നീയൊന്ന് അടങ്ങ് ഫറൂ, നമ്മുടെ മോന് എന്റെ പെങ്ങൾ പേരിട്ടാൽ നിനക്ക് എന്താണ് ഇത്ര പ്രശ്നം..…

പേരിടൽ ചടങ്ങ്

Story written by Shaan Kabeer

“ഞാൻ നൊന്തുപെറ്റ എന്റെ കുട്ടിക്ക് നിങ്ങളുടെ പെങ്ങള് പേരിടേണ്ട. എന്ത് പേരിടണമെന്ന് ഞാൻ തീരുമാനിക്കും”

ഫർസാന കട്ട കലിപ്പിൽ മുജീബിനെ നോക്കി, മുജീബ് അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു

“നീയൊന്ന് അടങ്ങ് ഫറൂ, നമ്മുടെ മോന് എന്റെ പെങ്ങൾ പേരിട്ടാൽ നിനക്ക് എന്താണ് ഇത്ര പ്രശ്നം…?”

ഫർസാന മുജീബിനെ തുറിച്ച് നോക്കി

“അതങ്ങ് പള്ളീൽ പോയി പറഞ്ഞാൽ മതി. അവളാരാ എന്റെ കുട്ടിക്ക് പേരിടാൻ…?”

ഒന്ന് നിറുത്തിയിട്ട് ഫർസാന തുടർന്നു

“പ്രസവിച്ച് കിടക്കുമ്പോൾ എനിക്ക് തിന്നാൽ വേണ്ടി എന്റെ വീട്ടുകാരും കുടുംബക്കാരും കൊണ്ടുവന്ന ഹോർലിക്സും പഴവും കാടമുട്ടയും ഒക്കെ പകുതി മുക്കാലും നിങ്ങളുടെ പെങ്ങൾ അവളുടെ വീട്ടിലേക്ക് കൊണ്ടുപോയപ്പോൾ ഞാൻ ഒന്നും മിണ്ടിയില്ല, എന്നെ നോക്കാൻ വന്ന ഹോം നഴ്‌സിന്റെ അടുത്ത് ഏഷണിയും പരദൂഷണവും പറഞ്ഞു കൊടുത്ത് കുത്തിത്തിരിപ്പ് ഉണ്ടാക്കിയപ്പോഴും ഞാൻ ഒന്നും പറഞ്ഞില്ല പക്ഷേ, ഈകാര്യത്തിൽ ഞാൻ അവളുടെ മുന്നിൽ തോറ്റുകൊടുക്കില്ല”

ചെകുത്താനും കടലിനും നടുവിൽ അകപ്പെട്ട അവസ്ഥയിലായി മുജീബ്

“ന്റെ ഫറൂ, അവൾ നമ്മുടെ മോന് നല്ലൊരു പേരാണങ്കിലോ ഇടുന്നത്. എന്തിനാ വെറുതേ അങ്ങോട്ടും ഇങ്ങോട്ടും വെറുതേ…”

ഫർസാന മുജീബിന്റെ കണ്ണിലേക്ക് നോക്കി

“ന്റെ ഇക്കാ, ഇങ്ങളെ പുന്നാര പെങ്ങൾ നമ്മുടെ മോന് ഇടാൻവേണ്ടി കണ്ടുവെച്ചിരിക്കുന്ന പേരെന്താ അറിയോ…?”

ആകാംഷയോടെ മുജീബ്

“എന്താ…?”

പുച്ഛത്തോടെ അവൾ മുജീബിനെ നോക്കി

“ഇങ്ങളുടെ പെങ്ങളുടെ മുൻകാമുകന്റെ പേരാണ് അവൾ നമ്മുടെ കുട്ടിക്ക് ഇടാൻ വെച്ചിരിക്കുന്നത്. നമ്മുടെ മോനിലൂടെ അവളുടെ പ്രണയം ജീവിക്കും എന്ന്. സ്വന്തം കുട്ടിക്ക് പേരിടാൻ നേരം അവൾക്ക് ഇതൊന്നും ഓർമയില്ലായിരുന്നോ…?”

മുജീബ് ഫർസാനയെ നോക്കി

“എന്താ അവളുടെ കാമുകന്റെ പേര്…?”

ഫർസാനയുടെ ഞരമ്പുകൾ വലിഞ്ഞുമുറുകി, ഹൃദയം പെടപെടാന്ന് ഇടിച്ചു, കണ്ണുകൾ ചുവന്നു

“ഷാൻ കബീർ”

ഇതും പറഞ്ഞ് ഒന്ന് ശ്വാസം ഉള്ളോട്ട് വലിച്ച് പെട്ടന്ന് അത് പുറത്തേക്ക് വിട്ട് അവൾ മുജീബിനെ നോക്കി കണ്ണുരുട്ടി

“ഇജ്ജാതി കാട്ട് കോഴിയായ കാമുകന്റെ പേര് എന്റെ കുട്ടിക്കിടാൻ എനിക്ക് സൗകര്യമില്ല. ഒരേസമയം ആറും ഏഴും കാമുകിമാരുള്ള ഇവന്റെ പേരൊക്കെ എന്റെ കുട്ടിക്കിട്ടാലുള്ള അവസ്ഥ… ഓർക്കാൻ കൂടി വയ്യനിക്ക്… അവളുടെ ഒരു ദിവ്യ പ്രണയം %₹#@”

മുജീബ് പിന്നെ അവിടെ നിന്നില്ല, വീടിന്റെ പുറത്തിറങ്ങി ഫോണെടുത്ത് പെങ്ങൾക്ക് വിളിച്ച് ഒരു കാരണവശാലും പേരിടൽ ചടങ്ങിന് വരരുത് എന്ന് പറഞ്ഞു…