നിനക്കത് പറയാം രാവിലെ ബാങ്കിൽ പോയിട്ട് എത്ര പേരോട് ചോദിച്ചിട്ടാണ് , കുറച്ച് കാശ് അമ്മയുടെ…..

Story written by Saji Thaiparambu

എന്താ അമ്മേ മൂഡ് ഔട്ടായിട്ടിരിക്കുന്നത്?

സ്കൂള് വിട്ട് വന്ന മകളുടെ ചോദ്യം കേട്ടാണ് സേതുലക്ഷ്മി ആലോചനയിൽ നിന്നുണർന്നത്

ഓഹ് ഒന്നുമില്ല ഞാൻ നിൻ്റെ അച്ഛൻ്റെ മാറ്റത്തെ കുറിച്ച് ആലോചിക്കുവായിരുന്നു

അച്ഛനെന്ത് ചെയ്തു?

അച്ഛനിപ്പോൾ ഒന്നും ചെയ്യുന്നില്ല അതിനെക്കുറിച്ചാണ് ഞാൻ പറഞ്ഞത്

എന്തുവാ അമ്മേ ഒന്ന് തെളിച്ച് പറയ്

മീനൂ… നിനക്കറിയാമല്ലോ? ഈ വീട്ടിലെ എ റ്റു ഇസഡ് കാര്യങ്ങളും അച്ഛനല്ലേ ചെയ്തോണ്ടിരുന്നത്? ബാങ്കിലും വില്ലേജിലും റേഷൻ കടയിയും സൂപ്പർ മാർക്കറ്റിലും എന്ന് വേണ്ട നിൻ്റെ സ്കൂളിൽ വേണ്ട കാര്യങ്ങൾക്ക് പോലും എന്നെ ബുദ്ധിമുട്ടിക്കാതെ അച്ഛൻ തന്നെ പോകുമായിരുന്നു, അങ്ങനെയുള്ളൊരാളിപ്പോൾ എന്ത് കാര്യമുണ്ടെങ്കിലും ഞാൻ പോയി ചെയ്യാനാണ് പറയുന്നത് എനിക്കാണെങ്കിൽ അതൊന്നും ശീലവുമില്ല

ആങ്ഹാ അതാണോ കാര്യം? ഇങ്ങനെയൊക്കെയല്ലേ എല്ലാവരും ശീലിക്കുന്നത്

നിനക്കത് പറയാം രാവിലെ ബാങ്കിൽ പോയിട്ട് എത്ര പേരോട് ചോദിച്ചിട്ടാണ് , കുറച്ച് കാശ് അമ്മയുടെ അക്കൗണ്ടിലേക്ക് അയച്ച് കൊടുത്തതെന്നറിയാമോ ?ഇനി ഉച്ചകഴിഞ്ഞിട്ട് വില്ലേജിൽ പോകണം, കരം അടയ്ക്കാൻ,

എൻ്റമ്മേ… ഇതൊന്നും അത്ര വലിയ ആനക്കാര്യമൊന്നുമല്ല, ഒരു കുടുംബം നയിക്കാൻ കഴിവുള്ള കുടുംബിനിയാണമ്മ, അത് മറക്കണ്ട,

ചിരിച്ച് കൊണ്ട് അമ്മയെ പുകഴ്ത്തി പറഞ്ഞിട്ട്, യൂണിഫോം മാറുന്നതിനായി മീനു അകത്തേയ്ക്ക് പോയി

**************

രാത്രി.

സേതൂ,.. നാളെ മുതൽ വൈകുന്നേരം നാല് മണിയാകുമ്പോൾ നീയൊരു ഓട്ടോറിക്ഷയിൽ റിക്രിയേഷൻ ഗ്രൗണ്ടിൽ ചെല്ലണം അവിടെ ന്യൂ മോട്ടോഴ്സ് ഡ്രൈവിങ്ങ്സ്കൂ ളിലെ ആശാൻ മണിച്ചേട്ടനോട് ഞാൻ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് ,അയാള് നിന്നെ സ്കൂട്ടറോടിക്കാൻ പഠിപ്പിച്ച് തരും

ഭർത്താവ് പറഞ്ഞത് കേട്ട് സേതുലക്ഷ്മി പകച്ച് പോയി.

ങ്ഹേ, അതിന് ഞാനെന്തിനാ സ്കൂട്ടറ് പഠിക്കുന്നത്

അതാകുമ്പോൾ നിനക്ക് എല്ലായിടത്തും നിൻ്റെ സൗകര്യത്തിന് പോയി വരാമല്ലോ ?വെറുതെ ബസ്സ് കാത്ത് നിന്ന് സമയം കളയേണ്ട

അതിനെനിക്ക് സ്കൂട്ടറില്ലല്ലോ ?

നീയാദ്യം ലൈസൻസെടുക്ക്, അപ്പോഴേക്കും സ്കൂട്ടറും വരും

അല്ല സേതുവേട്ടാ… ഞാനറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ ,നിങ്ങക്കിതെന്ത് പറ്റി ,എന്താ ഇത് വരെ കാണാത്തൊരു പുതുമ?, എല്ലാ കാര്യങ്ങളും എന്നെ ഏല്പിച്ചിട്ട്, നിങ്ങളെന്താ കാശിക്ക് പോകുവാണോ?

