നാലു വർഷങ്ങൾ എത്ര വേഗമാണ് കടന്നുപോയത്.ജീവിതത്തെ മാറ്റിമറിച്ച നാലാണ്ടുകൾ. ദുബായിലെ ജോലി എന്നത്, തീർത്തും അപ്രതീക്ഷിതമായി കൈവന്നതാണ്………

_upscale

കൈവഴികൾ

എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട്

ഇരുപത് മിനിറ്റു നീണ്ട കാത്തിരിപ്പിന് അറുതിയായി. എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ ആറാം നമ്പർ ഫ്ലാറ്റുഫോമിൽ നിന്നും, ഷൊർണ്ണൂർ പാസഞ്ചർ ഇഴഞ്ഞു നീങ്ങാനാരംഭിച്ചു.

വലതുവശത്ത്, ഒരോരുത്തർക്ക് ഇരിക്കാവുന്ന വിൻഡോ സീറ്റുകളിലൊന്നാണ് അനിൽ തിരഞ്ഞെടുത്തത്. അഭിമുഖമായി ഒരു പെൺകുട്ടിയിരിപ്പുണ്ട്. നഗരത്തിലെ ഏതെങ്കിലും സ്ഥാപനത്തിലെ ജീവനക്കാരിയായിരിക്കാം അവൾ.
ഇയർഫോൺ ചെവിയിൽ തിരുകി, മൊബൈൽ ഫോണിൽ പാട്ടും കേട്ട് അവളങ്ങനെ കണ്ണടച്ചിരുന്നു.

എത്ര പൊടുന്നനേയാണ് തീവണ്ടിയിലെ ഇരിപ്പിടങ്ങൾ നിറഞ്ഞത്. മിക്കവാറും പേർ, സ്ഥിരം സഞ്ചാരികൾ. അവർ ഒത്തുകൂടി ഉച്ചത്തിൽ സൊറ പറയുന്നു.
ആൺപെൺ വ്യതിയാനമില്ലാത്ത യാത്രാസൗഹൃദങ്ങൾ. സ്റ്റേഷൻ പരിസരത്തേ മുഷിഞ്ഞ ഗന്ധം, ഇപ്പോൾ ചൂടു കപ്പലണ്ടിച്ചൂരിൽ അലിഞ്ഞുപോകുന്നു. ജാലകങ്ങളിലൂടെ പുറംകാഴ്ച്ചകൾ വ്യക്തമാകുന്നു. സന്ധ്യയുടെ ചമയം പേറിയ കാഴ്ച്ചകൾ. വിഭജിച്ചും, ലോപിച്ചും, പിന്നേയും കൈവഴികൾ തീർത്തും നീണ്ടുപോകുന്ന പാളങ്ങൾ. അവയുടെ തിളക്കങ്ങളിൽ അന്തിവെയിൽ പ്രതിഫലിക്കുന്നു.

ചില ജീവിതങ്ങളും ഈ പാളങ്ങളും ഒരുപോലെത്തന്നെയെന്ന് അനിൽ വെറുതേയോർത്തു.. നേരേ, ഇടംവലം തിരിയാനാകാതെ കാർക്കശ്യങ്ങളുടെ, ചിട്ടകളുടെ ഉരുക്കുപാളങ്ങളിലൂടെയുള്ള യാത്ര. അലയിളക്കങ്ങളില്ലാതെ, സദാ ശാന്തമായ സാഗരത്തിലെ ഒരു ചെറുവഞ്ചി പോലെയാകണം ജീവിതമെന്ന് എപ്പോഴും മോഹിച്ചു പോകാറുണ്ട്. ഇഷ്ടമുള്ള വഴികളിലൂടെ, സ്വാതന്ത്ര്യവും സൗഖ്യങ്ങളും നുകർന്ന് നീണ്ടുപോകുന്ന സുഖദമായ ശുഭയാത്ര.
അതെത്ര പേർ അനുഭവിക്കുന്നുണ്ടായിരിക്കും? അനുഭവിച്ചവർ ഭാഗ്യശാലികൾ.

എറണാകുളത്തു നിന്നും മടങ്ങുമ്പോൾ, ചേച്ചി ഒരാവർത്തി കൂടി ഓർമ്മിപ്പിക്കുക യായിരുന്നു. ചേച്ചിയുടെ, വാത്സല്യവും നിഷ്കർഷയും സമന്വയിച്ച വാക്കുകൾ, ഇപ്പോഴും കാതുകളിൽ അലയടിക്കുന്നുണ്ട്.

