Story written by Sumayya Beegum T A
വെളുപ്പിന് ചായയ്ക്ക് വെള്ളം വെക്കുമ്പോൾ തുറന്നിട്ട ജനാലയിലൂടെ കടന്നുവന്ന തണുത്ത കാറ്റിനു കാപ്പിപ്പൂവിന്റെ മയക്കുന്ന ഗന്ധം…
മത്തുപിടിപ്പിക്കുന്ന മണമാണ് കാപ്പിപ്പൂക്കൾക്ക് കൂട്ടത്തോടെ നിൽക്കുന്നത് കാണാൻ എന്തൊരു ഭംഗിയാണ്.
തിളച്ചു പൊന്തിവരുന്ന പാലിലേക്ക് കാപ്പിപ്പൊടി ഇട്ട് പഞ്ചസാരയും ചേർത്ത് വാങ്ങി വെക്കുമ്പോൾ കാപ്പിപ്പൂവും മണവും ഒക്കെ മറന്നുപോയി.
രാവിലത്തെ ഓട്ടപാച്ചിലിൽ സ്വപ്നം കണ്ടോണ്ട് നിന്നാൽ ഇന്നത്തെ മൊത്തം കാര്യങ്ങളും കുഴപ്പത്തിലാകും.
അതുകൊണ്ട് തന്നെ പാതകത്തിൽ അരച്ചു വെച്ചിരുന്ന മാവിന്റെ പാത്രം എടുത്തു തുറന്നു. നല്ല പോലെ നുരഞ്ഞു പൊന്തിയിട്ടുണ്ട്. പാലപ്പ ചട്ടിയിലേക്ക് ഓരോ തവിയായി കോരി ഒഴിച്ചു ചുട്ട് അടുക്കിവെക്കുമ്പോൾ കുക്കറിൽ ഗ്രീൻ പീസും ക്യാരറ്റും ഉരുളകിഴങ്ങും കൂടി പാകത്തിന് വെന്തിരുന്നു.അതിലേക്ക് തേങ്ങയും പെരുംജീരകവും കൂടി അരച്ച് ചേർത്ത് താളിച്ചു വിളമ്പാനുള്ള പാത്രത്തിലാക്കി മാറ്റിവെച്ചു.
ബീറ്റ്റൂട്ട് തോരനും മുട്ട പൊരിച്ചതും പയർ മെഴുക്കുപുരട്ടിയും ഒക്കെ ഓരോ പാത്രത്തിൽ നിറയുന്നതിനോട് മത്സരിച്ചു സമയം അതിവേഗം ഓടി…
സത്യത്തിൽ ഇതൊന്നും ഒരു പണിയല്ല പണി ഇനിയാണ്. മക്കളെ വിളിച്ചുണർത്തി ഒരുക്കി ഓട്ടോയിൽ കേറ്റി വിടുമ്പോൾ ഒളിമ്പിക്സിൽ പോയി ഗോൾഡ് മെഡലു വാങ്ങി വന്നപോലൊരു നിർവൃതിയാണ്..
കുളിച്ചെന്ന് വരുത്തി പെട്ടന്നൊരു ചുരിദാർ എടുത്തിടുമ്പോൾ ബസ് വരാനുള്ള ടൈം ആകും. ഒരുങ്ങി പോകാനൊക്കെ ആഗ്രഹമുണ്ടെങ്കിലും ഒരിക്കലും നടക്കില്ല എന്നുള്ളതാണ് വാസ്തവം.
പക്ഷേ ഇന്നൊരു മീറ്റിംഗ് ഉണ്ട്. എന്നും പോകുന്നപോലെ മെനകെട്ടു പോയാൽ മൊത്തത്തിൽ നാണക്കേട് ആവും. അതുകൊണ്ട് തന്നെ ഉള്ളതിൽ കൊള്ളാവുന്ന ഒരു ചുരിദാർ ഇട്ട് അത്യാവശ്യം മേക്കപ്പ് ഒക്കെ ചെയ്തപ്പോൾ പ്രോഗ്രാമിനുള്ള ടൈം ആയി.
