ഒരു ദിവസം വൈകുന്നേരം വൈശാഖൻ വീട്ടിലേക്ക് പോരാനായി ഇറങ്ങുക ആയിരുന്നു…
അപ്പോൾ ആണ് അവനു അച്ഛന്റെ ഫോൺ കാൾ വന്നത്..
“മോനേ ലക്ഷ്മി മോളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു നീ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിലേക്ക് വരുമോ”
അച്ഛന്റെ വാക്കുകൾ കേട്ടതും വൈശാഖൻ ഹോസ്പിറ്റലിലേക്ക് പാഞ്ഞു..
ഹോസ്പിറ്റലിൽ എത്തിയപ്പോൾ അമ്മയും അച്ഛനും ഒക്കെ ലേബർ റൂമിന്റെ വാതിൽക്കൽ ഉണ്ട്.. ലക്ഷ്മിയുടെ അച്ഛനും അമ്മയും വൈകാതെ എത്തിച്ചേരുമെന്ന് അച്ഛൻ അവനോടു പറഞ്ഞു…
” കുളിയൊക്കെ കഴിഞ്ഞ് ഇരിക്കുകയായിരുന്നു മോനെ പെട്ടെന്നാണ് വയറിനു വേദന പോലെ തോന്നിയത്,, കുഴപ്പമില്ലയിരിക്കും എന്നു പറഞ്ഞു മോള് പോയി കട്ടിലിൽ കിടന്നതാണ്, പക്ഷേ വേദന വിട്ടു വിട്ടു വന്നു, പിന്നെ വേഗം ഞങ്ങൾ കാർ വിളിച്ച് ഹോസ്പിറ്റലിലേക്ക് പോരുമായിരുന്നു”സുമിത്ര മകനോട് പറഞ്ഞു..
“കുഴപ്പം വെല്ലോം ഉണ്ടോ അമ്മേ.. ഡോക്ടർ എന്താ പറഞ്ഞത്.. “
“ഡേറ്റ് ആയി ഇരിക്കുന്നതല്ലേ.. സമയം ആയി കാണും എന്ന് ആണ് ഒരു സിസ്റ്റർ പറഞ്ഞത്.. ഡോക്ടറെ വിളിച്ചിട്ടേ ഒള്ളു.. ഇത് വരെ വന്നില്ല.. “
“അവളെ കണ്ടോ അമ്മേ.. പിന്നെ “
“ഇല്ലാ മോനേ.. “
അപ്പോളേക്കും ശ്യാമളയും അശോകനും എത്തി ചേർന്നു..
“ചേച്ചി… അവൾക്ക് എങ്ങനെ ഉണ്ട് “
“ചെറിയ വയറു വേദനയും നടു വേദനയും ആയിരുന്നു.. പിന്നെ പിന്നെ വേദന കൂടി വന്നപ്പോൾ വേഗം ഞങ്ങൾ ഇങ്ങോട്ടു പോന്നു.. “
“എന്റെ ദൈവമേ. എല്ലാം പെട്ടെന്ന് ഒന്നു കഴിഞ്ഞാൽ മതിയായിരുന്നു.. “ശ്യാമള ആണെങ്കിൽ ആകെ പരവേശപ്പെട്ടിരുന്നു
പെട്ടെന്ന് തന്നെ ഒരു സിസ്റ്റർ ഡോർ തുറന്നു വെളിയിലേക്ക് വന്നു..
“ലക്ഷ്മിയുടെ കൂടെ ഉള്ളവർ ആരാണ് “
“എന്താണ് സിസ്റ്റർ.. “സുമിത്ര ആണ് ആദ്യം ഓടി ചെന്നത്..
“ഇതാ… ലക്ഷ്മിയുടെ ഡ്രസ്സ് ആണ്.. “അവർ ഒരു കവർ കൈയിലേക്ക് കൊടുത്തു കൊണ്ട് പറഞ്ഞു..
“സിസ്റ്റർ.. അവൾക്ക് എങ്ങനെ ഉണ്ട് ” വൈശാഖൻ അവരുടെ മുഖത്തേക്ക് നോക്കി..
“ഡോക്ടർ വന്നതേ ഒള്ളു.. നോക്കികൊണ്ട് ഇരിക്കുവാ “
അവർ അതും പറഞ്ഞു കൊണ്ടു അകത്തേക്ക് പോയി..
