അജ്ഞാതൻ
എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ
‘ റെയിൽവേ പാളത്തിന് സമീപം മരിച്ച നിലയിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി, തിരിച്ചറിയുന്നവർ താഴെ കാണുന്ന നമ്പറിലോ, അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക….’
രാവിലെ പത്രം നോക്കുമ്പോൾ ആണ് മനു ആ വാർത്തയും അതിന് താഴെയായിയുള്ള ഫോട്ടോയും കാണുന്നത്..
” മായേ…. മായേ…..”
ആ വാർത്തയിൽ നിന്ന് കണ്ണെടുക്കാതെ തന്നെയാണ് മനു മായയെ വിളിച്ചത്….
” എന്താ ഏട്ടാ…..”
അടുക്കളയിൽ നിന്ന് മായ വിളിച്ചു ചോദിച്ചു…
” നീ ഒന്ന് വേഗം വന്നേ….”
പത്രത്തിൽ കണ്ട ഫോട്ടായിൽ നിന്ന് അപ്പോഴും മനു നോട്ടം മാറ്റിയില്ലായിരുന്നു…
” എന്താ മനുഷ്യാ രാവിലെ കിടന്ന് വിളിച്ചു കൂവുന്നത്…”
നനഞ്ഞ കൈ ചുരിദാർ ടോപ്പിന്റെ തുമ്പിൽ തുടച്ച് കൊണ്ട് മായ മനുവിന്റെ അരികിലെത്തി. മായയുടെ മുഖത്ത് നോക്കാതെ തന്നെയാണ് തന്റെ കയ്യിൽ ഇരുന്ന പത്രം മനു അവൾക്ക് നേരെ നീട്ടിയത്. പത്രത്തിലെ വാർത്തയിലും ഫോട്ടോയിലും അൽപ്പനേരം കണ്ണെടുക്കാതെ നോക്കി നിന്ന ശേഷം പത്രം മനുവിന്റെ മടിയിലേക്ക് ഇട്ട് മായാ മുറിയിലേക്ക് ഓടി…..
ബെഡിൽ കിടന്ന അവളുടെ മൊബൈൽ എടുത്ത് നെറ്റ് ഓൺ ആക്കുമ്പോൾ പതിവുപോലെ കുറെ നോട്ടിഫിക്കേഷൻ ശബ്ദം മുഴങ്ങി. അവൾ പെട്ടെന്ന് തന്നെ വാട്ട്സ് ആപ്പ് ഓപ്പൻ ആക്കി, അതിൽ ഓപ്പൻ ആക്കാതെ ഇട്ടിരിക്കുന്ന നമ്പർ മാത്രം സേവ് ചെയ്തിരിക്കുന്ന അയാൾ അയച്ച ചാറ്റ് ഓരോന്ന് മായ നോക്കാൻ തുടങ്ങി…
എന്നും പതിവ് തെറ്റിക്കാതെയുള്ള ഗുഡ് മോർണിങ്, ഗുഡ് നൈറ്റ് മെസ്സേജുകൾ, ഇടയ്ക്ക് വല്ലപ്പോഴും ഒരു മറുപടി അയയ്ക്കുമെന്ന് അല്ലാതെ പതിവായി അതിനൊന്നും തന്നെ മായ മറുപടി കൊടുത്തിട്ടില്ല. തള്ളവിരൽ കൊണ്ട് ആ ചാറ്റ് താഴേക്ക് നീക്കുമ്പോൾ പിന്നേയും അവൾ കണ്ടു നിർത്താതെ ചാറ്റ് ചെയ്തിരുന്ന അവരുടെ കുറെ ദിവസങ്ങൾ…
മനുവുമായിയുള്ള സ്ഥിരം വഴക്കുകളും,പിണക്കങ്ങളും പതിവായപ്പോൾ ആണ് മായ മുഖപുസ്തകത്തിൽ കൂടുതൽ സമയം ചിലവഴിച്ചു തുടങ്ങിയത്, അങ്ങനെയാണ് ഏതോ ഗ്രൂപ്പിൽ അയാളുടെ പോസ്റ്റുകൾ ശ്രദ്ധിച്ചു തുടങ്ങുന്നത്, പിന്നെ അതിൽ അഭിപ്രായങ്ങൾ പറഞ്ഞ് കമെന്റ് ഇട്ടു തുടങ്ങിയ പരിചയം ഏറെ വൈകിയാണ് ഇൻബോക്സിലേക്ക് എത്തുന്നത്. തന്റെ ജീവിതം ഒന്ന് എഴുതി തരുമോ എന്ന ചോദ്യവുമായിയാണ് മായ അയാളുടെ ഇൻബോക്സിലേക്ക് ആദ്യം പോകുന്നത്…
തന്റെ ജീവിതം അയാളുടെ മുന്നിൽ തുറന്നപ്പോൾ കുറെ നാളായി അസ്വസ്ഥമായ കിടന്ന അവളുടെ മനസ്സ് അന്ന് ഒന്ന് ശാന്തമായി. നല്ലൊരു കേൾവിക്കാരനായി എല്ലാം കേട്ടിരുന്ന അയാൾ അവസാനം ആശ്വാസ വാക്കുകൾ പകർന്നപ്പോൾ ഒരാളെങ്കിലും താന്നെ മനസ്സിലാക്കുന്നല്ലോ എന്ന ആശ്വാസമായിരുന്നു മായയ്ക്ക്..