ഭക്ഷണം കഴിക്കാതെ ഓടാൻ നോക്കിയപ്പോൾ ആണ് കെട്ടിയോൻ എഴുന്നേറ്റ് വന്നത്. പുള്ളി സ്റ്റോപ്പ് വരെ കൊണ്ട് വിടാമെന്ന് പറഞ്ഞപ്പോൾ ഒരപ്പമെടുത്തു കഴിച്ചു.
മൂപ്പരുടെ ഒപ്പം വണ്ടിയിൽ ഇരിക്കുമ്പോൾ ആണ് ശ്രദ്ധിച്ചത് ഇന്ന് ചെക്കൻ ചുള്ളനായിട്ടുണ്ട്. പിങ്ക് ഷർട്ടും അതിനു ചേരുന്ന നീല ജീൻസും എല്ലാം കൂടി അടിപൊളി.
അതേ മനുഷ്യ നിങ്ങൾ ആ മുകളിലെ ബട്ടൻസ് ഇടാത്തതെന്താണ്. മര്യാദക്ക് ഇട്ടോ ബാലചന്ദ്രമേനോൻ കളിച്ചു വല്ല തൈ കിളവീസിനെയും പ്രലോഭപ്പിക്കാൻ ഉള്ള പോക്കാണെങ്കിൽ വിവരമറിയും.
നല്ലപോലെ കുശുമ്പും അതിനു സമം അസൂയയും ചേർത്ത് പറഞ്ഞതിനെ പുള്ളി ചിരിച്ചോണ്ട് തള്ളി.
അല്ല ആണുങ്ങൾക്ക് എന്തും ആകാല്ലോ. ഇപ്പോൾ നമ്മൾ പെണ്ണുങ്ങൾ എങ്ങാനുമാണ് ഷാൾ ഇടാതെ ഇറങ്ങുന്നതെങ്കിലോ. ഒന്നും പറയണ്ട.
എന്താടി പിറുപിറുക്കുന്നത്.
ഒന്നുമില്ല. അടുത്ത ജന്മത്തിൽ ആണായി ജനിക്കണം എന്നോർക്കുക ആയിരുന്നു.
നീ ആണാണോ എന്നെനിക്ക് സംശയം ഉണ്ട്.
ബെസ്റ്റ്.വർഷം പത്തു കഴിഞ്ഞപ്പോൾ അങ്ങനെ ഒരു സംശയം ഒക്കെ സ്വാഭാവികം ആണ്. നാട്ടുകാര് കേൾക്കണ്ട.
ഉവ്വുവ്വേ എങ്കിൽ മാഡം ഇറങ്ങു സ്റ്റോപ്പ് എത്തി.
മൂപ്പരോട് യാത്ര പറഞ്ഞു ഇറങ്ങി വെയിറ്റിംഗ് ഷെഡിൽ ചെന്നപ്പോൾ പരിചയമുള്ള ഒന്ന് രണ്ടുപേരുണ്ട്..
അതിലൊരു കൊച്ചു പണ്ട് കൂടെ പഠിച്ചതാണ്. അങ്കണവാടിയിൽ ആണെന്ന് മാത്രം.
സുമേ നീ എഴുതുന്ന കഥകൾ ഒക്കെ കാണാറുണ്ട് കേട്ടോ.
അതുകേട്ടു രണ്ടു വീടപ്പുറം ഉള്ള ചേച്ചി എന്നെ മൊത്തത്തിൽ ഒന്ന് നോക്കി.
എന്ത് കഥകളാണ് ശ്രീജേ ഈ കൊച്ചു എഴുതുന്നത്?
ഈ കഴിഞ്ഞദിവസം പീരി യഡ്‌സിനെ കുറിച്ചെറുഴുതിയിട്ട് ഉണ്ടായിരുന്നു ചേച്ചി.
