‘സ്വപ്നങ്ങൾ ഇല്ലാത്ത ജീവിതങ്ങൾ‘
Story written by Sebin Boss J
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
“”മധൂ … നീ ഈ വർഷവും നാട്ടിൽ പോകുന്നില്ലേ ?”’
“‘ഇല്ല ശങ്കരേച്ചീ …എന്തിനാ . ഇവിടെ നിന്നാൽ ഈ മാസത്തെ ശമ്പളവും കൂടി കിട്ടൂല്ലോ “‘
“‘ അമ്മേം പെങ്ങന്മാരേം കണ്ടിട്ടെത്ര നാളായെടാ നീ ..നിന്റെ അളിയന്മാരെ നീ കണ്ടിട്ടുണ്ടോ ?”’ ചായ ഊതി കുടിച്ചതല്ലാതെ മധുവൊന്നും മിണ്ടിയില്ല , ശങ്കരിയെ നോക്കിയതുമില്ല .
“‘ നിന്നെ ഒന്ന് കാണണോന്ന് അവർക്കുണ്ടാവില്ലേ … ഒന്ന് പോടാ . നീ വന്നിട്ട് രണ്ടാം വർഷം പോയതാ .. അത് കഴിഞ്ഞിപ്പോ വർഷം അഞ്ചുകഴിഞ്ഞു . “”
“” അതിനെന്താ ..ഞാൻ ഇല്ലേലും അവരുടെ കാര്യങ്ങളൊക്കെ നടന്നില്ലേ .. ഭംഗിയായി തന്നെ “‘ പറയുമ്പോൾ അവന്റെ ശബ്ദം അൽപം പതറിയിരുന്നു . ചായക്കപ്പ് കയ്യിലിരുന്ന വിറച്ചു . ശങ്കരി അവന്റെ കയ്യിൽ നിന്ന് കപ്പ് വാങ്ങി ടീപ്പോയിൽ വെച്ചിട്ട് അവന്റെ തോളിൽ കയ്യമർത്തി .
“‘എന്താടാ ..എന്താ നിന്റെ പ്രശ്‌നം “‘
“‘ഒന്നൂല്ല ശങ്കരേച്ചീ ..”
“”ഹേ ..നീ പറ …അതോ… ഞാൻ അന്യയാണെന്നു കരുതീട്ടാണോ ?”’
“‘ശങ്കരീ , നീ അവനെ ഓരോന്ന് പറഞ്ഞു വിഷമിപ്പിക്കല്ലേ …വാടാ മധൂ പോകാം “” അകത്തുനിന്ന് മോഹൻ ഒരുങ്ങിയിറങ്ങി വന്നപ്പോൾ മധു ശങ്കരിയെ നോക്കിയൊന്ന് ചിരിച്ചെന്നു വരുത്തി ഇറങ്ങി .
“”മോഹനേട്ടാ …അവനെന്താ പറ്റിയെ ..വീട്ടുകാരോട് അകൽച്ചയിലാണോ ?”’
വൈകിട്ട് വീട്ടിലെത്തിയ മോഹന് ചായ കൊടുത്തിട്ട് ശങ്കരി അടുത്ത ചെയറിലിരുന്നു
“‘ ശങ്കരി…. നാട്ടീന്ന് കോള് വന്നു സംസാരിച്ചു കഴിയുമ്പോളെല്ലാം അവൻ വിഷമിച്ചാണ് ഇരിക്കാറ് . ചോദിച്ചാലൊട്ടു പറയുകേമില്ല ..വളരെ നിർബന്ധിച്ചിട്ടാ അവൻ ഇന്നാള് കുറച്ചെങ്കിലും പറഞ്ഞത് . “‘
“‘എന്താ മോഹനേട്ടാ ?”’