പിന്നെയുള്ള ദിവസങ്ങൾ അവർ ഒരുപാട് നേരം ചാറ്റ് ചെയ്തിരുന്നു. ഏത് അർദ്ധരാത്രിയിലും ഓടി ചെന്ന് സംസാരിക്കാൻ പറ്റുന്ന, എത്ര മൂഡ് ഓഫ് ആണെങ്കിലും അതെല്ലാം മാറ്റാൻ കഴിവുള്ള മായയുടെ നല്ലൊരു സുഹൃത്തായി മാറാൻ അയാൾക്ക് ഒരുപാട് ദിവസം വേണ്ടി വന്നിരുന്നില്ല, എന്നാലും സ്വന്തം പേര് വ്യക്തമാക്കാത്ത അയാളോട് മായ പരിഭവം കാണിക്കുമ്പോൾ
‘ ഒരു പേരിലൊക്കെ എന്തിരിക്കുന്നു..’ എന്ന് പറഞ്ഞ് അവളുടെ മുന്നോട്ടുള്ള ചോദ്യങ്ങൾക്ക് അയാൾ ഫുൾ സ്റ്റോപ്പ് ഇടുമായിരുന്നു…
മനുവുമായിയുള്ള പ്രശ്നങ്ങൾ ഓരോന്നും അയാളോട് പറയുമ്പോൾ എല്ലാം കേട്ടിരുന്നു അതിന് പരിഹാരം പറഞ്ഞു കൊടുത്ത് മായയുടെ മനസ്സ് ശാന്തമാക്കുന്ന നല്ലൊരു സുഹൃത്തായി കൂടെ നിൽക്കുന്നത് അല്ലാതെ, അവൾ പറയുന്ന കാര്യങ്ങൾ വച്ച് മറ്റൊരു രീതിയിലും അയാൾ അവളെ ബുദ്ധിമുട്ടിക്കാതെ ഇരുന്നത് അവളുടെ മനസ്സിലും അയാളോട് ഒരു ഇഷ്ടം ഉണ്ടാക്കിയിരുന്നു, ഇടയ്ക്ക് എപ്പോഴോ അവൾ പോലും അറിയാതെ അവളുടെ ഉള്ളിൽ അയാളോട് ഒരിഷ്ടം മൊട്ടിട്ടു എന്നതാണ് സത്യം. എന്നാലും അയാളിൽ നിന്ന് അങ്ങനെ ഒരു പെരുമാറ്റവും ഉണ്ടായിരുന്നില്ല…
മായ ആ പഴയ ചാറ്റിൽ കണ്ണോടിച്ചിരിക്കുമ്പോൾ ആണ് മനുവിന്റെ കൈകൾ അവളുടെ തോളിൽ പതിയുന്നത്..
