എഴുത്ത് : ശ്രേയ
” നിന്നോട് ഞാൻ പല വട്ടം ചോദിക്കണം എന്ന് കരുതിയ ഒരു കാര്യം ഉണ്ട്.. നീയും രതീഷും തമ്മിൽ… “
ജീനയുടെ നോട്ടം കണ്ടപ്പോൾ തന്റെ ചോദ്യം മുഴുവനാക്കാൻ പോലും സംഗീതയ്ക്ക് തോന്നിയില്ല.
” നീ എന്താ ഉദ്ദേശിക്കുന്നത്..? “
ജീന പതിയെ ചോദിച്ചു.
” നിന്റെ ഇപ്പോഴത്തെ ലൈഫിൽ നീ തീരെ ഹാപ്പി അല്ല എന്ന് എനിക്ക് അറിയാം.. നീ സന്തോഷിച്ചു കാണുന്നത് രതീഷിനൊപ്പം ഉള്ളപ്പോൾ ആണ്.. അതുകൊണ്ട് ആണ് ചോദിക്കുന്നത്.. നിങ്ങൾക്ക് വിവാഹം ചെയ്തൂടെ..? “
സംഗീതയുടെ ആ ചോദ്യത്തിന് ഒരു പൊട്ടിച്ചിരി ആയിരുന്നു ജീനയുടെ മറുപടി.
“അങ്ങനെയൊരു കാര്യം നടക്കുമെന്ന് തോന്നുന്നുണ്ടോ..? ഞാൻ വിവാഹിതയാണ്. ഭർത്താവിനോടൊപ്പം ഒരു കുടുംബ ജീവിതം നയിക്കുന്ന ഒരുവൾ.. അങ്ങനെയുള്ളപ്പോൾ മറ്റൊരു പുരുഷനെ ആഗ്രഹിക്കുന്നത് പോലും തെറ്റാണ്.”
ജീന അത് പറഞ്ഞു കഴിഞ്ഞതും സംഗീത അവജ്ഞയോടെ അവളെ നോക്കി..
” നിന്റെ വിവാഹം കഴിഞ്ഞു എന്ന് പറയുന്നത് എനിക്ക് മനസ്സിലാക്കാം.. പക്ഷേ ഭർത്താവിനോടൊപ്പം നല്ല കുടുംബ ജീവിതം നയിക്കുകയാണ് എന്ന് മാത്രം എന്നോട് പറയരുത്.. കാരണം നിന്റെ ജീവിതത്തിലെ പ്രശ്നങ്ങളെ കുറിച്ച് എനിക്ക് നല്ല ധാരണയുണ്ട്.. “
സംഗീതയുടെ മറുപടി കേട്ടതും ജീന ഒരു നിമിഷം നിശബ്ദയായി.
“കല്യാണം കഴിഞ്ഞ് എത്ര വർഷമായി..? ഏഴാമത്തെ വർഷമാണ്.. ഇതിനിടയിൽ എപ്പോഴെങ്കിലും അയാൾ ചിരിച്ചുകൊണ്ട് സന്തോഷത്തോടെ നിന്നോട് ഇടപഴകിയിട്ടുണ്ടോ..? എന്തിന് നിന്റെ മുഖത്തേക്ക് എങ്കിലും അയാൾ കുറച്ചു നേരം നോക്കി ഇരുന്നിട്ടുണ്ടോ..? ഇതൊന്നുമില്ലാതെ എന്തു കുടുംബജീവിതമാണ്..? “
സംഗീത ദേഷ്യത്തിൽ ചോദിച്ചതിന് മറുപടി പറയാൻ ജീനയുടെ പക്കൽ ഒന്നുമുണ്ടായിരുന്നില്ല.
” മറുപടിയൊന്നും ഉണ്ടാവില്ല എന്ന് എനിക്ക് അറിയാം. കാരണം എല്ലാവരോടും നുണ പറയുന്നതു പോലെ എന്നോട് പറയാൻ പറ്റില്ലല്ലോ..”
