നിന്റെ ശബ്ദം കേട്ടാൽ അപ്പോ തന്നെ ആ ചെറുക്കൻ കയറി വരും, കുളിക്കുകയു നനയ്ക്കുകയും ഇല്ല നാറ്റം പിടിച്ച ചെറുക്കാനോട്……

വിശപ്പ്…..

എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ

” മോളെ ഇച്ചിരി ഇന്നലത്തെ മീഞ്ചാറ് തരുമോ…..”

അടുക്കള വാതിലിന്റെ പുറത്ത് നിന്ന് ആ ശബ്ദം കേട്ടപ്പോഴാണ് ഹരി വാതിലിന്റെ അരികിലേക്ക് നീങ്ങി നിന്നത്. അപ്രതീക്ഷിതമായി ഹരിയുടെ മുഖം കണ്ടപ്പോഴേക്കും ചോദിച്ചത് അബദ്ധമായല്ലോ എന്ന തോന്നാലോടെ ഖദീജ ഒന്ന് ചിരിക്കാൻ ശ്രമിച്ചു….

” ആ നീയ് എപ്പഴാ എത്തിയെ, ലീവിന് എത്തുമെന്ന് ലത പറഞ്ഞിയിരുന്നു…”

കയ്യിലെ സ്റ്റീൽ പാത്രത്തിൽ വെള്ളത്തിനൊപ്പം കിടക്കുന്ന ഒരു പിടിച്ചോർ ഹരി കാണാതെ ഇരിക്കാൻ പുറകിലേക്ക് മറച്ചു പിടിച്ചു കൊണ്ടാണ് അവർ അത് ചോദിച്ചത്….

അവർ അത് ചോദിക്കുമ്പോഴും ഹരിയുടെ മനസ്സിൽ മൂട് കീറിയ പഴയ നിക്കറും, ബട്ടൻസ് പൊട്ടിയ നരച്ച ഷർട്ടും ഇട്ട്, ചിരിക്കുന്ന മുഖ വുമായി ഖദീജയുടെ വീടിന്റെ അടുക്കള വാതിലിൽ മുഖം ചേർത്ത് ചാരി നിൽക്കുന്ന തന്റെ തന്നെ മുഖമായിരുന്നു തെളിഞ്ഞു വന്നത്…

” ഞാൻ പറഞ്ഞിരുന്നില്ലേ, ഇന്നെത്തുമെന്ന്…”

അത് പറഞ്ഞാണ് അവരുടെ അരികിലേക്ക് ലത വന്നത്, ഖദീജ പരുങ്ങുന്നത് കണ്ടപ്പോൾ ലതയ്ക്ക് കാര്യം മനസ്സിലായത് കൊണ്ടാണ്, ഒരു പാത്രത്തിൽ ദോശയും അതിന് മുകളിലേക്ക് കടല കറിയും ഒഴിച്ച് അവർക്ക് നേരെ നീട്ടിയത്….

” എന്നും ഈ പഴയ ചോറല്ലെ കഴിക്കുന്നത്, ഇന്ന് ഇത് കഴിക്ക്…”

അത് പറഞ്ഞ് ലത അവർ മറച്ചു പിടിച്ച പാത്രം വാങ്ങി വച്ചുകൊണ്ട് ദോശ പാത്രം അവരുടെ കയ്യിൽ വച്ച് കൊടുത്തു. അവർ ഒന്നും മിണ്ടാതെ അതും വാങ്ങി തിരിഞ്ഞു നടക്കുന്നതിന് മുൻപ് ഒന്നുകൂടി ഹരിയെ തിരിഞ്ഞു നോക്കിയിരുന്നു….

” പാവം, എന്നും രാവിലെ ഇവിടെ വരും എന്തേലും കറിക്ക്, ഇവിടെ ഇരുന്ന് തന്നെ കഴിക്കുകയും ചെയ്യും. ഒരു മോൻ ഉണ്ടെന്ന് പറഞ്ഞിട്ട് എന്താ അവൻ പെണ്ണു മ്പിള്ളയുടെ വാക്കും കേട്ട് അതിനെ മണപ്പിച്ച് നടക്കുന്നത് അല്ലതെ ഇവരെ തിരിഞ്ഞു നോക്കില്ല…”

ലത അത് പറഞ്ഞ് അടുക്കളയിൽ ജോലി ചെയ്യുമ്പോഴും ഹരിയുടെ മനസ്സ് നിറയെ ആ പഴയ കുട്ടുക്കാലം ആയിരുന്നു…