“അനിക്കുട്ടാ, വീടുപണി നീ ഭംഗിയായി തീർത്തു. അടുത്തയാഴ്ച്ച ഗൃഹപ്രവേശവുമാണ്. ഇനിയും, രണ്ടു മാസം കൂടി നിനക്ക് അവധി ശേഷിക്കുന്നുണ്ട്. നമുക്ക്, കഴിയാവുന്നത്ര വേഗം നിനക്ക് വിവാഹാലോചനകൾ നോക്കണം. ഇൻ്റർനെറ്റിൽ ഒന്നുരണ്ടു സൈറ്റുകളിൽ, ഞാൻ നിൻ്റെ ബയോ-ഡാറ്റ കൊടുത്തിട്ടുണ്ട്. അതിനെല്ലാം മികച്ച പ്രതികരണമാണ് വന്നിട്ടുള്ളത്.
ഒന്നുരണ്ടു കുട്ടികളുടെ പ്രൊഫൈൽ എനിക്കിഷ്ടമായി.?അതു ഞാൻ നിനക്കയച്ചു തരാം. എന്നിട്ട്, നമുക്ക് പോയി കാണാം.

പിന്നേ, നമ്മുടെയവിടുത്തെ കല്യാണ ബ്രോക്കർമാരോടു സൂചിപ്പിക്കാൻ ഞാൻ അച്ഛനോടു പറഞ്ഞിട്ടുമുണ്ട്. ഇത്തവണ വിവാഹം നടത്താൻ സാധിച്ചില്ലെങ്കിലും, നമുക്ക് നിശ്ചയവും മോതിരമാറ്റവും നടത്താലോ. കല്യാണം കഴിക്കാൻ സാധിച്ചാൽ, നീ തിരികേപോയിട്ട് ആറുമാസത്തിനുള്ളിൽ അവളേയും കൊണ്ടുപോകാലോ. അച്ഛനും അമ്മയും ഇടയ്ക്കിടെ എൻ്റടുത്ത് നിൽക്കട്ടേ.
എടയ്ക്ക് ഞാനും അളിയനും പിള്ളേരും അങ്ങോട്ടും പൂവ്വാം. നീ, ഗൗരവമായി ചിന്തിക്ക്. ഞാൻ, അമ്മേനെ വിളിച്ചു പറയാം. ദുബായിലെ, ഇംഗ്ലീഷ് കമ്പനിയിലെ കെമിക്കൽ എഞ്ചിനീയർക്കു പറ്റിയ പെണ്ണിനേ തേടാൻ”

ഇടപ്പിള്ളി സ്‌റ്റേഷനിൽ, ട്രെയിൻ നിന്നു. ഒരു ട്രെയിനിൽ കൊള്ളാവു ന്നതിലധികം യാത്രക്കാർ, തിക്കിത്തിരക്കിയകത്തു കയറി. വന്നവർ വന്നവർ ചുറ്റുപാടും മിഴികൾ കൊണ്ടു തിരഞ്ഞു. കിട്ടാനിടയില്ലാത്തൊരു ഇരിപ്പിടത്തിനു വേണ്ടി. അമൃത ആശുപത്രിയിലെ ജീവനക്കാർ, അവിടുത്തേ സന്ദർശകർ.
അവരെല്ലാമാണ് വന്നുകയറിയ യാത്രക്കാരിൽ ഭൂരിപക്ഷവും. ചിലരുടെ കൈകളിൽ, വലിയ പ്ലാസ്റ്റിക്ക് കവറുകളിലായി എക്സ് റേയുടെയും, സ്കാനിംഗ് റിപ്പോർട്ടുകളുടേയും റിസൾട്ടുകളുണ്ടായിരുന്നു. മടക്കയാത്രകൾക്കു തിരക്കേറുകയാണ്. സ്വന്തം ഭവനത്തിൻ്റെ സുരക്ഷിതത്വങ്ങളിലേക്കുള്ള തിരികേ യാത്ര.

