പ്രണയവിഹാർ ~ ഭാഗം 29, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

തുടർച്ചയായി വാതിലിൽ തട്ടുന്നത് കേട്ട് മൗലി കോപത്തോടെ എഴുന്നേറ്റു. ശ്രാവണിയിൽ നിന്നും അടർന്നു മാറിയതിന്റെ ദേഷ്യം അവന്റെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു. വേട്ടക്കാരന്റെ കൈയിൽനിന്നും രക്ഷപ്പെട്ട മാൻപേടയെപ്പോലെ ശ്രാവണി പിടഞ്ഞെഴുന്നേറ്റു.

ശ്രാവണിയെ വഷളൻ നോട്ടത്തോടെ ഒന്നുഴിഞ്ഞുകൊണ്ട് രസക്കേടോടെ അവൻ വാതിലിന് നേർക്ക് നടന്നു.

ഇവന്മാർക്ക് ഇതെന്തിന്റെ കേടാ… പിറുപിറുത്തുകൊണ്ട് അവൻ വാതിലിന്റെ ബോൾട്ട് എടുത്തു.

അന്നേരം മിന്നൽപോലെ ശ്രാവണി മുന്നോട്ട് പാഞ്ഞു.

ടീ… മൗലിക്ക് അവളുടെ ടോപ്പിന്റെ പിൻഭാഗത്താണ് പിടികിട്ടിയത്. അവന്റെ വലിയുടെ ശക്തിയിൽ ടോപ്പ് കീറുകയും അവൾ പിന്നിലേക്ക് ആയുകയും ചെയ്തു. തലയടിച്ച് വീഴും മുൻപേ തന്നെ അവളെ വലിച്ച് തന്നോട് ചേർത്തിരുന്നു വിഹാൻ.

ആ മുഖംപോലും കാണാതെ തന്നെ തന്റെ പ്രിയപ്പെട്ടവനെ തിരിച്ചറിയുവാൻ അവൾക്കായി. ഇരുകൈകളാലും അവനെ പുണർന്നുകൊണ്ട് ആ നെഞ്ചിലേക്കവൾ പറ്റിച്ചേർന്നു. വിറയലും കണ്ണുനീരും അവളെ കീഴടക്കിയിരുന്നു. ടോപ്പ് കീറിയതിനാൽ അവളുടെ പുറംഭാഗം ന ഗ്നമായിരുന്നു. വിഹാൻ അത് മറയ്ക്കാനെന്നവണ്ണം ഒന്നുകൂടി അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു. അപ്പോഴേക്കും അവളുടെ ദുപ്പട്ട നിഹാർ വിഹാന് നേർക്ക് നീട്ടിയിരുന്നു.

മുൻപിൽ നിൽക്കുന്നവരെ കണ്ട് വിശ്വാസം വരാതെ നോക്കിനിൽക്കുകയായിരുന്നു മൗലി. വിഹാന്റെ കണ്ണിൽനിന്നും ചിതറുന്നത് തീപ്പൊരിയാണെന്ന് അവന് തോന്നി. തന്റെ അനുയായികളെ തേടിയെന്നപോലെ അവന്റെ കണ്ണുകൾ പരക്കം പാഞ്ഞു.

അജയ്… നാഗേഷ്.. അവൻ അലറി.

എന്നാൽ വിഹാന് പിന്നിലായി നിഹാറും ദീപുവും സഞ്ജുവും നിരന്നത് കണ്ടതും മൗലിയുടെ മുഖത്ത് പതർച്ച വ്യക്തമായി.

നിന്റെ അജയെയും നാഗേഷിനെയുമൊക്കെ ഇഞ്ച ചതയ്ക്കും പോലെ ചതച്ചിട്ട് തന്നെയാ ഞങ്ങൾ ഇങ്ങോട്ട് വന്നത്. സഞ്ജു പരിഹാസരൂപേണ പറഞ്ഞു.

ടാ.. ചീറിക്കൊണ്ട് മൗലി മുന്നോട്ട് കുതിച്ചു. സഞ്ജുവിന്റെ മുഖത്തേറ്റ അടി തടുക്കാൻ അവനായില്ല. ദീപുവിനെ കറക്കിയെറിഞ്ഞ് അവൻ നിഹാറിന് നേർക്ക് തിരിഞ്ഞു.

