പ്രണയവിഹാർ ~ ഭാഗം 13, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

വിഹാന്റെ നിറഞ്ഞ കണ്ണുകൾ സീത കണ്ടു.

“അയ്യോ എരിവ് തട്ടിയല്ലേ.. കണ്ണൊക്കെ നിറഞ്ഞു ” അവരവന്റെ നെറുകയിൽ ചെറുതായി തട്ടി.

മൊഴീ ആ വെള്ളം ഇങ്ങെടുത്തേ..

അടുത്തിരുന്ന കലത്തിൽ നിന്നും ഗ്ലാസ്സിലേക്ക് വെള്ളം പകർന്നുകൊണ്ട് മൊഴി സീതയ്ക്കടുത്തേക്ക് പോയി.

വെള്ളം നീട്ടുമ്പോഴാണ് പന്തത്തിൽ തെളിഞ്ഞ അഗ്നിയുടെ പ്രകാശത്തിൽ വിഹാന്റെ മുഖം അവൾ കണ്ടത്. കൈയിലെ വിറയൽ കാരണമാകാം ഗ്ലാസിലെ വെള്ളം തുള്ളി തുളുമ്പി. ഞെട്ടലോ ഭീതിയോ എന്തെന്നറിയാത്ത ഭാവം അവളുടെ മുഖത്ത് പ്രകടമായി. അവന്റെ നെഞ്ചിലെ വിയർപ്പിന്റെ നനവ് വീണ്ടും തന്റെ കവിളിൽ അനുഭവപ്പെടുന്നതായി അവൾക്ക് തോന്നി.

വാങ്ങി കുടിക്ക് മോനേ.. ഇതാ എന്റെ മോൾ മൊഴി.. അവർ വാത്സല്യപൂർവ്വം പരിചയപ്പെടുത്തി.

വിഹാൻ ഗ്ലാസ്സ് വാങ്ങി. അപ്പോഴും അവന്റെ കണ്ണുകൾ മൊഴിയിലായിരുന്നു. അത് കണ്ടാകാം അവൾ അസ്വസ്ഥതയോടെ നോട്ടം പിൻവലിച്ച് അകത്തേക്ക് കയറിപ്പോയി.

ഭക്ഷണത്തിനുശേഷം വിഹാൻ മുത്തുവിന്റെ വീട്ടിലേക്ക് നടന്നു.

നിങ്ങൾക്ക് തൊട്ടരികിൽ തന്നെയുണ്ട് മൊഴി. അവൾ മൊഴിയാണോ ശ്രാവുവാണോ എന്ന് കണ്ടെത്താൻ നിങ്ങൾക്ക് കഴിയും. ഞങ്ങൾക്ക് അധികം ഇങ്ങോട്ട് വരാൻ കഴിഞ്ഞെന്ന് വരില്ല. അറിയാമല്ലോ നമ്മുടെ പക്കൽ സമയം വളരെ തുച്ഛമാണ്. സൂക്ഷിക്കണം. ദീപു പറഞ്ഞു.

അവർ കുടിലിലേക്ക് വരുമ്പോൾ വിഹാൻ പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു.

വിഹാൻ.. ചുമലിൽ പതിഞ്ഞ സഞ്ജുവിന്റെ കരങ്ങളാണ് അവനെ ചിന്തയിൽ നിന്നും മോചിതനാക്കിയത്.

അവൻ ചിരിക്കാനൊരു ശ്രമം നടത്തിയെങ്കിയതും അത് വിഫലമായി. നിറഞ്ഞ കണ്ണുകളെ ഞങ്ങളിൽ നിന്നും ഒളിപ്പിക്കാൻ നിനക്ക് സാധിക്കുമായിരിക്കും പക്ഷേ നിന്റെയീ പിടയുന്ന നെഞ്ച് ഞങ്ങൾ കാണുന്നുണ്ടെടാ.. ഞങ്ങൾ നിന്റെ സുഹൃത്തുക്കളാണ്. നിന്റെ പറയാതെ അറിയുവാനും കേൾക്കാതെ കേൾക്കുവാനും കാണാതെ അറിയുവാനും കഴിയുന്നവർ. ഇതൊക്കെ പ്രതീക്ഷിച്ചു തന്നെയല്ലേ നീ അവളെ കണ്ടെത്താൻ ഇവിടേക്ക് വന്നത്..