അയ്യയ്യേ അയ്യയ്യേ എനിക്ക് കേൾക്കണ്ട. ആ ചേച്ചി ചെവിയിൽ ആസിഡ് വീണപോലെ പൊത്തിപിടിക്കുന്ന കണ്ടപ്പോൾ ദേഷ്യവും സങ്കടവും തോന്നി.
പിന്നെ അതിനു മുമ്പ് പ്രസവത്തെ കുറിച്ചെഴുതിയത് ഞാൻ മൊത്തം വായിച്ചു.
ഐഷ് അയ്യേ ഇതൊക്കെ ആണോ എഴുതിപിടിപ്പിക്കുന്നത്. അവരെന്നെ ചുഴിഞ്ഞൊന്നു നോക്കി.
ഞാൻ ഒന്നും മിണ്ടിയില്ല എന്തോന്ന് മിണ്ടാനാണ്. ഇപ്പോൾ ഏതോ നീല സിനിമയയിലെ നായികയെക്കാളും ഫേമസ് ആക്കി ലവൾ എന്നെ. ഇനി ഈ ചേച്ചിയായിട്ട് ഒരു പത്തുനൂറു നോട്ടീസ് അടിച്ചിറക്കി ബാക്കി പൊലിപ്പിച്ചോളും..
ഇനിയൊരിക്കലും എഴുതാൻ തോന്നാത്ത വിധം നെഗറ്റീവ് എനർജി തരാൻ ചില മനുഷ്യർക്കുള്ള കഴിവ് അപാരമാണ്.. ഇത്രേം കൊള്ളിച്ചു നേരിട്ടുള്ള ആക്രമണം ആദ്യമായതു കൊണ്ട് മനസ്സ് അസ്വസ്ഥമായി.
ഇക്കിളി എഴുതി ലൈക് വാങ്ങാൻ പോകാറില്ല. സ്ത്രീ കേന്ദ്രമാകുന്ന രചനകളിൽ മുകളിൽ പറഞ്ഞതൊക്കെ വരാറുണ്ട് പക്ഷേ അതിൽ മാനസികവും ശരീരികവുമായ മാറ്റങ്ങളെ പറ്റിയോ സമൂഹത്തിനു എന്തെങ്കിലും സന്ദേശമോ ഒക്കെ ആവും പറയാൻ ഉദ്ദേശിക്കുക.
അതിനെ വളച്ചൊടിച്ചു രണ്ടുപേരുടെ മുമ്പിൽ നാണം കെടുത്തുമ്പോൾ ചിലർക്കൊരു സുഖം. നടക്കട്ടെ എല്ലാർക്കും സ്പേസ് വേണമല്ലോ ഈ കൊച്ചു ജീവിതത്തിൽ.
അധികം ആലോചിക്കും മുമ്പ് ബസ് വന്നു അതിൽ കേറി മീറ്റിംഗ് സ്ഥലത്തേക്ക് പോകാനുള്ള ബസ് വരുന്നിടത്തു ഇറങ്ങി.
ഏകദേശം പത്തു വർഷത്തോളമായി ഈ റൂട്ടിൽ വന്നിട്ട് പണ്ട് പഠിക്കാൻ പോയിരുന്നത് ഇതുവഴി ആയിരുന്നു.
അല്പം കഴിഞ്ഞപ്പോൾ വരുൺ ബസ് വന്നു. ബോർഡ് കണ്ടപ്പോൾ ശരീരം മൊത്തം വിറയ്ക്കാൻ തുടങ്ങി. മറന്നതൊക്കെ മലവെള്ള പാച്ചിൽ പോലെ കുത്തിയൊഴുകി..
കേറാനായി കാത്തുനിൽകുമ്പോൾ ശരീരം തളർന്നു വീണു പോകുമെന്ന് തോന്നി. എങ്ങനെയോ കയറി സീറ്റിൽ ഇരുന്നു.