വിവാഹം എന്ന സങ്കൽപ്പം ഹൃദയത്തിലേക്കു കടന്നുവന്നതും, മനസ്സിൻ്റെ തിരശ്ശീലയിൽ സംഗീതയുടെ മുഖം തെളിഞ്ഞു വന്നു. ഒപ്പം, രഞ്ജിത്തിനേയു മോർത്തു. നാലുവർഷം മുൻപ്, ഇതുപോലൊരു സായന്തനത്തിലാണ്,
രഞ്ജിത്തിൻ്റെ വീടു കണ്ടുപിടിച്ച് അങ്ങോട്ട് ചെന്നത്.

തൃശൂർ കളക്‌ട്രേറ്റിലെ ലോവർ ഡിവിഷൻ ക്ലർക്ക് ആയിരുന്നു രഞ്ജിത്ത്.
പി എസ് സി നിയമനം ലഭിച്ചിട്ട് ഒരു വർഷം തികയുന്നതേയുണ്ടായിരുന്നുള്ളൂ.
പലരോടും അന്വേഷിച്ചാണ്, ഇരിങ്ങാലക്കുടയിലുള്ള രഞ്ജിത്തിൻ്റെ വീടു തേടിപ്പിടിച്ചത്. രഞ്ജിത്, ജോലി കഴിഞ്ഞു വന്നതേയുള്ളൂ. വീട്ടുപടിക്കൽ കാത്തുനിന്ന തന്നെ അകത്തേക്കു ക്ഷണിച്ചെങ്കിലും, കയറാൻ കൂട്ടാക്കിയില്ല.

“എന്താണു കാര്യം?”

രഞ്ജിത്തിൻ്റെ വാക്കുകളിൽ അക്ഷമയും നീരസവും മുഴച്ചു നിൽക്കുന്നുണ്ടായിരുന്നു. ജോലി കഴിഞ്ഞു വന്നു വിശ്രമിക്കാനൊരുങ്ങുമ്പോൾ,
കടന്നുവന്ന അതിഥിയുടെ പരുങ്ങലും സംഘർഷഭാവങ്ങളും തീരെ രുചിച്ചിട്ടില്ലെന്നു ബോധ്യം വന്നു.

“രഞ്ജിത്തേട്ടാ, ഞാൻ അനിൽ; തൃശൂരാണ് വീട്. ചേട്ടൻ, ഏട്ടൻ്റെ ഓഫീസിൽ വരുന്ന സംഗീതയേ അറിയില്ലേ? ദിവസവേതനത്തിനു എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചു വഴി നിയമിച്ച സംഗീത. സംഗീതയുടെ കൂട്ടുകാരനാണ് ഞാൻ.
ഞങ്ങൾ, പ്ലസ് ടു വരേ ഒരുമിച്ചാണ് പഠിച്ചത്. ഞാൻ എഞ്ചിനീയറിംഗിനും, അവൾ ഡിഗ്രിയ്ക്കും പിന്നീട് വഴിപിരിഞ്ഞു. പ്ലസ് ടു കാലം മുതൽ, ഞാനും സംഗീതയും പരസ്പരം ഇഷ്ടത്തിലാണ്. അവളുടേയും എൻ്റേയും ജീവിതസാഹചര്യങ്ങൾ സമാനമാണ്. അച്ഛനും അമ്മയും ഏറെ കഷ്ടപ്പെട്ടാണ് എൻ്റെ എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയത്. പ്രവർത്തിപരിചയത്തിനു വേണ്ടി, ഞാൻ ബാംഗ്ലൂരിൽ ചെറിയ വേതനത്തിനു ജോലി നോക്കുന്നുണ്ട്. സംഗീതയ്ക്കു നിങ്ങളുടെ ഓഫീസിൽ ജോലി ലഭിച്ചതുമുതൽ അവൾ എന്നേ അവഗണിക്കുന്നു. വിളിച്ചാൽ ഫോണെടുക്കില്ല. മെസേജുകൾക്കു മറുപടിയില്ല. എനിക്കാകെ ഭ്രാന്തു പിടിക്കുന്നതു പോലെയായി. ഏറെ ചോദിച്ചപ്പോളാണ്, നിങ്ങൾ തമ്മിലുള്ള ബന്ധം അവൾ തുറന്നു പറഞ്ഞത്. നിങ്ങളുടെ സ്ഥിരം ജോലി, സാമ്പത്തിക ഭദ്രത, മേൽജാതിയെന്ന പ്രൗഡി ഇതെല്ലാമാണ് അവളെ ആകർഷിച്ചതെന്ന്. ചേട്ടൻ ദയവുചെയ്ത്, ഈ ബന്ധത്തിൽ നിന്നു പിന്മാറണം. അവളെ, എനിക്കു വേണം.?അവളില്ലാതെ, എനിക്കു പറ്റില്ല”

രഞ്ജിത്തിൻ്റെ മുഖത്ത്, അനേകം ഭാവങ്ങൾ സന്നിവേശിച്ചു. ഒടുവിൽ, അതൊരു നിറപുഞ്ചിരിക്കു വഴിമാറി.

