Story written by Saji Thaiparambu
ഗൗരീ.. നീ ബെഡ് റൂം റെഡിയാക്കിയോ?
ങ്ഹാ ഗിരിയേട്ടാ.. ഇനി ബെഡ്ഷീറ്റ് മാത്രം വിരിച്ചാൽ മതി , നിങ്ങളവിടുന്നിറങ്ങിയോ?
ഇല്ല ,ഡിസ്ചാർജ്ജ് ഷീറ്റ് വാങ്ങാൻ നില്ക്കുവാണ്, ഉടനെയിറങ്ങും, ങ്ഹാ പിന്നേ.. ഇനി പഴയത് പോലെ അച്ഛന് ഓടി നടക്കാനൊന്നും പറ്റില്ല ,ബാത്റൂമിൽ പോകാനല്ലാതെ ബെഡ്ഡിൽ നിന്നെഴുന്നേല്ക്കണ്ടന്നാണ് ഡോക്ടർ പറഞ്ഞത് , അല്ല ,നീ ഏത് മുറിയാണ് അച്ഛന് വേണ്ടി ഒരുക്കിയത്?
നമ്മുടെ അടുക്കളയോട് ചേർന്ന മുറി ,എന്താ ഗിരിയേട്ടാ..?
എടീ.. അതിന് അറ്റാച്ച്ട് ബാത്റൂമില്ലല്ലോ?
അതില്ല ,അത് നമ്മുടെ ബെഡ് റൂമിന് മാത്രമല്ലേയുള്ളു ,അച്ഛനിപ്പോൾ ചെറുതായിട്ട് നടക്കാൻ ബുദ്ധിമുട്ടൊന്നുമില്ലല്ലോ ?അപ്പോൾ പിന്നെ അച്ഛൻ ,കോമൺ ബാത്റും യൂസ് ചെയ്തോളും
നീയെന്താ ഗൗരീ.. ഈ പറയുന്നത് ?അപ്പോൾ ഞാൻ പറഞ്ഞതൊന്നും നിനക്ക് മനസ്സിലായില്ലേ? എടീ അച്ഛന് അറ്റാച്ച്ട്ബാത്റൂമ് തന്നെ വേണം ,നീ നമ്മുടെ ബെഡ്റൂമ് വേഗം വൃത്തിയാക്കിയിട് , ഇനി മുതൽ അവിടെയാണ് അച്ഛൻ കിടക്കുന്നത്
നമ്മുടെ ബെഡ്റൂമിലോ ?അപ്പോൾ നമ്മള് എങ്ങോട്ട് പോകും? മാത്രമല്ല നമ്മുടെ ബെഡ്റൂമിൽ മാത്രമേ ഏസി വച്ചിട്ടുള്ളു , എനിക്കാണെങ്കിൽ ഏസിയില്ലാതെ ഒരു പോള കണ്ണടയ്ക്കാൻ പറ്റത്തുമില്ല, അല്ലെങ്കിൽ തന്നെ ,സ്വന്തം വീട്ടിലെ, മാസ്റ്റർ ബെഡ് റൂം, പ്രായമായ അച്ഛനും അമ്മയ്ക്കും കിടക്കാനായിട്ട് ആരെങ്കിലും കൊടുക്കുമോ ഗിരിയേട്ടാ?
അതെന്താ കൊടുത്താല്? പ്രായമായെന്ന് കരുതി അവര് നമ്മുടെ,അമ്മയും അച്ഛനും അല്ലാതാകുന്നില്ലല്ലോ? എൻ്റെ ഗൗരീ … നീയൊന്ന് ഓർത്ത് നോക്കിക്കേ ?
നീ കുഞ്ഞായിരിക്കുമ്പോൾ നിൻ്റെ അമ്മയും അച്ഛനും അവരുടെ നെഞ്ചിൽ കിടത്തിയല്ലേ നിന്നെ ഉറക്കിയിട്ടുള്ളത് ,മഴക്കാലത്ത് നിനക്ക് തണുക്കുമ്പോൾ, അവരുടെ രണ്ട് പേരുടെയും ഇടയിൽ കിടത്തി അവരുടെ ശരീരത്തിൻ്റെ ചൂട് പകരുകയും വേനൽക്കാലത്ത്,കറണ്ട് പോകുമ്പോൾ ഒരു പോള കണ്ണടക്കാതെ, അവർ മാറി മാറി ,വിശറി കൊണ്ട് വീശി തന്നിട്ടുമല്ലേ? നിൻ്റെ ഉറക്കത്തിന് വിഘ്നം വരാതെ നോക്കിയിട്ടുള്ളത് ?ആ ഒരു കരുതലും സ്നേഹവും ഇപ്പോഴും ഉള്ളത് കൊണ്ടല്ലേ? പറമ്പിലെ തേങ്ങയും, മാങ്ങയും, ചക്കയുമൊക്കെ മാസാമാസം കെട്ടിവലിച്ച് ഈ പ്രായത്തിലും ഇവിടെയെത്തിച്ച് തരുന്നത് ? അങ്ങനെയുള്ള മാതാപിതാക്കളെ, പ്രായമായെന്ന് കരുതി വീടിൻ്റെ ഏതെങ്കിലുമൊരു ഒഴിഞ്ഞ കോണിൽ കൊണ്ട് തളളിയിടാൻ, എനിക്ക് കഴിയില്ല ഗൗരീ…തല്ക്കാലം നീ ഏസിയില്ലാത്ത, അറ്റാച്ച്ട് ബാത്റൂമില്ലാത്ത മുറിയിൽ കിടന്നാൽ മതി ,ശരി ഞാനെന്നാൽ ഫോൺ വയ്ക്കുവാണ്, നീ വേഗം നമ്മുടെ ബെഡ്റൂമ് റെഡിയാക്കിക്കോളു …
NB :- ഇവിടെ ഗൗരിയെ കുറ്റപ്പെടുത്തിയെന്ന് കരുതി, എല്ലാ സ്ത്രീകളും അങ്ങനെയാണെന്നല്ല ,തിരിച്ചും സംഭവിക്കാം, ചില വീടുകളിൽ ഗൗരിയുടെ സ്വഭാവമുള്ളത്, പുരുഷൻമാർക്കായിരിക്കാം, ഇതിലെ ഉള്ളടക്കമാണ് പ്രധാനം.
നന്ദി 🙏