കാറ്റെടുത്തവൻ
Story written by Navas Amandoor
“പെട്ടെന്നൊരു കാറ്റ് വന്നിട്ട് ഒരാളെ കൊണ്ടുപോയി.”
“കാറ്റ് ഒരാളെ കൊണ്ടുപോയെന്നോ… ചുമ്മാ പറയല്ലേ…”
“ചുമ്മാ അല്ലാ സത്യം.. കഴിഞ്ഞ ദിവസം കാറ്റിന്റെ വരവ് ടീവിയിൽ കണ്ടപ്പോൾ വെല്ലിമ്മ പറഞ്ഞതാണ്.”
“നീ പറ.. എങ്ങനെയാണ് സംഭവം..?”
കുറേ വർഷങ്ങൾക്ക് മുൻപ് ഒരു വെള്ളിയാഴ്ച പള്ളിയിൽ പോയി വന്ന് ഭക്ഷണം കഴിച്ചതിന് ശേഷം കുറച്ചു നേരം ഉറങ്ങിയിട്ടാണ് അലി പുറത്തിറങ്ങിയത്.
അലി ഉമ്മാടെ ഓമന മകനാണ്. ഉമ്മ അവനെ ഒരു ചരടിൽ കെട്ടി നടത്തിച്ചു. ഉമ്മയുടെ കൈയ്യിലെ പാവയാണ് അലി.ഉമ്മയുടെ അനുവാദമില്ലാതെ മുള്ളാൻ പോലും പോകില്ല. ഉമ്മയുടെ വിളി കേൾക്കുന്ന ദൂരത്തിനപ്പുറത്തേക്ക് പോകാൻ അനുവാദ മില്ലാത്ത മകൻ.
“അലി ചെറിയ കുട്ടിയാകും അല്ലെ…?”
“ഹേയ്.. മുപ്പത് വയസ് കഴിഞ്ഞ കുട്ടിയാ.”
അലി ജനിച്ച സമയത്ത് അത് വഴി വന്ന ഒരു ഫക്കീർ പറഞ്ഞത്രെ… അലിയുടെ ജന്മം ഈ നാടിനെ ഒരു ആപത്തിൽ നിന്നും സംരക്ഷിക്കാൻ ഉള്ളതാണെന്ന്.
ടാറിട്ട റോഡുകളോ വലിയ വീടുകളോ കെട്ടിടങ്ങളോ അന്ന് ഉണ്ടായിരുന്നില്ല.നിറയെ പച്ചപ്പും ഇടവഴികളുമുള്ള നന്മയുള്ള നാട്ടിൻപുറത്ത് ഓല മേഞ്ഞ വീടുകളാണ് മിക്കതും.
കുറച്ചു ക്യാഷ് ഉള്ളവർ പനമ്പ് കൊണ്ട് ചെറ്റ കെട്ടും. അല്ലാത്തവർ ചെറ്റയും ഓല തന്നെ.പിന്നെ കുറച്ചു ഓടിട്ട വീടുകൾ… മണ്ണണ്ണ വിളിക്ക് വെളിച്ചം തരുന്ന വീടുകളാണ് മിക്കവാറും.
“ചെറ്റയോ..അത് എന്താണ്…?”
“വീടിന്റെ ചുമരില്ലെ അതുപോലെ ഓല മേഞ്ഞ വീടുകളുടെ വശങ്ങൾ മറച്ചു കെട്ടുന്നതിനെ അങ്ങനെയാ പറയുക.”
ഫക്കീർ അങ്ങനെ പറഞ്ഞത് കൊണ്ടാണ് ഉമ്മ അലിയെ കൺവെട്ടത്തിൽ വളർത്തിയത്. മുപ്പത് വയസ്സായിട്ടും കല്യാണം പോലും കഴിക്കാത്ത അലിയുടെ ജീവിത ലക്ഷ്യത്തിന്റെ ദിവസമായിരുന്നു ആ വെള്ളിയാഴ്ച.
ഇങ്ങനെയൊരു കാറ്റ് വരുന്നതിന്റെ ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.
