എഴുത്ത്:- കാർത്തിക
“”” അച്ഛൻ ഇത് എന്ത് പണിയാ കാണിച്ചത് എന്നെ പറ്റിയെങ്കിലും ഓർത്തോ?? വിനോദേട്ടന്റെ വീട്ടിൽ ഇപ്പോൾ എല്ലാവരും എന്നെ ഓരോന്ന് കു ത്തി പറയുകയാണ്!! എല്ലാം കേട്ട് മടുത്തു വല്ല കടും കൈയും ചെയ്താലോ എന്നാണ് ഞാൻ ആലോചിക്കുന്നത്?? “”
മകൾ ദിവ്യ വന്ന് കാർത്തികേയനോട് പറഞ്ഞപ്പോൾ അയാൾ പ്രത്യേകിച്ച് ഭാവഭേദം ഒന്നും ഇല്ലാതെ അത് കേട്ട് കൊണ്ടിരുന്നു…
അപ്പോഴേക്കും മകനും അവിടേക്ക് എത്തിയിരുന്നു!!
അവന്റെ കാറിൽ നിന്ന് ദേഷ്യത്തോടെ അവന്റെ ഭാര്യയും ഭാര്യയുടെ അച്ഛനും എല്ലാം ഇറങ്ങി..
“”” നിങ്ങളിത് എന്തു ഭാവിച്ചാണ് ഒന്നുമില്ലെങ്കിലും ഇവൻ ഒരു കോളേജ് അധ്യാപകൻ അല്ലേ ആളുകളുടെ മുഖത്ത് നോക്കണ്ടേ?? വയസ് കാലത്ത് പെണ്ണ് കെട്ടിയിരിക്കുന്നു!! അതും ഒരു തമിഴത്തിയെ!!”
മകൻ ദിലീപിന്റെ ഭാര്യയുടെ അച്ഛൻ നിന്ന് ക ത്തി കയറുകയാണ് എന്ത് വേണം എന്ന് പോലും അറിയാതെ അയാൾ അവിടെ തന്നെ ഇരുന്നു..
“” എത്രയും പെട്ടെന്ന് അവളെ ഇറക്കിവിടാൻ നോക്ക് അച്ഛാ!!! ഞങ്ങൾക്ക് അല്പം സമാധാനം തരൂ അങ്ങനെയെങ്കിലും!”””
ദിവ്യ പറഞ്ഞപ്പോൾ അതിനോട് യോജിച്ചു നിന്നു എല്ലാവരും!!
പെട്ടെന്ന് കാർത്തികേയൻ എണീറ്റു എല്ലാവരെയും നോക്കി!! പിന്നെ അകത്തേക്ക് നോക്കി കുമുദം എന്ന് വിളിച്ചു.. മധ്യവയസ്കയായ ഒരു സ്ത്രീ അകത്തുനിന്ന് ഇറങ്ങിവന്നു.. എല്ലാവരും അവരെ തന്നെ നോക്കി.. ഒരു സാധാ സാരിയാണ് ഉടുത്തിരിക്കുന്നത്, നെറ്റിയിൽ ഒരു പൊട്ടും സീമന്തരേഖയിൽ കുങ്കുമവും ചാർത്തിയിട്ടുണ്ട്..