”സംഗീത പറഞ്ഞിരുന്നു. പ്ലസ് ടു കാലത്തേ, കൂട്ടുകാരനേക്കുറിച്ച്.
കൗമാരത്തിൽ പ്രണയമില്ലാത്തൊരു പെൺകൊടിയെ എവിടെത്തിരഞ്ഞാൽ ലഭിക്കും? കാലം മാറുമ്പോൾ, പ്രണയത്തിനും രൂപഭേദങ്ങൾ തീർച്ചയായും ഉണ്ടാകും. ഇഷ്ടപ്പെടുന്ന പുരുഷൻ്റെ ഏറ്റവും വലിയ യോഗ്യത ഒരും കുടുംബം അല്ലലില്ലാതെ പുലർത്താൻ കഴിയുക എന്നതാകും. അതു തന്നെയാണ് ഞാനും, മോനും തമ്മിലുള്ള പ്രധാന വ്യത്യാസം. സംഗീതയെ എനിക്ക് ഒരുപാടിഷ്ടമാണ്.
അവൾക്ക് എന്നോടും അപ്രിയങ്ങളൊന്നുമില്ല. ഒരു വർഷം കൂടി കഴിയുമ്പോൾ, ബാധ്യതകളിൽ നിന്നെല്ലാം ഞാൻ മോചിതനാകും. അതിനു ശേഷം, വിവാഹം എന്നാണ് ഞങ്ങളുടെ തീരുമാനം. ഞാൻ, സംഗീതയുടെ അച്ഛനമ്മമാരെ വിളിച്ചിരുന്നു. അവർക്കും ഇത് താൽപ്പര്യമാണ്.

ലോവർ ഡിവിഷൻ ക്ലർക്ക് എന്നത് ചെറിയ ജോലിയല്ല. ആരംഭത്തിൽ തന്നേ കാൽ ലക്ഷത്തോളം ശമ്പളം ലഭിക്കും. സർക്കാർ വകുപ്പുകളിൽ കുമിഞ്ഞുകൂടിയ ഫയലുകളിൽ ഉറങ്ങിക്കിടക്കുന്നത്, പല ജീവിതങ്ങളുടേയും ഭാവിയും ഭാഗധേയങ്ങളുമാണ്. ഒരു സർക്കാർ ഗുമസതൻ്റെ പേനത്തുമ്പിന് ഒരാളുടെ തലവര തന്നേ മാറ്റാൻ സാധിക്കും. യോഗ്യതയും ഭാഗ്യമുണ്ടെങ്കിൽ ഇതേ ഉദ്യോഗത്തിൽ നിന്നും കളക്ടർ വരേയാകാം. ഉയർച്ചയുടെ ഗോവണികൾ സാവധാനം നടന്നുകയറുന്ന എന്നെ, സംഗീത ഇഷ്ടപ്പെട്ടതിൽ എന്തു പുതുമയാണുള്ളത്?

ഫേസ്ബുക്കും, വാട്സ്ആപ്പും ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. സംഗീതയുടെ സാമൂഹിക ജീവിതരംഗങ്ങളിൽ ഇടപെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല.അനിലിനു പോകാം. അനിലിൻ്റെ ആവശ്യങ്ങളേ അവഗണിക്കാനേ എനിക്കു നിവർത്തിയുള്ളൂ. ഒരപേക്ഷയുണ്ട്; സംഗീതയിപ്പോൾ, അനിലിനെ ആഗ്രഹിക്കുന്നില്ല. അതറിഞ്ഞു പെരുമാറുക. ശരി, അനിൽ, ഇത്തിരി തിരക്കുണ്ട്. കാണാം”

രഞ്ജിത്, ഗേറ്റുചാരി വീടിന്നകത്തേക്കു നടന്നു. അപമാനം കൊണ്ടു കുനിഞ്ഞ ശിരസ്സുമായി, ഒരവശകാമുകൻ സന്ധ്യയിലേക്കിറങ്ങിയലിഞ്ഞു.

