നിഴൽ പോലെ ~ ഭാഗം 13, എഴുത്ത്: അമ്മു അമ്മൂസ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

അവനെ കണ്ടതും ഇന്നലെ അവൻ പറഞ്ഞ കാര്യങ്ങൾ അവളുടെ മനസ്സിലേക്ക് വന്നു.

അവളുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നു. “ഓഹോ പെണ്ണുകാണാൻ ഞാൻ കൂടെ ചെല്ലില്ല എന്ന് കണ്ടിട്ട് വിളിക്കാൻ വന്നേക്കുവാ. എങ്ങനാ എന്നേ കൊണ്ട് പോകുന്നെ എന്നൊന്ന് കാണണമല്ലോ. “അവൾ ചുണ്ടും കോട്ടി അകത്തേക്ക് നടന്നു.

അവളുടെ പോക്ക് കണ്ടു ചിരി അടക്കിപ്പിടിച്ചു ബാക്കി ഉള്ളവരും.

മാളു നേരേ അവളുടെ റൂമിൽ പോയി ഇരുന്നു.

മോഹൻ അവരെ സ്വീകരിച്ചു അകത്തേക്കിരുത്തി.

മനീഷ് മുറിക്കു പുറത്തേക്ക് വന്നതേ ഇല്ല.

“മോൻ എവിടെ പോയി. വന്നിട്ടുണ്ടെന്ന് അറിഞ്ഞു. പുറത്തേക്ക് കണ്ടില്ലല്ലോ. “വാസുദേവൻ ചോദിച്ചു.

“അവന്റെ കാര്യം പറയാതിരിക്കുന്നതല്ലേ നല്ലത്. ദർശനുമായി ഉള്ള ബന്ധം ഉറപ്പിക്കാത്തതിന്റെ ദേഷ്യമാ. അത് കാര്യമാക്കണ്ട പതുക്കെ മാറിക്കോളും. നിങ്ങൾ ഇരിക്ക്. “

സോഫയിൽ ഇരുന്നെങ്കിലും ഗൗതമിന്റെ കണ്ണുകൾ മാളുവിന് വേണ്ടി പരതി.

അത് മനസ്സിലാക്കിയ മോഹൻ ദിവ്യയോട് മാളുവിനെ വിളിക്കാൻ പറഞ്ഞു. അവന്റെ ഭാവം എല്ലാവരും ശ്രെദ്ധിച്ചു എന്നറിഞ്ഞതും ഗൗതം ചെറുതായി ഒന്ന് ചമ്മി. പക്ഷേ അവൻ അത് അധികം പുറത്തു കാണിച്ചില്ല.

മുറിയിലേക്ക് വന്ന ദിവ്യ നോക്കുമ്പോൾ മാളു ബെഡിൽ കൈയും കെട്ടി ഇരിക്കുവാണ്. മുഖം ദേഷ്യം വന്നു വീർത്തിരിക്കുന്നു. ഇടയ്ക്കിടെ ചിണുങ്ങി കൊണ്ട് എന്തൊക്കെയോ പറയുന്നുമുണ്ട്.

“മാളു… “ദിവ്യ വിളിച്ചെങ്കിലും അവൾ നോക്കിയില്ല.

“മാളു നിന്നെയാ വിളിച്ചേ. പെട്ടെന്ന് നല്ല ഒരു ഡ്രസ്സ്‌ എടുത്തിട്ടിട്ട് താഴേക്ക് വാ. അവരൊക്കെ വന്നത് കണ്ടില്ലേ. “ദിവ്യ അവളെ വഴക്ക് പറഞ്ഞു.

താൻ പെണ്ണ് കാണാൻ കൂടെ ചെല്ലാൻ വേണ്ടിയാണ് അമ്മ പറയുന്നതെന്ന് മാളു ഊഹിച്ചു. അല്ലെങ്കിൽ ഡ്രസ്സ്‌ മാറ്റാൻ പറയണ്ട കാര്യം ഇല്ലല്ലോ.

“മാളു… “ദിവ്യ ദേഷ്യത്തോടെ ഒന്ന് കൂടി വിളിച്ചതും മാളു ചാടി എഴുന്നേറ്റ് റെഡി ആകാൻ പോയി.