ശ്രാവണിയെ നെഞ്ചിൽനിന്നും ഇടത് വശത്തേക്ക് ചേർത്തണച്ചുകൊണ്ട് തന്നെ വിഹാൻ വലത് കാൽ മൗലിയുടെ നെഞ്ച് ലക്ഷ്യമാക്കി ചലിച്ചു.

മൗലി പിന്നിലേക്ക് മലർന്നുവീണു.

നിഹാർ പാഞ്ഞുവന്ന് അവന്റെ നെഞ്ചിൽ കാൽ ചവിട്ടിയമർത്തി. മൗലി ഒന്ന് പിടഞ്ഞു.

ഞങ്ങളുടെ കുടുംബത്തിൽ കയറി കളിക്കുന്നോടാ മോനേ. നീ തല്ലി ഹോസ്പിറ്റലിൽ ആക്കിയത് ഞങ്ങളുടെ അച്ഛനെയാടാ. ഞങ്ങൾക്ക് ജന്മം നൽകിയ മനുഷ്യനെ. ആ മനുഷ്യന്റെ ശരീരത്തിൽ നിന്നും പൊടിഞ്ഞ ചോരയ്ക്ക് കണക്ക് പറഞ്ഞില്ലെങ്കിൽ പിന്നെയെന്തിനാടാ ഞങ്ങളെപ്പോലെ രണ്ടാണ്മക്കൾ. ഒന്നുയർന്നുകൊണ്ട് നിഹാർ മുട്ടുമടക്കി അവന്റെ നെഞ്ചിലേക്ക് ആഞ്ഞിരുന്നു. അമറലോടെ മൗലി ആഞ്ഞുയർന്നു. നീ വൃത്തികെട്ട കണ്ണോടെ നോക്കിയത് എന്റെ പെങ്ങളെയാ. നിന്റെ പിഴച്ച കണ്ണിനി അവളുടെ നേർക്ക് പതിക്കരുത്.. അടുത്ത ഇടി അവന്റെ നെഞ്ചിനായിരുന്നു. ചുമച്ചുകൊണ്ട് അവൻ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി.

വിഹാൻ മുന്നോട്ട് വന്നവനെ വലിച്ചുയർത്തി. നിൽക്കാൻ പോലുമാകാതെ അവൻ കുനിഞ്ഞുപോയി.

ഞങ്ങളുടെ ശരീരത്തിലൊരു പോറലേൽക്കാതെ താങ്ങായി നിന്ന എന്റെ അച്ഛനെയാ നീ… പറയുന്നതിനോടൊപ്പം വിഹാന്റെ മുഷ്ടി അവന്റെ താടിയിലൂടെ കടന്നുപോയി. വായിൽ രക്തത്തിന്റെ ചുവ അവനറിഞ്ഞു.

നിന്നോട് ഞാൻ പണ്ടേ പറഞ്ഞിട്ടുള്ളതാ എന്റെ പെണ്ണിനെ വിട്ടേക്കാൻ. അന്നവളെ പ്രൊപ്പോസ് ചെയ്തതിനാ നിനക്ക് എന്റെ കൈയിൽ നിന്നും കിട്ടിയത്. എന്നാലിന്ന് അവളെന്റെ ഭാര്യയാ. അവളുടെ ശരീരത്ത് കൈവച്ച നിന്നെ അപ്പോൾ ഞാൻ വെറുതെ വിടണോ മൗലീ… വിഹാന്റെ ശബ്ദം അവിടെയാകെ മുഴങ്ങുന്നതായി മൗലിക്ക് തോന്നി. മുട്ടുകാൽ അവന്റെ നാഭിക്ക് കയറ്റുമ്പോൾ വിഹാന്റെ മനസ്സിലെ അഗ്നി സിരകളിലേക്ക് പ്രവഹിച്ച് കുത്തൊഴുക്കായി മാറിയിരുന്നു.

