പതിവുപോലെ അതേ വായിനോട്ടത്തോടെ ഞാൻ ആ ബസ്റ്റാന്റിന്റെ മൂലക്ക് നിന്നു. ഒരാൾ എന്നെ……

Story written by Murali Ramachandran

വെറുതേ ബസ്റ്റാന്റിൽ വായിനോക്കി നിന്ന എന്നെ, ഒരാൾ കൈ തോണ്ടി വിളിച്ചു.

“എടാ..!”

പരിചയമില്ലാത്ത ആരോ എന്നെ സ്വാതന്ത്ര്യത്തോടെ അങ്ങനെ വിളിച്ചതും ഞാൻ ഒന്നു അതിശയിച്ചു നിന്നു. ഷർട്ടും ജീൻസ് പാന്റും ഷൂസുമിട്ട ഒരു രൂപം. ആണാണോ പെണ്ണാണോ എന്നറിയാൻ ഞാൻ അടിമുടി ഒന്ന് നോക്കി. സോറി, നീണ്ട മുടിയില്ല. മുടി ക്രോപ്പ് ചെയ്തിരിക്കുന്നു. എന്റെ നോട്ടത്തിൽ പന്തി കേട് തോന്നിയത് കൊണ്ടാണോ എന്നറിയില്ല, അവർ എന്നോട് പറഞ്ഞു.

“ബ്രോ.. നോക്കണ്ട, ഞാൻ പെണ്ണാണ്..!”

“ആണോ..? സോറി ട്ടോ.. എന്താ വിളിച്ചത്..?”

“ബ്രോ.. ഞാൻ വിദ്യ..! വൈക്കത്താണ് എന്റെ വീട്. കോട്ടയത്ത്‌ ഒരു ആവിശ്യത്തിന് വന്നതാ.. വരുന്ന വഴി പേഴ്‌സ് കളഞ്ഞു പോയി. ഈവെനിംഗ് ഉള്ള ട്രെയിന് എനിക്ക് തൃശ്ശൂർക്ക് പോണം. അവിടാണ് ഞാൻ എൻജിനിയറിങ്ങിന് പഠിക്കുന്നത്. ഇവിടെ ആരോടും ഹെൽപ് ചോദിക്കാൻ ഒരു മടി. ബ്രോയെ കണ്ടപ്പോൾ നല്ല പേഴ്സൺ ആണെന്ന് തോന്നുന്നു, പ്ലീസ്.. എന്തെങ്കിലും ക്യാഷ് തന്നു സഹായിക്കുവോ..? നിവർത്തി ഇല്ലാത്തത് കൊണ്ടാണ്.”

ആ ഡയലോഗിൽ ഞാൻ തലകുത്തി വീണു പോയി. പൊതുവേ പെൺകുട്ടികളെ മാത്രം സഹായിക്കുന്ന കൂട്ടത്തിലായത് കൊണ്ട് എന്റെ മനസൊന്ന് അലിഞ്ഞു പ്രവാഹം പോലെ ഒഴുകാൻ തുടങ്ങി. എങ്കിലും അത് പുറത്തേക്ക് പോവാതെ ഇരിക്കാൻ അൽപ്പം ജാഡയോടെ ഞാൻ പറഞ്ഞു.

“അല്ല, അത്..”

“ബ്രോ.. പേടിക്കണ്ട.. അവിടെ ചെന്നതും ഉറപ്പായും ബ്രോടെ അക്കൗണ്ടിലേക്ക് റീഫണ്ട് ചെയ്തേക്കാം. Sure.. അക്കൗണ്ട് നമ്പറും ഡീറ്റെയിൽസും തന്നാമതി.”

പിന്നെ ഒന്നും നോക്കിയില്ല. വലത്തെ പോക്കറ്റിൽ നിന്നും പേഴ്‌സ് എടുത്തു നോക്കിയപ്പോൾ അഞ്ഞൂറിന്റെ രണ്ടു നോട്ട് എന്നെ നോക്കി ചിരിച്ചോണ്ടിരിക്കുന്നു. അതിൽ ഒരുത്തനെ പതിയെ എടുത്ത് അവർക്ക് കൊടുത്തു. ആ നിമിഷം എന്നെ ഓർത്ത് എനിക്ക് സ്വയം അഭിമാനം തോന്നി. അതേ.. ഞാൻ വല്യവനാണ്, ആരും കാണാത്ത ഒരു ചെറിയ നന്മമരം. എന്റെ അക്കൗണ്ട് നമ്പറും ഡീറ്റെയിൽസും എഴുതി എടുത്തതും പുഞ്ചിരിച്ചു കൊണ്ട് അവൾ എനിക്ക് മുന്നിലൂടെ നടന്നു നീങ്ങി. ആ പുഞ്ചിരി മാത്രേ എന്റെ ഓർമയിൽ ഇന്നും ഉള്ളു. ആ പെൺകുട്ടിയെ പിന്നെ എങ്ങും കണ്ടിട്ടില്ല. ഓരോ വട്ടം ATM കൗണ്ടറിൽ കേറുമ്പോഴും വെറുതേ ഒന്ന് മിനി സ്റ്റേറ്റ്മെന്റ് നോക്കും, എങ്ങാനും അവൾ അക്കൗണ്ടിൽ പൈസ ഇട്ടോ എന്നറിയാൻ. എവിടെ..? ഈ അടുത്ത കാലത്തൊന്നും അഞ്ഞൂറ് അക്കൗണ്ടിൽ കേറീട്ടില്ല.