വീട്ടിൽ നിന്നും കുറച്ചു മുന്നോട്ട് നടന്നാൽ ഒരു പാടമാണ്. ആ പാടത്തു പന്തു കളിക്കുന്ന കുട്ടികൾ. കുട്ടികളുടെ കളി നോക്കി ഇരിക്കാനാണ് അലിയുടെ പോക്ക്.
മുറിച്ചിട്ട തെങ്ങിന്റെ കടയുടെ മേലെ അലി ഇരിക്കും. അത് വഴി നടന്നു പോകുന്നവർ അലിയെ നോക്കി പുഞ്ചിരി തൂകും.
വീടിന്റെ പുറത്തറങ്ങി നോക്കിയാൽ ഉമ്മാക്ക് കാണുന്ന ദൂരത്തിലാണ് അലിയുടെ ഇരിപ്പ്. ഈ കുറഞ്ഞ സമയത്തിനുള്ളിൽ രണ്ട് തവണയെങ്കിലും ഉമ്മ അലിയെ നോക്കിപ്പോയിട്ടുണ്ടാകും.
പെട്ടന്ന് അന്തരീക്ഷം മാറാൻ തുടങ്ങി. ഇടവപ്പാതിമഴക്ക് ഒരുങ്ങിയത് പോലെ.
ഇലകൾ പതുക്കെ അനങ്ങാൻ തുടങ്ങി.
പടിഞ്ഞാറു ഭാഗത്തു നിന്നും വല്ലാത്തൊരു ഹുങ്കാരം കേട്ടു. കടലിന്റെ കലിയിൽ ആഞ്ഞടിക്കുന്ന തിരമാലയുടെ ശബ്ദം പോലെ.
“അലി… മോനേ..അലി… “
അലിയുടെ ഉമ്മ ഉറക്കെ വിളിച്ചു.
പാടത്തു കളിച്ചകൊണ്ടിരുന്ന കുട്ടികൾ ഓടി.
പാടവരമ്പിലൂടെ നടന്നവരും ഓടി.
ചെടികളും മരങ്ങളും ആടിയുലഞ്ഞു.
എവിടെയൊക്കെയൊ മരത്തിന്റെ കൊമ്പുകൾ ഒടിഞ്ഞു വീണു.
മാങ്ങയും തേങ്ങയും വീണുകൊണ്ടിരുന്നു.
കാറ്റ്….വല്ലാത്ത കാറ്റ്. ഓല മേഞ്ഞ വീടുകളുടെ ഓലകൾ പറന്നുപോയി.
ചില വീടുകൾ തകർന്ന് വീണു.
പൊടിയും കരിയിലകളും പാറിപ്പറന്നു.
ആർക്കും ഒന്നും കാണാൻ പറ്റിയില്ല.
കണ്ണുകൾക്കു മുന്നിലെ ഇരുട്ടിൽ കാറ്റ് വീശിയടിക്കുന്ന ശബ്ദം മാത്രം.
ആരൊക്കെയോ എവിടെയൊക്കെയൊ പേടിച്ചു നിലവിളിച്ചു.
തീ പുകയുന്ന അടുപ്പിൽ നിന്നും കാറ്റിൽ ആളിപ്പടർന്ന തീയിൽ കത്തിയ വീടുകളിലേക്ക് വെള്ളം കോരി ഒഴിക്കാനെന്ന പോലെ ഒരു ചെറിയ മഴചാറി. കുറച്ചു നേരത്തിന് ശേഷം മഴയും കാറ്റും കഴിഞ്ഞു.
പൂരം കഴിഞ്ഞ പറമ്പ് പോലെയോ.. ആന ഇറങ്ങിയ കൃഷിസ്ഥലം പോലെയോ ആയിരുന്നു കുറച്ചു സമയത്തിന് ശേഷം ആ സഥലം.
കാറ്റടങ്ങി.. കാറ്റിന്റെ കലിയടങ്ങി.
പിന്നെ ഓട്ടമാണ്…. ഒടിഞ്ഞു വീണതും മറിഞ്ഞു വീണതും പറന്ന് വീണതും എടുത്തു മാറ്റാൻ.
വീട് പൊളിഞ്ഞും മരം വീണും അപകടം പറ്റിയവരെ സഹായിക്കാനുള്ള ഓട്ടം.
ആരും മരിച്ചിട്ടില്ല കാറ്റിന്റെ കലിയിൽ.