“” അച്ഛൻ നേരത്തെ മരിച്ചതാണല്ലോ അവന്റെ . അമ്മ കൂലിപ്പണിയൊക്കെ ചെയതാണ് ഇത്രയെങ്കിലും എത്തിച്ചത് . മധു ഇങ്ങോട്ട് പോന്നപ്പോൾ കുടുംബം രക്ഷപെട്ടു . അതങ്ങനെ ആണല്ലോ . ഇവനും കുറെ സ്വപ്നങ്ങളോടെയാണ് ഇങ്ങോട്ട് പോന്നത് . ആദ്യം തന്നെ നേരെ മൂത്ത ചേച്ചിയുടെ വിവാഹം നടത്തി . അത് കഴിഞ്ഞപ്പോൾ ചെറിയൊരു വീട് വെച്ചു .അതിന്റെ പാലുകാച്ചലിനും നേരെ ഇളയ അനുജത്തിയുടെ കല്യാണത്തിനും കൂടിയാണ് അവൻ ആദ്യമായും അവസാനമായും നാട്ടിൽ പോയത് . പിന്നെ രണ്ടു വിവാഹത്തിനും വീട് പണിക്കും ചെലവായ ലോണിന്റെ അടവിനായി ഓടിനടന്നു . അത് തീരാറായപ്പോഴേക്കും അടുത്ത അനിയത്തി . അത് കഴിഞ്ഞപ്പോഴേക്കും വീട് രണ്ടു മുറികൂടി കൂട്ടിപ്പിടിച്ചു . അപ്പോൾ ഏറ്റവും ഇളയവൾക്ക് ഒരാലോചന . അവൾക്ക് ഇഷ്ടമുള്ള ചെറുക്കൻ തന്നെയാണ് എങ്കിലും ചോദിച്ച പൈസ അൽപം കൂടുതലായിരുന്നു . അതും നടത്തി ഇതുവരെയുള്ള ലോണുകൾ അടഞ്ഞാൽ സ്വസ്ഥമാകാം എന്നുള്ള ചിന്തയിൽ ഇരിക്കുമ്പോഴാണ് മൂത്ത ചേച്ചിയുടെ ഹസ്ബന്റിന് ജോലി പോയത് . അവൾക്കാകെ കഷ്ടപ്പാട് ആണെന്ന് പറഞ്ഞമ്മ അവളുടെ പേർക്ക് വീടെഴുതി കൊടുത്തെന്ന് . അതും ഇവനോട് ഒന്ന് ചോദിക്കുക പോലും ചെയ്യാതെ . വീണ്ടും ഓരോരുത്തരുടെ പ്രസവിച്ചിലവും മറ്റും ഒക്കെയായി ഓരോരോ ആവശ്യങ്ങൾ . “” മോഹൻ പറഞ്ഞു നിർത്തുമ്പോൾ ശങ്കരി ഒന്നും മിണ്ടാനാവാതെ ഇരിക്കുകയായിരുന്നു
“‘അവനും പ്രായം ആയില്ലേ ശങ്കരീ … ഇനിയൊരു വിവാഹമൊക്കെ വേണ്ടേ ? നീക്കിയിരിപ്പ് ഒന്നുമില്ല . എന്റെ ഊഹം ശെരിയാണേൽ വീട്ടിൽ അവന്റെ വിവാഹത്തെ പറ്റി ആലോചിക്കുന്നുപോലുമില്ല എന്നാണ് . പുറത്തുപറയുന്നില്ലെങ്കിലും ഒരു കുടുംബ ജീവിതമൊക്കെ അവനും സ്വപ്നം കാണുന്നുണ്ടാവില്ലേ ?”’ മോഹൻ ചായ കുടിച്ചു കപ്പ് വെച്ചെഴുന്നേറ്റ് പോയപ്പോഴും ശങ്കരി അതെയിരിപ്പായിരുന്നു .
”’ മധൂ …നീ… നീ പെട്ടന്ന് വന്നേ “” പിറ്റേന്ന് സൈറ്റിലായിരുന്ന മധു മോഹന്റെ കോൾ വന്നപ്പോൾ പരിഭ്രമിച്ചു . ‘എന്താ മധുവേട്ടാ?എന്ത് പറ്റി’ എന്ന ചോദ്യം അങ്ങേത്തലക്കൽ കേട്ടില്ലായെന്നു തോന്നി .കോൾ കട്ടായിരിക്കുന്നു
ഓടിപ്പിടഞ്ഞു ഓഫീസിൽ എത്തുമ്പോൾ സ്റ്റാഫുകളെല്ലാം പലയിടത്തും കൂട്ടം കൂടി നിൽപ്പുണ്ട് . എല്ലാരുടെയും മുഖത്ത് വിഷാദഭാവം .
