പ്രേമിക്കുമ്പോൾ ഇല്ലാതിരുന്ന മതവും പള്ളിയുമൊക്കെ ജീവിക്കാൻ തുടങ്ങുമ്പോൾ പ്രശ്നമാകുന്നു. അമ്മയെ അവനുപേടിയാണത്രെ.ഇവന്റെ വാക്കിനെ വിശ്വസിച്ചു…….

ഈ സമയവും കടന്നുപോകും

Story written by Sajitha Thottanchery

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

കൃഷ്ണ നീ ഒന്നും പറഞ്ഞില്ല ……”

റോയ് വിദൂരതയിലേക്ക് നോക്കി പറഞ്ഞു.

ഒരു ചെറിയ കാറ്റ് വന്ന് അവരെ തഴുകി കടന്നു പോയി

“അഞ്ചു വർഷങ്ങൾക്ക് മുൻപും ഞാൻ ഒരു ഹിന്ദു പെൺകുട്ടി ആയിരുന്നില്ലേ റോയ്?”കാറ്റിൽ പറന്ന മുടിയിഴകളെ മാടിയൊതുക്കി കൃഷ്ണ ചോദിച്ചു.

അതെന്താ; ഇപ്പോ അങ്ങനെ ഒരു ചോദ്യം?

പുരികം ചുളിച്ചു കൊണ്ട് റോയ് ഒരു മറു ചോദ്യം ചോദിച്ചു.

“അന്നു ആ കോളേജിലെ ഇടനാഴിയിൽ വച്ച് നീ എന്നോട് ഇഷ്ട്ടമാണെന്നു പറയുമ്പോഴും; എൻ്റെ ഇഷ്ടം വാശിപിടിച്ച് നേടുമ്പോഴും ഞാൻ ഹിന്ദു ആണെന്നു നിനക്കറിയില്ലായിരുന്നോ റോയ്” കൃഷ്ണയുടെ ശബ്ദം ഇടറിയിരുന്നു.

“അത് കൃഷ്ണാ…… അമ്മ ഇങ്ങനെ പറയുമ്പോൾ ഞാനെന്താ ചെയ്യാ, ഇത് അത്ര വലിയ കാര്യാണോ? നീ ഒന്നു സമ്മതിച്ചാൽ നമ്മുടെ വിവാഹത്തിനു അമ്മ സമ്മതിക്കും “.

പ്രണയിച്ച ആളെ വിവാഹം കഴിക്കാനായി മതം മാറുന്നത് ഇന്നത്തെ കാലത്ത് വലിയ ഒരു കാര്യമൊന്നുമല്ല.പക്ഷേ എനിക്കത് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട് റോയ്. എൻ്റെ കാഴ്ചപ്പാടിൽ കൃഷ്ണനും യേശുവും അള്ളാഹുവും എല്ലാം ഒന്നു തന്നെയാ. വിശ്വസിക്കുന്ന ആളുകളുടെ മനസ്സിലേ അതിനു വ്യത്യാസമുള്ളൂ. നീ ഇപ്പോ നിൻ്റെ അമ്മയുടെ വാക്ക് കേട്ട് എന്നെ മതം മാറ്റാൻ ശ്രമിക്കുന്നു. അപ്പോൾ ഇത്ര നാളും എനിക്ക് തന്ന വാക്കിന് എന്ത് വിലയുണ്ട് റോയ്. സ്വന്തം തീരുമാനങ്ങളിൽ ഉറച്ചു നിൽക്കാൻ ആകാത്തവർക്ക് ജീവിതത്തിൽ വിജയിക്കാനാകും എന്ന് എനിക്ക് തോന്നുന്നില്ല ” . പാഞ്ഞടുക്കുന്ന തിരകളെ നോക്കി കൃഷ്ണ സംസാരിച്ച് കൊണ്ടിരുന്നു.

“അപ്പോൾ നമ്മുടെ വിവാഹം നടക്കാനായി ഇങ്ങനെ ഒരു കാര്യം ചെയ്യാൻ നിനക്ക് പറ്റില്ല എന്നാണോ പറയുന്നെ” സംശയത്തോടെ റോയ് ചോദിച്ചു.

“എന്തും സഹിക്കാൻ ഞാൻ തയ്യാറാണ്. പക്ഷേ ഇത് വരെ കൃഷ്ണ ആയിരുന്ന എന്നെ മതം മാറ്റി പുതിയ പേരും നൽകിയാൽ മാത്രമേ വിവാഹം കഴിക്കാനാവുള്ളൂ എങ്കിൽ അത് അംഗീകരിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. “

കൃഷ്ണ റോയ്ക്ക് അഭിമുഖമായി നിന്നു.