ആദ്യം അവൾ സ്ഥിരമായി ഇടുന്ന ഒരു സാധാ ചുരിദാർ എടുത്തിട്ടു. ശേഷം കണ്ണാടിയുടെ മുൻപിൽ നിന്നും മുടി ചീകുമ്പോൾ ആണ് അവൾക്ക് വേറെ ഒരു ഐഡിയ തോന്നുന്നത്.

“അല്ലെങ്കിൽ ഞാൻ എന്തിനാ ഇങ്ങനെ മോശം ആയിട്ട് ഒരുങ്ങുന്നത്. “

അവൾ പെട്ടെന്ന് ഒരു റെഡ് കളറിൽ ഉള്ള കോട്ടൺ ലോങ്ങ്‌ ചുരിദാർ എടുത്തിട്ടു. കണ്ണൊക്കെ നല്ല നീട്ടി എഴുതി. മുടിയും അഴിച്ചിട്ടു പൊട്ടും കുത്തി.

കണ്ണാടിയിൽ നോക്കിയപ്പോൾ പതിവിലും സുന്ദരി ആയെന്നവൾക്ക് തോന്നി.

“ഇന്നെന്നെ കണ്ടിട്ട് നഷ്ടബോധം തോന്നണം. നിങ്ങളെ വീഴ്ത്താൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ. വേറെ പെണ്ണ് കാണണം അല്ലേ…..

ശെരിയാക്കിത്തരാം ഞാൻ .. “അവൾ സ്വയം പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് ചെന്നു.

ദിവ്യ അവിടെ ജ്യൂസ്‌ ഗ്ലാസ്സിലേക്ക് ഒഴിക്കുവായിരുന്നു. മാളുവിനെ കണ്ടതും ഒന്ന് ചിരിച്ചു. അവൾ വാശിക്ക് ഒട്ടും ഒരുങ്ങാതെ വരും എന്നായിരുന്നു വിചാരിച്ചത് പക്ഷേ ഏറ്റവും കൂടുതൽ ഒരുങ്ങിയിട്ടുണ്ട്.

“മാളു നീ ഈ ജ്യൂസ്‌ എടുത്തു ഹാളിലേക്ക് ചെല്ല്. അപ്പോഴേക്കും ഞാൻ കഴിക്കാൻ എന്തെങ്കിലും എടുക്കാം”. ദിവ്യ ധൃതി പിടിച്ചു.

മാളു സ്ലാബിന്റെ മുകളിൽ കയറി ഇരുന്നു. “എനിക്കൊന്നും വയ്യ. അയാളുടെ മറ്റവളോട് വന്നു കൊടുക്കാൻ പറ.”

ദിവ്യ അവളെ രൂക്ഷമായി നോക്കി. “നിന്നോട് പറഞ്ഞത് ചെയ്യ് മാളു. “

“ഇല്ലാന്ന് പറഞ്ഞാൽ ഇല്ല. പെണ്ണുകാണാൻ പോകുന്ന ആൾക്കെന്തിനാ നമ്മുടെ വീട്ടിൽ നിന്നും കുടിക്കാൻ കൊടുക്കുന്നെ. അവിടെ ചെന്നു കുടിക്കാൻ പറ. വെറുതെ ആ ജ്യൂസും കൂടി വേസ്റ്റ് ആക്കാൻ. “

അവൾ പറയുന്നത് കേട്ട ദിവ്യ അവളുടെ കൈയിൽ ചെറുതായി അടിച്ചു. “മിണ്ടാതെ പറഞ്ഞത് ചെയ്യ് മാളു. അവരൊക്കെ ദാ ഉമ്മറത്തു ഇരിപ്പുണ്ട്. നീ പറയുന്നതൊക്കെ കേട്ടാൽ എന്ത് വിചാരിക്കും. കിട്ടും നിനക്കെന്റെ കൈയിൽ നിന്നും. മര്യാദക്ക് ആ ജ്യൂസും എടുത്തോണ്ട് എന്റെ പിന്നാലെ വാ.”