ട്രെയിൻ, കുറുമാലിപ്പുഴയുടെ പാലം കടന്നപ്പോൾ ഒന്നുലഞ്ഞിളകി.തൃശൂരിലേക്ക്, ഇനി രണ്ട് സ്റ്റേഷൻ ദൂരം മാത്രം. യാത്രക്കാരുടെ എണ്ണം തീർത്തും ലോപിച്ചു പോയിരിക്കുന്നു. മുന്നിലിരുന്ന പെൺകൊടി നല്ല മയക്കത്തിലേ ക്കൂർന്നിരിക്കുന്നു. അവളുടെ നിശ്വാസങ്ങൾക്കനുക്രമമായി ഇയർഫോൺ ഉയർന്നു താഴ്ന്നുകൊണ്ടിരുന്നു. ജാലകക്കാഴ്ച്ചകളേ ഇരുൾ വിഴുങ്ങിയിരിക്കുന്നു. പാഞ്ഞുകലുന്ന ഫ്ലൂറസെൻ്റ് വിളക്കുകൾ മാത്രമായി അവയൊതുങ്ങുന്നു. നീണ്ട ചൂളംവിളികളുമായി തീവണ്ടി കുതിച്ചുപായുന്നു.

നാലുവർഷങ്ങൾ; നാലു വർഷങ്ങൾ എത്ര വേഗമാണ് കടന്നുപോയത്.
ജീവിതത്തെ മാറ്റിമറിച്ച നാലാണ്ടുകൾ. ദുബായിലെ ജോലി എന്നത്, തീർത്തും അപ്രതീക്ഷിതമായി കൈവന്നതാണ്. അച്ഛനമ്മമാരുടെ തീരാത്ത പ്രാർത്ഥനകളുടെ ഫലമാകാം. പിന്നെയെല്ലാം അതിദ്രുതം നടന്നു. പുതിയ വീടും, മികച്ച സാമ്പത്തിക അടിത്തറയും അതിനാനുപാതികമായ സൗകര്യങ്ങളും കൂടെ വന്നു. സംഗീത തന്ന വേദനകൾക്കു മേലെ, കാലം മറവിയുടെ മരുന്നു പുരട്ടി.
ഗൃഹപ്രവേശം ഔദ്യോഗികമായി ചേച്ചിയെ ക്ഷണിക്കാൻ പോയി മടങ്ങുമ്പോൾ, കൂടെ സഞ്ചരിച്ചത് ഇന്നലെകളുടെ ഓർമ്മകളുമാണ്. മരിക്കാത്ത, മായാത്ത സ്മൃതികൾ.

ട്രെയിൻ തൃശൂരിലെത്തിയപ്പോൾ, ഏഴര പിന്നിട്ടിരുന്നു. ഒരു ഓട്ടോ പിടിച്ച്, സ്വരാജ് റൗണ്ടിലെത്തി. രാത്രിയിൽ, നഗരം ഏറെ മോഹിനിയായ് ചമഞ്ഞു നിന്നു. വടക്കുംനാഥൻ്റെ മുറ്റത്ത്, കാറ്റേറ്റ് ഇളവേൽക്കുന്നവർ ഏറെയുണ്ട്.
ഒരു കാപ്പി കുടിക്കണമെന്നു തോന്നി. ‘മിഥില’യിൽ നിന്നാകാം. ചവിട്ടു പടികൾ കയറി, റെസ്റ്റോറൻ്റിനുള്ളിലെ ശീതളിമയിലേക്കു പ്രവേശിച്ചു. ഒരു കാപ്പി ഓർഡർ ചെയ്തു.

