ഈ കല്യാണം ഞാൻ അനുവദിച്ച് എന്റെ സമ്മതത്തോടെ നടക്കില്ല വിനു. അത് പ്രതീക്ഷ വേണ്ട. നിനക്ക് ഇത് പോലെയൊരു കുട്ടിയല്ല എന്റെ മനസ്സിൽ. നീ അവളെ മറന്നേക്ക് “നകുലൻ പറഞ്ഞു
“അച്ഛൻ എന്നെയും “
അവൻ മുറിയിലേക്ക് പോയി
ആ പറഞ്ഞതിന്റെ ആഴം ഉൾക്കൊണ്ടിട്ട് എന്നപോലെ അയാൾ ഒന്ന് പിടഞ്ഞു
മിലിറ്ററിയിലാണ് നകുലൻ. കേണൽ നകുലൻ മേനോൻ. ഭാര്യ ഡോക്ടർ ഗംഗ. ഒറ്റ മകനാണ് വിനീത്. അവനും ഡോക്ടറാണ്. മകൻ സ്നേഹിക്കുന്നത് ഒരു നൃത്താധ്യാപികയെയാണന്നറിഞ്ഞപ്പോൾ നിയന്ത്രണം വിട്ടതാണ് അയാളുടെ. നല്ല കുട്ടിയാണ് നകുലേട്ടാ ഒന്ന് കണ്ടു നോക്ക് എന്ന് പറഞ്ഞ ഭാര്യയെ അയാൾ വിളിക്കാത്ത ചീ ത്ത ഇല്ല. മനസ്സില്ല തന്റെ മകനെ ഒരു നാട്യക്കാരിക്ക് കൊടുക്കാൻ എന്നയാൾ തീർത്തു പറഞ്ഞു
ദിവസങ്ങൾ കഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു. മോനോട് സംസാരിക്കാതെ പോകുന്ന ദിവസങ്ങളിൽ അയാളും അച്ഛനോട് സംസാരിക്കാതെയിരിക്കുന്ന ദിവസങ്ങളിൽ മകനും വേദനിച്ചു. വാശി മാത്രം കുറഞ്ഞില്ല
ഒടുവിൽ അച്ഛൻ തോറ്റു
ഒരു ദിവസം ഒന്ന് വിളിച്ചു കൊണ്ട് വരാൻ ഭാര്യയോട് പറഞ്ഞേൽപ്പിച്ചു
മകൻ അവളെ കൂട്ടിക്കൊണ്ട് വന്നു
ഇളം നിറമുള്ള ഒരു കോട്ടൺ സാരിയിൽ മെലിഞ്ഞ ഒരു പെൺകുട്ടി
അതി സുന്ദരനാണ് വിനീത്ഇവൻ എങ്ങനെയാണോ ഇവളിൽ ആകൃഷ്ടനായത് എന്ന് തോന്നി പോയി അയാൾക്ക്
പക്ഷെ സംസാരിച്ചു തുടങ്ങവേ. ശാന്തവും ലളിതവുമായ ആ സംഭാഷണം കേൾക്കവേ ഗൗരവത്തിന്റെ മുഖം മൂടി അഴിഞ്ഞു വീണു
ഒരു സാധു കുട്ടി
മാളവിക അസാധ്യ സൗന്ദര്യമില്ല പക്ഷെ ഒരു പ്രഭയുണ്ട്മു.ഖത്ത് നോക്കി ദേഷ്യപ്പെട്ടു പറയാൻ തോന്നില്ല
പക്ഷെ പൂർണമായി സമ്മതിച്ചു കൊടുക്കാൻ അയാൾ തയ്യാറായില്ല അവൾ പോയി ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരു മറുപടിയും അയാളിൽ നിന്നു വന്നില്ല
“ആ കുട്ടിയുടെ പിറന്നാൾ ആണ്. ക്ഷണിച്ചിട്ടുണ്ട് ഒന്ന് പോകാം “
“നിങ്ങൾക്ക് പോകാം “അയാൾ ശാന്തനായി പറഞ്ഞു
അവർ പോയി
നല്ല ഒരു വീട്വീ.ടിനോട് ചേർന്ന് നൃത്തവിദ്യാലയം
“അമ്മ ഇരിക്ക്. ഇരിക്ക് വിനുവേട്ടാ.”