മ്.. പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഓരോ നിമിഷവും അവൾ അരികിലുണ്ടായിട്ടും അവൾക്ക് ഞാൻ അപരിചിതമാണ്. എന്നെ കാണുമ്പോൾ പ്രണയം മാത്രം നിറഞ്ഞുനിന്ന ആ മിഴികളിൽ ഇപ്പോൾ തെളിയുന്നത് ഭയമോ ഞെട്ടലോ എന്തൊക്കെയോ ആണ്. ലോകത്തൊരാൾക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ. കാരണം ആ വേദന അത്രമേൽ ഭയാനകമാണ്. പറയാൻ കഴിയാത്ത ഒരു നോവ്.. അതിനെ വിരഹമെന്നാരോ വിളിച്ചു എന്നല്ലേ.. വേദന നിറഞ്ഞ പുഞ്ചിരി അവനിൽ തെളിഞ്ഞു.

മുത്തു എത്തിയതിനാൽ സംസാരത്തിന് താൽക്കാലിക വിരാമമിട്ട് കൊണ്ടവർ കിടക്കാനായി പോയി.

ഈ സമയം മൊഴിയും ആകെ അസ്വസ്ഥയായിരുന്നു. എന്തിനാണവൻ ഇങ്ങോട്ടേക്ക് വന്നത്. അമ്മന്റെ മുൻപിൽ വച്ചവരുടെ മംഗല്യമെന്നാണ് അമ്മ പറഞ്ഞത്. ശരിക്കും അവരതിനായിരിക്കുമോ വന്നിട്ടുണ്ടാകുക.. അവന്റെ ആ നോട്ടവും ഭാവവും കൊത്തിവലിക്കുകയാണ് ഓരോ നിമിഷവും. അവന്റെ ശരീരത്തിലെ നനവും ചൂടുമൊക്കെ ഇപ്പോഴും തന്നിൽ നിറഞ്ഞു നിൽക്കുന്നുവെന്നവൾക്ക് ഓരോ നിമിഷവും തോന്നി. അവനെപ്പറ്റിയോർക്കരുതെന്ന് കരുതുമ്പോഴും മനസ്സ് ചതിക്കുകയാണ് ഓരോ നിമിഷവും. വെപ്രാളത്തോടെ അവൾ എഴുന്നേറ്റിരുന്നു. പാടില്ല തെറ്റാണ്. അന്യപുരുഷനെ മനസ്സിൽ ഓർമ്മിക്കാൻ പാടില്ല. സ്വയം ശാസിച്ചുകൊണ്ട് ഉറക്കത്തിലേക്ക് കൂപ്പുകുത്തുമ്പോഴും നറുനിലാവായി അവളുടെ മനസ്സിൽ വിരുന്നെത്തിയ മുഖത്തിന്‌ വിഹാന്റെ ഛായയായിരുന്നു.

ഒരു ദിവസം ഇതിനിടയിൽ കടന്നുപോയി. വിഹാന്റെ മുൻപിൽ പോകാതിരിക്കാൻ അവൾ ശ്രമിച്ചു.ആവണിയുമായും ഐഷുവുമായും അധികം സംഭാഷണത്തിനും അവൾ മുതിർന്നില്ല.

പിറ്റേദിവസം രാവിലെ ധരിക്കാനുള്ള വസ്ത്രങ്ങളുമെടുത്ത് അൽപ്പം എണ്ണയെടുത്ത് മുടിയിൽ തേച്ചുപിടിപ്പിച്ച് മൊഴി കുളിക്കാനിറങ്ങി.

അമ്മേ.. കുളിച്ചിട്ട് വരാമേ. ആ തേന്മൊഴിയെയും കല്യാണിയേയും ഇന്നലെ ഉച്ചയ്ക്ക്മുൻപ് കണ്ടതാ. പിന്നെ കണ്ടില്ല.

മോളേ.. നീ അപ്പുറത്തെ ആ പുതിയ പെങ്കുട്ട്യോളെ കൂടി കൊണ്ടുപോ. അവർക്കും ഒരു കൂട്ടാകും.

