മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
രാത്രി ദേവ് തന്നെയാണ് പാറുവിനു കൂട്ടിരുന്നത്… അവളെ റൂമിലേക്ക് മാറ്റിയപ്പോൾ മുതൽ അച്ഛനമ്മമാർ അവളുടെ ചുറ്റും തന്നെയായിരുന്നു..
ഒടുവിൽ ദേവ് തന്നെയാണ് നിർബന്ധിച്ച് അവരെ വീട്ടിലേക്ക് പറഞ്ഞു വിട്ടത്..
രാത്രി ആയപ്പോൾ നഴ്സ് ഇഞ്ചക്ഷൻ എടുക്കാൻ മുറിയിലേക്ക് വന്നു..
“ഞാൻ ഒന്ന് ഭദ്രനെ ഫോൺ വിളിച്ചിട്ട് വരാം…”
അതും പറഞ്ഞു ദേവ് മുറിക്ക് പുറത്തിറങ്ങി..
“കാര്യം അതൊന്നുമല്ല മാഡം..”
നഴ്സ് മരുന്ന് നിറയ്ക്കുന്നതിന്റെ ഇടയിൽ പതിയെ അവളോട് പറഞ്ഞു..
പാറു മനസ്സിലാകാത്തത് പോലെ അവരെ നോക്കി..
“മാഡത്തിന് ഇഞ്ചക്ഷൻ എടുക്കാൻ വന്നത് കൊണ്ടാണ്…”
അവര് ചിരിയോടെ പറഞ്ഞു…
പാറു മനസ്സിലാകാത്തത് പോലെ അവരെ നോക്കി..
“മാഡത്തിന് വേദന എടുത്താൽ സാറിന് ആണ് അതിന്റെ വേദന… ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടാനും പുണ്യം ചെയ്യണം.. മാഡത്തിനെ ഇവിടെ കൊണ്ട് വന്നപ്പോൾ ഉള്ള സാറിന്റെ വെപ്രാളം കണ്ട് ഞാനൊക്കെ പേടിച്ച് പോയി..”
അവര് പാറുവിനു ഇഞ്ചക്ഷൻ എടുത്തു കൊണ്ട് പറഞ്ഞു .
“പാറു അവരെ അന്തംവിട്ടു നോക്കുകയായിരുന്നു…
“ആഹ്..icu വിൽ കയറിയപ്പോൾ സാർ കരച്ചിൽ ആയിരുന്നു.. വല്ലാത്ത അവസ്ഥ… സാർ ഭാര്യയെ ഒരുപാട് സ്നേഹിക്കുന്നു എന്ന് മനസ്സിലായി…”
പാറുവിൻെറ കവിളിൽ തഴുകി കൊണ്ട് അവര് ട്രേ എടുത്തു പുറത്തേക്ക് നടന്നു..
നഴ്സ് പുറത്തേക്ക് പോയപ്പോൾ ദേവ് അകത്തേക്ക് കയറി വന്നു..
പാറു അവനെ നോക്കി മുഖം വീർപ്പിച്ചു ഇരുന്നു…
“എന്താണ് എന്റെ പെണ്ണിന് പെട്ടെന്ന് ഒരു ദേഷ്യം..”
ദേവ് അമ്പരപ്പോടെ ചോദിച്ചു..
പാറു ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി..
“പറയ് പെണ്ണേ..ന്താ ഇപ്പൊ ഇവിടെ ഉണ്ടായത്..”
അവൻ ചിരിയോടെ അവൾക്ക് അരികിലേക്ക് ഇരുന്നു..
“ദേവേട്ടാ …”
അവള് കുഞ്ഞു കുട്ടികളെ പോലെ പരിഭവത്തോടെ അവനെ നോക്കി..
“എന്താ പെണ്ണേ.. നിനക്ക് എന്തോ ചോദിക്കാൻ ഉണ്ടല്ലോ..”
അവൻ അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു..