ദിവ്യ കഴിക്കാൻ ഉള്ള കേക്കും ലഡ്ഡുവും കൂടി രണ്ടു പ്ലേറ്റിൽ എടുത്തുകൊണ്ടു ഹാളിലേക്ക് പോയി.

മാളു പിണങ്ങിയ മുഖത്തോടെ ജ്യൂസും കൊണ്ട് പിറകേയും.

ഹാളിൽ ഇരിക്കുന്ന ഗൗതമിനെ കണ്ടതും അവളുടെ ദേഷ്യം ഒന്ന് കൂടെ കൂടി. ഗൗതം അവളെ നോക്കി ഒരു കള്ളചിരി ചിരിച്ചു.

അവൻ അത് അവൾക്ക് കിട്ടാൻ പോകുന്ന സർപ്രൈസ് ഉദ്ദേശിച്ചു ചിരിച്ചതാണെങ്കിലും മാളുവിന് അവളെ പുച്ഛിക്കുന്നത് പോലെ തോന്നി. “തനിക്ക് ജ്യൂസ് വേണമല്ലേ. തരാം ഞാൻ. എന്നേ തേച്ചിട്ട് എന്റെ വീട്ടിൽ ജ്യൂസും ലഡ്ഡുവും കഴിക്കാൻ വന്നേക്കുന്നു നാണമില്ലാത്ത മനുഷ്യൻ”. അവൾ മനസ്സിൽ പറഞ്ഞു കൊണ്ട് മുൻപോട്ടു നടന്നു.

ബീനയും വാസുദേവനും അവളെ നോക്കി ചിരിച്ചെങ്കിലും അവൾ തിരിച്ചു ചിരിച്ചില്ല. പിണക്കത്തോടെ ചുണ്ട് കോട്ടി കാണിച്ചു.

അറ്റത്തിരിക്കുന്ന ഗൗതമിനെ ഒഴിവാക്കി അവൾ അടുത്തിരിക്കുന്ന ബീനക്ക് ആദ്യം ജ്യൂസ് കൊടുത്തു.

ഇത് പ്രതീക്ഷിച്ചതായത് കൊണ്ട് ഗൗതം ചിരിയടക്കി ഗൗരവത്തിൽ ഇരുന്നു. പിന്നേയും ബീന അവളെ നോക്കി ചിരിച്ചു കൊണ്ട് കവിളിൽ കൈ വച്ചപ്പോൾ അവൾക്ക് പിണക്കം നടിച്ചിരിക്കാൻ അവൾക്ക് കഴിഞ്ഞില്ല. “അല്ലെങ്കിലും അവരെ പറഞ്ഞിട്ട് എന്ത് കാര്യം. ഗൗതമേട്ടനെ ഇഷ്ടമാണെന്ന് ഒരിക്കൽ പോലും ബീനാമ്മയോട് പറഞ്ഞിട്ടില്ല. പറയാതെങ്ങനെ അറിയാന. “അതൊക്കെ ആലോചിച്ചപ്പോൾ അവളുടെ പിണക്കം മാറി.

അവൾ ചിരിയോടെ തന്നെ ബാക്കി എല്ലാവർക്കും ജ്യൂസ് കൊടുത്തു.

ഹാളിൽ ഇരുന്ന എല്ലാവർക്കും കൊടുത്തു കഴിഞ്ഞിട്ടും ഗൗതമിന്റെ ഗ്ലാസ്‌ ആ ട്രേയിൽ തന്നെ ഇരുന്നു.

“മാളു എന്താ ഇത്. നീ മോനു മാത്രം കൊടുത്തില്ലല്ലോ. “ദിവ്യ ഇത്തിരി ദേഷ്യത്തിൽ അവളോട് ചോദിച്ചു.

“ഹും ഒരു മോൻ വന്നേക്കുന്നു. “അവൾ പെട്ടെന്ന് തന്നെ ആ ഗ്ലാസ്‌ എടുത്തു മുഴുവൻ ഒറ്റവലിക്ക് കുടിച്ചു. എന്നിട്ട് ഗൗതമിനെ ദേഷ്യത്തോടെ നോക്കി.