ഇരുവശത്തായി വന്ന് നിന്ന് മൗലിയുടെ കൈയിൽ ദീപുവും സഞ്ജുവും പിടിത്തമിട്ടു. ഒരുമിച്ചൊന്ന് കറങ്ങിയതും അലർച്ചയോടെ മൗലി കൂനി. അതോടൊപ്പം എല്ലുകൾ പൊട്ടുന്ന ശബ്ദവും മുഴങ്ങി. അവൻ തറയിലേക്ക് അമർന്നിരുന്നു. വായിൽ നിന്നുമൊഴുകുന്ന രക്തത്തെ തുപ്പിക്കൊണ്ട് അവൻ കുഴഞ്ഞ തല നേരെ നിർത്താൻ അവൻ ശ്രമപ്പെട്ടു. അവന്റെ നോട്ടം ശ്രാവണിയിൽ തറച്ചുനിന്നു.

മൗലി ഒരു പെണ്ണിനേ മോഹിച്ചിട്ടുള്ളൂ അത് നീയാ ശ്രാവണീ. കണ്ടനാൾ മുതൽ ഇടനെഞ്ചിൽ ഞാൻ ചേർത്തുവച്ചവൾ. ആഗ്രഹിച്ചതെല്ലാം നേടിത്തരാൻ ചുറ്റിലും എല്ലാവരുമുണ്ടായിരുന്നതുകൊണ്ട് ആശിക്കും മുൻപേ പലതും കൈവന്ന് ചേർന്നിട്ടുണ്ട്. അതുപോലെ നേടിയെടുക്കാമെന്ന് കരുതി നിന്നെയും. വാശിയാ ദേ ഇവനോട്. ആശിച്ചത് നേടിയെടുക്കാൻ പോരാടുമ്പോൾ എല്ലാ കഥയിലും അവൻ വില്ലനായി മാറും. മാർഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനം എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ.
അതുകൊണ്ട് തന്നെ ചെയ്തു കൂട്ടിയത് തെറ്റാണെന്ന് തോന്നിയിട്ടില്ല.. തോന്നുകയുമില്ല. കാരണം അത്രയേറെ നീയെനിക്ക് ലഹരിയാണ്. സ്നേഹിച്ചു കൂടായിരുന്നോ ശ്രാവണീ നിനക്കെന്നെ. അതിനുള്ള യോഗ്യത ഇല്ലായിരുന്നോ എനിക്ക്. നിന്റെ സ്നേഹം മാത്രമേ ഞാൻ ആഗ്രഹിച്ചിരുന്നുള്ളൂ.. അത് പോലും കിട്ടാതായപ്പോൾ…..മുറിഞ്ഞുപോയ വാക്കുകൾ അടുക്കിവച്ചുകൊണ്ട് ഇടർച്ചയോടെ മൗലി പറഞ്ഞു നിർത്തി.

ശ്രാവണിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവളുടെ നോട്ടം വിഹാനിൽ തങ്ങിനിന്നു. അതിൽ വിഹാനോടുള്ള പ്രണയം മാത്രമേയുണ്ടായിരുന്നുള്ളൂ.

സ്നേഹത്തിന് അളവുകോൽ യോഗ്യതയോ പണമോ അല്ല മൗലീ ദൈവം ഓരോരുത്തർക്കും ഓരോരുത്തരെ വിധിച്ചിട്ടുണ്ട്. എനിക്കായി കാത്തുവച്ചതാണിവളെ. എന്റെ പെണ്ണ്. ആരെ സ്നേഹിക്കണമെന്നും സ്വീകരിക്കണമെന്നും തീരുമാനിക്കേണ്ടത് അവളാണ്. പണം കൊടുത്ത് നേടാൻ കഴിയാത്തതായി സ്നേഹം മാത്രമേയുള്ളൂ ഈ ഭൂമിയിൽ. ആ കണ്ണുകളിൽ നിന്നോട് ഭയവും വെറുപ്പുമേയുള്ളൂ. അനുവാദമില്ലാതെ അവളുടെ ശരീരത്തെ നോട്ടംകൊണ്ട് പോലും നേരിടുന്നവനോട് പെണ്ണിന് വെറുപ്പ് മാത്രമേ കാണൂ. പിന്നെ എത്രയൊക്കെ വിചാരിച്ചാലും ആ വെറുപ്പ് മാറില്ല.. വിഹാന്റെ വാക്കുകൾ മൗലിയുടെ മനസ്സിൽ ആഴ്ന്നിറങ്ങി.