“ഒരുപാട് കരഞ്ഞോ ഇന്ന്..”
അവള് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു .
“കരയാനോ… ആര്..എന്തിന്..”
അവൻ അമ്പരപ്പോടെ ചോദിച്ചു..
“കള്ളം പറയണ്ട ദേവാ… എനിക്ക് അറിയാം…”
അവള് ചൂണ്ടു വിരൽ കൊണ്ട് അവന്റെ നെഞ്ചില് തൊട്ടു കൊണ്ട് പറഞ്ഞു..
“ആ നഴ്സ് എല്ലാം പറഞ്ഞു അല്ലെ.. ചെ…”
ദേവ് ചമ്മലോടെ അവളെ നോക്കി..
“ഹം… പറഞ്ഞു… സോറി ദേവാ…ഞാൻ പുറത്ത് പോയത് കൊണ്ടല്ലേ ഇങ്ങനെ ഒക്കെ……”
അവളുടെ സ്വരത്തിൽ കുറ്റബോധം നിഴലിച്ചു..
“പോട്ടെടി…ഇനി അത് വിട്ടേക്ക്… നീ നന്നായി ഉറങ്ങു..നാളെ രാവിലെ തറവാട്ടിലേക്ക് പോകണം..എല്ലാരും കാത്തിരിക്കുന്നുണ്ട്..”
ദേവ് അവളുടെ വയറ്റിൽ കൈ വച്ചു കൊണ്ട് പറഞ്ഞു..
“നമ്മുടെ മക്കളും പേടിച്ച് കാണും അല്ലെ ദേവാ…അവരെയും ഞാൻ പേടിപ്പിച്ച് ഇന്ന്…”
പാറു അവന്റെ കൈക്ക് മീതെ കൈ വച്ചു കൊണ്ട് പറഞ്ഞു..
“ഇവരെന്റെ മക്കൾ അല്ലെടി… സ്ട്രോങ്ങ് ആണ്.. അവര് പേടിച്ചില്ല.. അല്ലെട മക്കളെ..”
ദേവ് അവളെ ഒന്ന് കൂടെ ചേർത്ത് പിടിച്ചു..
“എനിക്ക് ഉറങ്ങാൻ വയ്യ ദേവാ… നമുക്ക് സംസാരിച്ചു ഇരിക്കാം…”
അവള് കൊഞ്ചി..
“ദേ പെണ്ണേ..സമയം ഇപ്പൊ തന്നെ ഒരുപാട് വൈകി.. നീ നേരത്തെ നല്ല മയക്കം ആയത് കൊണ്ടാണ് ഞാൻ വിളിക്കാതെ ഇരുന്നത്…”
അവൻ വാച്ചിൽ നോക്കി കൊണ്ട് പറഞ്ഞു…
“ഹാപ്പി ബർത്ത്ഡേ ദേവാ…”
പാറു പതിയെ പറഞ്ഞു…
“എന്ത്..എന്താ പറഞ്ഞത്..”
ദേവ് അവളുടെ മുഖം ഉയർത്തി കൊണ്ട് ചോദിച്ചു..
“ഹാപ്പി ബർത്ത്ഡേ ദേവാ….”
.അവള് അവന്റെ നെറുകയിൽ ചുംബിച്ചു കൊണ്ടു പറഞ്ഞു..
“ശേ…..ഞാൻ മറന്നു…നിനക്ക് ഓർമ്മ ഉണ്ടായിരുന്നോ..”
ദേവ് അമ്പരപ്പോടെ അവളെ നോക്കി..
“ഓർമ ഇല്ലാതെ പിന്നെ.. അതിന് വേണ്ടിയല്ലേ ഇന്ന് പുറത്തു പോയതും . എന്നിട്ട് എല്ലാം ഇങ്ങനെയും ആയി..”
അവളുടെ മുഖം വാടി..