സംഗീത വീണ്ടും അത് തന്നെ പറഞ്ഞപ്പോൾ ജീന അവളുടെ മുഖത്തേക്ക് നോക്കിയില്ല.. നോക്കിയാലും എന്തു പറയാനാണ്..?
” നീ ഒരുപാട് കഷ്ടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം. അതുകൊണ്ടാണ് ഞാൻ പറഞ്ഞത്.. രതീഷും നീയും തമ്മിലുള്ള അടുപ്പം കാണുമ്പോൾ പലപ്പോഴും ഞാൻ ആഗ്രഹിച്ചിട്ടുണ്ട് നിങ്ങൾ ഒന്നായിരുന്നെങ്കിൽ എന്ന്…!!”
സംഗീത ഒരുപാട് ആഗ്രഹത്തോടെ അത് പറഞ്ഞത് കേട്ടപ്പോൾ ജീന വെറുതെ ഒന്ന് ചിരിച്ചു.
” ഇതൊക്കെ നിന്റെ ആഗ്രഹങ്ങൾ മാത്രമായിരിക്കും. നീ പറഞ്ഞതു പോലെ രതീഷ് എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. എന്നെ ഞാനായി മനസ്സിലാക്കുന്ന ഒരാൾ.. അതല്ലാതെ ഞങ്ങൾക്കിടയിൽ മറ്റൊന്നും ഒരിക്കലും ഉണ്ടാവില്ല.. “
അതും പറഞ്ഞു ജീന സംഗീതയെ കടന്നു പോയപ്പോൾ സംഗീത ആലോചിച്ചത് മുഴുവൻ ജീനയുടെ ജീവിതത്തെക്കുറിച്ച് ആയിരുന്നു.
ഡിഗ്രി പഠനം ഒക്കെ കഴിഞ്ഞു നിൽക്കുന്ന സമയത്താണ് യോഗ്യനായ ഒരു ചെറുപ്പക്കാരനെ കൊണ്ട് അവളുടെ വീട്ടുകാർ അവളെ വിവാഹം കഴിപ്പിക്കുന്നത്. അവളുടെ വീട്ടുകാരുടെ കണ്ണുകളിൽ മാത്രമായിരുന്നു അവൻ യോഗ്യനായിരുന്നത്.
ഗവൺമെന്റ് ഉദ്യോഗസ്ഥൻ.. കാണാനും തരക്കേടില്ല.. മറ്റു ബാധ്യതകൾ ഒന്നും തന്നെയില്ല.. അങ്ങനെ ഒരു ബന്ധം വന്നിരിക്കുമ്പോൾ അത് പെൺകുട്ടിയുടെ ഭാഗ്യമാണെന്ന് പറഞ്ഞു എത്രയും വേഗം അത് നടത്താൻ അല്ലേ എല്ലാ വീട്ടുകാരും ശ്രമിക്കുകയുള്ളൂ..
ജീനയുടെ വീട്ടുകാരും അത് തന്നെയാണ് ചെയ്തത്.. പക്ഷേ വിവാഹം ഉറപ്പിച്ചതിനു ശേഷം ഒരിക്കൽ പോലും അവളെ ഒന്ന് കാണാൻ ശ്രമിക്കുകയോ ഒരു ഫോൺകോളിലൂടെ പോലും അവളെ പരിചയപ്പെടാൻ ശ്രമിക്കുകയോ ചെയ്യാതിരുന്ന ആ ചെറുപ്പക്കാരൻ അവൾക്കും അവളുടെ സുഹൃത്തായിരുന്നു തനിക്കും ഒരു അത്ഭുതമായിരുന്നു..
അവന്റെ വീട്ടുകാർ ഒന്നാണ് അവൾക്ക് അവന്റെ കോൺടാക്ട് നമ്പർ പോലും കിട്ടുന്നത്.അത് കിട്ടിയ ദിവസം അവൾ അവനെ ഒന്ന് കോൺടാക്ട് ചെയ്തിരുന്നു..