” പണ്ടെങ്ങോ അയാൾ എന്നോട് വീടും സ്ഥലവും പറഞ്ഞിട്ടുണ്ട്, ഇതിൽ എവിടെയോ ഉണ്ട് മനുവേട്ട ഞാൻ നോക്കട്ടെ…”
തന്റെ ആരിൽ വന്ന മനുവിനോട് പറഞ്ഞവൾ വീണ്ടും തള്ള വിരൽ കൊണ്ട് ചാറ്റ് താഴേക്ക് നീക്കി തുടങ്ങി…
‘നിങ്ങൾ ഏതോ ഫേക്ക് അല്ലെ എന്നെ പറ്റിക്കുകയല്ലേ..’ എന്നൊരിക്കിൽ മായാ അയാളോട് പറഞ്ഞപ്പോൾ ആണ് തന്റെ പേര് മറച്ച ഐഡൻറിറ്റി കാർഡ് അവൾക്ക് അയച്ച് കൊടുത്തത്, അത് വാട്ട്സ് ആപ്പിൽ കാണാത്തത് കൊണ്ടാണ് മെസ്സേഞ്ചറിൽ തിരഞ്ഞത്, കുറെ നേരം തിരഞ്ഞ ശേഷമാണ് അന്ന് അയച്ച് ഫോട്ടോ മെസ്സെഞ്ചറിൽ കണ്ടത്, മായ അത് വീണ്ടും ഡൌൺലോഡ് ചെയ്തു…
” ദേ ഏട്ടാ ഇതാണ് സ്ഥലം കൊല്ലം ജില്ലയിലെ കുളത്തുപ്പുഴ, അവിടെ എവിടെയോ ആണ്,, ഇത് ആ പത്രത്തിൽ കണ്ട നമ്പറിൽ വിളിച്ചു പറഞ്ഞാലോ…”
മനുവിന് നേരെ മൈബൈൽ നീട്ടി മായ അത് പറയുമ്പോൾ മനു അതും വാങ്ങി പത്രത്തിൽ കണ്ട നമ്പർ ഡയൽ ചെയ്ത് പുറത്തേക്ക് നടന്നു. മായ തലയിൽ കയ്യും വച്ച് മുഖം കുമ്പിട്ട് കട്ടിലിൽ തന്നെയിരുന്നു. എങ്കിലും അയാൾ എങ്ങനെ മരിച്ചു, എന്തിന് മരിച്ചു, എപ്പോഴും സന്തോഷത്തോടെ ഇരിക്കുന്ന, ചുറ്റും ഉള്ളവരെ സന്തോഷിപ്പിക്കുന്ന അയാൾക്ക് എന്താകും പറ്റിയത് അങ്ങനെ ഒരുപാട് ചോദ്യങ്ങൾ അവളുടെ മനസ്സിൽ വന്ന് പൊയ്ക്കൊണ്ടേയിരുന്നു…
” വിളിച്ചോ എന്ത് പറഞ്ഞു…
അൽപ്പം കഴിഞ്ഞ് തന്റെ അരികിൽ വന്നിരുന്ന മനുവിനോട് മായ ചോദിച്ചു..
” ഉം വിളിച്ചു, നമുക്ക് മുന്നേയും ഒരുപാടുപേർ വിളിച്ചത്രേ, ആർക്കും പേര് കൃത്യമായി അറിയില്ല, എല്ലാവരും പറഞ്ഞത് ഈ സ്ഥലം തന്നെയാണ്…”
ഒരു ദീർഘനിശ്വാസത്തോടെ മനു അത് പറഞ്ഞ് കൈകൾ പുറകിലേക്ക് ഊന്നി കട്ടിലിൽ ഇരുന്നു..
” മനുവേട്ട നമുക്ക് ഒന്ന് അവിടെ വരെ പോയാലോ…”
അൽപ്പനേരത്തെ മൗനത്തിന് ശേഷമാണ് മായ അത് പറഞ്ഞത്, മനു അത് പ്രതീക്ഷിച്ചത്കൊണ്ടുമാണ് മൂന്ന് നാല് മണിക്കൂർ യാത്ര ഉണ്ടായിട്ടും മനു എതിർത്ത് ഒന്നും പറയാതെ ഇരുന്നതും….