പഴന്തുണി പോലെ മൗലിയെ വലിച്ചെറിയുമ്പോൾ നുറുങ്ങാൻ ഒരെല്ലുപോലും ആ ശരീരത്തിൽ ബാക്കിയില്ലായിരുന്നു.രക്തത്താലും നീരാലും പലയിടവും വീങ്ങി.

എല്ലാം കണ്ട് ഭയന്ന് നിൽക്കുകയായിരുന്നു ശ്രാവണി. സഹോദരനായും സുഹൃത്തായും പാതിയായും തനിക്കുകൂടി വേണ്ടി കണക്ക് തീർത്ത അവരുടെ സ്നേഹച്ചൂടിലേക്ക് പൂർണ്ണമായും ഓർമ്മകൾ വീണ്ടെടുത്ത് നിറഞ്ഞ മനസ്സോടെ അവൾ ചേക്കേറി. സഹോദരനാകാൻ ഒരമ്മയുടെ വയറ്റിൽ പിറക്കേണ്ടതില്ല.. ഒരേ രക്തം സിരകളിലൂടെ ഒഴുകേണ്ടതുമില്ല. അതിനെക്കാളേറെ തീവ്രതയോടെ ചേർത്തുപിടിക്കാൻ ഇവർക്കാകും.

വസ്ത്രം മാറിയതിന് ശേഷമാണ് ശ്രാവണിയെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയത്.

താൻ കാരണമാണ് അച്ഛന് ഈ അവസ്ഥ വന്നതെന്ന് പറഞ്ഞ് ഏങ്ങിക്കരഞ്ഞ അവളെ സമാധാനിപ്പിക്കാൻ ഏറെ പ്രയാസപ്പെടേണ്ടിവന്നു. ജന്മം കൊണ്ടല്ലാതെ കർമ്മം കൊണ്ട് അച്ഛനായ മനുഷ്യൻ. തരുണിയും നിരഞ്ജനും നോക്കിക്കാണുകയായിരുന്നു ആ ബന്ധത്തിന്റെ തീവ്രതയെ.. പവിത്രതയെ…ആഴത്തെ..കുറ്റബോധത്താൽ നിരഞ്ജന്റെ തല കുനിഞ്ഞു. ജന്മം നല്കിയവനായിട്ടുകൂടി ഒരിക്കൽപ്പോലും തന്റെ മകളെ ഒന്ന് ചേർത്തു പിടിക്കാത്തവനായിപ്പോയി താനെന്ന തിരിച്ചറിവ് അയാളെ വല്ലാതെ വേദനിപ്പിച്ചു. എങ്കിലും ഇത്രയും സ്നേഹം നിറഞ്ഞ ഒരു കുടുംബത്തിലെ രാജകുമാരിയാണ് മകളെന്ന യാഥാർഥ്യം അവരെ സന്തോഷിപ്പിക്കുകയും ചെയ്തു.

ദിവസങ്ങൾ കടന്നുപോയി. അച്ഛന്റെ തലയിലെ മുറിവുണങ്ങാൻ തുടങ്ങി. ശ്രാവണവിഹാറിൽ കളിയും ചിരിയും മാത്രം അലയടിച്ചുയർന്നു. ഇഷാന്റെ കുറുമ്പും ശ്രീയുടെ കുസൃതിയും അവിടുത്തെ താളമായി.

അച്ഛന് ഭേദമായപ്പോൾ വിഹാൻ ശ്രാവണിയെയും കൊണ്ട് ആദ്യം പോയത് വാക്ക് പാലിക്കാൻ തന്നെയായിരുന്നു. പൊന്നിമലയിലെ അപ്പയ്ക്കും അമ്മയ്ക്കും കൊടുത്ത വാക്ക് പാലിക്കുന്നതിനായി. അവർ മാത്രമല്ല ഇരുവരുടെയും കുടുംബാംഗങ്ങളും അവരോടൊപ്പമുണ്ടായിരുന്നു. നിറമിഴികളോടെ സന്തോഷത്തോടെ അവർ എല്ലാവരെയും സ്വാഗതം ചെയ്തു. അവളുടെ മുഖത്തെ ചൈതന്യം മാത്രം മതിയായിരുന്നു അവളെത്രമാത്രം സന്തോഷവതിയാണെന്നറിയാനായി. മൂന്ന് അമ്മമാരുടെയും മൂന്ന് അച്ഛന്മാരുടെയും സ്നേഹം അനുഭവിക്കാൻ ഭാഗ്യം ലഭിച്ചതിൽ അവൾ വളരെ സന്തോഷിച്ചു. രണ്ടരവർഷക്കാലം സ്വന്തം മകളായി ശ്രാവണിയെ നോക്കി വളർത്തിയ ആ അച്ഛനമ്മമാരോടുള്ള കടപ്പാടോ നന്ദിയോ വാക്കുകളാൽ നിർവചിക്കാൻ സാധ്യമല്ലെന്ന് ഏവർക്കും ബോധ്യമായിരുന്നു.