ഏതോ ഒരു റൂമിൽ നിന്ന് ഒരു പിഞ്ച് കുഞ്ഞിന്റെ കരച്ചിൽ കേട്ടതും വൈശാഖൻ ചുറ്റിലും നോക്കി..
സമയം പിന്നിട്ടു കൊണ്ട് ഇരുന്നു..
“ഒന്നും ആയില്ല.. “ഈ ഒരു ഡയലോഗ് കേൾക്കാൻ തുടങ്ങിയിട്ട് ഒരു മണിക്കൂർ ആയി…വൈശാഖൻ ആണെങ്കിൽ വരാന്തയിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും ഉഴറി നടക്കുക ആണ്..
കുറച്ചു സമയം കഴിഞ്ഞതും ഡോക്ടർ വൈശാഖനെ അകത്തേക്ക് വിളിപ്പിച്ചു..
“ഹെലോ.. വൈശാഖ്,, പ്ലീസ് സിറ്റ് ഡൌൺ.. “
അവൻ മെല്ലെ കസേരയിലേക്ക് ഇരുന്നു..
“ഡോക്ടർ അവൾക്ക് എങ്ങനെ ഉണ്ട്”?
” ലക്ഷ്മിക്ക് കുറച്ചു താമസം വരും.. പ്രൈമി അല്ലേ… സൊ.. “
“വൈശാഖന് കാണണോ ലക്ഷ്മിയെ “
“യെസ് ഡോക്ടർ.. “
“ഓക്കേ…സിസ്റ്റർ മേഴ്സി… “അവർ വിളിച്ചപ്പോൾ ഒരു സിസ്റ്റർ പുറത്തേക്ക് വന്നു..
“ലക്ഷ്മിയുടെ ഹസ്ബൻഡ് ആണ്.. ഒന്ന് കൊണ്ട് പോയി കാണിക്കു.. “
അവരുടെ പിറകെ വൈശാഖൻ നടന്നു പോയി..
ഒരു പച്ച ഗൗൺ ഇട്ടുകൊണ്ട് ചെരിഞ്ഞു കിടക്കുക ആണ് ലക്ഷ്മി.. വയറു ആണെങ്കിൽ ഒരുപാട് താഴ്ന്നത് പോലെ അവനു തോന്നി..അവനെ കണ്ടതും ചുണ്ടിൽ ഒരു വരണ്ട ചിരി വിടർന്നു..
“എങ്ങനെ ഉണ്ട് ലക്ഷ്മി.. “അവൻ അവളുടെ കൈയിൽ പിടിച്ചു..
“വലിയ വേദന ഒന്നും ഇല്ലാ ഏട്ടാ.. ” അവൾ ചെറുതായ് ഒന്ന് മന്ദഹസിച്ചു..
“മ്… എല്ലാവരും പുറത്ത് വെയിറ്റ് ചെയുവാ.. അച്ഛനും അമ്മയും ഒക്കെ വന്നിട്ടുണ്ട്.. “
“ആണോ.. എനിക്ക് കുഴപ്പം ഒന്നുമില്ല ഏട്ടാ.. “
കുറച്ചു സമയം അവൻ അവളോട് സംസാരിച്ചു കൊണ്ട് ഇരുന്നു..
‘ഇനി പുറത്തേക്ക് പൊയ്ക്കോളാൻ ഒരു സിസ്റ്റർ വന്നു പറഞ്ഞപ്പോൾ അവൻ മെല്ലെ പുറത്തേക് ഇറങ്ങി..
ഹോ.. ഇത്രയും ഒള്ളു ഈ പ്രസവ വേദന… താൻ ആണെങ്കിൽ അലറിക്കരയുന്ന ലക്ഷ്മിയെ ആയിരുന്നു പ്രതീക്ഷിച്ചത്..
” മോനേ.. ലക്ഷ്മി മോൾക്ക് എങ്ങനെയുണ്ട് “സുമിത്രയും ശ്യാമളയും കൂടി ഓടി അടുത്തേക്ക് വന്നു,
” അവൾക്ക് കുഴപ്പമൊന്നുമില്ല… അവൾ ഹാപ്പി ആയിട്ട് കിടക്കുന്നു” അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു..