മറ്റൊരു നാൾ

****************

പതിവുപോലെ അതേ വായിനോട്ടത്തോടെ ഞാൻ ആ ബസ്റ്റാന്റിന്റെ മൂലക്ക് നിന്നു. ഒരാൾ എന്നെ കൈ തോണ്ടി വിളിച്ചു.

“സാറെ.. സാറെ..”

എന്നെ തന്നെ ആണോ അങ്ങനെ വിളിക്കുന്നത്‌ എന്നറിയാൻ അതിശയത്തോടെ ഒന്നു നോക്കി. അതേ.. എന്നെ തന്നെയാണ്..! എന്നെ കണ്ടാൽ ലുക്ക്‌ ഇല്ലേലും അയാൾക്ക് ഞാൻ സാർ ആയി തോന്നിക്കാണും. അൽപ്പം ഗമയോടെ ഞാൻ ചോദിച്ചു.

“ഹാ.. എന്താ.. എന്ത് വേണം..”

“സാറെ.. ഞാൻ കൊല്ലത്തു നിന്നു വരുവാ.. ഒരു ജോലിടെ ആവിശ്യത്തിന്, ഇവിടെ ജോലി ഒന്നും കിട്ടിയില്ല. കൈയിലെ ഉണ്ടായിരുന്ന പൈസയൊക്കെ തീർന്നു. ഞാൻ കൊല്ലത്തേക്ക് തന്നേ തിരിച്ചു പോവാ.. വണ്ടിക്കൂലിക്കുള്ള പൈസ ആരോ പോക്കറ്റടിച്ചു. ഇപ്പോ എന്റെ കൈയില് ഒന്നുല്ല, എന്തെങ്കിലും തന്നു സഹായിക്കാവോ..?”

ഇതേ ഡയലോഗ് മുൻപ് ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ..? കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. ആ.. ഓർമ വന്നു. എന്നെ പറ്റിച്ചിട്ട് പോയ ആ വൈക്കം കാരി വിദ്യയുടെ..! ഇനി ഇയാൾ അവളുടെ ബന്ധത്തിൽ ഉള്ളതാണോ..? കണ്ണു ഇറുക്കി അയാളെ സംശയത്തോടെ ഒന്ന് ഞാൻ നോക്കി. ശേ.. ആയിരിക്കില്ല. എല്ലാരേം ഒരേ പോലെ കാണുന്നത് അത്ര ശരിയല്ല. ഇയാൾ പറഞ്ഞത് സത്യമാകും. കണ്ടാൽ മാന്യൻ ആണെന്ന് തോന്നുന്നു. വീണ്ടും എന്റെ വലത്തെ പോക്കറ്റിൽ കൈയിട്ടു ഞാൻ ആ പേഴ്‌സ് എടുത്തു. ഇത്തവണ പുഞ്ചിരിച്ചുകൊണ്ട് അഞ്ഞൂറിന്റെ രൂപ നോട്ട് അതിൽ ഉണ്ടായിരുന്നില്ല. പകരം നൂറിന്റെ ഒരെണ്ണം മാത്രം. അതും ഇയാൾക്ക് കൊടുത്താൽ ഞാനും മറ്റുള്ളവരോട് യാചിക്കേണ്ടി വരും. എങ്കിലും അയാളെ ഈ അവസ്ഥയിൽ ഒറ്റയ്ക്ക് ആക്കുന്നത് ശരിയല്ല. എന്റെ മനസ്സിൽ അലിവ് തോന്നിയത് കൊണ്ട് ചുറ്റും ഒന്നു നോക്കി. അതാ ദൂരെ ഒരു പോലീസുകാരൻ. ഞാൻ ഇയാളോട് പറഞ്ഞു.

“ചേട്ടാ.. ഒന്നും തോന്നരുത്, ദാ.. ആ പോലീസുകാരനോട് ഒന്ന് ചോദിക്കാവോ..? എന്റെ കൈയിലാണേൽ അധികം പൈസ ഇല്ല.”

ആ പോലീസ്കാരനെ കൈ ചൂണ്ടി ഞാൻ അത് പറഞ്ഞതും അടുത്തു നിന്ന കൊല്ലങ്കാരൻ വേഗത്തിൽ തിരിഞ്ഞു നടക്കുന്നതാണ് കണ്ടത്. അയാളുടെ നടപ്പ് കണ്ടാൽ നടന്നു തന്നെ കൊല്ലത്തേക്ക് പോകാൻ ഇടയുണ്ട്. അത്രയ്ക്കു സ്പീഡിൽ. എന്തുചെയ്യാൻ എന്റെ സന്മനസ്സ് അയാൾ കാണാത്തതു..?

ശുഭം…