ഒട്ടും ഭയമില്ലാത്ത മുഖം.. അവിടെ വന്ന് എല്ലാവരെയും ഒന്ന് നോക്കി അവർ കാർത്തികേയന്റെ അരികിൽ സ്ഥാനം പിടിച്ചു…
“”” അപ്പോ ഇവളെ ഇറക്കിവിടാൻ പറയാൻ വേണ്ടിയാണ് നിങ്ങൾ എല്ലാവരും ഇങ്ങോട്ടേക്ക് വന്നത്.??? സന്തോഷം അങ്ങനെയെങ്കിലും എല്ലാവരെയും ഒന്ന് ഒരുമിച്ച് കാണാൻ പറ്റിയല്ലോ? “””
അതു കേട്ട് ദിവ്യയും ദിലീപും മുഖം ഒന്ന് താഴ്ത്തി കാരണം അച്ഛന്റെ പിറന്നാളാണ് എന്ന് പറഞ്ഞ് കഴിഞ്ഞതവണ അച്ഛൻ ഇങ്ങോട്ടേക്ക് വിളിച്ചിരുന്നു ഒട്ടും ഒഴിവില്ല എന്ന് പറഞ്ഞ് രണ്ടുപേരും ഒഴിവാകുകയായിരുന്നു…
“”” ഇനി ഞാനെന്റെ തീരുമാനം പറയാം ഈ വീടും ഇതിനോട് ചേർന്നിട്ടുള്ള സ്ഥലവും എന്റെ പേരിലാണ്!! ഈ വീട്ടിലാണ് ഞാൻ അവളെ കൊണ്ടുവന്ന് താമസിപ്പിച്ചിരിക്കുന്നത് നിങ്ങളുടെ ആരുടെയും അടുത്തേക്കൊ അല്ലെങ്കിൽ സഹായത്തിനോ ഞങ്ങൾ വന്നിട്ടില്ല!!! അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ നിങ്ങൾക്ക് അതിൽ ഇടപെടാം. അല്ലാത്തപക്ഷം ഇത് എന്റെ തീരുമാനം മാത്രമാണ്, ഇനി എന്റെ തീരുമാനം പറയാം ഇവൾ ഇവിടെ തന്നെ നിൽക്കും എന്റെ ഭാര്യയായി!!! അതിൽ ആക്ഷേപം ആർക്കെങ്കിലും ഉണ്ടെങ്കിൽ അവർക്ക് ഞാനുമായുള്ള എല്ലാ ബന്ധങ്ങളും ഒഴിവാക്കി ഇവിടെ നിന്ന് പോകാം!!”
അത് കേട്ടതും വീണ്ടും ദിലീപ് തന്നെയായിരുന്നു ദേഷ്യത്തോടെ മുന്നിലേക്ക് വന്നത്.
“”” അതെങ്ങനെ ശരിയാവും!! ബന്ധം ഒഴിവാക്കി എന്ന് വായ കൊണ്ട് പറഞ്ഞാൽ മതിയാവില്ലല്ലോ!! എല്ലാവരും ഞങ്ങളെ കളിയാക്കി ചിരിക്കും. ഒരു കോമാളിയെ പോലെ സമൂഹത്തിന് നടുവിൽ ഞങ്ങൾക്ക് രണ്ടുപേർക്കും നിൽക്കേണ്ടിവരും!!!”
അത് കേട്ടതും കാർത്തികേയൻ ഒന്ന് ചിരിച്ചു “” കുറച്ചു മാസങ്ങൾക്കു മുമ്പ് ഞാൻ ഒന്ന് കുളിമുറിയിൽ തെന്നി വീണിരുന്നു!! അന്നെന്റെ കാലിന് ചെറിയ പൊട്ടൽ ഉണ്ടായിരുന്നു എന്റെ രണ്ടു മക്കളെയും അത് ഞാൻ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു!! ഒരാളെങ്കിലും ഇതുവരെ വന്നു നോക്കിയോ? അല്ലെങ്കിൽ ഈ വീട്ടിൽ ഒറ്റയ്ക്കല്ലേ ഉള്ളൂ അച്ഛൻ കാര്യങ്ങളെല്ലാം, നാഴി അരിയിട്ട് കഞ്ഞി വെക്കാൻ അച്ഛന് പറ്റുന്നുണ്ടോ?? എന്നുപോലും നിങ്ങൾ അന്വേഷിച്ചിട്ടില്ല!!