“അലി… അലി…”
കാറ്റിൽ നിലത്തു കുമിഞ്ഞ ഇലകളിൽ ചവിട്ടിനടന്ന് അലിയുടെ ഉമ്മ അലിയെ വിളിച്ചു..ഇല കൊഴിഞ്ഞ ഇടവഴിയിലും പാടത്തും തോട്ടിലും കുളത്തിലും ഉമ്മയുടെ വിളിയൊച്ച മുഴങ്ങി.
എല്ലാവരും വീടുകളിൽ എത്തിയിട്ടും അലി വീട്ടിൽ എത്തിയില്ല. കാറ്റു വന്നപ്പോൾ ദിശ തെറ്റി ഓടിയതാകുമെന്ന് ഉമ്മ ആദ്യം വിശ്വസിച്ചു.
എങ്ങനെയായാലും ഉമ്മയുടെ വിളി കേൾക്കുന്ന ദൂരത്തിനും അപ്പുറമാണ് അലി.അതല്ലെങ്കിൽ ഉമ്മയുടെ ഒറ്റ വിളിയിൽ അലി ഉമ്മയുടെ അരികിൽ എത്തുമല്ലോ.
എല്ലാം ശാന്തമായതിനു ശേഷം നാട്ടുകാർ തെരച്ചിൽ തുടങ്ങി.
അലിയെ മാത്രം കാണുന്നില്ല.
ഊണും ഉറക്കവും ഇല്ലാതെ ഉമ്മ ഇടക്കിടെ അലിയെ വിളിച്ചുകൊണ്ടിരുന്നു.
ഒന്നല്ല രണ്ടല്ല ദിവസങ്ങൾ പലതു കഴിഞ്ഞിട്ടും അലിയെ കിട്ടിയില്ല.
“അലി എവിടെപ്പോയി….?”
“അലിയെ കാറ്റ് കൊണ്ടോയി…”
ആളുകൾ പരസ്പരം പറഞ്ഞു..
“അന്ന് ഫക്കീർ പറഞ്ഞത് പോലെ നടന്നിരിക്കുന്നു… അലിയെ എടുത്ത കാറ്റ് നാടിനെ വെറുതേ വിട്ടു… “
കാറ്റു കൊണ്ടുപോയവൻ എവിടെയാകും ഉണ്ടാകുകയെന്ന് ആർക്കും അറിയില്ല.എവിടെയോ.. മനുഷ്യർക്ക് എത്താൻ കഴിയാത്ത ഒരിടത്തുണ്ടാകും അലി.
“ഞാൻ വിശ്വസിക്കില്ല… ഇതൊക്കെ കള്ളക്കഥകളാണ് ബായ്..”
“അങ്ങനെ ആണെങ്കിൽ അലി പിന്നെ എവിടെപ്പോയി..”
അന്നുണ്ടായിരുന്ന ചിലർ പറഞ്ഞും കേട്ടും ഇപ്പോഴും ആ നാട്ടിൽ ഒരു ചെറിയ കാറ്റ് വന്നാൽ അലിയെ ഓർക്കും…
അലിയുടെ ഉമ്മ മരിക്കും വരെ അലി തിരിച്ചു വരുമെന്ന് കരുതി.
കാറ്റെടുത്തവനെ കാറ്റു തന്നെ തിരിച്ചു കൊണ്ട് തരുമെന്ന് വിശ്വസിച്ചു ജീവിച്ചു മരിച്ചവരുടെ പുതിയ തലമുറയിലും അലിയെ കാറ്റ് കൊണ്ടുപോയ കഥ പറയുന്നു.
“എന്നാലും കാറ്റ് ഒരാളെ ഇങ്ങനെ കൊണ്ടുപോകുമോ.. പരുന്ത് റാഞ്ചിക്കൊണ്ടു പോകുന്ന പോലെ കൊണ്ടുപോയാലും എവിടെയെങ്കിലും വീണുപോകില്ലേ…വീണ് പോയാൽ അവിടെ നിന്നും തിരിച്ചു വരാൻ കഴിയാത്ത വിധം പെട്ടതാകും… എന്തായാലും അലിയെ കൊണ്ട് പോയത് കാറ്റ് തന്നെയാണ്.”