രാത്രി ബാൽക്കണിയിലെ കാറ്റേറ്റ് ശ്രാവണി നിന്നു. അവളുടെ നീണ്ട മുടിയിഴകൾ കാറ്റേറ്റ് പറക്കുന്നുണ്ടായിരുന്നു. ഒരു പൂവ് ചോദിച്ചപ്പോൾ പൂക്കാലം തന്നു ദൈവം. ഇന്ന് സ്നേഹമാണ് ചുറ്റും.

പിന്നിൽനിന്നും പുണർന്ന കരങ്ങളുടെയും ചേർത്തുനിർത്തിയ ആ ശരീരത്തിന്റെയും ചൂട് അവളിലേക്ക് അരിച്ചിറങ്ങുന്നുണ്ടായിരുന്നു.

എന്താ എന്റെ വൈഫി ആലോചന.. അവളുടെ ചുമലിൽ താടി ചേർത്തുകൊണ്ട് അവൻ ചോദിച്ചു.

ഒരിറ്റ് സ്നേഹത്തിനായി കൊതിച്ചിരുന്ന ശ്രാവണിയുണ്ടായിരുന്നു വിഹാൻ. അവൾക്ക് സ്നേഹം മാത്രം നിറഞ്ഞുനിൽക്കുന്ന ഒരു കുടുംബത്തിനെ നൽകി.. സഹോദരനെയും.. സുഹൃത്തുക്കളെയും.. സഹോദരിയെയും അച്ഛനമ്മമാരെയും ഇഷുവിനെയുമെല്ലാം നൽകിയത് നീയാണ്. രണ്ടരവർഷക്കാലം ഓർമ്മകൾ പോലുമില്ലാതെ ജീവിച്ചവൾ.അപ്പോഴും ലഭിച്ചില്ലേ ആ കാട്ടിലെ മുഴുവൻ സ്നേഹവും. ശരിക്കും ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതി ഞാനാണ് വിഹാൻ..ഇത്രയേറെ എന്നെ സ്നേഹിക്കുന്നവർ എന്റെ കൂടെയുണ്ട്. മൗലിയെന്ന കരിനിഴൽ എന്നിൽ നിന്നും പറിച്ചു മാറ്റി.. ആ അധ്യായം എന്നന്നേക്കുമായി അവസാനിപ്പിച്ചു. ചെയ്ത തെറ്റുകളുടെ തിരിച്ചറിവുമായി അവൻ പുതിയൊരു ജീവിതം തുടങ്ങുമായിരിക്കും. ഞാനാലോചിക്കാറുണ്ട് നീ എന്നിലേക്ക് വന്നില്ലായിരുന്നുവെങ്കിൽ എനിക്കിതൊന്നും ലഭിക്കില്ലായിരുന്നു. താങ്ക്യു വിഹാൻ.. അവളവന്റെ കൈയിൽ അമർത്തി ചുംബിച്ചു.