ഇതൊക്കെ ഞാൻ കുറച്ച് നേരത്തെ ചെയ്യേണ്ടതായിരുന്നെടോ നിന്നെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി ,എല്ലാ ചുമതലകളും ഞാൻ സ്വയമേറ്റെടുത്തു ,കഴിഞ്ഞ ദിവസം ഒരു സംഭവമുണ്ടായി, ഞാൻ നിന്നോട് പറഞ്ഞില്ലെന്നേയുള്ളു, ഓഫീസിൽ വച്ച് ചെറിയൊരു നെഞ്ച് വേദനയുണ്ടായി , എല്ലാവരും കൂടെ നിർബന്ധിച്ചപ്പോൾ ഞാൻ ഹോസ്പിറ്റലിൽ പോയി ,അവരുടനെയൊരു ECG എടുത്തു അതിൽ നേരിയ വേരിയേഷൻ കണ്ടത് കൊണ്ട് കാർഡിയോളജിസ്റ്റിൻ്റെ ക്യാബിനിലേക്ക് എന്നെ കൊണ്ട് പോയി ,തല്ക്കാലം പേടിക്കാനില്ലെന്നും പക്ഷേ നന്നായി സൂക്ഷിക്കണമെന്നും പറഞ്ഞ് കുറച്ച് ടാബ്ലറ്റുകൾ അദ്ദേഹം തന്നു, നീ പേടിക്കുമെന്ന് കരുതിയാണ് ഒന്നും പറയാതിരുന്നത് ,ഞാൻ പറഞ്ഞ് വന്നത് ,മനുഷ്യൻ്റെ കാര്യമാണ്, ആർക്കും എപ്പോഴും എന്തും സംഭവിക്കാം

എന്നെയാണ് ആദ്യം ദൈവം വിളിക്കുന്നതെങ്കിൽ എൻ്റെ വേർപാടിൽ നീ പകച്ച് നില്ക്കാൻ പാടില്ല ,എന്നും എല്ലാ കാര്യങ്ങളും ഞാൻ തന്നെ ചെയ്ത് കൊണ്ടിരുന്നാൽ , ഞാനില്ലാതെയാകുന്ന നിമിഷം മുതൽ, നീയും മോളും തനിച്ച് ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ, ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും, അങ്ങനെ സംഭവിക്കാതിരിക്കാനാണ് ഞാൻ നിന്നെ ഓരോ കാര്യങ്ങൾ ഏല്പിക്കുന്നത്,

ഇതെന്താ രാജീവേട്ടാ … നിങ്ങളില്ലാതെ പിന്നെ ഞാനെന്തിനാ ജീവിക്കുന്നത് ?

അവൾ കണ്ഠമിടറി ചോദിച്ചു

ഇതാണ് നിന്നെ പോലെയുള്ള പൊട്ടിപ്പെണ്ണുങ്ങളുടെ ന്യൂനത , എൻ്റെ സേതു, ഞാൻ പറഞ്ഞതിനർത്ഥം നാളെയോ മറ്റന്നാളോ ഞാൻ മരിച്ച് പോകുമെന്നല്ല ,ഒരു സാധ്യത പറഞ്ഞതാണ് , ജീവിതമെന്ന് പറയുന്നത് ഒരു എടുത്ത് ചാട്ടത്തിന് പെട്ടെന്നവസാനിപ്പിക്കാനുള്ള ഒന്നല്ല ,നീയെന്നെക്കുറിച്ച് മാത്രമല്ല, നമ്മുടെ മോളെക്കുറിച്ച് കൂടി ആലോചിക്കണം ,അവളുടെ മുന്നിൽ വലിയൊരു ജീവിതമുണ്ട് ,ഭാവിയിൽ അവളെവിടെ വരെയെത്തു മെന്ന് ആർക്കും നിശ്ചയിക്കാൻ കഴിയില്ല, അവളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള ബാധ്യത നിനക്കും കൂടിയുള്ളതാണ് അത് മറക്കണ്ട

എന്നാലും വേണ്ടാത്തതൊക്കെ പറഞ്ഞ് എൻ്റെ സമാധാനം കളഞ്ഞപ്പോൾ നിങ്ങൾക്ക് സമാധാനമായല്ലോ?

ആരോട് പറയാൻ? വെട്ടുപോത്തിനോട് വേതമോതുന്നത് പോലെ ഞാനിവിടെയിരുന്നിങ്ങനെ പറഞ്ഞത് തന്നെ മിച്ചം

പരിഭവത്തോടെയവൾ തിരിഞ്ഞ് കിടന്നപ്പോൾ അയാൾ നിരാശയോടെ പറഞ്ഞു.

NB:-ഇപ്പോഴും പല വീടുകളിലും സ്ത്രീകൾ നാല് ചുവരുകൾക്കുള്ളിൽ കുടുംബിനികളായ് മാത്രം ഒതുങ്ങിക്കൂടുന്നൊരവസ്ഥ നിലനില്ക്കുന്നുണ്ട് ,ഭാവിയിലത് പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാ നിടയുണ്ട് , അങ്ങനെയുള്ള ഭാര്യമാരുടെ ഭർത്താക്കന്മാർക്ക്, ഈ കഥ ഉപകരിക്കട്ടെ