“അപ്പോ നീ ഇതിനാണോ പുറത്തു പോയത്.. ശേ.. സാരമില്ല..പോട്ടെ…നമുക്ക് അടുത്ത ബർത്ത്ഡേ നന്നായിട്ട് ആഘോഷിക്കാം… പോരെ..”
അവൻ അവളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.
“എന്നാലും..ഞാൻ എല്ലാം സർപ്രൈസ് ആയിട്ട് തരണം എന്ന് കരുതിയതാണ്.. ഇതിപ്പൊ ഒരു ഗിഫ്റ്റ് കൂടി ഇല്ല..”
അവളുടെ മിഴികൾ നനഞ്ഞു..
“നീയും നമ്മുടെ മക്കളും അല്ലേടി ഏറ്റവും വലിയ ഗിഫ്റ്റ്..നിനക്ക് തരാൻ പറ്റിയ ഏറ്റവും വലിയ ഗിഫ്റ്റ് അല്ലെ നമ്മുടെ മക്കള്..അത് മതി..പിന്നെ നിനക്ക് നിർബന്ധം ആണെങ്കിൽ ദേ ഇവിടെ ഒരു ഗിഫ്റ്റ് തന്നേക്ക്..”
ദേവ് കുസൃതിയോടെ അവന്റെ ചുണ്ടിൽ തൊട്ടു കാണിച്ചു..
“പോ..വഷളൻ ദേവൻ..”
അവള് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് ചിരിയോടെ പറഞ്ഞു..
അവളെ ചേർത്ത് പിടിച്ച അവന്റെ നെഞ്ചില് കനൽ ആയിരുന്നു…
മറഞ്ഞിരിക്കുന്ന ശത്രുവിനെ കണ്ടെത്തിയേ പറ്റൂ..അവന്റെ മനസ്സ് മന്ത്രിച്ചു..
***********************
“മഹി… ഡോ താൻ രാവിലെ എങ്ങോട്ടാണ്..അമ്പലത്തിലേക്ക് ആണോ..”
ഉമ്മറത്ത് ഇരുന്നു പേപ്പർ വായിക്കുന്നതിനു ഇടയിൽ ബാലൻ ചോദിച്ചു..
“ശരിയാണല്ലോ മോളെ…നീ അമ്പലത്തിലേക്ക് ആണോ.. എന്തേലും വിശേഷം ഉണ്ടോ..”
മേനോൻ തല ഉയർത്തി അവരെ നോക്കി..
“അപ്പോ എല്ലാരും മറന്നു അല്ലെ..”
മഹേശ്വരി പരിഭവത്തോടെ രണ്ടു പേരെയും നോക്കി..
“ഞാൻ മറന്നിട്ടില്ല കുട്ടിയെ… എനിക്ക് ഓർമ്മയുണ്ട്…”
ദേവകിയമ്മ പുറത്തേക്ക് വന്നു കൊണ്ട് പറഞ്ഞു…
“എന്താ മുത്തശ്ശി ഇന്ന് വിശേഷം..”
ജോഗിങ് കഴിഞ്ഞ് വന്ന ഭദ്രനും ചോദിച്ചു..
“എന്റെ ബാലെട്ടാ…സ്വന്തം മോന്റെ പിറന്നാള് എങ്കിലും ഓർത്ത് വെച്ച് കൂടെ..”
മഹേശ്വരി പരിഭവത്തോടെ അയാളെ നോക്കി..
“ശോ..ഞാൻ അത് മറന്നു..അതെങ്ങനെയാ..നമ്മള് അവന്റെ പിറന്നാള് അവസാനം ആഘോഷിച്ചത് എന്നാണെന്ന് അറിയോ അമ്മയ്ക്ക്… പതിനെട്ട് വർഷങ്ങൾക്ക് മുന്നേ..അതിൽ പിന്നെ അങ്ങനെ ഒരു ചടങ്ങ് ഇവിടെ നടന്നിട്ടില്ലല്ലോ…. അവൻ സമ്മതിച്ചിട്ടില്ല..”
