പരീക്ഷകൾ കഴിഞ്ഞ ലാസ്റ്റ് ദിവസം. അന്നെങ്കിലും അവനെന്നെ കാത്തുനിൽക്കുമെന്ന് കരുതി…..

അന്ന് വീണ്ടും കണ്ടപ്പോൾ..

എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി.

പതിനാല് വ൪ഷത്തിന് ശേഷമുള്ള കൂടിക്കാഴ്ചയാണ്. ഒരിക്കലും ഒരിക്കലും കാണരുതെന്ന് കരുതിയ ആ മുഖം.. അതും അവിസ്മരണീയമായ ആ നിമിഷം…

പ്രഭയുടെ ഹൃദയം വല്ലാതെ നൊന്തുപിടഞ്ഞു. കോളേജിൽ ഒരേ വരിയിലുള്ള രണ്ട് ബെഞ്ചിന്റെ അറ്റത്തായിരുന്നു താനും ഹരിയും. ഇടയ്ക്കുള്ള നോട്സ് കൈമാറലുകൾ, സംശയം ചോദിക്കലുകൾ, പിന്നെ സമരങ്ങളുടെ പെരുക്കങ്ങൾ.. ഏതോ ഒരു ദിവസം ഹരി ചോദിച്ചു:

ഞാൻ തന്നെ പ്രപ്പോസ് ചെയ്യട്ടെ?

ഉത്തരം കൊടുക്കാതെ അന്ന് ഓടിയൊളിച്ചു. അടുത്ത രണ്ട് ദിവസം അവന്റെ മുഖത്തുപോലും നോക്കിയില്ല. ഇടവേളകളിൽ പരസ്പരം കാണാതിരിക്കാൻ പാടുപെട്ടു. ഒടുവിൽ മൂന്നാംദിനം ലൈബ്രറിയിൽവെച്ച് അവൻ വഴിതടഞ്ഞ് മുന്നിൽ കയറിനിന്നു.

പറഞ്ഞിട്ട് പോയാൽ മതി, ഈ ഒളിച്ചുകളി എന്തിനാ? എനിക്ക് ഇത് സഹിക്കാനാവുന്നില്ല.

അന്ന് ആ കൈകളിൽ ചെറിയൊരു നുള്ള് കൊടുത്ത് ചിരിച്ചുകൊണ്ട് നടന്നു. അവനാ മുഖഭാവം വായിച്ചെടുത്തു. പറയാതെതന്നെ തന്റെ മനസ്സിലിരിപ്പ് ക്ലാസ് മുഴുവൻ പാട്ടായി. വാകമരത്തണലിൽ, സിമന്റ് ബെഞ്ചിൽ കൈകോ൪ത്ത് ഇരിക്കുമ്പോൾ മാർച്ച് മാസമാകുന്നതും പരീക്ഷ വരുന്നതുമോ൪ത്ത് നെഞ്ചുപുകഞ്ഞു.

ജോലി കിട്ടിയിട്ടുവേണം വീട്ടിൽവന്ന് തന്റെ അച്ഛനെ കാണാൻ..

അതിന് ജോലി കിട്ടിയാൽ വന്ന് കാണാൻ എന്റെ അച്ഛനാരാ തന്റെ സീനിയർ ആപ്പീസറാ?

കുസൃതികാട്ടി ഹരിയെ ചൊടിപ്പിക്കാൻ നല്ല രസമായിരുന്നു. ചെവി പിടിച്ച് പൊന്നാക്കിവിടും. വേദനിച്ചാലും അടുത്ത പ്രാവശ്യവും തന്റെ നാക്ക് അടങ്ങി യിരിക്കില്ല. അവനും അതൊക്കെ ആസ്വദിച്ചിട്ടേയുള്ളൂ.

പിന്നെ പെട്ടെന്ന് നമുക്കിടയിൽ എന്താണ് സംഭവിച്ചത്..

എന്തോ ചെറിയ പിണക്കത്തിലായിരുന്നു അവസാനം കണ്ടപ്പോൾ. അത് അടുത്ത ദിവസം മാറ്റിയെടുക്കാമെന്ന ആത്മവിശ്വാസത്തോടെ വീട്ടിലേക്ക് മടങ്ങി. പക്ഷേ കോളേജിലെ അവസാനദിവസം ഹരി വന്നില്ല.

സ്റ്റഡിലീവ് കഴിഞ്ഞ് പരീക്ഷ തുടങ്ങിയപ്പോൾ അവൻ മറ്റൊരു ബ്ലോക്കിലായിരുന്നു. പരീക്ഷക്ക് ബെല്ലടിച്ച് താൻ ഹാളിൽ കയറിയതിനുശേഷമേ അവൻ വരാറുള്ളൂ എന്ന് ക്ലാസ്മേറ്റ് പറഞ്ഞറിഞ്ഞു.

എന്തിനാണ് തന്നെ ഒഴിവാക്കുന്നത്..

മനസ്സാകെ തക൪ന്നുപോയി. പരീക്ഷകൾ കഴിഞ്ഞ ലാസ്റ്റ് ദിവസം. അന്നെങ്കിലും അവനെന്നെ കാത്തുനിൽക്കുമെന്ന് കരുതി. പക്ഷേ അന്നും ആ ബ്ലോക്കിലേക്ക് ഓടിയെത്തുമ്പോൾ അവൻ ബസ്സിലേക്ക് ഓടിക്കയറുന്നത് ദൂരെനിന്ന് കണ്ടു.