” എന്റെ ഉണ്ണിക്കണ്ണാ നീ എന്റെ പ്രാർത്ഥന കേട്ടു,,, വലിയ കുഴപ്പമൊന്നും കൂടാതെ എന്റെ കുഞ്ഞിനെ എത്രയും പെട്ടെന്ന് തരണം എന്റെ കയ്യിലേക്ക്,,, ” സുമിത്ര മുകളിലേക്ക് നോക്കി കണ്ണടച്ചു,,
” ആൺകുട്ടിയായിരിക്കും ചേച്ചി അതുകൊണ്ടാണ് അവൾക്ക് വലിയ കുഴപ്പം ഇല്ലാത്തത്, അവൻ ഒന്ന് ചാടി മറിഞ്ഞു പെട്ടന്ന് ഇങ്ങു പോരും”
അത് കേട്ടതും വൈശാഖിന്റെ മനസ്സിൽ എവിടെയോ ഒരു നൊമ്പരം….
” സത്യമാണ് ശ്യാമളേ ഞാനും അത് ഓർത്തു,,, കുറച്ചു ദിവസം ആയിട്ട് അവളുടെ വയർ നോക്കുമ്പോൾ എനിക്കും തോന്നിയിരുന്നു ഇത് ആൺകുട്ടിയാണെന്ന്’
” എന്തെങ്കിലും ആകട്ടെ നിങ്ങൾ രണ്ടും ഒന്നു നിർത്തുമൊ ” വൈശാഖൻ മനസ്സിൽ പിറുപിറുത്തു..
ഉണ്ണിമോൾ വീട്ടിൽ തനിച്ച് ആയതുകൊണ്ട് ചെറിയച്ഛൻ റെ വീട്ടിലേക്ക് പൊക്കോളാൻ ശേഖരൻ അവളോട് വിളിച്ചുപറഞ്ഞു,,,
വീണയും വിജിയും എല്ലാം തുരുതുരെ ഫോൺ ചെയ്യുന്നുണ്ട്…
ലക്ഷ്മിക്ക് വലിയ കുഴപ്പങ്ങളൊന്നും ഇല്ല എന്നറിഞ്ഞതിൽ അവർക്ക് എല്ലാവർക്കും സന്തോഷമായി..
” ശേഖരേട്ടാ എന്നാ വരൂ നമുക്കൊരു ചായ കുടിക്കാം, വൈശാഖ് വരു മോനെ,,,,നീയും ഡ്യൂട്ടി കഴിഞ്ഞ് നേരെ ഇങ്ങോട്ട് അല്ലേ വന്നത്” അശോകൻ അവർ രണ്ടാളും ആയി അടുത്തുള്ള കോഫി ഹൗസിലേക്ക് പോയി…
ചായയൊക്കെ കുടിച്ച് കുറച്ച് സംസാരിച്ചതിനുശേഷം സ്ത്രീകൾക്ക് രണ്ടാൾക്കും ഉള്ള ചായയും പലഹാരവും ഒക്കെ പാഴ്സൽ മേടിച്ചു കൊണ്ടാണ്അവർ തിരികെ വന്നത്…
മണിക്കൂറുകൾ പിന്നിട്ടു…
5മണി കഴിഞ്ഞപ്പോൾ ഹോസ്പിറ്റലിൽ എത്തിയതാണ്.. ഇപ്പോൾ സമയം 11.45 കഴിഞ്ഞിരിക്കുന്നു…
എല്ലാവരും ലേബർ റൂമിന് മുമ്പിൽ കാത്തിരിക്കുകയാണ്…
വേദന വന്നു പോയി നിൽക്കുന്നു എന്നാണ് ഇടയ്ക്ക് വൈശാഖ് ഡോക്ടറെ കണ്ടപ്പോൾ അവർ പറഞ്ഞത്…
ഒരു മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോഴേക്കും, അകത്തുനിന്നും സിസ്റ്റർ ഇറങ്ങിവന്ന് വൈശാഖിനെ വീണ്ടും വിളിച്ചു.
” ആ കുട്ടി കിടന്നു ബഹളം വയ്ക്കുകയാണ് താങ്കളെ കാണണമെന്നു പറഞ്ഞ് ഒന്നു വരുമോ” സിസ്റ്റർ അവനോട് പറഞ്ഞു..
“അകത്തേക്ക് കയറിയതും ലക്ഷ്മിയുടെ വാവിട്ടുകൊണ്ടുള്ള കരച്ചിൽ ആണ് കേട്ടത്.. അവന്റെ വയറ്റിൽ ഒരു ആന്തൽ ആയിരുന്നു..