വെള്ള യൂണിഫോമിട്ട രണ്ടുപെൺകുട്ടികൾ കൗമാരത്തിന്റെ എല്ലാ നിറങ്ങളോടെയും മനസ്സിൽ തെളിഞ്ഞു.
ബസിലെ പാട്ടിനൊപ്പം തന്റെ നേർക്ക് നീളുന്ന രണ്ടു കണ്ണുകൾ. നെറ്റിയിലെ ചന്ദനകുറി. എത്രയോ വർഷം ആ നോട്ടത്തെ ആ ചിരിയെ ആരാധിച്ചു.
പക്ഷേ ഒരിക്കൽ എല്ലാം കള്ളങ്ങൾ ആയിരുന്നു എന്നറിഞ്ഞപ്പോൾ ചില്ലുപാത്രം പോലെ ചിതറിയ മനസ്സ്. കൂട്ടിനു അയാളുടെ പരിഹാസവും.
പിന്നെ ഒരിക്കൽ പോലും കണ്ടിട്ടില്ല കാണാൻ ശ്രമിച്ചിട്ടുമില്ല. പക്ഷേ ഉള്ളിൽ അയാളെന്നും ഉണ്ടായിരുന്നു. അത്രയ്ക്ക് ആത്മാർഥമായിരുന്നു അയാളോടുള്ള പ്രണയം.
അല്പം കഴിഞ്ഞപ്പോൾ ടിക്കറ്റ് എടുക്കാനായി അയാൾ വന്നു. അയാൾ ആവല്ലേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ചെറുതായി കണ്ണ് ഉയർത്തി നോക്കിയപ്പോൾ അയാൾ തന്നെ. പെട്ടന്ന് കണ്ണുകൾ പിൻവലിച്ചെങ്കിലും ഞാൻ കണ്ട രൂപത്തെ എനിക്ക് വിശ്വസിക്കാൻ ആയില്ല.
പൂർണ ചന്ദ്രനെപോലെ ഒരുകാലത്തു തിളങ്ങിയിരുന്ന അയാൾ ഇന്നൊരു നിഴലുപോലെ ഓജസ്സും തേജസ്സും നഷ്ടപ്പെട്ടു. കാലം വരുത്തിയ മാറ്റങ്ങൾ ആവാം.
എന്തോ വല്ലാത്തൊരു സങ്കടം കാർമേഘം പോലെ നെഞ്ചിൽ ഉരുണ്ടുകൂടി. എന്നെങ്കിലും നേരിട്ട് കണ്ടാൽ ചോദിക്കാൻ വെച്ചിരുന്നതെല്ലാം മാഞ്ഞു.
എന്തെങ്കിലും മിണ്ടാനോ ഒന്ന് നോക്കാനോ തോന്നിയില്ല സ്റ്റോപ്പ് എത്തി ഇറങ്ങുമ്പോൾ നിർവികാരത മാത്രമായിരുന്നു.
മരിക്കും മുമ്പ് ഒരിക്കൽ കൂടി കാണണം എന്നത് ഒരു ആഗ്രഹ മായിരുന്നു. കണ്ടാൽ എന്റെ ഇഷ്ടം എത്രത്തോളം സത്യസന്ധ മായിരുന്നു എന്ന് പോര് വിളിക്കണം എന്നൊക്കെ ഓർത്തിരുന്നു. പക്ഷേ ശൂന്യത എന്നൊരു അവസ്ഥയ്ക്കപ്പുറം ഒന്നും ഉണ്ടായില്ല.