” സീ ജീന… നമ്മുടെ വിവാഹം വീട്ടുകാർ തമ്മിൽ ഉറപ്പിച്ചു എന്നത് ശരി തന്നെ. പക്ഷേ വിവാഹത്തിന് മുൻപ് ഇങ്ങനെ കോൺടാക്ട് ചെയ്യുന്നതും സംസാരിക്കുന്നതും ഒന്നും നല്ലതല്ല.. എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾ ഉണ്ടെങ്കിൽ മാത്രം വിളിക്കുക.അഥവാ വിളിച്ചിട്ട് ഞാൻ ഫോൺ എടുത്തില്ലെങ്കിൽ അത് മെസ്സേജ് ഇട്ടിരുന്നാൽ മതി. ഞാൻ നോക്കിയിട്ട് റിപ്ലൈ തന്നോളാം. ഇടയ്ക്കിടയ്ക്ക് ഇങ്ങനെ വിളിക്കണം എന്നില്ല.. എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിച്ചോളാം.. “
അവന്റെ ആ സംസാരം കേട്ടപ്പോൾ ഇന്നത്തെ കാലത്ത് ഇങ്ങനെ മൂരാച്ചികളായ ആൺകുട്ടികൾ ഉണ്ടാകുമോ എന്നാണ് ഞങ്ങളൊക്കെയും ചിന്തിച്ചത്.. എന്നാൽ അവളുടെ വീട്ടുകാർ പറഞ്ഞത് അങ്ങനെ ആയിരുന്നില്ല..
“കുടുംബത്തിൽ പിറന്ന ആൺകുട്ടികൾ ഇങ്ങനെയൊക്കെയാണ്.. അല്ലാതെ വിവാഹം ഉറപ്പിച്ചു എന്ന് പറഞ്ഞു എപ്പോഴും ഒരു പെൺകുട്ടിയുടെ പിന്നാലെ നടക്കലല്ല..അവൻ പറഞ്ഞതുപോലെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ പോരെ.. അല്ലാതെ എപ്പോഴും ഫോൺ വിളിച്ചു കൊണ്ടിരിക്കുകയും വേണ്ടല്ലോ..”
അവളുടെ വീട്ടുകാർ അത് പറഞ്ഞതോടെ അവൾക്ക് എതിർക്കാൻ മറ്റു മാർഗ്ഗങ്ങളില്ലാതെയായി.
അവളുടെ വീട്ടുകാരെ സംബന്ധിച്ച് അയാൾ പെർഫെക്റ്റ് ആയിരുന്നു. ചെറിയ പ്രായത്തിൽ തന്നെ കഠിനാധ്വാനത്തിലൂടെ ഗവൺമെന്റ് ജോലി സ്വന്തമാക്കിയവൻ.. കുടുംബം നോക്കുന്നവൻ.. അങ്ങനെയങ്ങനെ അയാൾക്ക് വിശേഷണങ്ങൾ അനവധി ആയിരുന്നു.
വിവാഹത്തിന് വസ്ത്രങ്ങൾ എടുക്കാൻ പോകാനും ആഭരണങ്ങൾ എടുക്കാൻ ഒക്കെ അയാളുടെ വീട്ടിൽ നിന്ന് അമ്മയും പെങ്ങളും ഒക്കെ വന്നിരുന്നെങ്കിലും അയാൾ മാത്രം വന്നില്ല..
“നിങ്ങളുടെ ഇഷ്ടത്തിന് എന്താണെന്ന് വെച്ചാൽ എടുത്താൽ മതി.. എനിക്ക് അങ്ങനെ പ്രത്യേകിച്ച് ഒബ്ജക്ഷൻ ഒന്നുമില്ല..”