ബാലൻ എന്തോ ഓർമ്മയിൽ മുഴുകി കൊണ്ട് പറഞ്ഞു..
“ഹം..പക്ഷേ ഇപ്രാവശ്യം പാറു ഉണ്ടല്ലോ നമ്മുടെ കൂടെ..അപ്പോ നമുക്ക് ഇത് ആഘോക്ഷിച്ച് കൂടെ ഏട്ടാ…”
മഹേശ്വരി പ്രതീക്ഷയോടെ അയാളെ നോക്കി..
“ശരിയാണ് മുത്തശ്ശാ..നമുക്ക് ഇത് ആഘോഷിക്കണം..ഞാൻ പോയി എല്ലാരോടും പറയട്ടെ..”
ഭദ്രൻ അകത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു..
“ദേവിന്റെ പിറന്നാൾ ആണോ ഏട്ടത്തി..ഞാനും വരുന്നുണ്ട് അമ്പലത്തിലേക്ക്…നമുക്ക് ഒരുമിച്ച് പോകാം..എനിക്കും അവരുടെ പേരിൽ കുറച്ച് വഴിപാട് നടത്താൻ ഉണ്ടു.
ഗൗരി ഉമ്മറത്തേക്ക് വന്നു കൊണ്ട് പറഞ്ഞു..
“എന്നാല് പിന്നെ ഞാനും പെട്ടെന്ന് ഫ്രഷ് ആയി വരാം..നിങ്ങള് നടന്നു പോകണ്ട…ഞാൻ വണ്ടിയെടുക്കാം…
ഭദ്രൻ പറഞ്ഞു..
“വേണ്ട ഭദ്ര..ഞങ്ങള് നടന്നു പൊയ്ക്കോളാം…. “
മഹേശ്വരി പറഞ്ഞു..
മഹേശ്വരിയും ഗൗരിയും ഒരുമിച്ച് നടന്നു..
ഭദ്രൻ തന്നെയാണ് എല്ലാവരെയും ഈ കാര്യം അറിയിച്ചത്…എല്ലാരും ഒത്ത് കൂടി ദേവിന്റെ ബർത്ത്ഡേ ആഘോഷിക്കാൻ ഉള്ള പ്ലാനും തയ്യാറാക്കി..
***********************
മുറിയിലേക്ക് പോകുന്ന വഴി ഭദ്രൻ അച്ഛന്റെ മുറിയുടെ മുന്നിൽ ഒന്ന് നിന്നു…
ഗോപി ആരെയോ ഫോൺ വിളിക്കുന്നത് അവൻ കണ്ടു…
“വേണ്ട..രഹസ്യമായി അന്വേഷിച്ചാൽ മതി… എനിക്ക് അറിയണം..”
അയാളുടെ സ്വരത്തിൽ ദേഷ്യം നിറഞ്ഞിരുന്നു..
ആ സ്വരം ആണ് അവനെ അവിടെ നിൽക്കാൻ പ്രേരിപ്പിച്ചത് …
ഭദ്രൻ പതിയെ വാതിൽ തളളി തുറന്നു…
ഗോപി പെട്ടെന്ന് ഞെട്ടി തിരിഞ്ഞു നോക്കി..
“ആഹ് മോനെ..നീ ആയിരുന്നോ..”
അയാള് വെപ്രാളത്തോട് കൂടി ഫോൺ കട്ട് ചെയ്തു..
“അച്ഛൻ ആരെയോ വിളിക്കുക ആയിരുന്നല്ലോ…”
അവൻ സംശയത്തോടെ അയാളെ നോക്കി..
“ആഹ്.. മോനെ..ഒരു പരിചയക്കാരൻ വിളിച്ചതാണ്.. “
അയാള് പരുങ്ങി…
“അച്ഛന് എന്തേലും വയ്യായ്മ ഉണ്ടോ..”