ഒരു നിമിഷമവൾ പോകണോയെന്ന് ആലോചിച്ചു. അവരാരായാലും തനിക്കെന്താ. അവരെ കാണുമ്പോൾ പരിഭ്രമിക്കേണ്ട കാര്യവുമില്ല. മനസ്സിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ട് അവൾ കുടിലിലേക്ക് പോയി.

ആരുമില്ലേ ഇവിടെ…

ഉറക്കച്ചടവോടെ വാതിൽ തുറന്ന ഐഷു കണ്ടത് മൊഴിയെയാണ്. ഇമചിമ്മാതെ അവൾ നോക്കിനിന്നു. തന്റെ ശ്രാവു തന്നെ. മറ്റ് മാറ്റങ്ങളൊന്നും അവൾക്കില്ല.

അമ്മ കുളിക്കാൻ വിളിക്കാൻ പറഞ്ഞു.. മൊഴി പറഞ്ഞു.

മ്.. അകത്തുചെന്ന് ആവണിയെയും വിളിച്ചുകൊണ്ട് അവർ ചോലയിലേക്ക് നടന്നു.

മൊഴിക്ക് ഞങ്ങളോട് ദേഷ്യമുണ്ടോ.. ആവണിയാണ് തുടക്കമിട്ടത്.

എന്തിന്..

അത്… നീർച്ചോലയ്ക്കരികിൽ വച്ച് അങ്ങനെ സംഭവിച്ചതിന്..

അത് നിങ്ങളുടെ തെറ്റല്ലല്ലോ. നിങ്ങൾ രണ്ടുപേരും എന്നോടൊന്നും ചെയ്തില്ലല്ലോ.
അയാളല്ലേ തെറ്റ് ചെയ്തത്..

വിഹാനെ അവൾ കുറ്റപ്പെടുത്തിയത് സഹിക്കാൻ ഐഷുവിനായില്ല.

അവനെ കുറ്റം പറയാൻ പറ്റില്ല മൊഴീ. അവന്റെ സ്ഥാനത്ത് മറ്റാരായാലും ഇങ്ങനൊക്കെയേ സംഭവിക്കുള്ളൂ. കാരണം…

കൂട്ടുകാരെ ന്യായീകരിക്കുകയാണോ. ഒരു പെൺകുട്ടിയെ അതുമിതുവരെ കണ്ടുപരിചയം പോലുമില്ലാത്ത ഒരുവളെ ഭ്രാന്തമായി പുണരുന്നതും ചുംബിക്കുന്നതുമൊക്കെ നിങ്ങളുടെ കാഴ്ചപ്പാടിൽ ശരിയായിരിക്കാം. പക്ഷേ എനിക്കങ്ങനെയല്ല.. നീരസത്തോടെ മൊഴി പറഞ്ഞു.

ഞങ്ങളുടെ വിഹാൻ അങ്ങനെയൊരാളല്ല മൊഴീ അവൻ..

വേണ്ട എനിക്ക് കേൾക്കേണ്ട അയാളെപ്പറ്റി ഐഷുവിനെ ബാക്കി തുടരാൻ അനുവദിക്കാതെ മൊഴി കൈയെടുത്ത് വിലക്കി.

ഐഷുവിന്റെ മുഖത്ത് സങ്കടവും നിസ്സഹായതയും ഒരുപോലെ നിറഞ്ഞു. അത് മനസ്സിലായെന്നവണ്ണം ആവണി അവളെ ചേർത്തു പിടിച്ചു.

മൊഴിക്ക് പണ്ടേ ഇത്രയും മുടിയുണ്ടോ.. കുളി കഴിഞ്ഞ് തലമുടി തുവർത്തുമ്പോഴായിരുന്നു ആവണി ചോദിച്ചത്.

ഉവ്വ്.. അമ്മ എന്തൊക്കെയോ കൂട്ട് ചേർത്തുണ്ടാക്കിയ എണ്ണയാണ്. മല്ലിയമ്മയും അമ്മയും കൂടിയാ എന്റെ മുടി സംരക്ഷിക്കുന്നതും.. അവൾ ചെറുചിരിയോടെ പറഞ്ഞു.

കഴുകിയ തുണികൾ കൈത്തണ്ടയിലിട്ട് അവർ വീട്ടിലേക്ക് നടന്നു.

ആഹ്… കാലുയർത്തി മൊഴി വിളിച്ചു.