“എങ്കിൽ നമ്മുടെ വിവാഹം നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല” കൃഷ്ണയുടെ മുഖത്ത് നോക്കാതെ റോയ് പറഞ്ഞു

“എന്ത് പ്രതിസന്ധികൾ വന്നാലും അതിനെ എല്ലാം അതിജീവിച്ച് നാം ഒരുമിച്ച് ജീവിക്കും. ആരെ എതിർത്തിട്ടായാലും ” പണ്ടൊരിക്കൽ തന്നോട് റോയ് പറഞ്ഞ വാക്കുകൾ കൃഷ്ണയുടെ കാതിൽ അലയടിച്ചു. ആ ആളാണിപ്പോൾ മതം മാറാൻ സമ്മതമല്ലെങ്കിൽ കല്യാണം നടക്കില്ലെന്നു പറയുന്നത്.

പ്രേമിക്കുമ്പോൾ ഇല്ലാതിരുന്ന മതവും പള്ളിയുമൊക്കെ ജീവിക്കാൻ തുടങ്ങുമ്പോൾ പ്രശ്നമാകുന്നു. അമ്മയെ അവനുപേടിയാണത്രെ.ഇവന്റെ വാക്കിനെ വിശ്വസിച്ചു ആകെയുള്ള അമ്മയോട് പോലും വീട്ടിൽ എതിർത്തു നിന്ന തന്നോട് തന്നെ ഒരു നിമിഷത്തേക്ക് അവൾക്ക് പുച്ഛം തോന്നി.

“നീയെന്താ കൃഷ്ണാ ഒന്നും മിണ്ടാതെ നിൽക്കുന്നെ ?” ഏറെ നേരത്തെ മൗനം റോയ് അവസാനിപ്പിച്ചു.

“നമുക്ക് പിരിയാം റോയ് “കൃഷ്ണയുടെ മറുപടി റോയിയെ ഞെട്ടിച്ചു.

“നീയെന്താ പറയുന്നെ;നീയിപ്പോ ഒരു മാമ്മോദീസക്ക് നിന്ന് തന്നാൽ നമ്മൾ സ്വപ്നം കണ്ട പോലൊരു ജീവിതം നമുക്ക് കിട്ടും .”

“ഇല്ല റോയ് ;ഒരിക്കലുമില്ല ; ഇപ്പൊ അമ്മയ്ക്ക് വേണ്ടി എന്നോട് പറഞ്ഞ വാക്ക് മാറ്റിയ നീ നാളെ ഇനിയും പല കാര്യങ്ങളിലും വാക്ക് മാറ്റി പറഞ്ഞെന്നു വരാം.നമുക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ആകും അത് .ഇപ്പോ ഇത് വേണ്ടെന്നു വച്ചാൽ നമ്മൾ മാത്രമേ വിഷമിക്കേണ്ടി വരുള്ളൂ .കല്യാണത്തിന് ശേഷമാണെങ്കിൽ നമ്മുടെ വീട്ടുകാർ കൂടി ഇതിൽ വിഷമിക്കും.അത് കൊണ്ട് നീ അമ്മയ്ക്ക് ഇഷ്ടപ്പെട്ട ക്രിസ്ത്യൻ പെൺകുട്ടിയെ തന്നെ വിവാഹം കഴിക്കു .ഒന്നിന് വേണ്ടിയും എന്റെ ഐഡന്റിറ്റി മാറ്റാൻ എനിക്ക് പറ്റില്ല”.ഇത്രയും പറഞ്ഞു കൃഷ്ണ തിരിഞ്ഞു നടന്നു .

അവളുടെ ആ ഉറച്ച വാക്കുകളെ എതിർക്കാനുള്ള ശക്തി റോയിക്ക് ഉണ്ടായില്ല .അവൾ തിരിഞ്ഞു നടക്കുന്നതും നോക്കി അവൻ നിശ്ചലനായി നിന്നു.

തിരിഞ്ഞു നടക്കുമ്പോഴും അവളുടെ കണ്ണുകളെ നിയന്ത്രിക്കാൻ കൃഷ്ണയ്ക്ക് കഴിഞ്ഞിരുന്നില്ല.’ഈ സമയവും കടന്നുപോകും ‘അവൾ അവളോട് തന്നെ പറഞ്ഞു.എല്ലാത്തിനും മൂകസാക്ഷിയായ ആ കടൽ പിന്നെയും തീരത്തെ പുല്കിക്കൊണ്ടിരുന്നു.