തെല്ലുനേരം കഴിഞ്ഞാണ്, കാപ്പിയെത്തിയത്. മസാലദോശ ഇഷ്ടമാണ്. പക്ഷേ,
ഈ നേരത്ത് വേണ്ട. കാപ്പി ഒരിറക്കു കുടിച്ച്, അലസമായിരിക്കുമ്പോളാണ് കൗണ്ടറിനരികിൽ നിൽക്കുന്ന പുരുഷനേയും, അയാൾ ചുമലിൽ വഹിച്ച രണ്ടുവയസ്സു തോന്നിക്കുന്ന കുഞ്ഞിനേയും കണ്ടത്. ബിൽ പേ ചെയ്തശേഷം, അയാൾ ഭാര്യയെ കാക്കുകയാണ് എന്നു മനസ്സിലായി. ഇരുണ്ട മുഖവും, കഷണ്ടിയും മൂലം യൗവ്വനം നേരത്തേ നഷ്ടമായൊരാൾ. കഴുത്തിലും, കൈത്തണ്ടമേലും സ്വർണ്ണച്ചങ്ങലകൾ. ഒന്നിലധികം മോതിരങ്ങൾ.
അമൂല്യമായ വാച്ച്.വായിൽ സ്വർണ്ണക്കരണ്ടിയുമായി ജനിച്ചു ജീവിക്കുന്ന ഒരാളെന്നു സുവ്യക്തം.

അയാളുടെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട്, റെസ്റ്റോറൻ്റിൻ്റെ നീണ്ട ഇടനാഴിയിലൂടെ ഭാര്യ കടന്നുവന്നു. ടവൽ കൊണ്ട് മുഖം തുടച്ചുകൊണ്ടാണ് വരവ്. അവളുടെ കൈത്തണ്ടയിലെ വളകൾ തിളങ്ങിക്കൊണ്ടിരുന്നു. കയർ വണ്ണമുള്ള താലി നടത്തത്തിനനുസരിച്ച് ഇളകിയാടുന്നു.?സർവ്വാഭരണ വിഭൂഷിത.

അവൾ, തൂവാല മടക്കി ബാഗിൽ നിക്ഷേപിച്ചു. കുഞ്ഞിനെ കൈനീട്ടി വാങ്ങി തോളോടു ചേർത്തു. പതിയേ തിരിയുമ്പോൾ, അവളുടെ മിഴികൾ കാപ്പി നുകർന്നു കൊണ്ടിരുന്ന അനിലിൻ്റെ കണ്ണുകളുമായി കോർത്തു.

സംഗീത. അവളുടെ നടുക്കം, മിഴികളിൽ വ്യക്തമായിരുന്നു.

ഭർത്താവ്, ചില്ലുവാതിൽ തുറന്നു ആദ്യം പുറത്തിറങ്ങി. പുറകേ, അവളും. അവൾ, ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി. പിന്നെ, ഇരുട്ടിൽ മറഞ്ഞു. ഹോട്ടലിനു താഴെ പാർക്കു ചെയ്തിരുന്ന, ചലിക്കുന്ന കൊട്ടാരങ്ങളിലൊന്നിനു ജീവൻ വച്ചു. അത് നഗരഹൃദയത്തിലൂടെ എങ്ങോട്ടോ ഒഴുകിപ്പോയി.

അനിലിനു, രഞ്ജിത്തിനെ ഓർമ്മ വന്നു.? ജീവിതവിജയങ്ങളുടെ ഗോവണി പ്പടികൾ, സാവകാശം നടന്നു കയറുന്ന രഞ്ജിത്. അവനൊപ്പം എത്ര ദൂരം സംഗീത സഞ്ചരിച്ചിട്ടുണ്ടാകും? സോഷ്യൽ മീഡിയകളുടെ അനന്ത സാധ്യതകളിലൊന്നു മുതലെടുത്ത്, അഭിവൃദ്ധിയുടെ ആകാശങ്ങളിലേക്ക് റോക്കറ്റുവേഗത്തിൽ പാഞ്ഞുപോകുമ്പോൾ, ഗോവണിപ്പടികൾ തീരെ അപ്രസക്തമായിട്ടുണ്ടാകും.

അനിലിനു ചിരി വന്നു.?കാപ്പി കുടിച്ച് പുറത്തിറങ്ങയപ്പോൾ, വല്ലാത്തൊരാനന്ദം തോന്നുന്നു. വേഗം വീട്ടിലെത്തണം. ചേച്ചി അയച്ചുതന്ന, പ്രൊഫൈലുകൾ തിരയണം. അയാൾ നഗരത്തിൻ്റെ തിരക്കുകളിലൂടെ ഒഴുകിയലിഞ്ഞു മാഞ്ഞു.
രാത്രി കനത്തു.നിലാവു പുഞ്ചിരിക്കാൻ തുടങ്ങി.