ശ്രാവൂ… ആവണിയും ഐഷുവും വിളിയോടെ അവൾക്കരികിലേക്ക് ഓടിയെത്തി.

അയ്യോ മുള്ള് തറഞ്ഞതാ.. ഐഷു കരയുകയായിരുന്നു. വേദനയ്ക്കിടയിലും മൊഴി ശ്രദ്ധിച്ചത് ഐഷുവിന്റെ കണ്ണുനീരും ആവണിയുടെ സങ്കടവുമാണ് . അവൾക്ക് ആശ്ചര്യം തോന്നി.

കാലിൽ തറച്ചിരുന്ന മുള്ളിനെ വലിച്ചൂരിയശേഷം ഓടിപ്പോയി വെള്ളമെടുത്ത് ആവണി മുറിവ് കഴുകി.

ശ്രദ്ധിക്കണ്ടേ ശ്രാവൂ.. നന്നായി മുറിഞ്ഞിട്ടുണ്ട്.നിനക്കല്ലെങ്കിലും ശ്രദ്ധയില്ലല്ലോ.. തീർത്തുപയോഗിച്ച് മുറിവ് കെട്ടുന്നതിനിടെ ഐഷു പറഞ്ഞു.

മൊഴി അത്ഭുതത്തോടെ അവളെ നോക്കി.

അപ്പോഴാണ് ഐഷുവും അത് ശ്രദ്ധിച്ചത്. കൂടുതലൊന്നും പറയാൻ നിൽക്കാതെ ഐഷു മൊഴിയുടെ കൈപിടിച്ച് മുന്നോട്ട് നടന്നു. പിന്നാലെ ആവണിയും.

സീതമ്മേ..ആവണിയുടെ വിളികേട്ടാണ് അവർ പുറത്തേക്ക് വന്നത്. മൊഴിയെ താങ്ങിപ്പിടിച്ചാണ് നിൽപ്പ്. അപ്പോഴാണവർ അവളുടെ കാലിലെ കെട്ട് കണ്ടതും.

കാര്യമറിഞ്ഞപ്പോൾ സ്നേഹത്തോടെ ശാസിച്ചവർ മൊഴിയെ അകത്തേക്ക് കൊണ്ടുപോയി. ആ അമ്മയുടെ കണ്ണിലെ നനവും ആധിയും അവരെ കൂടുതൽ കുഴപ്പിച്ചതേയുള്ളൂ.

വീട്ടിലെത്തിയിട്ടും മൊഴിയുടെ മനസ്സ് നിറയെ ഐഷുവും ആവണിയുമായിരുന്നു. തന്റെ കാലിൽ മുള്ള് തറഞ്ഞപ്പോൾ എന്തിനായിരുന്നു അവരുടെ കണ്ണുകൾ നിറഞ്ഞത്. അന്ന് അയാൾ വിളിച്ചത് ശ്രീക്കുട്ടീ എന്നാണ്. ഇവർ വിളിച്ചത് ശ്രാവു എന്നും. സത്യത്തിൽ ശ്രാവുവും ശ്രീക്കുട്ടിയും ആരാണ്. അവളും ഞാനും തമ്മിലെന്താണ് ബന്ധം. ഓർക്കുന്തോറും അവൾക്ക് ഭ്രാന്ത്‌ പിടിക്കുന്നതായി തോന്നി. പെട്ടെന്നെന്തോ ഓർത്തതുപോലെ അവൾ അടുക്കളയിലേക്ക് നോക്കി. അമ്മ അടുപ്പിൽ പുകയൂതുകയാണ്. അവൾ പുറത്തേക്കിറങ്ങി.

ഐഷുവിനടുത്തേക്കാണ് അവൾ പോയത്. മുൻപിൽ മൊഴി വന്നുനിൽക്കുന്നത് കണ്ട് ഐഷു ഫോൺ കട്ടിലിൽ വച്ചിട്ടെഴുന്നേറ്റു.

നിങ്ങളൊക്കെ ആരാണ്. അന്നാ മനുഷ്യൻ ശ്രീക്കുട്ടീ എന്ന് വിളിച്ചാണ് കാട്ടിക്കൂട്ടിയതെല്ലാം. ഇന്ന് എന്റെ കാലിൽ മുള്ള് തറച്ചപ്പോൾ നിങ്ങളുടെ കണ്ണ് നിറയുന്നു.