ദിവ്യ പിന്നേയും അവളോട്‌ ദേഷ്യപ്പെടാൻ പോകുന്നത് കണ്ട ഗൗതം തടഞ്ഞു. “സാരമില്ല ആന്റി. ഇപ്പൊ ഇത് കുടിച്ചാൽ പിന്നെ ചായ കുടിക്കാൻ പറ്റില്ലല്ലോ.” അവൻ ഒരു കണ്ണിറുക്കി പറഞ്ഞു.

അപ്പോഴാണ് മാളുവിനെ പറ്റിച്ചുകൊണ്ടിരിക്കുവാണല്ലോ എന്ന് ദിവ്യക്ക് ഓർമ വന്നത്.

ദിവ്യ മാളുവിനെ ചേർത്തു പിടിച്ചു. “ശെരിക്കും നോക്കിക്കോ. പിന്നെ ചിന്തിക്കാൻ ഒരവസരം കിട്ടി എന്ന് വരില്ല. ഈ പെണ്ണിനെ തന്നെ വേണോ ബീനെ”.

ഗൗതമിനെ നോക്കി നിന്ന മാളുവിന് പെട്ടെന്ന് ദിവ്യയുടെ വാക്കുകൾ മനസ്സിലായില്ല. “ഓഹോ അവളെയും ഇങ്ങോട്ട് കൊണ്ട് വന്നിട്ടുണ്ടോ” എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് വാതിൽക്കലേക്ക് നോക്കി. പക്ഷേ ആരെയും കണ്ടില്ല.

അമ്മയെയും അച്ഛനെയും നോക്കിയപ്പോൾ അവളെ നോക്കി ചിരിക്കുന്നു. അമ്മ പറഞ്ഞ വാക്കുകൾ ഒന്ന് കൂടി ആലോചിച്ചു നോക്കിയപ്പോൾ അവൾ ഞെട്ടലോടെ എല്ലാവരെയും നോക്കി.

എല്ലാവരും അവളെ തന്നെ നോക്കി ഇരിക്കുകയാണ്. എല്ലാ മുഖങ്ങളിലും നിറഞ്ഞ സന്തോഷം.

ബീന എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെന്നു കവിളിൽ കൈ ചേർത്തു. “എന്റെ ഈ മോളെ ഗൗതമിന് വേണ്ടി ആലോചിക്കുന്ന കാര്യമാ അമ്മ പറഞ്ഞത്. നിന്നെക്കാൾ അവനെ മനസ്സിലാക്കാൻ മറ്റാർക്കാ പറ്റുക. ഹ്മ്മ്…. മോൾക്ക് ഇങ്ങനെ ഒരു സർപ്രൈസ് തരാൻ വേണ്ടിയിട്ടാ അമ്മ ഇന്നലെ അങ്ങനെ പറഞ്ഞത്. വിഷമമായോ മോൾക്ക്. ഹ്മ്മ്.. “

അവൾ ഇല്ലെന്ന് തലയാട്ടി. സന്തോഷം കൊണ്ട് കണ്ണുകൾ നിറയുന്നുണ്ടായിരുന്നു അവൾക്ക്. ഒരിക്കലും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു രംഗം.

ഗൗതമിനെ നോക്കിയപ്പോൾ അതേ കള്ളച്ചിരി ചിരിച്ചുകൊണ്ട് ഇരിപ്പുണ്ട്. പക്ഷേ ഇത്തവണ ആ കണ്ണുകളിൽ പുച്ഛത്തിന് പകരം കുസൃതിയാണ് അവൾക്ക് കാണാൻ കഴിഞ്ഞത്. അവൾ പരിസരം മറന്നു അവനെ തന്നെ നോക്കി നിന്നു.

അവനെ ആദ്യമായി കണ്ട നാൾ മുതലുള്ള കാര്യങ്ങൾ അവളുടെ മനസ്സിലേക്ക് ഇരച്ചെത്തി. സന്തോഷം സഹിക്കാൻ വയ്യാതെ ഹൃദയം പൊട്ടി പോകുമോ എന്ന് പോലും തോന്നി അവൾക്ക്. എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു.