“‘എടാ മധൂ ..നമ്മുടെ നസീർ …””
“‘ങേ ..അവന് ..അവനെന്നാ പറ്റി ?”’
“‘ സൈറ്റിലേക്ക് പോകാനായിവാൻ കാത്തുനിൽക്കുമ്പോൾ അപ്പുറത്തുള്ള ഷോപ്പിൽ നിന്നും റീചാർജ് ചെയ്യാൻ ഓടി . വാൻ വന്നത് കണ്ട അവൻ പെട്ടന്ന് റോഡ് ക്രോസ് ചെയ്തു … ഒരു വണ്ടി …അവനെ ..”””
മോഹന്റെ ക്യാബിനിലേക്ക് മധു ഓടുകയായിരുന്നു . വന്ന അന്ന് മുതലേ റൂം മേറ്റാണ് നസീർ . പാകിസ്ഥാനികളും ഫിലിപ്പീനികളും ഇന്ത്യക്കാരുമൊക്കെ വന്നു പോകുമ്പോഴും നസീറും മധുവും ആയിരുന്നു സ്ഥിരം ആ റൂമിൽ . സദാ പുഞ്ചിരിച്ചേ നസീറിനെ കാണാനാവൂ . റൊട്ടേഷനിൽ വരുന്ന ആഹാരം ഉണ്ടാക്കൽ പലപ്പോഴും മിക്കവർക്കും അനിഷ്ട്മായിരുന്നെങ്കിലും നസീറിന് പാചകം വളരെ ഇഷ്ടമായിരുന്നു . അവനുണ്ടാക്കുന്ന ബിരിയാണിയുടെ രുചി … അതിലേറെ രുചിയായിരുന്നു ഇക്കഴിഞ്ഞ ഓണത്തിന് അവനുണ്ടാക്കിയ ഓരോ കറികൾക്കും
.ഓർക്കുംതോറും മധുവിന്റെ മനസ് വിങ്ങി .
“‘അഹ് .. മധൂ .. ബോഡി വൈകിട്ടത്തേക്ക് കിട്ടിയേക്കും . നീ വേണം ബോഡിയുടെ കൂടെ പോകാൻ . “‘
“‘ഞാനോ … ഞാൻ ..ഞാനില്ല മോഹനേട്ടാ ..എന്നെക്കൊണ്ട് പറ്റുവേല “‘ കസേരയിൽ തളർന്നിരുന്നു പോയി
നാട്ടിലേക്ക് പോകുന്നതല്ലായിരുന്നു വിഷയം .അവന്റെ ബോഡിയും കൊണ്ട് എങ്ങനെ തനിച്ച് ….
“‘ മധൂ … റൂമിൽ നിന്നവന്റെ സാധനങ്ങൾ പാക്ക് ചെയ്യണം . നീ കൂടി വാ .നിനക്കല്ലേ അറിയൂ “” മോഹന്റെയും മറ്റ് രണ്ടു റൂം മേറ്റ്സിന്റെയും കൂടെ യാന്ത്രികമായ ചുവടുകളോടെ മധു റൂമിലേക്ക് നടന്നു . അവർ ചെല്ലുമ്പോഴേക്കും ശങ്കരി അവിടെ വന്നിരുന്നു .
“‘എടാ … ഈ കവർ നസീറിന്റെ ഭാര്യക്ക് കൊടുക്കണം . പിന്നെ പത്തുദിവസത്തെ ലീവുണ്ടെന്ന് മോഹനേട്ടൻ പറഞ്ഞു . നസീറിന്റെ വീട്ടിലെ ചടങ്ങുകൾക്ക് നീ കൂടെ കാണണം . അത് കഴിഞ്ഞു നാട്ടിൽ പോയി അമ്മയെയും കാണണം . “” ലഗേജ് എല്ലാം പാക്ക് ചെയ്തിറങ്ങിയപ്പോൾ ശങ്കരി ഒരു കവർ അവനെ ഏൽപ്പിച്ചു . തലയാട്ടുകയല്ലാതെ ഒന്നും ചെയ്തില്ല മധു .