മനുവിനൊപ്പം മുൻ സീറ്റിൽ കയറി പുറത്തേക്ക് നോക്കി ഇരിക്കുമ്പോഴും മായയുടെ മനസ്സിൽ വീണ്ടും ഒരുപാട് ചോദ്യങ്ങൾ കയറി വന്നു. ഇതുവരെ നേരിട്ട് കണ്ടിട്ട് പോലും ഇല്ലാത്ത, നേരിട്ട് അറിയാത്ത, അകലങ്ങളിൽ നിന്ന് മാത്രം സംസാരിക്കുന്ന ഒരാളുടെ മരണ വാർത്ത തന്നെ ഇത്രയും വിഷമിപ്പിക്കുന്നത് എന്തിനാണെന്ന് അവൾക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. അവൾ ഇടങ്കണ്ണിട്ട് മനുവിനെ നോക്കുമ്പോൾ അവന്റെ മനസ്സിലും വിഷമം ഉണ്ടെന്ന് ആ മുഖത്തിലൂടെ അവൾ വായിച്ചെടുത്തു…
മറ്റുള്ളവരുടെ മനസ്സ് വായിക്കാൻ അയാൾക്ക് പ്രത്യേക കഴിവുണ്ടായിരുന്നു എന്നവൾ വീണ്ടും ഓർത്തെടുത്തു. എപ്പോഴേലും മനസ്സ് ഒന്ന് വിഷമിച്ചാൽ പറയാതെ തന്നെ അത് മനസ്സിലാക്കാനുള്ള കഴിവ് അയാൾക്ക് ഉണ്ടായിരുന്നു, എന്നാൽ ഇതുവരെ അയാളുടെ മനസ്സ് മനസ്സിലാക്കാൻ തനിക്ക് കഴിഞ്ഞിരുന്നതുമില്ല…
‘ നിങ്ങൾക്ക് സങ്കടം ഒന്നും വരാറില്ലേ, എപ്പോഴും സന്തോഷത്തോടെ അണല്ലോ ഇരിക്കുന്നെ…’ ഒരിക്കൽ അത് അയാളോട് ചോദിച്ചത് മായ ഓർത്തു…
‘ നമ്മൾ എപ്പോഴും മറ്റുള്ളവരോട് സന്തോഷത്തോടെ ഇരിക്കണം, അല്ലെ തന്നെ ആരാണ് ദുഃഖങ്ങൾ ഇഷ്ടപ്പെടുന്നത്, നമ്മൾ ഇവിടെയോകെ വരുന്നത് സന്തോഷം ആഗ്രഹിച്ചല്ലേ,…”
അയാൾ അന്നത് പറയുമ്പോൾ ആ മനസ്സിൽ ഒരുപാട് ദുഃഖങ്ങൾ ഒളിപ്പിക്കുന്നുണ്ടെന്ന് മായ മനസ്സിലാക്കാതെ പോയിരുന്നു…
മനുവുമായിയുള്ള പ്രശ്നങ്ങൾ കൂടിയതും ഒരിക്കൽ ആത്മഹത്യയ്ക്ക് വരെ തയ്യാറായതും, അത് അറിഞ്ഞ് അയാൾ അന്ന് ആദ്യമായി ദേഷ്യപ്പെട്ടതും, പിന്നെ അന്ന് രാത്രി തന്നെ ഇടയ്ക്ക് ഇടയ്ക്ക് വിളിച്ച് ആശ്വസിപ്പിക്കാൻ ശ്രമിച്ചതും ഓർക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി തുടങ്ങി, ഒരുപക്ഷേ കഴിഞ്ഞ ദിവസങ്ങളിൽ അയാളും ആഗ്രഹിച്ചിട്ടുണ്ടാകും അതുപോലെ അയാളെ കേൾക്കാൻ ഒരാളെ, ചിലപ്പോൾ ആ പ്രതീക്ഷയോടെ ആകും തനിക്കും മെസ്സേജ് അയച്ചിട്ടുള്ളത്, മായ ഒഴുകി വന്ന കണ്ണുനീർ തുടച്ചു കൊണ്ട് പുറത്തേക്ക് തന്നെ നോക്കി ഇരുന്നു…
തന്റെ പ്രശങ്ങൾ കൂടി കൂടി വന്നപ്പോൾ കുറച്ച് ദിവസം കുടുംബ വീട്ടിൽ നിന്ന് മാറി തമസിക്കാൻ നിർബന്ധിച്ചതും, മനുവിനെ ഒറ്റയ്ക്ക് കിട്ടുമ്പോൾ അരികിൽ ഇരുന്ന് മനസ്സ് തുറന്ന് കാര്യങ്ങൾ സംസാരിക്കാനും, മനുവിന് പറയാനുള്ളത് ക്ഷമയോടെ കെട്ടിരിക്കാനും നിർബന്ധിച്ചിത് അയാൾ ആയിരുന്നു. ആ വാക്കിന്റെ പുറത്താണ് വാടകയ്ക്ക് വീട് എടുത്ത് മാറിയതും,പിന്നെ പതിയെ തങ്ങളുടെ പിണക്കങ്ങൾ മാറി പരസ്പരം സ്നേഹിചും, വിട്ടുവീഴ്ച്ചകൾ ചെയ്തും സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങിയതും….