“ദേ… ഹസ്ബൻഡ് വന്നല്ലോ,, ഇത്രയും നേരം ലക്ഷ്മിക്ക് ഹസ്ബൻഡ് കാണണം എന്നും പറഞ്ഞു വഴക്കായിരുന്നു…. ഇനി സന്തോഷമായില്ലേ” ഡോക്ടർ രേണുക അവളുടെ അടുത്ത് ഇരിപ്പുണ്ട്..
” ലക്ഷ്മി” എന്നു വിളിച്ചുകൊണ്ട് വൈശാഖൻ വിറയ്ക്കുന്ന കാലടികളോടെ അവളുടെ അടുത്തേക്ക് ചെന്നു..
” രണ്ട് സിസ്റ്റർമാർ അടുത്ത് നിന്ന് അവളുടെ കാലും കയ്യും ഒക്കെ പതിയെ തിരുമ്മി കൊടുക്കുന്നുണ്ട്
” വൈശാഖ്ട്ടാ എനിക്ക് വയ്യ,, പ്ലീസ് വൈശാഖ്ട്ടാ എന്നെ ഒന്ന് സിസേറിയൻ ചെയ്യാൻ ഇവരോട് പറയുമോ,,,, പ്ലീസ്… എന്റെ അമ്മേ.. എനിക്കു വയ്യാ… “ലക്ഷ്മി അലമുറയിട്ടു കരയുക ആണ്.
വൈശാഖന് തല ചുറ്റണത് പോലെ തോന്നി..
“ആഹ്.. അങ്ങനെ ചുമ്മാ സിസേറിയൻ ചെയ്യാൻ പറ്റുമോ, കുറച്ചുസമയം കൂടി സഹിക്കൂ ലക്ഷ്മിക്ക് ഡെലിവറി ആകണ്ടേ”ഡോക്ടർ പറഞ്ഞു.
“പ്ലീസ് ഡോക്ടർ.. പ്ലീസ്.. എനിക്ക് സഹിക്കാൻ പറ്റണില്ല…വൈശാഖേട്ടാ.. ഡോക്ടറോട് ഒന്ന് പറയ്… പ്ലീസ്.. ” ലക്ഷ്മി ആകെ തളർന്നിരുന്നു .
ഡോക്ടർ രേണുക ചിരിച്ചു കൊണ്ടു കസേരയിൽ ഇരിക്കുക ആണ്..
“എന്റെ അമ്മേ… എനിക്കു തലചുറ്റണത് പോലെ.. സിസ്റ്റർ ഇത്തിരി വെള്ളം തരുമോ..പ്ലീസ്.. “ലക്ഷ്മി എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്..
” ഫ്ലൂയിഡ് ഒക്കെ നന്നായി പോകുന്നുണ്ട് ലക്ഷ്മി ഇപ്പോൾ വെള്ളത്തിന്റെ ആവശ്യമൊന്നുമില്ല മോൾക്ക്” കുറച്ചു പ്രായമുള്ള ഒരു സിസ്റ്റർ അവളോട് പറഞ്ഞു
” സിസ്റ്റർ പ്ലീസ്…. സിസ്റ്റർ… എങ്കിലും ഒന്നു പറയൂ എന്നെ ഒന്ന് സിസേറിയൻ ചെയ്യാൻ എനിക്ക് വേദന സഹിക്കാൻ വയ്യ ഞാനിപ്പോൾ മരിച്ചുപോകും”
“ഡോക്ടർ… ലക്ഷ്മി പറയണത് പോലെ… “അത് പറയുമ്പോൾ അവനും കരഞ്ഞു പോയി..
“ആഹ്ഹ… ഞാൻ ആണെങ്കിൽ ലക്ഷ്മിക്ക് ധൈര്യം കൊടുക്കാനായി വിളിച്ച ആള് ദേ ഇരുന്നു കരയുന്നു.. ലുക്ക് മിസ്റ്റർ വൈശാഖൻ…. ഈ കുട്ടി ഒരു അരമണിക്കൂർ കൂടി കഴിയുമ്പോൾ നോർമൽ ഡെലിവറി ആകും.. വെറുതെ എന്തിനാ സിസേറിയൻ ചെയ്യാൻ തുനിയേണ്ടത്.. ഞാൻ അതിനു തയ്യാറല്ല കെട്ടോ.. “
“വൈശാഖേട്ട…. “
ലക്ഷ്മി കരഞ്ഞു കൊണ്ടു വിളിച്ചു..അവളുടെ മുഖം കാണുംതോറും അവനു ചങ്ക് പൊട്ടുന്നത് പോലെ തോന്നി..
