മുന്നറിയിപ്പ്
Story written by Ammu Santhosh
“കല്യാണം ആലോചിക്കാൻ തുടങ്ങുകയാണ്. മനസിൽ ആരെങ്കിലും ഉണ്ടെങ്കിൽ ഇപ്പൊ പറഞ്ഞോണം “
അച്ഛൻ അവന്റെ മുഖത്ത് നോക്കി
“ഹേയ്. ആരൂല്ല. ആലോചന തുടങ്ങിക്കോള്ളു. പക്ഷെ ചില ഡിമാൻഡ്കൾ ഉണ്ട്. എനിക്ക് നല്ല ഒരു ജോലിയുണ്ട്. കാണാൻ അത്യാവശ്യം സുന്ദരൻ ആണ്.. അപ്പൊ ഫ്രണ്ട്സ് പറയുന്നത് എനിക്ക് ചേരുന്ന വിദ്യാഭ്യാസം ഉള്ള ജോലിയുള്ള ഒരു പെണ്ണ് കിട്ടും എന്നാണ്. പിന്നെ നല്ല ഫിനാൻഷ്യൽ ബാക്ക്ഗ്രൗണ്ട് ഉള്ള പെണ്ണായിരിക്കണം. എത്ര കിട്ടും എന്നൊക്കെ ക്ലിയർ ആയി കല്യാണത്തിന് മുൻപ് പറഞ്ഞിരിക്കണം ബർഗയിനിങ് നടക്കില്ല.”
അച്ഛൻ അവന്റെ മുഖത്ത് ഒന്ന് കൊടുത്തു
“നിനക്ക് പെണ്ണ് കിട്ടാതിരിക്കാൻ എന്തൊക്ക ചെയ്യാമോ അതൊക്കെ ഞാൻ ചെയ്യും… ഈ ജന്മം നീ കല്യാണം കഴിക്കില്ല “
“അയ്യോ നിങ്ങൾ എന്തിനാ അവനെ തല്ലിയത്?അവൻ കുഞ്ഞല്ലേ എന്തെങ്കിലും പറഞ്ഞാൽ തിരുത്തിയാൽ പോരെ? അവൻ ഇപ്പൊ എന്താ പറഞ്ഞത്? ഒരു നാട്ടു നടപ്പല്ലേ “അവന് അതിനുള്ള അർഹത ഉണ്ടല്ലോ?”
അയാൾ അവരുടെ നേരേ തിരിഞ്ഞു “നിന്നെയാണ് ആദ്യം തല്ലേണ്ടത്?നിന്നെ പ്പോലുള്ള അമ്മമാരാണ് ഇത്തരം മക്കളെ സൃഷ്ടിക്കുന്നത്? നീയൊരു പെണ്ണല്ലേ? നിന്റെ വീട്ടിൽ നിന്ന് വല്ലോം ഞാൻ വാങ്ങിച്ചോ വാങ്ങിച്ചോടി?”
അവർ കുനിഞ്ഞു
“പെൺകുട്ടികളെ കല്യാണം കഴിച്ച് വിടുകയാണ്. അല്ലാതെ വിലയ്ക്ക് കൊടുക്കുകയല്ല. അറവുമാടുകളാണോ ലേലം ചെയ്തു വാങ്ങിക്കാൻ?”
“എന്റെ കൂട്ടുകാരൊക്കെ വാങ്ങിച്ചിട്ടുണ്ട്. പിന്നെന്താ?”
മകൻ ചീറി
“അവരുടെയൊന്നും തന്തയെ കൊണ്ട് കൊള്ളഞ്ഞിട്ട.. എടാ നിന്നേ ഞാൻ പഠിപ്പിച്ചു. നിനക്കിപ്പോ ഒരു ജോലിയായി. ജീവിക്കാൻ വീടുണ്ട്. ഓടിക്കാൻ വണ്ടി വേണെങ്കിൽ അധ്വാനിച്ചു ഉണ്ടാക്കണം. വല്ലവരും കഷ്ടപ്പെട്ടു ഉണ്ടാക്കിയത് തിന്നാൻ നടക്കരുത്..”
അയാൾ രൂക്ഷമായി അവനെ നോക്കി
“നീ കല്യാണം കഴിക്കണ്ട. നിന്നെപ്പോലെ ഉള്ളവന്മാർ കല്യാണം കഴിക്കരുത്. ഞാൻ എന്തിന് ആ പാപം ചെയ്യുന്നത്? എന്റെ മുന്നിൽ നിന്ന് പൊയ്ക്കോ “. അയാൾ മകന്റെ നേരേ കൈ ചൂണ്ടി
“പെണ്ണിന്റെ വീട്ടുകാർ തന്റെ മകളെ ഒരു ആർത്തിപ്പണ്ടാരത്തിനു കൊടുക്കില്ല എന്ന് തീരുമാനിക്കുന്നത് പോലെ തന്നെ പ്രധാനമാണ് തന്റെ മകന് വേണ്ടി വേറെ ഒരു അച്ഛന്റെ മുന്നിൽ സ്ത്രീധനത്തെ കുറിച്ച് മിണ്ടാതിരിക്കുക എന്നത്. അല്ലെങ്കിൽ മോൻ ജയിലിൽ കിടക്കും. ചിലപ്പോൾ കുടുംബം മുഴുവൻ.മനസിലായോടി. എനിക്ക് എന്തായാലും ജയിലിൽ കിടക്കാൻ വയ്യ.”
അമ്മ കുനിഞ്ഞ ശിരസ്സോടെ മുറി വിട്ടു പോയി
ഒരാളോ രണ്ടു പേരോ അല്ല സമൂഹം മാറണം
എനിക്ക് പെണ്ണിനെ മാത്രം മതി എന്ന് തീരുമാനിക്കുന്ന പുരുഷനെ മതി എന്ന് പെണ്ണു തീരുമാനിക്കുന്നിടത്ത് കാലം മാറും.
ഗവണ്മെന്റ് ജോലിയുള്ളവനെ, സ്ഥിരവരുമാനമുള്ളവനെ, പണക്കാരനെ, അങ്ങനെ മാനദണ്ഡങ്ങൾ വെച്ചു വിവാഹം കച്ചവടം ആക്കുമ്പോൾ അവിടെ പൊലിയുന്നത് സ്വന്തം മകളുടെ ജീവനാണ് എന്ന് ഓരോ മാതാപിതാക്കളും ഓർക്കുക.
പെണ്ണിനോട്
ആത്മാഭിമാനമുള്ളവളായിരിക്കുക. നന്നായി പഠിച്ചു ചെറുതെങ്കിലും ഒരു തൊഴിൽ നേടുക
നിങ്ങളുടെ ദേഹത്ത് കൈ വെയ്ക്കുന്നവനെതിരെ ഒരു ദാക്ഷണ്യവും വേണ്ട,കേസ് കൊടുത്തേക്കുക.. ഉപേക്ഷിച്ചു പോരുകയും ചെയ്യുക.
വീട്ടുകാർ ഇല്ലെങ്കിലും ഒറ്റയ്ക്ക് ജീവിക്കാൻ പഠിക്കുക
നീതി കിട്ടിയില്ലെങ്കിൽ “നീ” തീയാവുക.