അവളുടെ അച്ഛനും അമ്മയും ഒരു സാധു മനുഷ്യർ. സ്നേഹമുള്ളവർ
“ഭക്ഷണം കഴിക്കാൻ വരൂ “
അവർക്ക് മുന്നിൽ തൂശനിലയിൽ വിഭവങ്ങൾ നിരന്നു
“സദ്യ അല്ലാട്ടോ. ഈ ദിവസം മോൾക്ക് ഇഷ്ടം ഉള്ളത് ഉണ്ടാക്കി കൊടുക്കും. മാമ്പഴപുളിശേരിയും പുഴ മീൻ വറുത്തതും വാഴക്കൂമ്പ് തോരനും. പിന്നെ ഇത്തിരി നെയ് പായസവും.. അതാണ് കുട്ടിക്ക് ഏറ്റവും ഇഷ്ടം “
നല്ല രുചി ഉണ്ടായിരുന്നു അതിന്
പോകാൻ നേരം മാളവിക ഒരു പൊതി കൊണ്ട് കൊടുത്തു
“അച്ഛന് കൊടുക്കണം. ഇഷ്ടം ആവില്ല അറിയാം.പക്ഷെ കൊടുക്കണം ഒരു പൊതി ച്ചോറാണ്. എന്റെ പിറന്നാൾ ആണ്. ശപിക്കരുത് എന്ന് പറയണം “
ഗംഗ നിറഞ്ഞ കണ്ണുകളോടെ അവളുടെമൂർദ്ധാവിൽ ചുംബിച്ചു
“ദൈവം അനുഗ്രഹിക്കട്ടെ ” വീട്ടിൽ എത്തുമ്പോൾ നകുലൻ ഹാളിൽ ഉണ്ട്. പൊതി അവർ മേശപ്പുറത്ത് വെച്ചു
“അച്ഛന് കൊടുക്കണം. ഇഷ്ടം ആവില്ല അറിയാം പക്ഷെ കൊടുക്കണം ഒരു പൊതിച്ചോറാണ്. എന്റെ പിറന്നാൾ ആണ്. ശപിക്കരുത് എന്ന് പറയണം.ഇത് ഞാൻ പറഞ്ഞതല്ല. ആ കുട്ടി പറഞ്ഞതാണ് നിങ്ങൾ ഇത് കഴിക്കില്ല എന്നും വലിച്ചെറിയും എന്നും അതിനറിയാം. നിങ്ങൾക്ക് അതിനെ വെറുപ്പാണെന്നും അറിയാം എന്നിട്ടും ഒരു പൊതി കെട്ടി തന്നു വിട്ടു. അത് അതിന്റെ സംസ്കാരം. നൃത്തം ചെയ്യുന്ന എല്ലാ കുട്ടികളും മോശമാണെന്നു നിങ്ങൾക്ക് അഭിപ്രായം ഉണ്ടായിരിക്കും. എനിക്കില്ല. മാളവിക നല്ല കുട്ടിയാണ്. അത് മനസിലാക്കാൻ മനസ്സ് കുറച്ചു കൂടി വലുതാകണം “
ആദ്യമായാണ് ഗംഗ അത്രയും പറയുന്നത്അ.യാൾ മിണ്ടിയില്ല.അവർ ബെഡ്‌റൂമിലേക്ക് പോയി.
അയാൾ കുറച്ചു നേരം ആ പൊതിയിലേക്ക് നോക്കിയിരുന്നു
തനിക്ക് ഇഷ്ടപ്പെടില്ല എന്ന് അവൾക്ക് എങ്ങനെ അറിയാം?