“കരയാതെ…. കുഞ്ഞാവ പെട്ടന്ന് വരും മോളേ… “അവൻ അവളുടെ നെറുകയിൽ തലോടി…
“ഓക്കേ ഓക്കേ… ഇനി ഏട്ടനെ പറഞ്ഞു വിട്ടേക്കാം.. ഇല്ലെങ്കിൽ ഏട്ടൻ ഇവിടെ ബോധം കെട്ട് പോകും കെട്ടോ . ” ഡോക്ടർ രേണുക പറഞ്ഞു..
“ഞാൻ… ഞാൻ പുറത്തേക്ക് പൊയ്ക്കോട്ടേ.. “തന്റെ കണ്ണുകൾ തുടച്ചു കൊണ്ട് അവൻ ചോദിച്ചു..
അവൾ ഇറങ്ങി പോയ്ക്കോളാൻ അവനോട് ശിരസ്സ് കൊണ്ട് ആംഗ്യം കാണിച്ചു,,
“ന്റെ ഈശ്വരാ ആണായാലും പെണ്ണായാലും ഈ കുഞ്ഞു മാത്രം മതി… ഇനി അതിനു ഒരു മാറ്റവും ഇല്ല… തന്റെ ലക്ഷ്മിയുടെ കരച്ചിൽ കാണാൻ വയ്യാ… എത്രയും പെട്ടെന്ന് ഒന്ന് കുഞ്ഞുണ്ടായാൽ മതി ആയിരുന്നു..
അവിടെ നിന്ന് ഇറങ്ങി പോരുമ്പോൾ അവൻ ഓർത്തു…
“ഡോക്ടർ.. പ്ലീസ്… ഞാൻ പറയുന്നത് ഒന്ന് കേൾക്കുമോ.. പ്ലീസ് “ലക്ഷ്മിയുടെ തേങ്ങൽ അവന്റെ കാതുകളിൽ വീണ്ടും മുഴങ്ങി..
“എന്റെ ഈശ്വരാ… ഒന്ന് വേഗം കഴിയണേ.. ഇങ്ങനെ പരീക്ഷിക്കാൻ മാത്രം എന്ത് തെറ്റ് ആണ് ആ പാവം ചെയ്തത്… ദൈവം ഇല്ല എന്ന് പോലും അവൻ ഓർത്തുപോയി..”
“മോനേ… ഡോക്ടർ എന്തു പറഞ്ഞു”
എല്ലാവരും അവന്റെ അടുത്തേക്ക് ഓടി വന്നു..
“ഒന്നും ആയില്ല അമ്മേ.. അവൾ ആണെങ്കിൽ ഭയങ്കര കരച്ചിലും..അവൾക്കു എന്തെങ്കിലും പറ്റുമോ അമ്മേ. എന്തൊരു പരീക്ഷണം ആണ്… “അവന്റെ ശബ്ദം ഇടറി..
അതു കേട്ടതും എല്ലാവർക്കും ഭയങ്കര സങ്കടമായി….
വൈശാഖൻ കണ്ണുകൾ അടച്ചു കൊണ്ട് കസേരയിൽ ഇരിക്കുക ആണ്..
ഈശ്വരനോട് പോലും അവന് വെറുപ്പ് തോന്നി…..
ഒരു തെറ്റും ചെയ്യാത്ത,, എന്റെ പാവം നിഷ്കളങ്കയായ ലക്ഷ്മി അവൾ എത്ര സമയമായി വേദനകൊണ്ട് പുളയുന്നു,,, നീ ഇതൊന്നും കാണുന്നില്ലേ എന്റെ കണ്ണാ….
എന്തൊക്കെ നേർച്ച ആയിരുന്നു അമ്മ നേർന്നത് അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് എടുത്ത് ചോറൂണ് അമ്പലപ്പുഴ ഉണ്ണിക്കണ്ണനു വെണ്ണ നിവേദ്യം…നീ എവിടെ പോയി കണ്ണാ.. നീ കാണുന്നില്ലേ അവളുടെ കരച്ചിൽ.. അവന്റെ കണ്ണുകൾ പിന്നെയും നിറഞ്ഞു വന്നു..
നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങി…
ലക്ഷ്മിയുടെ കൂടെ ഉള്ളത് ആരാണ്..
ഒരു സിസ്റ്റർ പുറത്തേക്ക് വന്നു..
എല്ലാവരും വേഗം അവരുടെ അടുത്തേക്ക് ഓടി.
” ഇപ്പോൾ ആകും കേട്ടോ എല്ലാവരും പ്രാർത്ഥിക്കൂ” അതും പറഞ്ഞ് അവർ വീണ്ടും കയറിപോയി..
എല്ലാവരും വീണ്ടും കസേരയിലേക്ക് പോയിരുന്നു എങ്കിലും വൈശാഖൻ മാത്രം വാതിൽക്കൽ നിന്നും മാറിയില്ല,,,
പ്രതീക്ഷയോടെ അവൻ അകത്തേക്ക് നോക്കി…
ഒരു 10 മിനിറ്റ് കഴിഞ്ഞതും ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടത് പോലെ അവനു തോന്നി..
ഈശ്വരാ തോന്നലാണോ…
അവൻ ഒന്നുകൂടി അകത്തേക്കു തലയിട്ടു നോക്കി.
ഒന്ന് രണ്ട് സിസ്റ്റർമാർ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കാണാം.. പക്ഷേ ഒന്നും വ്യക്തമല്ല…
അവന്റെ ചങ്കിടിപ്പു കൂടി..
അല്പ നിമിഷങ്ങൾക്കകം ഒരു സിസ്റ്റർ പുറത്തേക്ക് വന്നു…
” കൺഗ്രാറ്റ്സ് മിസ്റ്റർ വൈശാഖൻ ലക്ഷ്മി ഡെലിവറി ആയി പെൺകുഞ്ഞാണ്” അവർ അത് പറയുകയും ലോകം കീഴടക്കിയ സന്തോഷമായിരുന്നു അവന്…
പെൺകുഞ് ആണെന്ന്.. തന്റെ കുഞ്ഞു ലക്ഷ്മി… അവൻ സന്തോഷം കൊണ്ടു മതി മറന്നു..
” അവൻ കരഞ്ഞുകൊണ്ട് ഓടി ചെന്ന് അമ്മയെ വട്ടം പിടിച്ചു…
” അമ്മേ…. അമ്മേ… കുഞ്ഞുണ്ടായി പെൺകുട്ടിയാണ് “അവന്റെ ശബ്ദം വിറച്ചു..സിസ്റ്റർ പറഞ്ഞത് അവർ എല്ലാവരും കേട്ടിരുന്നു..
അമ്മയും മകനും കെട്ടിപ്പിടിച്ച് കരയുകയാണ്….
ശേഖരൻ മകന്റെ തോളിൽ തട്ടി…
അപ്പോഴേക്കും വാതിൽ തുറന്ന് ഒരു സിസ്റ്റർ വന്നു… അവരുടെ കൈയിൽ കുഞ്ഞും ഉണ്ടായിരുന്നു..
“സാറിന്റെ കൈയിൽ വേണo ആദ്യം കൊടുക്കേണ്ടത് എന്നാണ് ലക്ഷ്മി പറഞ്ഞത്… “അവർ ചിരിച്ചു കൊണ്ടു കുഞ്ഞിനെ അവനു നേർക്ക് നീട്ടി..
അവൻ തന്റെ പൊന്നോമനയെ കൈകളിലേക്ക് വാങ്ങി..
റോസാദളം പോലൊരു കുരുന്നു കുഞ്ഞ്… ഈ ലോകത്തേക്ക് വന്നുവെങ്കിലും ആളുടെ കണ്ണുകളടഞ്ഞു തന്നെയായിരുന്നു,, ഒറ്റനോട്ടത്തിൽ തന്നെ അവൾ ലക്ഷ്മി ആയിരുന്നു തന്റെ കുഞ്ഞിലക്ഷ്മി…
” ചക്കരമുത്ത് ഉറങ്ങുവാണോ സുമിത്ര കുഞ്ഞിനെ തഴുകി”
ശ്യാമയും ശേഖരനും അശോകനും എല്ലാം കുഞ്ഞിനെ കണ്ണെടുക്കാതെ നോക്കി നിൽക്കുകയാണ്..