ശങ്കരിയും മോഹനും അവന് വേണ്ടപ്പെട്ടവരാണ് . ഒരു മൂത്ത ജേഷ്ഠനെ പോലെയല്ലാതെ മാനേജരെന്ന നിലയിലൊന്നും ഇതേവരെ പെരുമാറിയിട്ടില്ല . എല്ലാവരും മോഹൻ സാർ എന്ന് വിളിക്കുമ്പോൾ മോഹനേട്ടൻ എന്നാണ് വിളിക്കാറും .
.
“‘മോനെ . ..ചായ കുടിക്കിൻ “”
മുറ്റത്തെ ഒഴിഞ്ഞ പന്തലിന്റെ ഒരു കോണിൽ ഇരിക്കുകയായിരുന്ന മധുവിന്റെ അടുത്തേക്ക് നസീറിന്റെ ഉമ്മ ആയിഷ വന്നു .
“” മോനിരിക്ക് ..ഞാനിപ്പ വരാം കേട്ടോ …”‘അപ്പുറത്തുനിന്നാരോ വിളിച്ചപ്പോൾ ഉമ്മ അങ്ങോട്ട് പോയി .
എയർ പോർട്ട് മുതൽ ഈ നിമിഷം വരെ താനനുഭവിച്ച ടെൻഷനും വേദനയും ഓർത്തെടുത്തുകൊണ്ട് മധു ചായ കുടിക്കാൻ തുടങ്ങി . അടുത്ത ബന്ധുക്കൾ കുറച്ചുപേരല്ലാതെ ഇപ്പോൾ ആരുമില്ല . വലിയ ജനക്കൂട്ടമായിരുന്നു കബറടക്കത്തിന് . ബോഡി കൊണ്ടുവന്നപ്പോൾ മുതൽ നിലക്കാത്ത ജന പ്രവാഹം .ഇപ്പൊ വിരലിൽ എണ്ണാവുന്ന കുറച്ചുപേരും നസീറിന്റെ ഉമ്മയും അനിയത്തിയും ഇത്തയും മാത്രം . ഇത്തയുടെയും അനിയത്തിയുടെയും ഭർത്താക്കന്മാർ ഗൾഫിലാണ് . ലീവ് കിട്ടിയില്ലത്രേ .അവരുടെ ബന്ധുക്കളും ഒക്കെ വന്നു മടങ്ങി . ബോഡി കൊണ്ടുവന്നപ്പോൾ നസീറിന്റെ ഉമ്മയും ഇത്തയും അനിയത്തിയും ഭയങ്കര കരച്ചിലായിരുന്നു . ഇപ്പോളുമ്മ അവിടെ നിന്ന് ആരോടോ ചിരിച്ചു സംസാരിക്കുന്നു … മനുഷ്യന്റെ കാര്യം ഇത്രേയുള്ളൂ …
നസീർ അവിടെ വീടിനു വേണ്ടി കഷ്ടപ്പെടുന്നു .. അവൻ മരിച്ച് ഒരു ദിവസം തികയുന്നേന് മുൻപേ അവന്റെ ബന്ധുക്കൾ ..എല്ലാവർക്കും പണമാണ് മുഖ്യം … ശങ്കരേച്ചി തന്ന കവർ കൊടുത്തിട്ട് ഇവിടുന്ന് ഒന്ന് പോയാൽ മതി .. പറഞ്ഞ പോലെ നസീറിന്റെ ഭാര്യയെ കണ്ടില്ലല്ലോ .. ഒരുകണക്കിന് കാണാത്തത് നന്നായി .. അവരുടെ കരച്ചിൽ കൂടി കാണാൻ വയ്യ . കവർ ഉമ്മയെ ഏൽപ്പിക്കാം .
“‘മോനെ … അപ്പുറത്തെന്റെ അണ്ണന്റെ വീടാ .മോന് അവിടെക്കിടക്കാം . ഇവിടെ സൗകര്യമൊന്നുമില്ല ”’പ്രവാസ ജീവിതത്തിന്റെ ആദ്യഘട്ടത്തിൽ പത്തും പതിനഞ്ചും പേരൊരുമിച്ചൊരു ഇടുങ്ങിയ മുറിയിൽ കിടന്ന പരിചയമുള്ള തനിക്ക് ഈ മുറ്റത്തു കിടക്കുന്ന ടേബിൾ തന്നെ ധാരാളമെന്ന് ഇവർക്കറിയില്ലല്ലോ .. ഗൾഫിലെന്നാൽ സുഖസമ്പന്നതയിൽ ജീവിക്കുന്നവരാണെന്നല്ലോ എല്ലാവരുടെയും ഓർമ .