ചിലപ്പോൾ വാക്കുകളെക്കാൾ മൗനം വാചാലമാകും. ആ മൗനത്തിൽ ഞങ്ങൾ പരസ്പരം സംസാരിച്ചിരിക്കാം . എന്റെ പ്രതികാരം തീർത്തിരിക്കാം.. എനിക്ക് ഒന്നും നഷ്ടപ്പെട്ടില്ല നല്ലൊരു മനുഷ്യന്റെ ഭാര്യയായി കുഞ്ഞുങ്ങളുടെ അമ്മയായി സുഖമായി കഴിയുന്നു എന്ന് വെല്ലുവിളിച്ചിരിക്കാം…
ചില ഇഷ്ടങ്ങൾ അങ്ങനെ ആണ് അവസാനം വരെ നോവിപ്പിക്കും. പക്ഷേ ആ നോവിലും ഒരു സുഖമുണ്ട്. ഒരിക്കൽ സ്നേഹിച്ചതും സ്വപ്നം കണ്ടതും നേരം പോക്കല്ലായിരുന്നു എന്ന് മനസ്സ് തിരിച്ചറിയുന്ന നിമിഷങ്ങൾ..
ഇനി ഒരിക്കൽ പോലും കാണില്ലായിരിക്കും. നിങ്ങൾ എനിക്ക് ഇന്ന് ആരുമല്ല എങ്കിലും എന്റെ പ്രണയം അതെന്നും എന്നോടൊപ്പം ഉണ്ടാകും പക്ഷേ ഞാൻ നിങ്ങളെ പ്രണയിക്കുന്നില്ല. പുതിയ ജീവിത സാഹചര്യങ്ങളിൽ പക്വതയോടെ പെരുമാറാൻ എന്നിലെ ഭാര്യ, അമ്മ പാകപ്പെട്ടിരിക്കുന്നു.
ഫോൺ എടുത്തു കെട്യോനെ വിളിച്ചു അതേ ഞാൻ ഇന്ന് അയാളെ കണ്ടു.
ആരെ?
അവിനാഷിനെ.
എന്നിട്ട്?
എന്നിട്ടു ഒന്നുമില്ല ഞാൻ എന്റെ വഴിക്ക് പോന്നു മൂപ്പരുടെ അങ്ങേരുടെ വഴിക്കും.
ശോ കൊതിപ്പിച്ചു ഞാൻ ഓർത്തു നീ അയാളുടെ കൂടെ പോയെന്ന് യാത്ര പറയാൻ വിളിച്ചതായിരിക്കുമെന്ന്.
അയ്യടാ വണ്ടിക്കൂലി തന്ന് വിട്ടാൽ പോലും ഒരുത്തരുടെയും കൂടെ പോകുമെന്ന് ഓർത്തു മോൻ സുഖിക്കണ്ട എനിക്ക് നിങ്ങള് മതി. സന്തോഷായോ?
പിന്നെ ഒരു ലോട്ടറി അടിച്ചിരുന്നേൽ നിന്നെ കെട്ടിച്ചു വിടായിരുന്നു.
ഒന്ന് പോ മനുഷ്യ ഞാൻ ഫോൺ വെക്കുവാ.
മുത്തേ പിണങ്ങല്ലേ നീ മീറ്റിംഗ് കൂടിയിട്ട് വേഗം വാ നമുക്ക് മക്കളുമായി വൈകിട്ട് ഒന്ന് കറങ്ങാൻ പോവാം.
ഓക്കേ ഡൺ.
ഫോൺ കട്ട് ചെയ്തു മീറ്റിംഗ് സ്ഥലത്തേക്ക് വേഗത്തിൽ നടക്കുമ്പോൾ ഓർത്തു ദൈവം തന്ന സന്തോഷങ്ങളെക്കാൾ വലുതല്ല ഒരു ആഗ്രഹങ്ങളും. ഓരോന്നിനും ഓരോ വിധിയുണ്ട്. കരയറിയാതെ നീന്തുക ആണ് നമ്മുടെ നിയോഗവും.
അന്നേരം വീശിയ കാറ്റിൽ പൊഴിഞ്ഞുവീണ മഞ്ഞ ഇലകൾക്കും എന്നെപോലെ എന്തൊക്കെയോ പറയാൻ ഉണ്ടെന്ന് തോന്നി.