എല്ലാം ശരിയായപ്പോൾ ആണ് മനുവിനോട് ആ അജ്ഞാത സുഹൃത്തിനെ കുറിച്ച് പറയുന്നത്. ഒരിക്കൽ അയാളെ ഇവിടേക്ക് ക്ഷണിക്കണം എന്നും പറഞ്ഞത് മനു ആയിരുന്നു…
പിന്നെ പതിയെ തന്റെ സ്വകാര്യ ജീവിതത്തിൽ തിരക്ക് ആയപ്പോൾ അന്ന് താങ്ങായി കൂടെ നിന്ന, ആ നല്ല കേൾവിക്കാരനായ അജ്ഞാത സുഹൃത്തിനെ സൗകര്യ പൂർവ്വം ഒഴിവാക്കുക ആയിരുന്നു എന്നവൾ വീണ്ടും ഓർത്തെടുത്തു. അല്ലേലും നമ്മൾ അങ്ങനെയാണ് എല്ലാം സൗകര്യപൂർവ്വം മറക്കുന്നവർ…
ഇടയ്ക്ക് മനു വണ്ടി നിർത്തി ആരോടെക്കെയോ വഴി തിരക്കുന്നുണ്ടായിരുന്നു, അപ്പോഴും മായയുടെ മനസ്സ് പിടി കിട്ടാതെ കറങ്ങി നടക്കുക ആയിരുന്നു..
” മായേ ദേ എത്തി…
മനു തട്ടി വിളിച്ചപ്പോൾ ആണ് മായ ചിന്തകളിൽ നിന്ന് ഉണർന്നത്. റോഡിന്റെ വക്കിലായി മനു വണ്ടി നിർത്തിയെക്കുകയാണ്, മുന്നിലായി ഒരാൾക്ക് നടന്ന് പോകാവുന്ന ചെറിയ ഇടുങ്ങിയ വഴിയുണ്ട്, അതിനു മുന്നിലെ പോസ്റ്റിൽ കെട്ടിയേക്കുന്ന കറുത്ത കൊടിക്കു താഴെയായി ആദരാഞ്ജലികൾ എഴുതിയ അയാളുടെ ഫോട്ടോയും ഒട്ടിച്ചിട്ടുണ്ട്, അതിൽ എഴുതിയിരിക്കുന്ന ആ പേര് അവൾ മനസ്സിൽ മെല്ലെ വായിച്ചു ‘ശ്യാം….’
മനുവിനൊപ്പം കാറിൽ നിന്ന് ഇറങ്ങി ആ വഴിയിലേക്ക് നടക്കും മുൻപ് മായ ഒന്ന് കൂടി പോസ്റ്റിലെ ആ മുഖം നോക്കിയിരുന്നു, ആ ഇടുങ്ങിയ വഴി ചെന്നെത്തുന്നത് ഓട് മേഞ്ഞ പഴയ വീട്ടിലേക്ക് ആയിരുന്നു, ഒന്ന് രണ്ട് സ്ത്രീകൾ നിന്ന് മുറ്റത്തെ പുല്ലൊക്കെ ചെത്തി കളഞ്ഞ് വൃത്തിയക്കുന്നത് കണ്ടപ്പോൾ മനസ്സിലായി അവിടെ ആരും താമസം ഇല്ലെന്ന്…
മുറ്റത്ത് അങ്ങിങ്ങായി മൂന്ന് നാലുപേർ കൂട്ടം കൂടി നിൽക്കുന്നത് അല്ലാതെ വല്യ ആൾക്കൂട്ടം ഒന്നും ഇല്ലായിരുന്നു. മായ ആരെയും ശ്രദ്ധിക്കാതെ വീട്ടിലേക്ക് കയറി ഉള്ളിൽ പൊടി പിടിച്ച് കിടക്കുന്ന ഒന്ന് രണ്ട് കസേരയും മീശയും, മായ അതും കടന്ന് അകത്തെ മുറിയിൽ കയറി, അവിടെ മേശപ്പുറത്ത് പൊടിപിടിച്ച കുറെ ബുക്കുകൾ അടുക്കി വച്ചിട്ടുണ്ട്. മായ വെറുതെ ബുക്ക് നോക്കുന്ന കൂട്ടത്തിൽ ഒരു ഡയറി അവളുടെ കണ്ണിൽ പെട്ടത്..