എന്താ വരാത്തത് എന്ന് അന്വേഷിച്ചു അവളുടെ അച്ഛൻ ഫോൺ വിളിച്ചപ്പോൾ അയാളുടെ മറുപടി ഇങ്ങനെയായിരുന്നു.
എല്ലാ കാര്യങ്ങളും വീട്ടുകാരുടെ ഇഷ്ടത്തിനും ഇടുന്ന ആ ചെറുപ്പക്കാരൻ ഈ കാലഘട്ടത്തിൽ അനുഗ്രഹമാണ് എന്ന് അവളുടെ വീട്ടുകാർ ഒരിക്കൽ കൂടി അടിവരയിട്ട് ഉറപ്പിക്കുമ്പോൾ, അതൊന്നും അങ്ങനെയല്ല എന്ന് അവളുടെ മനസ്സ് മാത്രം പറയുന്നുണ്ടായിരുന്നു.
വിവാഹം കഴിഞ്ഞതിനുശേഷം അവളുടെ മുഖത്തേക്ക് നോക്കാനോ സംസാരിക്കാനോ പോലും അയാൾ ശ്രമിച്ചിട്ടില്ല. ഭാര്യ ഭർതൃ ബന്ധം അവർക്കിടയിൽ ഉണ്ടായിട്ടേയില്ല..
വിവാഹം കഴിഞ്ഞ് ആദ്യദിവസം രാത്രിയിൽ അവളുമായി ഒന്നിച്ച് ഒരു മുറി പങ്കിടണം എന്ന് ഒരൊറ്റ കാരണം കൊണ്ട് തൊട്ടടുത്ത മറ്റൊരു മുറിയിലേക്ക് മാറി കിടന്നതാണ് അവളുടെ ഭർത്താവ്. പിന്നീടുള്ള ദിവസങ്ങളിലും ഇതുതന്നെ ആവർത്തിച്ചപ്പോൾ എന്തുകൊണ്ടാണ് തന്നോട് മാത്രം ഇത്തരത്തിൽ ഒരു അകൽച്ച എന്ന് അവൾ അവനോട് നേരിട്ട് അന്വേഷിച്ചു.
“എന്റെ ലൈഫിലെ എല്ലാ കാര്യങ്ങളും തന്നോട് തുറന്നു പറയണമെന്ന് നിർബന്ധമൊന്നുമില്ലല്ലോ.. എപ്പോഴെങ്കിലും എനിക്ക് തോന്നിയാൽ പറയാം..”
അതായിരുന്നു അവന്റെ മറുപടി.. അത് അവളെ ചെറുതായിട്ടൊന്നുമല്ല വേദനിപ്പിച്ചത്..
പിന്നീടപ്പോഴും അവന്റെ സഹോദരിയുടെ നാവിൽ നിന്നാണ് അവൾ സത്യങ്ങൾ അറിഞ്ഞത്..
അവന് ഒരു പ്രണയം ഉണ്ടായിരുന്നു.. അവളെ മാത്രമേ വിവാഹം കഴിക്കൂ എന്ന് അവനും അവളും അടിവരയിട്ട് ഉറപ്പിച്ചതാണ്.. പക്ഷേ അവനെക്കാൾ നല്ലൊരു ബന്ധം വന്നപ്പോൾ ആ പെൺകുട്ടി അവനെ ഒഴിവാക്കി. അതോടെ നാട്ടിലുള്ള സകല പെണ്ണുങ്ങളും അവളെ പോലെയാണ് എന്ന് അവനും അവന്റെ മനസ്സിൽ ഒരു തോന്നൽ ഉണ്ടാക്കിയെടുത്തു..
പക്ഷേ അധികം വൈകാതെ ആ പെൺകുട്ടി മരണത്തിന് കീഴടങ്ങിയപ്പോഴാണ് അവൾ തന്നെ ഒഴിവാക്കിയതിന് പിന്നിലെ കാരണം അവന് മനസ്സിലാകുന്നത്. മാരക രോഗത്തിന് ചികിത്സയിലായിരുന്ന അവൾക്ക് ഒരിക്കലും ജീവിതത്തിലേക്ക് മടങ്ങി വരാൻ കഴിയില്ല എന്ന് ഉറപ്പായിരുന്നു.