***********

ഹരിയും ബഷീറും അയൽക്കാർ എന്നതിൽ ഉപരി കൂട്ടുകാർ കൂടി ആയിരുന്നു. ഹരി അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് അവന്റെ അമ്മ മരിക്കുന്നത്, അതിൽ പിന്നെ അച്ഛൻ മുഴു കുടിയൻ ആയി മാറി. രാത്രി എപ്പോഴോ അച്ഛൻ വന്ന് വയ്ക്കുന്ന കഞ്ഞിക്കും ചമ്മന്തിക്കും ഒരിക്കലും അമ്മ വയ്ക്കുന്നതിന്റെ രുചി ഇല്ലായിരുന്നു…

പലപ്പോഴും അച്ഛൻ കുടിച്ച് ബോധം ഇല്ലാതെ കിടന്നുറങ്ങുമ്പോൾ, ഹരി വിശന്ന് ബോധം കെട്ടാണ് ഉറങ്ങിയിരുന്നത്. ബഷീറിന്റെ വീട്ടിൽ നിന്ന് കോഴി കറിയുടെയും നെയ്ച്ചോറിന്റെയും മണം മൂക്കിൽ അടിച്ചു കയറുന്ന ഞായറാഴ്ചകളിൽ ഒരു വിളിക്കായി അവനും കൊതി ച്ചിരുന്നിട്ടുണ്ട്…

അമ്മ മരിച്ചതിൽ പിന്നെ കീറിയതും, ചെളിപിടിച്ചതുമായ ഡ്രെസ്സ് ഇട്ടു നടക്കുന്ന ഹരിയെ ആർക്കും ഇഷ്ടം അല്ലായിരുന്നു, എങ്കിലും ബഷീർ അവനെന്നും നല്ല സുഹൃത്ത് തന്നെ ആയിരുന്നു, പല ദിവസങ്ങളിലും ഹരി ബഷീറിന്റെ വീട്ടിൽ കളിക്കാൻ പോയി തുടങ്ങിയത്, കളിക്കുക എന്നതിലുപരി വായ്ക്ക് രുചിയായി എന്തേലും കഴിക്കാൻ കിട്ടു മെന്ന പ്രതീക്ഷ ഉള്ളത് കൊണ്ടായിരുന്നു. അത് കൊണ്ട് തന്നെ യാണ് തന്നെ ഇഷ്ടമല്ലാഞ്ഞിട്ടും ഖദീജ യുടെ പുറകെ അമ്മ എന്നും വിളിച്ചുവൻ നടന്നിരുന്നതും. അവർ പറയുന്ന ജോലികൾ ചെയ്തിരുന്നതും….

പലപ്പോഴും ബഷീർ എന്തേലും കഴിക്കുമ്പോൾ ആകും ഹരി അവിടേക്ക് ചെല്ലുന്നത്, കഴിക്കുന്ന ബഷീറിന്റെ മുന്നിൽ ഇരിക്കുമ്പോൾ അറിയാതെ വായിൽ നിറയുന്ന ഉമിനീർ ആരും കാണാതെ ഹരി കുടിച്ചിറക്കും, ഹരി വീട്ടിൽ നിന്ന് പോകാൻ വേണ്ടിയാണ്, പഴയ ബിസ്ക്കറ്റോ, പൂപ്പൽ പിടിച്ച ബ്രഡോ, പഴുത്ത് തൊലി കറുത്ത് ഈച്ച പറ്റി പിടിച്ചിരിക്കുന്ന പഴമോ, അവന് നേർക്ക് ഖദീജ നീട്ടിയിരുന്നത്. അത് കിട്ടുമ്പോൾ ഹരിയുടെ മുഖത്ത് സന്തോഷ മാണ് വിരിയുന്നതെങ്കിൽ അവൻ ഒന്ന് വീട്ടിൽ നിന്ന് പോകുമല്ലോ എന്നുള്ള ആശ്വാസം ആയിരുന്നു ഖദീജയ്ക്ക്…