വൈശാഖൻ ആ മുത്തിനെ തന്റെ ചുണ്ടോട് ചേർത്തു….ഉറക്കത്തിൽ ആണെങ്കിലും വാവ ഒന്നു പുഞ്ചിരിച്ചത് പോലെ അവനു തോന്നി…
അച്ഛന്റെ പൊന്നു മുത്തേ അവൻ കാതിൽ പതിയെ മന്ത്രിച്ചു….
അവന്റെ ശബ്ദം കേട്ടതും ഒട്ടും പ്രതീക്ഷിക്കാതെ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കുഞ്ഞു കണ്ണുതുറന്നു…
അവനെ നോക്കുകയാണ്..
” നോക്കിക്കേ ശേഖരേട്ട… അവന്റെ ശബ്ദം കേട്ടതും കുഞ്ഞു കണ്ണു തുറന്നു” സുമിത്ര ആഹ്ലാദത്തോടെ പറഞ്ഞു..
” ചക്കര മുത്തേ,,, അച്ഛപൊന്നേ” വൈശാഖൻ വീണ്ടും വീണ്ടും വിളിച്ചു
ആ ശബ്ദം തിരിച്ചറിഞ്ഞ അതുപോലെതന്നെയാണ് കുഞ്ഞ് നോക്കുന്നത്
“മതി മതി… ഒരുപാട് സമയം ആയി ഇനി കുഞ്ഞിനെ പീഡിയാട്രീഷൻ കൊണ്ടുപോയി കാണിക്കണം..”. അത് കഴിഞ്ഞു റൂമിലേക്ക് തരാം സിസ്റ്റർ കുഞ്ഞിനെ തിരികെ വാങ്ങി കൊണ്ട് അകത്തേക്ക് കയറിപ്പോയി
പിന്നീടങ്ങോട്ട് ഫോൺവിളി കാലമായിരുന്നു..
സമയം ഏകദേശം ഒരു മണിയായി കാണും… എല്ലാവരെയും മാറി മാറി വിളിക്കുകയാണ് ശ്യാമളയും സുമിത്രയും….
എല്ലാവരും ഭയങ്കര സന്തോഷത്തിൽ ആണ്..
വീണയ്ക്ക് ആണെങ്കിൽ അപ്പോൾ തന്നെ വരണം എന്നുണ്ടായിരുന്നു…
വിജയ്ക്കും എങ്ങനെ എങ്കിലും നേരം വെളുത്താൽ മതി എന്നായിരുന്നു..
” അമ്മയോട് ഞാൻ എത്ര തവണ പറഞ്ഞതാണ് ഞാനും രാജീവേട്ടനും കൂടി വരാം എന്ന് സമ്മതിക്കാഞ്ഞിട്ടല്ലേ… ” ദീപ ആണെങ്കിൽ ശ്യാമളയോട് ദേഷ്യപ്പെട്ടു..
ലക്ഷ്മി ഒന്ന് കണ്ടാൽ മാത്രം മതി എന്നായിരുന്നു വൈശാഖിന്റെ മനസ്സിലെ ചിന്ത.
പാവo ലക്ഷ്മി…. അവൾ ഒരുപാട് വേദന തന്നു… ലോകത്തിലെ എല്ലാ സ്ത്രീ ജനങ്ങളോടും ആദരവ് തോന്നിയ ഒരു നിമിഷം ആയിരുന്നു കഴിഞ്ഞു പോയതെന്ന് എന്ന് അവൻ ഓർത്തു….
കുഞ്ഞിനെ ആണെങ്കിൽ കൊതിതീരെ കൊണ്ടുപോലും ഇല്ലാ.. എന്നാലും തന്നെ തിരിച്ചറിഞ്ഞല്ലോ തന്റെ കുഞ്ഞുലക്ഷ്മി…
അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..
ന്റെ ഉണ്ണിക്കണ്ണ കുറച്ചു മുൻപ് അവളുടെ കരച്ചിൽ കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി എന്തൊക്കെയോ മനസ്സിൽ വിളിച്ചു പറഞ്ഞു.. ഒക്കെ അറിവില്ലായ്മ കൊണ്ട് ആണ്… ക്ഷമിക്കണേ.. അവൻ കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു..
തുടരും…