അതിന്റെ പുറത്തെ പൊടി തട്ടി കളഞ്ഞ് അതിലെ താളുകൾ മറിച്ചു. വടിവൊത്ത അക്ഷരത്തോടെ എഴുതിയിരിക്കുന്ന അക്ഷരങ്ങളിലൂടെ അവൾ മെല്ലെ വിരലോടിച്ചു. അയാളിലെ ഓരോരോ ചിന്തകൾ ആണ് അതിൽ എഴുതിയിരിക്കുന്ന ഓരോ വരികളും, ഓരോന്നും മറിച്ച് നോക്കുന്ന കൂട്ടത്തിൽ അയാളെ കുറിച്ച് എവിടെയെങ്കിലും എന്തേലും എഴുതിയിട്ടുണ്ടോ എന്നവൾ നോക്കിയെങ്കിലും ഒന്നും കിട്ടിയില്ല, എഴുതിയിരുന്നത് എല്ലാം മറ്റുള്ളവരെ കുറിച്ചായിരുന്നു, അതിൽ ഇടയ്ക്ക് തന്റെ പേരും കണ്ടപ്പോൾ മായയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അപ്പോഴേക്കും പുറത്ത് ബഹളം കേട്ട് മായാ ഡയറി മടക്കി കയ്യിൽ പിടിച്ച് പുറത്തേക്ക് നടന്നു….
ആരൊക്കെയോ ചേർന്ന് മുറ്റത്ത് കട്ടിലിൽ അയാളെ കിടത്തിയേക്കുന്നു. ഒരു സ്‌ത്രീ അയാളുടെ തലയ്ക്ക് മുകളിൽ നിലവിളക്കും ചന്ദനത്തിരിയും കത്തിച്ചു വച്ചു. ആരൊക്കെയോ വന്ന് നോക്കി പോകുന്നത് അല്ലാതെ അയാൾക്ക് വേണ്ടി കണ്ണീർ ഒഴുക്കൻ അവിടെ ആരും ഉണ്ടായിരുന്നില്ല. മായയും അയാൾക്ക് അരികിലായി നീങ്ങി നിന്നു, ആ മുഖത്തേക്ക് നോക്കി നിൽക്കുമ്പോൾ എന്തേലും പറഞ്ഞ് ഉച്ചത്തിൽ ചിരിക്കാറുള്ള അയാളുടെ ആ ചിരി എവിടെ നിന്നോ മായയുടെ ചെവിയിൽ പതിഞ്ഞു…
അങ്ങനെ നോക്കി നിൽക്കുമ്പോൾ അടക്കി വച്ചിരുന്ന കരച്ചിൽ പുറത്തേക്ക് വന്ന് തുടങ്ങി, അവൾ കരഞ്ഞു തുടങ്ങും മുൻപേ മനു അവളുടെ തോളിൽ കൂടി കൈ ഇട്ട് തന്നിലേക്ക് ചേർത്ത് പിടിച്ചു…
” വാ പോകാം..”
മനു മായയുടെ ചെവിയിൽ മെല്ലെ പറയുമ്പോൾ മനുവിനൊപ്പം മായ തിരിഞ്ഞു നടന്നു…
” ഇനിയിപ്പോ ആരെയും കാത്ത് ഇരിക്കേണ്ടല്ലോ, കർമ്മങ്ങൾ ചെയ്യാനും ആരുമില്ല, ശ്മശാനത്തിലേക്ക് എടുത്താൽ നമുക്ക് ജോലി തീർത്ത് പോകമായിരുന്നു…”
തിരിഞ്ഞു നടക്കുമ്പോൾ ആരൊക്കെയോ പറയുന്നത് മായയും കേട്ടു. അവർ വണ്ടിയിൽ കയറി മുന്നോട്ട് പോകുമ്പോൾ നിശബ്ദമായി ആ അജ്ഞതന്റെ മൃതദേഹവും പേറി ആ ആംബുലൻസ് അവരെയും കടന്ന് മുന്നോട്ട് നീങ്ങി…
‘ ഒരിക്കൽ തന്നെപ്പോലെ ആർക്കൊക്കെയോ വേണ്ടപ്പെട്ട സുഹൃത്ത് ആയവൻ, ആരുടെയൊക്കെയോ ആശ്വാസം ആയവൻ ഇന്നിപ്പോൾ ആരും തിരിഞ്ഞു നോക്കാൻ ഇല്ലാതെ, അവന് വേണ്ടി ഒരിറ്റ് കണ്ണീർ വീഴ്ത്താൻ ആരും ഇല്ലാതെ അജ്ഞാത മൃതദേഹമായി അയാൾ യാത്രയായിരിക്കുന്നു…’
മായ ആ ഡയറിയിലെ അവസാന താളിൽ അങ്ങനെ കുറിച്ചിട്ടു….