ഒരു ഞായറാഴ്ച അടുക്കളയിലെ വിറക് അടുപ്പിൽ കിടന്ന കഞ്ഞിക് തീയ് കത്തിക്കാൻ ശക്തിയായി ഊതി തളർന്ന് ഇരിക്കുമ്പോൾ ആണ് ബിരിയാണിയുടെ മണം ഹരിയുടെ മൂക്കിലേക്ക് അടിച്ചു കയറുന്നത്, ഹരി അറിയാതെ തന്നെ വായിൽ വന്ന ഉമിനീർ കുടിച്ചിറക്കി കൊണ്ടാണ് ബഷീർ പുറത്ത് എങ്ങാനും ഉണ്ടോ എന്ന് നോക്കിയത്. അവനെ പുറത്ത് എങ്ങും കാണാതെ ഇരുന്നപ്പോൾ മടിച്ച് ആണെങ്കിലും ഒന്ന് പോയി നോക്കാൻ ഹരിയുടെ മനസ്സ് കൊതിച്ചത് തലേദിവസവും ഒന്നും കഴിക്കാൻ കിട്ടാത്തതിനാൽ ഉള്ളിൽ സഹിക്കാൻ പറ്റാത്ത വിശപ്പ് ഉള്ളത് കൊണ്ടായിരുന്നു….

ബോധം കെട്ട് തറയിൽ കിടക്കുന്ന അച്ഛനെ വലിച്ചു നീക്കി അലമാര തുറന്ന് നല്ല ഡ്രെസ്സ് ഇട്ടത്, പലപ്പോഴും അവനെ കാണുമ്പോൾ മൂക്ക് പൊത്തുകയും, മുഖം തിരിക്കുകയും ചെയ്യുന്ന ബഷീറിന്റ ഉമ്മയ്ക്ക് തന്നെ ഇഷ്ടപെടാൻ വേണ്ടി തന്നെയായിരുന്നു. കണ്ണാടിക്കു മുന്നിൽ നിന്ന് കൈ കൊണ്ട് മൂടി ഒതുക്കി മുറ്റത്തേക്ക് ഇറങ്ങുമ്പോൾ ബഷീറിന്റെ വീട്ടിലേക്ക് പോകണോ എന്നവൻ ഒരിക്കൽ കൂടി ചിന്തിച്ചു, എന്നാലും വിശപ്പിന്റെ വിളി ബഷീറിന്റെ വീട്ടിലേക്ക് പോകാൻ തന്നെ ഹരിയെ നിർബന്ധിച്ചു..

മുറ്റത്ത് ഇറങ്ങി ബഷീറിന്റെ വീട്ടിലേക് നടക്കുമ്പോൾ ഉമ്മറ വാതിൽ അടച്ച് ഇട്ടേക്കുന്നത് കൊണ്ടാണ് ഹരി അടുക്കള വശത്തേക്ക് നടന്നത്, അവിടേക്ക് ചെല്ലുംതോറും ബിരിയാണിയുടെ മണം കൂടി കൂടി വരുന്നതിനൊപ്പം അവന്റെ വിശപ്പും കൂടി കൂടി വന്നു….

” ദേ വേഗം ഇരുന്ന് കഴിച്ചിട്ട്, മിണ്ടാതെ അടങ്ങി ഒതുങ്ങി വീട്ടിൽ തന്നെ ഇരുന്നോളണം കേട്ടല്ലോ, നിന്റെ ശബ്ദം കേട്ടാൽ അപ്പോ തന്നെ ആ ചെറുക്കൻ കയറി വരും, കുളിക്കുകയു നനയ്ക്കുകയും ഇല്ല നാറ്റം പിടിച്ച ചെറുക്കാനോട് കൂട്ട് കൂടേണ്ടന്ന് എത്ര പറഞ്ഞാലും നി കേൾക്കില്ലല്ലോ, വാപ്പ നാട്ടിൽ വരട്ടെ നിനക്ക് നല്ലത് കിട്ടും പറഞ്ഞേക്കാം….”

പാതി ചാരിയ അടുക്കള വാതിലിന്റെ അരികിൽ ചെല്ലുമ്പോൾ ആണ് ബഷീറിന്റെ ഉമ്മയുടെ വാക്കുകൾ ഹരി കേൾക്കുന്നത്…

” ഇവിടെ എന്തേലും വയ്ക്കുന്ന മണം അടിച്ചാൽ അപ്പൊ ഓടി എത്തും ആ ചെറുക്കൻ, ഇങ്ങനെയും ഉണ്ടോ പിള്ളേർക്ക് ആക്രാന്തം…”