എന്റെ കാര്യം തീരുമാനിക്കുന്നത് അവളാണോ? “
അയാൾ കസേര വലിച്ചിട്ടിരുന്നു
ഇല പൊതി തുറന്നു.സ്കൂൾ കാലത്തിന്റെ ഒരോർമ്മ അയാളിൽ നിറഞ്ഞു
അമ്മ
“മോനെ നകൂലാ ഒരു ഇല മുറിച്ചിട്ട് വാ മോനെ “
ഇല വാട്ടുമ്പോൾ അടുക്കളയിൽ നിൽക്കും
“ഇതെന്താ അമ്മേ ചെയ്യുന്നേ?”
“ഇങ്ങനെ ചെയ്ത എന്റെ കുട്ടി ഈ പൊതി തുറക്കുമ്പോൾ എല്ലാരും ഓടി വരും. എന്ത് മണ മായിരിക്കുമെന്നോ.. കുറച്ചു കൂടുതലും വെയ്ക്കുന്നുണ്ട്ട്ടോ അമ്മ. എല്ലാർക്കും കൊടുക്കണം “
“എന്തൊക്കെയാ അമ്മേ കറികൾ?”
“പുഴമീൻ കുറച്ചു കിട്ടി വറുത്തു. പിന്നെ വാഴ കൂമ്പ് തോരൻ എന്റെ മോന് വലിയ ഇഷ്ടം ഉള്ള മാമ്പഴപുളിശേരി. അത് ഒരു കുപ്പിയിൽ വെക്കുന്നുണ്ട് ട്ടോ കളയരുത് “.അയാൾ പൊതിച്ചോറ് തുറന്നു
ഒരു നിമിഷം നിശ്ചലനായി
മാമ്പഴപുളിശ്ശേരി നിറഞ്ഞ കുപ്പിയിൽ. അയാൾ ഒന്ന് തൊട്ടു പിന്നെ ഇലയിലേക്ക് നോക്കി
തന്റെ ഇഷ്ടങ്ങൾ.ജീവിതത്തിൽ അമ്മ മാത്രം ചെയ്തു തന്നിട്ടുള്ള ഇഷ്ടങ്ങൾ….
അമ്മയ്ക്ക് മാത്രം കഴിയുന്ന ആ അത്ഭുതം
അയാൾ ആർത്തിയോടെ അത് വാരി കഴിച്ചു ഒരു വറ്റ് പോലും ബാക്കി വെയ്ക്കാതെ
കണ്ണും മനസ്സും നിറഞ്ഞ കുറച്ചു സമയത്തിന് ശേഷം അയാൾ ഭാര്യയുടെ അരികിൽ വന്നിരുന്നു
“ആ കുട്ടി പിന്നെ ഇങ്ങോട്ട് വന്നിട്ടില്ലല്ലോ. ഒന്ന് വരാൻ പറയു “
“എന്തിനാ വരുന്നത്?”
“വന്നാലെന്താ? അവളെ കല്യാണം കഴിക്കാൻ പോകുന്ന ചെക്കന്റെ വീടല്ലേ ഇത്?”
അയാൾ പറഞ്ഞത് മുഴുവൻ കേട്ടില്ല അവർ.അവർ നടുക്കത്തിൽ അയാളെ നോക്കി
“ശപിക്കാൻ മാത്രം ദുഷ്ടനോന്നുമല്ല ഞാൻ എന്ന് പറഞ്ഞേക്ക്. നല്ലത് വരുമെന്നും “
അയാൾ നടന്ന് പുറത്തേക്ക് പോകുന്നത് നിറഞ്ഞ കണ്ണുകളോടെ അവർ കണ്ടിരുന്നു
ഒരു ഉരുള ചോറിന് മനുഷ്യനെ മാറ്റാൻ സാധിക്കുമോ എന്ന് ചിന്തിക്കാം
മാറ്റാം…
ആ ഒരു ഉരുള ചോറിൽ സ്നേഹം ഉണ്ടെങ്കിൽ അമ്മയുടെ കാരുണ്യമുണ്ടെങ്കിൽ ആർദ്രതയും ലാളിത്യവും ഉണ്ടെങ്കിൽ
ഒരു പിടി ചോറ് മതി… എല്ലാം മാറും.. എല്ലാം