നീ വലിയ കോളേജിലെ അധ്യാപകനാണ് അവൾക്ക് വില്ലേജ് ഓഫീസിലും ജോലിയാണ്!!! എല്ലാം അറിയാം!! ഒരു ദിവസം പോലും അച്ഛനുവേണ്ടി നിങ്ങൾ ലീവ് എടുക്കുന്നത് ഞാൻ കണ്ടിട്ടില്ല!!
എന്റെ ഭാര്യ പോയപ്പോൾ, മക്കൾ ഉണ്ടാകുമല്ലോ എന്ന് കരുതി പക്ഷേ മക്കൾ ഉണ്ടായിട്ടും ഒരു പ്രയോജനവുമില്ല എന്ന് മനസ്സിലാക്കിയ ഒരു പിതാവാണ് ഞാൻ!!
കുമുദം ഇവിടെ നമ്മുടേ പഴയ വീട്ടിൽ വാടകയ്ക്ക് വന്നതാണ്.. എന്റെ അവസ്ഥ കണ്ട് അവൾ മടിച്ചാണെങ്കിലും എന്നോട് ചോദിച്ചു അല്പം കഞ്ഞി ഇട്ടു തരട്ടെ എന്ന്!!! ഞാൻ എതിര് പറഞ്ഞില്ല കാരണം ആരുടെയെങ്കിലും സഹായം എനിക്കപ്പോൾ അത്യാവശ്യം ആയിരുന്നു…!!
അവളെന്നെ ഓരോ കാര്യത്തിലും സഹായിച്ചു, കത്തുന്ന വിശപ്പിന് ഭക്ഷണമേകി.. പനി ചൂടിൽ കൂട്ടിയിരുന്നു!! അവൾക്കും ആരുമില്ല!! അപ്പൊ പിന്നെ ഞാൻ തന്നെയാണ് അവളെ അങ്ങ് ജീവിതത്തിലേക്ക് കൂട്ടാം എന്ന് കരുതിയത് ഏതായാലും എന്റെ മക്കൾക്കും മരുമക്കൾക്കും ഒന്നും എന്റെ കാര്യം നോക്കാൻ സമയമില്ലല്ലോ അപ്പോൾ എനിക്ക് വേണ്ടി സമയം കണ്ടെത്തുന്ന ഒരാളെ ഞാൻ എന്റെ ജീവിതത്തിലേക്ക് കൂട്ടിയതിന് വല്ല തെറ്റും ഉണ്ടോ??””
മറുപടി ഒന്നും പറയാനില്ലാതെ ദിലീപും ദിവ്യയും നിന്നു. പക്ഷേ ദിലീപിന്റെ ഭാര്യയുടെ അച്ഛൻ അപ്പോഴും ദേഷ്യത്തോടെ കാർത്തികേയന്റെ അരികിലെത്തി..
“”” വയസ്സാൻ കാലത്ത് എന്തിന്റെ കു ത്തി*&₹# ആണെന്ന് അറിയാം!! പക്ഷേ ഇത് വളരെ ചീപ്പ് ആയിപ്പോയി!””
കാർത്തികേയൻ ശാന്തനായി തന്നെ അതിനും മറുപടി പറഞ്ഞു.
“”” നിങ്ങളുടെ മനസ്സ് അത്തരത്തിൽ ഉള്ളതുകൊണ്ടാണ് ഈ ഒരു ബന്ധം മാത്രം നിങ്ങൾക്ക് ആരോപിക്കാൻ കഴിയുന്നത് എന്റെ മകന്റെ ജോലി കണ്ട് നിങ്ങൾ അവനെ നിങ്ങളുടെ മകളെ കൊണ്ട് കെട്ടിക്കുമ്പോൾ, അവൾക്കും നിങ്ങൾക്കും ധൃതിയായിരുന്നല്ലോ അവനെ ഇവിടെ നിന്ന് പറിച്ച് നിങ്ങളുടെ അങ്ങോട്ടേക്ക് കൊണ്ടുപോകാൻ!! അന്ന് ഞാൻ തടസ്സം നിന്നില്ല അവന്റെ ജീവിതം അല്ലേ എങ്ങനെ വേണമെങ്കിലും ആയിക്കോട്ടെ എന്ന് കരുതി!!!