അവരുടെ വാക്കുകൾ വീണ്ടും കേൾക്കുമ്പോൾ ആക്രാന്തം കൊണ്ടല്ല വിശപ്പ് കൊണ്ടാണ് വന്ന് പോകുന്നത് എന്ന് ഹരിക്ക് പറയാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അവൻ ഒന്നും മിണ്ടാതെ വിശന്ന വയറുമായി വീട്ടിലേക്ക് നടന്നു, ഇട്ടിരുന്ന ആ നല്ല ഡ്രെസ്സ് വീണ്ടും മടക്കി അലമാരയിൽ വയ്ക്കുമ്പോഴാണ്, മടക്കി വച്ചിരിക്കുന്ന അമ്മയുടെ നരച്ച സാരിയിൽ അവന്റെ കണ്ണ് ഉടക്കുന്നത്, അതെടുത്ത് മുഖത്തോട് ചേർക്കുമ്പോൾ അമ്മയുടെ മാറിലെ ചൂട് വീണ്ടും അവന് അനുഭവപ്പെട്ടു, ഒഴുകി വന്ന കണ്ണുനീർ തുടച്ചുകൊണ്ടാണ് ഹരി വീണ്ടും അടുപ്പിൽ ശക്തമായി ഊതി കഞ്ഞി തിളപ്പിക്കാൻ തുടങ്ങിയത്….

അമ്മ ചെയ്യുന്നത് കണ്ട് മാത്രമുള്ള പരിചയത്തിൽ ആണ് തേങ്ങ ചിരകി അമ്മികല്ലിൽ ഇട്ടതും, അമ്മയിടുന്ന കുപ്പിയിൽ പറ്റിയിരിക്കുന്ന പൊടിയും അതിലേക്ക് ചിരണ്ടി ഇട്ട്, ഒന്ന് രണ്ട് പ്രാവശ്യം കുഴവി കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നീക്കിയതും. പകുതി വെന്ത കഞ്ഞി സ്റ്റീൽ പാത്രത്തിലേക്ക് എടുത്ത് അതിലേക്ക് അമ്മി കല്ലിൽ ഇരിക്കുന്ന എരിവും, പുളിയും, ഉപ്പും ഇല്ലാത്ത ചമ്മന്തിയും ഇട്ട് കലക്കി, സ്പൂൺ കൊണ്ട് ഊതിയറ്റി കുടിക്കുമ്പോൾ, ആ കഞ്ഞിക്ക് അമ്മയുടെ രുചി ഉള്ളതുപോലെ ഹരിക്ക് തോന്നി…..

**********

” അല്ലേ ഇതെന്താ ഈ അച്ഛൻ സ്വപ്‍നം കണ്ടിരിക്കുന്നെ….”

മോളുടെ ചോദ്യം കേട്ടാണ് പെട്ടെന്ന് ഹരി ഓർമ്മയിൽ നിന്ന് ഉണരുന്നത്…

” അയ്യേ അമ്മേ, ഈ അച്ഛന്റെ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നു. അച്ഛൻ എന്താ കരയുകയാണോ….”

മോളത് പറഞ്ഞപ്പോഴാണ് അറിയാതെ ഒഴുകി വന്ന കണ്ണുനീർ തുടച്ചുകൊണ്ട് ഹരി അവളെ എടുത്തത്…

” എന്താ ഹരിയേട്ട, ഇപ്പോഴും അത് ആലോചിച്ചിരിക്കുകയാണോ….”

പിന്നിൽ നിന്ന് ഹരിയിലേക്ക് ചേർന്ന് നിന്ന് കൊണ്ടാണ് ലത അത് പറഞ്ഞത്…

” ആ ഓർമ്മകൾ എന്നും വേണം,അല്ലെ നമ്മൾ നമ്മളല്ലാതെയായി പോകും….”

” അന്നവർ അങ്ങനെയൊക്കെ ചെയ്തതിന്റെ ഫലം ആണ് ഇപ്പോൾ അനുഭവിക്കുന്നത്, ഇപ്പോൾ എന്തേലും കൊടുക്കാൻ നമ്മൾ അല്ലതെ വേറെ ആരും ഇല്ലല്ലോ….”

” അല്ലേലും വിശപ്പ് സഹിക്കാൻ പറ്റാതെ വരുമ്പോൾ പിന്നെ ആരും നാണക്കേട് ഒന്നും നോക്കില്ല…”

അത് പറഞ്ഞ് ഒരു ദീർഘനിശ്വാസത്തോടെ മോളെ തന്റെ മാറിലേക്ക് ചേർത്ത് പിടിക്കുമ്പോൾ ഹരിയെ ചുറ്റിപ്പിടിച്ച് ലതയും ചേർന്ന് നിന്നു…..