എഴുത്ത്:-സൽമാൻ സാലി
കഴിഞ്ഞ വാലന്റൈൻസ് ഡേ ദിവസം ഓൾക് ഒരു സർപ്രൈസ് കൊടുക്കാമെന്ന് കരുതി ഞാൻ ജ്വല്ലറിയിൽ പോയി ഒരു മോതിരം വാങ്ങിച്ചു . തിരിച്ചു വന്നു വണ്ടിയിൽ കേറിയപ്പോളാണ് ഓള് മൂക്കുത്തി ഇട്ടോട്ടെ എന്ന് ചോദിച്ച കാര്യം ഓര്മ വന്നത് .. മൂക്കുത്തി ആവുമ്പോൾ മോതിരത്തിന്റെ പകുതി പൈസക്ക് കാര്യം നടക്കുകയുംചെയ്യും ..
തിരിച്ചു ജ്വല്ലറിയിൽ കേറി അവിടുള്ള സ്റ്റാഫിനോട് മോതിരം അല്ല മൂക്കുത്തി ആണ് വേണ്ടത് എന്ന് പറഞ്ഞപ്പോ അവൻ എന്നെയൊന്ന് നോക്കി .. എന്നിട്ട് മോതിരത്തിന്റെ പകുതി പൈസക്കുള്ള ഒരു മൂക്കുത്തി തന്നു .. ഞാൻ അതും വാങ്ങിച്ചു വീട്ടിലേക്ക് വന്ന് ..
പിറ്റേ ദിവസം ഓൾക് സർപ്രൈസ് കൊടുക്കുന്നത് ആലോചിച്ചിട്ട് എനിക്ക് തന്നെ രോമാഞ്ചം വരാൻ തുടങ്ങി ..
രാവിലെ എണീക്കുന്നു ഓളോട് കണ്ണടക്കാൻ പറയുന്നു മൂക്കുത്തി ഓൾടെ കയ്യിൽ കൊടുക്കുന്നു ഓള് എന്നെ കെട്ടിപ്പിടിക്കുന്നു .. ആഹാ എന്തൊക്കെയോ സ്വപ്നം കണ്ടു ഉറങ്ങിപ്പോയി ..
രാവിലെ എണീറ്റപ്പോൾ ഓള് അടുക്കളയിൽ ആണ് ..
മൂക്കുത്തി കയ്യിൽ ഒളിപ്പിച്ചു ഓളോട് കണ്ണടക്കാൻ പറഞ്ഞു ..
ഓള് കണ്ണടച്ച് കൈ വിരൽ നീട്ടിയിട്ട ഇട്ടോളാൻ പറഞ്ഞപ്പോ ഞാനൊന്ന് ഞെട്ടി ..
ബാക്കി നാല് വിരൽ ഞാൻ തുറപ്പിച്ചു മൂക്കുത്തി ഓൾടെ കയ്യിൽ വെച്ചുകൊടുത്തു കണ്ണ് തുറക്കാൻ പറഞ്ഞു ..
കണ്ണ് തുറന്ന് മൂക്കുത്തി കണ്ടതും നല്ല വെയിലടിച്ചോണ്ടിരിക്കുമ്പോൾ മഴക്കോള് വന്നപൊലെ ഓൾടെ മുഖം ഒന്ന് മങ്ങി ..
മൂക്കുത്തി ഒന്ന് തിരിച്ചും മറിച്ചും നോക്കിയിട്ട് ഓള് ” ഇങ്ങള് വാങ്ങിയ മോതിരം ഏതവൾക്ക് കൊടുത്തതാ ..
” മോതിരമോ .. ഏത് മോതിരം ..?
” അയ്യെടാ ഒന്നും അറിയാത്തപോലെ ..! ഇന്നലെ ജ്വല്ലറിയിൽ നിന്നും വാങ്ങിച്ച അരപ്പവന്റെ മോതിരം ആർക്കാ കൊടുത്തതെന്ന് ..?
” ഇന്നലെ കുളിച്ചൊരുങ്ങി പോകുന്നത് കണ്ടപ്പോഴേ എനിക്ക് തോന്നിയതാ .. സത്യം ഇപ്പൊ പറയണം അല്ലെങ്കിൽ ഞാനും മക്കളും ഇപ്പൊ ഇറങ്ങും ..
” എടീ ഷാഹീ ഏത് മോതിരത്തിന്റെ കാര്യമാ നീ പറയുന്നത് .. ഞാൻ ഇന്നലെ ജ്വല്ലറിയിൽ നിന്നും മൂക്കുത്തി മാത്രമേ വാങ്ങിയുള്ളു ..
” ഓള് ഒന്നും മിണ്ടാതെ ഫോൺ എടുത്തു അതിലെ ഒരു വോയ്സ് കേൾപ്പിച്ചു ..
” എടീ നിന്റെ കെട്യൊനെ കണ്ടിരുന്നു ജ്വല്ലറിയിൽ അരപ്പവന്റെ മോതിരമൊക്കെ വാങ്ങി പോകുന്നത് കണ്ടു .. നല്ല രസമുണ്ടെടി മോതിരം .. നിനക്ക് നല്ലവണ്ണം ചേരും ..
ഓൾടെ ഏതോ കുരിപ്പ് കൂട്ടുകാരി ഞാൻ മോതിരം വാങ്ങി ഇറങ്ങുന്നത് മാത്രമേ കണ്ടുള്ളു തിരിച്ചുപോയി മൂക്കുത്തി വാങ്ങിയത് ഓള് കണ്ടില്ല ..
ഒരുവിധം എല്ലാ സത്യവും തുറന്നു പറഞ്ഞിട്ടും ഓള് വിശ്വസിക്കുന്നില്ല എന്ന് കണ്ടപ്പോൾ ഒന്നും നോകീല ഓളേം കൂട്ടി ജ്വല്ലറിയിൽ പോയി സത്യം ബോധിപ്പിക്കേണ്ടി വന്നു ..
അങ്ങിനെ വാലന്റൈൻസ് ഡേ വയലന്റൈൻസ് ഡേ ആക്കി മാറ്റി .. എന്നാലും ആ കൂട്ടുകാരിക്ക് എന്തിന്റെ കേടായിരുന്നു ..
സൽമാൻ ..
nb: ന്റെ പൊന്നാര ചങ്കുകളെ ജ്വല്ലറിയിലെ തുണിഷോപ്പിലും കേറുമ്പോൾ കെട്യോളുടെ കൂട്ടുകാരികൾ അവിടെങ്ങാനും ഉണ്ടോ എന്ന് നോക്കുന്നത് നന്നയിരിക്കും …