ശ്രാവു എന്ന് വിളിക്കുന്നു . ആരാ ഈ ശ്രീക്കുട്ടിയും ശ്രാവുവും. ആ കുട്ടിയും ഞാനുമായി എന്താ ബന്ധം. നിങ്ങളിവിടെ വന്നത് വിവാഹം ചെയ്യാനാണെന്ന് പറഞ്ഞത് സത്യമാണോ. ഇക്കഴിഞ്ഞ ദിവസങ്ങളിൽ എന്റെ ഉറക്കം കെടുത്തുന്നത് നിങ്ങളാണ്. ആ മനുഷ്യൻ ആരാണെന്നെനിക്കറിയില്ല. ഞാനയാളെ ഇതിന് മുൻപ് കണ്ടിട്ടുമില്ല. പക്ഷേ അയാളുടെ നോട്ടം ഓരോ നിമിഷവും എന്റെ സ്വസ്ഥത കെടുത്തുകയാണ്. എനിക്കറിയണം ആരാ ശ്രാവു. അയാളെന്തിനാ എന്നെ ശ്രീക്കുട്ടിയെന്ന് വിളിച്ചത്.

ഐഷു അവളെത്തന്നെ നോക്കി നിൽക്കുകയാണ്.അവളുടെ വിറയ്ക്കുന്ന മൂക്കിൻതുമ്പ്‌ ശ്രാവുവിനെ ഓർമ്മിപ്പിച്ചു. ഐഷു കണ്ണുകളടച്ച് നെടുവീർപ്പിട്ടു.

പറയാം.. പക്ഷേ ഇവിടെ വച്ച്.. ഐഷു സംശയിച്ചു.

ഇവിടെനിന്നും അധികദൂരത്തൊന്നും എന്നെ വിടാറില്ല. പ്രായമായ പെൺകുട്ടികൾ കറങ്ങി നടക്കാൻ പാടില്ലല്ലോ. പലപ്പോഴും കണ്ണുവെട്ടിച്ചാ പോയിട്ടുള്ളത്. മുളങ്കൂട്ടത്തിനരികെ പോകാം. അമ്മയോട് അനുവാദം വാങ്ങി വരാം ഞാൻ .. മൊഴി വീട്ടിലേക്ക് പോയി.

ഐഷൂ… ആവണി അവളുടെ കൈത്തണ്ടയിൽ പിടിച്ചു. അവളറിയണം ആവണീ. അതെല്ലാം കേട്ടിട്ടും അവളിൽ മാറ്റമൊന്നുമില്ലെങ്കിൽ അവൾ നമ്മുടെ ശ്രാവു അല്ല. നിരാശരായി നമുക്ക് മടങ്ങേണ്ടി വരും.

അപ്പോൾ വിഹാൻ.. ആവണിയുടെ സ്വരത്തിൽ ഭീതി നിറഞ്ഞിരുന്നു.

ഐഷു മറുപടി നൽകിയില്ല. അതേ ചോദ്യമായിരുന്നു അവളുടെ മനസ്സിലും. അതിനുത്തരവും അവൾക്കറിയാമായിരുന്നു.

അൽപ്പനേരം കഴിഞ്ഞതും അവൾ തിരികെയെത്തി. അവർ മുളങ്കൂട്ടത്തിനരികെയെത്തി. കാറ്റിൽ മുളയിലകളുടെ മർമ്മരം കേൾക്കാമായിരുന്നു. രണ്ടുമൂന്നുപാറകൾ അവിടെ കിടന്നിരുന്നു. അതിലായി അവർ ഇരുന്നു.

മൗനത്തിന് വിരാമമിട്ട് പറഞ്ഞു തുടങ്ങിയത് ഐഷു തന്നെയാണ്.

ശ്രാവണി.. ഞങ്ങളുടെ ശ്രാവു. വിഹാന്റെ ശ്രീക്കുട്ടി. കുറുമ്പും കുസൃതിയും കുന്നോളം സ്നേഹവും കൈമുതലായുള്ളവൾ. എല്ലാവരെയും സ്നേഹിക്കാൻ മാത്രമറിയാവുന്നവൾ. ഐഷു പറഞ്ഞു തുടങ്ങുകയായിരുന്നു ശ്രാവണിയെപ്പറ്റി.