അവൻ വേവലാതിയോടെ അയാളെ നോക്കി .
“ഇല്ലല്ലോ മോനെ..ഒന്നുമില്ല…”
ഗോപി പുഞ്ചിരിച്ചു കാണിച്ചു..
എങ്കിലും എന്തോ പ്രശ്നം ഉണ്ടെന്ന് അവന് തോന്നി..
ഭദ്രൻ ദേവിന്റെ ബർത്ത്ഡേ പാർട്ടിയുടെ കാര്യം അയാളോട് പറഞ്ഞു..
തിരിച്ച് മുറിയിലേക്ക് നടക്കുമ്പോഴും അവന്റെ മനസ്സിൽ ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു..
***********************
“ഏട്ടാ… അതെ…ഇപ്പോ ഇറങ്ങിയാൽ മാത്രമേ വല്ലതും നടക്കൂ.. “
അനി അക്ഷമയോടെ പറഞ്ഞു..
“വരുന്നേടാ…ഇപ്പൊ വരാം..”
അഭി കണ്ണാടിയിൽ നോക്കി മുടി ചീകി കൊണ്ട് വിളിച്ചു പറഞ്ഞൂ…
“ഏട്ടാ…ഇന്നത്തെ മീറ്റിംഗ് ന്റെ കാര്യം അറിയാലോ.. നമുക്ക് എത്ര ഇമ്പോർട്ടന്റ് ആണെന്ന്..”
അനി നിരാശയോടെ പറഞ്ഞു..
“നീ പേടിക്കേണ്ട… ഈ കോൺട്രാക്ട് നമുക്ക് തന്നെ കിട്ടും… “
അഭി അവനെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു..
“എനിക്ക് എന്തോ ഒരു പേടി ഉണ്ടു ഏട്ടാ.. കഴിഞ്ഞ കുറേ ടെൻഡർ നമുക്ക് മിസ്സ് ആയത് ഞാൻ പറഞ്ഞല്ലോ..ആരോ പുറകിൽ നിന്നും കളിക്കുന്നുണ്ട്…”
അനി സംശയത്തോടെ പറഞ്ഞു..
“നീ പേടിക്കാതെ അനി.. സാന്ദ്ര ഗ്രൂപ്പിന്റെ 500 വില്ല പ്രോജക്ട് നമുക്ക് തന്നെ കിട്ടും.. നമ്മളെക്കാൾ നന്നായി ഈ പ്രോജക്ട് ചെയ്യാൻ പറ്റുന്ന ആരും ഇവിടെ ഇല്ല…”
അഭി അഭിമാനത്തോടെ പറഞ്ഞു..
“മ…എല്ലാം നന്നായി വന്നാൽ മതിയായിരുന്നു… ഈ പ്രോജക്ട് നമ്മുടെ അഭിമാന പ്രശ്നം കൂടിയാണ്… “
അനി ബാഗ് കയ്യിൽ എടുത്തു കൊണ്ട് പറഞ്ഞു..
“പ്രസന്റേഷൻ ഒക്കെ നീ കോപ്പി ചെയ്ത് വച്ചിട്ടില്ലേ…”
.അഭി ഇറങ്ങുന്നതിനു മുൻപേ ചോദിച്ചു .
“ഉണ്ടു ഏട്ടാ…. ഇതിൽ ഉണ്ട് എല്ലാം.. ഞാൻ അച്ഛനോട് ഒന്ന് പറഞ്ഞിട്ട് വരാം..”
അനി ലാപ് ഉള്ള ബാഗ് അവന്റെ കയ്യിൽ കൊടുത്തു കൊണ്ട് പറഞ്ഞു..
അഭി ബാഗും എടുത്തു താഴേക്ക് നടന്നു..
********************
“നമ്മൾ ആദ്യം നമ്മുടെ ഓഫീസിലേക്ക് അല്ലെ ഏട്ടാ…”
അനി ചോദിച്ചു .