എല്ലാം നിന്റെ മനസ്സിലെ നന്മ കൊണ്ട് മാത്രമാണ് ശ്രീക്കുട്ടീ. കളങ്കമില്ലാതെ മനസ്സ് തുറന്ന് സ്നേഹിക്കാനറിയാവുന്നവളാണ് നീ. അതുകൊണ്ടാണ് എല്ലാം നിന്നിലേക്ക് എത്തിച്ചേർന്നത്. ഓർമ്മകൾ തിരികെ ലഭിച്ചു.. നല്ലൊരു മകളും സഹോദരിയും മാമിയുമൊക്കെയായി. എന്റെ സുഹൃത്തായി.. പ്രണയിനിയായി.. ഭാര്യയായി.. അതുമാത്രം മതിയോ.. അവളുടെ കാതിൽ മെല്ലെ കടിച്ചുകൊണ്ടവൻ ചോദിച്ചു. വല്ലാത്തൊരു വിറയൽ തന്നെ കീഴടക്കുന്നത് അവൾ തിരിച്ചറിഞ്ഞു.അവന് അഭിമുഖമായി തിരിഞ്ഞുനിന്ന് അവന്റെ നെറുകയിൽ ചുണ്ടമർത്തുമ്പോൾ അവൾ അനുവാദം നല്കിക്കഴിഞ്ഞിരുന്നു. ചെറുചുംബനങ്ങളാൽ അവളിലെ പെണ്ണിനെ തൊട്ടുണർത്തി വിഹാൻ. അവളുടെ പിടച്ചിലുകളെ കുറുകലാക്കി മാറ്റാൻ അവന് ചുംബനമാധുര്യം പകർന്നു നൽകേണ്ടി വന്നതേയുള്ളൂ. ശ്വാസനിശ്വാസങ്ങളുടെ ഉയർച്ചകളിലും താഴ്ചകളിലും അവൻ അവളിലേക്ക് ആഴ്ന്നിറങ്ങി. അവളിൽ പൊടിഞ്ഞ വിയർപ്പുതുള്ളികൾ അധരത്താൽ ഒപ്പിയെടുത്തുകൊണ്ട് തന്നെ പൂർണ്ണയാക്കിയ തന്റെ പെണ്ണിന് അവൻ സംതൃപ്തിയുടെയും പ്രണയത്തിന്റെയും പ്രതീകമായി നെറുകയിൽ നനുത്ത ചുംബനം നൽകി. അവൾക്ക് മേലെ പുതപ്പിനാൽ ആവരണം തീർത്തുകൊണ്ടവൻ അവളെ തന്നിലേക്ക് ചേർത്തണച്ചു. തഴുകി തലോടിയ പിച്ചകപ്പൂമണം നിറഞ്ഞ കാറ്റിൽപ്പോലും നാണം അലതല്ലി.

********

കുരവയുടെ ശബ്ദം ആ കാട്ടിൽ അലയടിച്ചു. തിളച്ചു മറിയുന്ന പൊങ്കാലക്കലവും പൂർണ്ണചൈതന്യത്തോടെ വിളങ്ങുന്ന അമ്മനും. ഭക്തിസാന്ദ്രമായ അന്തരീക്ഷം. വിഹാനോട് ചേർന്നുനിന്ന് ശ്രാവണി അമ്മനെ കൈകൂപ്പി. അരികിലായി കുടുംബാംഗങ്ങളും സഞ്ജുവും ഐഷുവും. അമ്മന്റെ തിരുമുൻപിൽ പൂജിച്ച കുങ്കുമം തന്റെ പാതിയുടെ സീമന്തരേഖയിൽ ചാർത്തുമ്പോൾ വിഹാൻ നന്ദി പറയുകയായിരുന്നു. തന്റെ പെണ്ണിനെ തന്നോട് ചേർത്തുവച്ചത് അമ്മനാണെന്ന് അവൻ പൂർണ്ണമായും വിശ്വസിക്കുന്നു. ഈ ജന്മം മാത്രമല്ല വരുംജന്മങ്ങളിലും തന്റെ പാതിയായി ചേർത്തുവയ്ക്കണേയെന്ന് ഇരുവരും മനസ്സുരുകി പ്രാർത്ഥിച്ചു. ആ വരം നൽകിയെന്നോണം അമ്മന്റെ തിരുനടയിലെ അൻപത്തിയൊന്ന് മണികൾ ഒന്നിച്ചു കിലുങ്ങി ഒരു കാറ്റിന്റെ പോലും സാമീപ്യമില്ലാതെ…അപ്പോൾ ചിന്നപ്പയുടെ കൈയിലിരുന്ന് കുസൃതി കാണിക്കുന്ന ഒന്നര വയസ്സുകാരന് വിഹാന്റെ മുഖച്ഛായയായിരുന്നു.. അവന്റെ ശ്രീക്കുട്ടിയുടെ കുറുമ്പായിരുന്നു..

അവസാനിച്ചു