അങ്ങനെയുള്ളപ്പോൾ അവൻ തന്നെ ഓർത്തു വേദനിക്കാതിരിക്കാൻ അവൾ കണ്ടെത്തിയ മാർഗം മാത്രമായിരുന്നത്രേ അത്.. അവളുടെ സുഹൃത്തു വഴി അതുകൂടി അറിഞ്ഞു കഴിഞ്ഞപ്പോൾ അവനു കുറ്റബോധമായി … ഒരിക്കലും മറ്റൊരു വിവാഹം കഴിക്കില്ല എന്ന് ഉറപ്പിച്ചു നടന്നതാണ്.
അമ്മയുടെ നിർബന്ധം കാരണമാണത്രേ അയാൾ ജീനയുടെ കഴുത്തിൽ താലി കെട്ടിയത്.. എന്നെങ്കിലും ഒരിക്കൽ അയാളുടെ സ്വഭാവത്തിൽ മാറ്റം ഉണ്ടാകും എന്നൊരു പ്രതീക്ഷയിലായിരുന്നു ജീന ആദ്യ നാളുകളിൽ.. പക്ഷേ വർഷങ്ങൾ കടന്നു പോയിട്ടും അവളോടുള്ള അവന്റെ മനോഭാവത്തിൽ ഒരു മാറ്റവും വരാതായപ്പോൾ മനസ്സിലായി ഇനി ഒരിക്കലും അവന്റെ മനസ്സിൽ അവൾക്ക് ഒരു സ്ഥാനവും കിട്ടാൻ പോകുന്നില്ല എന്ന്.
രണ്ടു വീട്ടുകാർക്കും വേണ്ടി ബലി കഴിക്കപെട്ടതാണ് അവളുടെ ജീവിതം. ഒരാശ്വാസം പോലെ അവൾക്ക് ഓഫീസിൽ നിന്ന് ലഭിച്ച സൗഹൃദം ആയിരുന്നു രതീഷ്. അവളിൽ നിന്നും നഷ്ടപ്പെട്ടു പോയ ചിരിയും കളിയും തിരിച്ചു വന്നത് രതീഷിനെ പരിചയപ്പെട്ട ശേഷമായിരുന്നു.
രണ്ടുപേരും കൂടി ഒന്നിച്ച് ഇടപഴകുന്നത് കാണുമ്പോൾ എന്തുകൊണ്ട് ഇവരെ നേരത്തെ ഒരുമിപ്പിച്ചില്ല എന്ന് ദൈവത്തിനോട് പോലും സംഗീതയ്ക്ക് ദേഷ്യം തോന്നി..
ജീനയും ആലോചിച്ചത് അതൊക്കെ തന്നെയായിരുന്നു…
തന്റെ ജീവിതത്തിൽ ഇപ്പോൾ ഒരു പുരുഷൻ ഉള്ളതുകൊണ്ടുതന്നെ രതീഷുമായുള്ള ബന്ധം വിലക്കപ്പെട്ടതാണ്.. അങ്ങനെ ഒരു ചിന്ത പോലും തന്റെ മനസ്സിൽ ഉണ്ടാകാൻ പാടില്ല.
ചില ബന്ധങ്ങൾ ഒക്കെ അങ്ങനെയാണ്.. വിലക്കപ്പെട്ടതാണെന്ന് പുറമേയുള്ളവർക്ക് തോന്നുമെങ്കിലും ഒരുപക്ഷേ തങ്ങളുടെ മനസ്സിന് ആശ്വാസം ലഭിക്കുന്ന ഒരേയൊരു ബന്ധം അത് മാത്രമായിരിക്കും…