സ്റ്റഡി ടൂർ പോയിവന്നതിനുശേഷവും പ്രശ്നങ്ങളൊന്നുമില്ലാതെ വിഹാന്റെയും ശ്രീക്കുട്ടിയുടെയും പ്രണയം പുഴപോലൊഴുകി. പരസ്പരം സ്നേഹിക്കുവാനായി അവർ മത്സരിക്കുകയായിരുന്നു. ശരിക്കും ഞങ്ങൾക്ക് അദ്ഭുതമായിരുന്നു അവരുടെ പ്രണയം. ചെറിയ പിണക്കങ്ങൾ പോലുമില്ലാതെ ഇങ്ങനെയും സ്നേഹിക്കാൻ കഴിയുമോ.

ഉച്ചയ്ക്കുള്ള ഇന്റർവെൽ സമയത്ത് മഞ്ഞ ഗുൽമോഹറിന്റെ ചുവട്ടിൽ ഇരിക്കുകയായിരുന്നു അവർ.

വരുന്ന തിങ്കളാഴ്ച വാലെന്റൈൻസ്‌ഡേ ആണ് ആവണി പെട്ടെന്ന് പറഞ്ഞു.

നീയെന്താ അന്ന് വിഹാന് കൊടുക്കുന്നത്.. ദീപു പെട്ടെന്ന് ചോദിച്ചു.

ശ്രാവു പുഞ്ചിരിച്ചു. നിനക്ക് വേണ്ടി ഞാനന്നൊരു സമ്മാനം തരും. മറ്റാർക്കും കാണാൻ കഴിയില്ല അത് എന്റെ സമ്മതമില്ലാതെ.. നീ മാത്രമാണ് ആ സമ്മാനത്തിന്റെ അവകാശി. നിനക്ക് മാത്രമായുള്ള സമ്മാനമാണത്..

അതെന്ത് സമ്മാനം സഞ്ജു ചോദിച്ചു.

അതൊക്കെയുണ്ട്.. അവൾ കുസൃതിയോടെ കണ്ണിറുക്കി.

വാലന്റൈൻസ് ഡേ..പ്രണയം ഇതൾ വിടർത്തിയാടുന്ന ദിനം. വേനലിൽ പോലും വസന്തം തീർക്കാൻ പ്രണയത്തിനാകും.

ടാ.. നീയെന്താ അവൾക്ക് കൊടുക്കുന്നത് സഞ്ജു ചോദിച്ചു.

വിലകൂടിയ സമ്മാനങ്ങളിലൊന്നും അവൾക്ക് ഭ്രമമില്ല. അതൊന്നും അവളെ മോഹിപ്പിക്കുകയുമില്ല. ഇന്നീ കോളേജ് സാക്ഷിയാക്കി ഞാനവൾക് ഈ പൂക്കൾ നൽകും. എല്ലാവരും അറിയണം വിഹാന്റെ പെണ്ണാണ് ശ്രീക്കുട്ടിയെന്ന്. ചെറിയ കാര്യങ്ങളിൽ വലിയ സന്തോഷം കണ്ടെത്തുന്നവളാണ് ശ്രീക്കുട്ടി.

പൊളിച്ചു..

അപ്പോഴേക്കും അവരുടെ ഡിയോ ഗേറ്റ് കടന്നുവന്നു.

റെഡ് കളർ ഷർട്ടും ബ്ലാക്ക് ജീൻസുമായിരുന്നു അവളുടെ വേഷം. അവൻ കൈയിലിരുന്ന പൂക്കൾ പിന്നിലേക്കൊളിപ്പിച്ചു.

ഒന്നും പരസ്പരം ആരും ഉരിയാടിയില്ല. അവർ ഗ്രൗണ്ടിലേക്ക് നടന്നു. അപ്പോഴാണ് വിഹാന്റെ ഫോൺ റിങ് ചെയ്തത്.

അവൻ ഫോൺ ചെവിയോട് ചേർത്തു.

പെട്ടെന്നാണ് അവിടെ ഒരു കൈയടി മുഴങ്ങിയത്. എല്ലാവരുടെയും ശ്രദ്ധ അവനിലേക്കായി.