“‘ഉമ്മാ … നസീറിന്റെ ഭാര്യക്കിത് കൊടുക്കണം . പൈസയാണെന്ന് തോന്നുന്നു . ഞങ്ങടെ മാനേജരുടെ വൈഫ് തന്നയച്ചതാ “‘ പോക്കറ്റിൽ നിന്ന് കവറെടുത്തു നീട്ടിയപ്പോൾ അവർ മധുവിന്റെ മുന്നിൽ വെച്ച് തന്നെ ആ കവർ പൊട്ടിച്ചു . രണ്ടായിരത്തിന്റെ നോട്ടുകൾ . മകന്റെ വിധവയ്ക്ക് കൊടുത്ത പൈസ ആർത്തിയോടെ പൊട്ടിച്ചു നോക്കുന്ന അവരോട് അവനു പുച്ഛം തോന്നി . ഒപ്പം വിഷമവും .
“‘നസി ഒന്നും പറഞ്ഞിട്ടില്ലേ മോനോട് . മധൂന്റെ കാര്യം വിളിക്കുമ്പോഴൊക്കെ പറയും ഓൻ . ഓന്റെ ഭാര്യ വേറൊരുത്തന്റെ കൂടെ പോയി . കുറച്ചു മാസങ്ങളായി . ഞാനോർത്തു മോനറിഞ്ഞിട്ടുണ്ടാകൂന്ന് “”‘”‘
നിർവികാരതയോടെ നസീറിന്റുമ്മ പറഞ്ഞപ്പോൾ ശ്വാസം നിലച്ചുപോകുന്ന പോലെ തോന്നി മധുവിന് .സദാ പുഞ്ചിരിയോടെ ഓടി നടന്നു പണിയെടുക്കുന്ന നസീർ . അവന്റെയുള്ളിൽ ഇങ്ങനൊരു വേദന കിടപ്പുണ്ടായിരുന്നോ .
“” എനിക്കെന്നാത്തിനാ ഇനി പൈസ . എല്ലാം ഓൻ നടത്തീട്ടാ പോയെ . കൊറേ പൈസ ഓൾടെ പേരിലായിരുന്നു .ഓളതും കൊണ്ടാ പോയെ ..ഹ്മ്മ് .. ഇത് മോൻ അമ്മക്ക് കൊടുക്കണം .. മോൻ നാട്ടിലേക്ക് വന്നിട്ട് കുറെ ആയെന്ന് നസി പറഞ്ഞറിയാം . മോന്റെയും വീട്ടിലെ കാര്യങ്ങളെല്ലാം ഭംഗിയായി നടന്നില്ലേ ..ഇനിയൊരു മൊഞ്ചുള്ള പെണ്ണിനെ നിക്കാഹ് ഒക്കെ കഴിച്ച് …”‘ ഉമ്മ ചിരിച്ചപ്പോൾ നസീറിനും കിട്ടിയിരിക്കുന്നത് ഈ ഉമ്മയുടെ ചിരിയും പ്രസരിപ്പുമാണല്ലോ എന്നവൻ ഓർത്തു .
ഉള്ളിൽ നിറഞ്ഞ വേദനയിലും ചിരിക്കുന്ന മനസ് .
“‘ കാസീമേ ചേട്ടനെ അങ്ങോട്ട് കൂട്ടിക്കോ … മോനങ്ങോട്ട് ചെന്നാൽ മതി . ഞാൻ അങ്ങട് ചെല്ലട്ടെ .. പിള്ളേര് നസീന്റെ കാര്യം കേട്ടപ്പോ മുതലൊന്നും കഴിച്ചിട്ടില്ല . എന്തേലുമൊന്ന് കഴിപ്പിക്കട്ടെ .”” മുറ്റത്ത് ആരോടോ സംസാരിച്ചു നിന്ന ഒരു പയ്യനെ വിളിച്ചു ഏർപ്പാടാക്കിയിട്ട് ഉമ്മ അകത്തെക്ക് നടക്കുമ്പോൾ ശങ്കരേച്ചി തന്ന കവറും പണവും മധുവിന്റെ വിറയാർന്ന കയ്യിലുണ്ടായിരുന്നു .