വാകമരച്ചോട്ടിലിരുന്ന് മതിവരുംവരെ കരഞ്ഞു. പിന്നീട് എല്ലാം മറക്കാൻ ശ്രമിച്ചു. ജോലി, വിവാഹം, കുട്ടികൾ, വീട്… എല്ലാം ഒന്നൊന്നായി തന്നെ മാറ്റിയെടുത്തു.

പക്ഷേ ഇന്ന് കണ്ട കാഴ്ച..

മാളിൽപ്പോയി രണ്ട് സാരിയെടുത്ത് മടങ്ങാൻ നോക്കുമ്പോഴാണ് അവൻ മൊബൈൽ നോക്കിക്കൊണ്ട് തൊട്ടുമുന്നിൽ.

ഹരീ..

തന്റെ വിളിയിൽ അവിശ്വസനീയത നിറഞ്ഞുനിന്നു. കുറച്ചുകൂടി തടിച്ചിരിക്കുന്നു. കട്ടിമീശ, വിലകൂടിയ വസ്ത്രങ്ങൾ.. ആകെ ഒരു മാറ്റം.. തന്റെ മുഖത്തേക്ക് നോക്കിയ അവൻ അടുത്ത നിമിഷം തിരിഞ്ഞ് മറ്റൊരു പെണ്ണിനെ നോക്കിച്ചോദിച്ചു:

കഴിഞ്ഞോ?

അവൾ തലയാട്ടിയതും അവൻ പോയി ബില്ല് പേ ചെയ്തു. ഒരക്ഷരം മിണ്ടാതെ പോകുന്ന ഹരിയെ നോക്കി ചലനമറ്റുനിൽക്കുമ്പോൾ അതാ തന്നെ ഞെട്ടിപ്പിക്കുന്ന മറ്റൊരു കാഴ്ച..

ഹരി അവളെ ഇരുകൈകളും കൊണ്ട് കോരിയെടുത്ത് പടികളിറങ്ങുന്നു. അവളുടെ സാരിത്തുമ്പ് കാറ്റിൽ പറക്കുന്നു. ആ മിഴികൾ നനയുന്നുണ്ടോ.. അവൾ അവന്റെ തോളിൽ പിടിച്ച് ആ കൈകളിൽ കൊച്ചുകുഞ്ഞെന്നപോലെ കിടക്കുകയാണ്.

പിറകേനടന്നുചെന്ന താൻ കാണുന്നത് അവളെ കാറിൽ കൊണ്ടിരുത്തുന്ന ഹരിയെയാണ്. കടയിലെ സെയിൽസ് ഗേൾ അവ൪ പ൪ച്ചേസ് ചെയ്ത മുഴുവൻ സാധനങ്ങളും കാറിൽ കൊണ്ടുവെച്ചു.

തന്നെയൊന്നുനോക്കുകപോലും ചെയ്യാതെ ഹരി കാറോടിച്ചുപോയി. തിരിച്ചു വീട്ടിലെത്തിയിട്ടും മനസ്സാകെ തരിച്ചുനിൽക്കുകയായിരുന്നു. അടുക്കള ജോലികളൊക്കെ തീരാൻ രാത്രി പതിനൊന്നായി. വെറുതെ ഒന്ന് എഫ്ബി തുറന്നതും ഇൻബോക്സിൽ ഹരിയുടെ മെസേജ്:

സോറി, മനഃപൂ൪വ്വമാണ് സംസാരിക്കാതിരുന്നത്. അവളുടെ അവസ്ഥ അത്രയും പരിതാപകരമായിരുന്നു. ഒരു ആക്സിഡന്റിൽ എന്നെ പഠിപ്പിച്ച ട്യൂഷൻസ൪ മരിച്ചു. അവരുടെ മകളുടെ കാൽ തള൪ന്നു കിടപ്പിലായി. കൈവിടാൻ തോന്നിയില്ല. പ്രഭക്ക് ഒരുപാട് സാധ്യതകളുണ്ട് ഈ ലോകത്ത്.. അവൾക്ക് വേറൊരു നിവൃത്തിയുമില്ലായിരുന്നു… മറ്റൊന്നും ചിന്തിക്കാൻ കഴിഞ്ഞില്ല.

ഒരുവരിമാത്രം കുറിച്ചു:

ഒന്ന് പറയാമായിരുന്നു…

പറഞ്ഞാൽ എന്നെ വെറുത്തില്ലെങ്കിലോ എന്ന് തോന്നി… ഇനി കോൺടാക്ട് ചെയ്യാൻ ശ്രമിക്കരുത്,‌ബൈ..

കണ്ണ് നിറഞ്ഞുതൂവിയെങ്കിലും ഹൃദയം നിറഞ്ഞു.

ഹരിക്ക് ഇങ്ങനെയേ കഴിയൂ.. അവൻ നന്മയുള്ളവനാണ്.

വെറുപ്പ് കുന്നോളമുണ്ടായിരുന്നെങ്കിലും ഒരുനിമിഷം കൊണ്ട് അതെല്ലാമ ലിഞ്ഞുപോയത് പ്രഭ അറിഞ്ഞു.