“മ… ആദ്യം ഓഫീസ്..പിന്നെ ഹോട്ടൽ..അത് മതി.. പിന്നെ അച്ഛന്റെ ആ PA യേയും കാണണം. പറ്റിയാൽ അയാള് വേണം നമ്മുടെ കൂടെ.”
അഭി ഡ്രൈവ് ചെയ്യുന്നതിന് ഇടയിൽ പറഞ്ഞു..
“അത് വേണോ ഏട്ടാ…”
അനി ചോദിച്ചു..
“വേണം അനി…അയാള് നമ്മുടെ കൂടെ വേണം..”
അഭി ഉറച്ച സ്വരത്തിൽ പറഞ്ഞു..
കാർ ഗേറ്റ് കടന്നു മംഗലത്ത് ബിൽഡേഴ്സ് ന്റെ പാർക്കിംഗ് ഏരിയയിൽ നിന്നു..
“മൂർത്തി അങ്കിൾ… ലാപ്ടോപ് ഒന്ന് പിടിക്ക്..ഞങ്ങള് ഒന്ന് രണ്ടു ഫയല് കൂടി എടുത്തിട്ട് വരാം..”
ബാഗ് ചന്ദ്രശേഖരന്റെ PA മൂർത്തിയുടെ കയ്യിൽ കൊടുത്തിട്ട് രണ്ടു പേരും അകത്തേക്ക് നടന്നു…
അലപ്സമയം കഴിഞ്ഞപ്പോൾ രണ്ടു പേരും കയ്യിൽ ഒരു ഫയലുമായി തിരിച്ച് വന്നു..
മൂർത്തി ഭവ്യതയോടെ ബാഗ് അവന് നൽകി..
മൂന്ന് പേരും മീറ്റിംഗ് നടക്കുന്ന ഹോട്ടലിൽ എത്തിയപ്പോൾ 10 മണി ആയിരുന്നു…
സാന്ദ്ര ഗ്രൂപ്പിന്റെ ആൾക്കാര് അവരെ മീറ്റിംഗ് നടക്കുന്ന ഹാളിലേക്ക് കൂട്ടി കൊണ്ട് പോയി..
“ആരൊക്കെയാണ് നമ്മുടെ ഒപ്പോസിട് ഉള്ളത് എന്ന് നിനക്ക് അറിയോ അനി..”
അഭി ചോദിച്ചു..
“ഇല്ല ഏട്ടാ.. വന്നാലേ അറിയൂ..പുതിയ ഏതോ ബിൽഡേഴ്സ് ഉണ്ടെന്ന് തോന്നുന്നു..”
അനി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..
പതിയെ ഓരോരുത്തരായി വന്നു കൊണ്ടിരുന്നു..
“ഹിയർ കംസ് അവർ ലാസ്റ്റ് ടീം.. അരുന്ധതി ബിൽഡേഴ്സ്…”
സാന്ദ്ര ഗ്രൂപ്പിന്റെ മാനേജർ പറഞ്ഞപ്പോൾ ആണ് അഭിയും അനിയും തിരിഞ്ഞു നോക്കിയത്…
ഒരു യുവാവും യുവതിയും അവർക്ക് അരികിലായി വന്നിരുന്നു…
അയാളെ എവിടെയോ കണ്ടതായി അഭിക്ക് തോന്നി.
“ഹലോ… ഐ അം വിവേക്..വിവേക് മേനോൻ…”
അയാള് പുഞ്ചിരിയോടെ അഭിക്കു നേരെ കൈ നീട്ടി..
തുടരും
©Minimol M
(എന്നെ കൊല്ലരുത്.. ട്വിസ്റ്റ് വന്നു പോകും..😁😁 സ്വാഭാവികം ആണ്… കഥയെയും എന്നെയും സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഒരുപാട് നന്ദി..❤️❤️❤️
സ്നേഹപൂർവം ❤️)