“” സാറെ .. ഇറങ്ങണില്ലേ ?”” കണ്ടക്ടർ വിളിച്ചപ്പോഴാണ് മധു മയക്കം വിട്ടുണർന്നത് . രാവിലെ പത്തുമണിയോടെ നസീറിന്റെ വീട്ടിൽ നിന്ന് തുടങ്ങിയ യാത്ര . സമയം എട്ടുമണി ആയിരിക്കുന്നു . കടകൾ എല്ലാം അടഞ്ഞു കിടക്കുന്നു . ചെറുതായി ചാറ്റൽ മഴയുമുണ്ട് . അൽപം ഉള്ളിലേക്ക് നടക്കണം വീട്ടിലേക്ക് . ഓട്ടോയോ ഒന്നും കിടപ്പില്ല ജംക്ഷനിൽ …
“‘ഡാ .മധുവെ …””ചേർത്തു നിർത്തി വിളിച്ചപ്പോഴാണ് മധു വണ്ടിയുടെ ശബ്ദം തന്നെ കേട്ടത് .ബാഗ് തലക്ക് മീതെ വെച്ച് അല്പം സ്പീഡിൽ നടക്കുകയായിരുന്നു അവൻ
“‘കേറ് ..ടൗണിൽ വരെ ഒരു ഓട്ടം കിട്ടി പോയി വരുന്ന വഴിയാ. മഴയാണേൽ കറന്റ് കാണില്ല . അതുകൊണ്ടാളുകളും . നേരത്തെ അടക്കും കടകളൊക്കെ . നീയെന്താ ഈ നേരത്ത് ? ലഗ്ഗേജൊന്നുമില്ലേ ?”’ കൂടെ പഠിച്ച ശിവനാണ്
“‘ഇല്ലടാ … വേറൊരു കാര്യമുണ്ടായിരുന്നു .അതിന് വന്നതാ , അധികം ലീവില്ല . അമ്മേനെ ഒന്ന് കണ്ടിട്ട് പോകാല്ലോന്ന് കരുതി “‘ ഓട്ടോയിൽ കയറി ഇരുന്നതേ ശിവൻ തോർത്തെടുത്തുകൊടുത്തു . നാട്ടുവാർത്തകൾ മൂളി കേട്ടോണ്ടിരുന്നു മധു .
“‘എന്നാൽ ശെരിയടാ .. പിന്നെ കാണാം “” മഴ കനത്തിരുന്നു . ഇരുട്ടും ..
ഓട്ടോയുടെ പിന്നിലെ ചുവന്ന വെളിച്ചം മറഞ്ഞു കണ്ണ് ഇരുട്ടിനോട് പൊരുത്തപ്പെട്ടപ്പോൾ മധു ഒന്നമ്പരന്നു .
ഇത് …ഇത് തന്റെ പഴയ വീടല്ലേ … ആഹ് ..ശിവനറിയില്ലേ താൻ ഗൾഫിൽ പോയിക്കഴിഞ്ഞു പറമ്പിന്റെ തെക്കുവശത്തായി വീട് വെച്ച കാര്യം . ഇനിയീ ഇരുട്ടത്ത് , അതും കനത്ത മഴയിൽ അങ്ങോട്ട് നടക്കണമല്ലോ .
വീടിന്റെ പിന്നിലൂടെ അങ്ങോട്ട് പോകാൻ നടപ്പുവഴിയുണ്ട് , അതിലെ പോകാം . മഴയൊന്ന് കുറയുമോന്ന് നോക്കട്ടെ . ഇടിഞ്ഞ അരഭിത്തിയിൽ ബാഗ് വെച്ചിട്ടവൻ കുത്തുകല്ലിൽ ഇരുന്നു . ചാറ്റലടിക്കുന്നുണ്ട് .വല്ലാതെ ചെളിയൊന്നുമില്ല . അമ്മ ഇടക്ക് വന്നു തൂത്തിടുന്നുണ്ടാവും .ജനിച്ചു വീണ വീട് , ഓല മേഞ്ഞതാണ് . അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു ഓലമാറ്റി ആസ്ബറ്റോസ് ഇടണമെന്ന് . ഗൾഫിൽ പോയി വീട് വെച്ചെങ്കിലും അച്ഛനത് കാണാൻ ഉണ്ടായിരുന്നില്ല . വീട് വെച്ചെങ്കിലും അമ്മ അച്ഛന്റെ ആ ആഗ്രഹം പറഞ്ഞു ആസ്ബറ്റോസ് ഇടീപ്പിച്ചു എന്ന് പറഞ്ഞിരുന്നു .