ഹലോ ഗയ്സ്, എന്നെ മിക്കവർക്കും അറിയാമെന്ന് കരുതുന്നു. ഞാൻ ഇന്ദ്രമൗലി. തേർഡ് ഇയർ ബോട്ടണി. എല്ലാവർക്കും അറിയാം ഇന്ന് പ്രണയദിനമാണ്. എല്ലാ പ്രണയിതാക്കളും കൊതിക്കുന്ന ദിനം. എനിക്കും ഇന്ന് സ്പെഷ്യൽ ഡേ ആണ്. ഈ കൂട്ടത്തിൽ ഇന്ദ്രമൗലി നെഞ്ചേറ്റിയ പെണ്ണുണ്ട്. വന്നനാൾ മുതൽ മൗലിയുടെ ഹൃദയത്തിൽ ചേക്കേറിയവൾ. എന്നിൽ നിത്യവസന്തം തീർക്കാൻ അവൾക്ക് മാത്രമേ കഴിയൂ. നിങ്ങളെല്ലാവരും കാൺകെ ഞാനവളെ പ്രൊപ്പോസ് ചെയ്യുകയാണ്കൈയിലൊരു കെട്ട് ചുവന്ന മനോഹരമായ തുടുത്ത റോസാപുഷ്പങ്ങളുമായി മൗലിയുടെ കാലുകൾ ചലിച്ചു.

അവന്റെ കാലുകൾ ലക്ഷ്യമാക്കി നീങ്ങുന്നത് തങ്ങളുടെ അടുത്തേക്കാണെന്ന് ശ്രീക്കുട്ടി ഉൾക്കിടിലത്തോടെ ഓർത്തു. ഐഷുവിന്റെ കൈകളിൽ അവളുടെ കൈ മുറുകി. അവളുടെ കണ്ണുകൾ തെന്നിപ്പാഞ്ഞു. മൗലിയുടെ വരവ് ആർക്കുനേരെയെന്ന് കണ്ടിട്ടാകണം ഫോണിൽ സംസാരിച്ചു കൊണ്ടുനിന്ന വിഹാന്റെ നെറ്റി ചുളിഞ്ഞു. അവൻ ഫോൺ കട്ട്‌ ചെയ്തു. ശ്രീക്കുട്ടി വിറയ്ക്കുകയായിരുന്നു. വിയർപ്പുമണികൾ ചെന്നിയിലേക്കൊഴുകിയിറങ്ങി..

അപ്പോഴേക്കും മൗലി അവൾക്ക് മുൻപിലായി മുട്ടുകുത്തി ഇരുന്നിരുന്നു.

ആദ്യമായി കണ്ടനാൾ മുതൽ വെള്ളരിപ്രാവായി എന്റെ ഹൃദയത്തിലേക്ക് അനുവാദം പോലും ചോദിക്കാതെ കടന്നു വന്നവളാണ് നീ. പ്രണയമെന്ന മൂന്നക്ഷരം എന്നിൽ തീർത്തവൾ. എന്നും ഒരു നിഴൽപോലെ നിന്റെ പിന്നിലുമുണ്ടായിരുന്നു ഞാൻ..ഐ ലവ് യു മൈ ഗേൾ . വിൽ യു മാരി മീ ശ്രാവണി… കൈയിലിരുന്ന പൂക്കൾ അവൾക്കുനേരെ നീട്ടി അവൻ ചോദിച്ചു.

ശ്രീക്കുട്ടി അതൊന്നും ശ്രദ്ധിച്ചില്ല. അവളുടെ കണ്ണുകൾ വിഹാനിൽ മാത്രമായിരുന്നു . ദേഷ്യം കൊണ്ടവന്റെ ഞരമ്പുകൾ വലിഞ്ഞിരുന്നു.

ശ്രാവണി…അവനവളുടെ കൈയിൽ പിടിച്ചതും തെറിച്ചു വീണതും ഒരുമിച്ചായിരുന്നു . അപ്പോഴേക്കും ശ്രാവണി വിഹാന്റെ നെഞ്ചിലേക്ക് ചേർന്നിരുന്നു. അവന്റെ കൈകൾ അവളെ ചുറ്റി വരിഞ്ഞിരുന്നു.

തുടരും…