അവളുടെ അടുത്ത നീക്കം പക്ഷേ എല്ലാവരെയും ഞെട്ടിച്ചു.

അവൾ ഓടി ചെന്നു സോഫയുടെ കൈവരിയിൽ ചെന്നിരുന്നു. അവൾ എന്തിനാ വന്നതെന്ന് ഗൗതം ആലോചിക്കാൻ തുടങ്ങുമ്പോളെക്ക് അവനെ കെട്ടിപ്പിടിച്ചു കവിളിൽ അമർത്തി ഉമ്മ കൊടുത്തു.

ഗൗതമിന് അവന്റെ ശ്വാസം നിന്ന് പോകും പോലെ തോന്നി. ഒരിക്കലും ഇങ്ങനെ ഒന്ന് അവൻ പ്രതീക്ഷിച്ചില്ല. കണ്ണുകൾ ചിമ്മാൻ പോലും മറന്നിരുന്നു പോയി അവൻ.

മോളുടെ പ്രവൃത്തി കണ്ട് മോഹൻ കുടിച്ചു കൊണ്ടിരുന്ന ജ്യൂസ് നെറുകയിൽ കയറി ചുമക്കാൻ തുടങ്ങി.

അച്ഛന്റെ ചുമയാണ് മാളുവിനെ ബോധത്തിലേക്ക് കൊണ്ട് വന്നത്. ചുറ്റും ഇത്രയും ആളുകൾ ഉണ്ടെന്നൊന്നും അവൾ ഓർത്തിരുന്നില്ല.

എല്ലാവരെയും നോക്കിയപ്പോൾ കണ്ണുകൾ പുറത്തു വരും എന്നുള്ള രീതിയിൽ ഇരിക്കുന്നത് കണ്ടു. ഗൗതമിന്റെ അവസ്ഥയും ഏതാണ്ട് അതുപോലൊക്കെ തന്നെ ആയിരുന്നു.

അവൾ ചമ്മലോടെ ചാടി എഴുന്നേറ്റു.” അത്…. പിന്നേ …. പെട്ടന്ന് സന്തോഷം വന്നപ്പോൾ. “. അവൾ തല താഴ്ത്തി പറഞ്ഞു. തലയുയർത്തി നോക്കാൻ അവൾക്ക് കഴിഞ്ഞില്ല.

“ഹ്മ്മ്…. ഹ്മ്മ്…. “എല്ലാവരുടെയും ആക്കി ഉള്ള ചിരി കേട്ടപ്പോൾ ആണ് ഗൗതം മാളു അടുത്തില്ല എന്ന് മനസ്സിലാക്കുന്നത്. അവൻ കവിളിലേക്ക് കൈ വച്ചു. അവളുടെ ചുണ്ടുകൾ ഇപ്പോഴും അവിടുള്ള പോലെ.

തലയും താഴ്ത്തി നാണിച്ചു ചുമന്നു നിൽക്കുന്ന മാളുവിനെ കണ്ടപ്പോൾ തന്റെ ഹൃദയമിടിപ്പ് വല്ലാതെ കൂടുന്നതായി തോന്നി അവന്. അവൻ നെഞ്ചിൽ കൈ വച്ചു.

ഗൗതമിന്റെ ഈ ഭാവങ്ങൾ ഒക്കെ ബീന ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. തന്റെ മകന്റെ മനസ്സ് മാറി തുടങ്ങുന്നത് ഒരു ചെറു പുഞ്ചിരിയോടെ അവർ കണ്ടു നിന്നു.

തുടരും….

ട്വിസ്റ്റ്‌ എപ്പടി. 😉…എല്ലാരും ഗൗതമിന് ഒരടി പ്രതീക്ഷിച്ചു അല്ലേ. മാളു അതുക്കും മേലെ 🤭.. തല്ലൊക്കെ കൊടുക്കാൻ ഇനിയും സമയം ഉണ്ടല്ലോ 😌.. അപ്പോ എല്ലാരും വേഗം അഭിപ്രായം പറഞ്ഞോ….. 😍