ഒരു കാര്യത്തിന് പോലും അവനെ നിങ്ങൾ ഇങ്ങോട്ട് വിട്ടില്ല അതും ഞാൻ സഹിച്ചു ഇപ്പോൾ എന്റെ ജീവിതമാണ് ഞാൻ എന്തെങ്കിലും തിരഞ്ഞെടുത്തി ട്ടുണ്ടെങ്കിൽ അതിനെ എതിർക്കാൻ നിങ്ങൾക്കും അവകാശമില്ല ദയവായി എന്റെ മുറ്റത്ത് നിന്ന് ഇറങ്ങണം!””
മുഖത്ത് അടിയേറ്റ പോലെ നിന്നു അയാൾ പിന്നെ ദിലീപിനെയും കൂട്ടി ആ പടിയിറങ്ങിപ്പോയി ആ നേരത്ത് ദിലീപ് പറഞ്ഞിരുന്നു എനിക്കിങ്ങനെ ഒരു അച്ഛനില്ല എന്ന്!!
ഫലത്തിൽ അങ്ങനെ തന്നെ ആയതുകൊണ്ട് അതിന് ചിരി അല്ലാതെ മറ്റൊരു മറുപടിയും കാർത്തികേയൻ പറഞ്ഞില്ല..
പിന്നെ മകളുടെ ഊഴം ആയിരുന്നു!!
അവളുടെ കുറ്റപ്പെടുത്തലും കേൾക്കാൻ വേണ്ടി ഒരു നിമിഷം നിന്നു അയാൾ!!
“”” അച്ഛൻ ഇപ്പോൾ പറഞ്ഞപ്പോഴാണ് ഒറ്റപ്പെടലിന്റെ ഭീകരത എനിക്ക് മനസ്സിലായത്!!! ഇത്രനാളും അതിനെപ്പറ്റി ചിന്തിച്ചിട്ടില്ലായിരുന്നു ഞാൻ എന്റെ തെറ്റ്.. സ്വാർത്ഥയായി പോയി.. അവിടെ വിനോദേട്ടന്റെ വീട്ടിൽ എനിക്ക് ഇങ്ങോട്ട് വരാൻ സമ്മതം പോലും കിട്ടിയിരുന്നില്ല!!! നിർബന്ധപൂർവ്വം ഞാൻ ചോദിച്ചതും ഇല്ല…!! ചെറിയമ്മ അങ്ങനെ വിളിച്ചോട്ടെ?? “”
എന്ന് കുമുദത്തിനോട് ചോദിച്ചപ്പോൾ അവരുടെ കണ്ണുകൾ നിറച്ച് സമ്മതം നൽകി..
“”” സന്തോഷത്തോടെ തന്നെയാണ് ഞാനീ പടിയിറങ്ങുന്നത് കാരണം എന്റെ അച്ഛന്റെ കാര്യങ്ങൾ നോക്കാൻ ഒരാളുണ്ടല്ലോ കുഞ്ഞുങ്ങളെയും കൂട്ടി ഒഴിവുള്ളപ്പോൾ എല്ലാം ഞാൻ ഈ വഴി വരും!!!
ഇനി ആരൊക്കെ എന്തൊക്കെ കളിയാക്കി പറഞ്ഞാലും അതിനുള്ള മറുപടി ഞാൻ പറഞ്ഞോളാം!!!
എന്നും പറഞ്ഞ് അച്ഛനോട് യാത്ര പറഞ്ഞ് അവൾ ഇറങ്ങി.. ചെറിയൊരു സന്തോഷത്തോടെ അതിലേറെ സമാധാനത്തോടെ അവർ രണ്ടുപേരും ആ മകൾ പോകുന്നതും നോക്കി നിന്നു.