“‘ആരാ ..ആരാത് അകത്ത് ?”’ മൺഭിത്തിയിലേക്ക് ചാരിയിരുന്നു പഴയകാലത്തെ ഓർമകളിലൂടെ സഞ്ചരിച്ച മധു വാതിലിനടിയിലൂടെ ഒരു മങ്ങിയ വെളിച്ചം കണ്ടു വിളിച്ചു ചോദിച്ചു
“‘ആരാ ..മധുവാണോടാ “‘ അമ്മയുടെ ശബ്ദം , കൂടെ വാതിൽ തുറക്കുന്നതും
“‘നീയെന്നാ വിളിക്കാതെ വന്നെ …നശിച്ച മഴ ..കറന്റും പോയി ..നീയിപ്പോ വന്നത് നന്നായി . അത്താഴോം കുടിച്ചു കിടക്കാൻ ഒരുങ്ങുവാരുന്നു . ഞാനിപ്പ ചോറിൽ വെള്ളമൊഴിച്ചേനെ …തല തുടക്കടാ “‘ തോർത്തെടുത്തുകൊടുത്തിട്ട് നിലത്ത് നിവർത്തിയിട്ട പായയിൽ ,അമ്മ മറ്റൊരു പ്ളേറ്റ് വച്ചപ്പോൾ മധു അമ്പരന്നു .
“‘അമ്മയെന്നാ ഇവിടെ തനിച്ച് ?”’
”ഓ ..അവിടെ കിടന്നാലൊറക്കം വരൂല്ല .. ഇവിടാണെൽ നിന്റച്ഛനും നീയുമൊക്കെ കൂട്ടിനൊണ്ട് . “‘ യാതൊന്നും സംഭവിക്കാത്ത പോലെ അമ്മ പ്ളേറ്റിലേക്ക് കഞ്ഞിയും ചുട്ട പപ്പടവും തേങ്ങാച്ചമ്മന്തിയും വിളമ്പിയപ്പോൾ മധുവിന്റെ കണ്ണുകൾ നിറഞ്ഞു .”‘തന്നെയേ ഉള്ളത് കൊണ്ടല്ല . എനിക്ക് ഇതൊക്കെയാ പഥ്യം . നാളെ വല്ല മീനോ മറ്റോ വാങ്ങാം .”‘
“‘അമ്മയിവിടെ തനിച്ചാന്ന് എന്നോടെന്നാ പറയാത്തെ “‘
“‘കാശ് കാശെന്ന് പറഞ്ഞു നിന്നെ ഒത്തിരി ബുദ്ധിമുട്ടിക്കുന്നുണ്ട് . ങാ … അവർക്ക് എന്നോടല്ലേ പറയാൻ പറ്റൂ ..എനിക്കെവിടുന്നാ പൈസ . ഞാൻ നിന്നോട് പറയും . അതിന്റെ കൂടെ ഇതൂടെ കേട്ടാൽ നീ വിഷമിക്കൂല്ലോന്ന് കരുതി . ..അതിനെനിക്കിവിടെ സുഖാടാ . നിന്റെ പിള്ളേരെക്കൂടി കണ്ടാൽ കണ്ണടക്കണം, അതല്ലേ ഇനി വേണ്ടൂ “”
അവിടെ ഒരുമ്മ ..ഇവിടെ തന്റെയമ്മ …നിറങ്ങളും സ്വപ്നങ്ങളുമില്ലാത്ത പ്രവാസജീവിതത്തിന് ഇവരുടെ ജീവിതവും സമം . ഇനിയും പോകണം ആ മണലാരണ്യത്തിലേക്ക് …ഈ അമ്മമാരുടെ സ്വപ്നങ്ങൾക്ക് നിറമേകാൻ … ….