നല്ല ഭാര്യ, മരുമകൾ എന്നൊക്കെ ഉള്ള ലേബലുകളിൽ മറ്റുള്ളവരാൽ വിശേഷിക്കപ്പെടുമ്പോൾ എന്നിലെ പ്രണയിനി പ്രാണവായു കിട്ടാതെ പിടയുന്നു. അതവനറിയാം…….

Story written by Sumayya Beegum T A

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

മൊബൈലിലേക്ക് നോക്കി അലസമായി കിടക്കുന്ന എന്നിലേക്ക്‌ ഒരു കടൽ പോലെ ഇരച്ചു കേറിയ അവന്റെ കരങ്ങളെ തട്ടിമാറ്റി ഹാളിലെ ദിവാൻ കോട്ടിലേക്കു ചേക്കേറുമ്പോൾ എന്തോ ആശ്വാസം തോന്നി . ശ രീരം മാത്രം പങ്കുവെക്കുന്ന വേ ഴ്ചകൾ ഒരിക്കലും എന്നെ തൃ പ്തിയാക്കില്ല. ര തി ആദ്യം മനസുകൊണ്ടാണ് തുടർന്ന് ശ രീരങ്ങളുടെ കൂടിച്ചേരലും.

അല്ലാതുള്ള അരോചകമായ,അസ്വസ്ഥമായ മണിക്കൂറുകളിൽ ഒരു ഉപകരണമാവാൻ എനിക്കാവില്ല നിർബന്ധിക്കാൻ അവനും .അതു കൊണ്ട് തന്നെ കൂടുതൽ ബലം പിടിക്കാതെ റൂമടച്ചു ഉറക്കത്തിലേക്കു ഊളയിട്ടു അയാൾ.

അവനിലൊരു ആവേശത്തിരയായി പലപ്പോഴും ഞാൻ ആഞ്ഞടിക്കാറുണ്ട്. ആ പ്രളയ കൊടുമുടിയിൽ ഒന്നായി അലിഞ്ഞലിഞ്ഞു ഉന്മാദത്തിലെത്തി തളർന്നു മയങ്ങുമ്പോൾ ഇറ്റുവീഴുന്ന വിയര്പ്പുമണികളിലെല്ലാം അവനോടുള്ള പ്രണയം മാത്രമായിരുന്നു. പക്ഷേ ഇപ്പോൾ ആ പ്രണയം മരിച്ചു തുടങ്ങിയിരിക്കുന്നു.

ഞാൻ എറ്റവും പ്രണയിച്ചത് പ്രണയത്തെയാണ്. അതിനോളം ആനന്ദം തരുന്നൊരു അനുഭൂതി മറ്റൊന്നും തന്നെ ഉണ്ടായിട്ടില്ല.

ചില പ്രണയങ്ങൾ മനസ്സിൽ തന്നെ മരിക്കുമ്പോൾ ചിലതു കുറച്ചുനാൾ മത്തുപിടിപ്പിച്ചു മനസ്സുനിറച്ചിട്ട് താനേ കെട്ടടങ്ങും. ചിലത് ആഴത്തിൽ പതിഞ്ഞങ്ങുകിടക്കും.

കൗമാരത്തിൽ പൊടിമീശയോടും, യൗവനത്തിൽ കട്ടിമീശയൊടും പ്രണയം പലസമയങ്ങളിൽ പലരൂപത്തിൽ വന്നു മോഹിപ്പിച്ചു കൊണ്ടിരുന്നു. പിന്നെ അതിനെയെല്ലാം ഒന്നായി ആവാഹിച്ചു അയാളെത്തി. സിന്ദൂര രേഖയിലൊരു കുങ്കുമ പൊട്ടായി മാ റിലൊരു ആലില താലിയായി. അന്ന് തൊട്ടു എന്നിലെ പ്രണയത്തിന്റെ പ്രതിബിംബമായി.

ചിന്തകൾ കാടുകേറുമ്പോൾ ഉറങ്ങാൻ കിടന്നയാൾ ഉറക്കം വരാതെ അസ്വസ്ഥനായി എഴുന്നേറ്റു വന്നു ടേബിളിൽ ഞാൻ തയാറാക്കി വെച്ച ബ്രൂ കോഫി മെല്ലെ മൊത്തികുടിച്ചു ഒന്നും മിണ്ടാതെ എനിക്കെതിരെ ഇരുന്നു.

അടുത്തുകിടന്ന പത്രത്താളുകളിലേക്കു ശ്രദ്ധ മാറ്റി ഞാൻ ആ കണ്ണുകളിൽ നിന്നും പതറി തുടങ്ങിയ മനസിനെ ഒളിപ്പിച്ചു.അയാൾ ചാവിയെടുത്തു വണ്ടിയുമായി സ്പീഡിൽ ഓടിച്ചുപോവുമ്പോൾ പതിവുള്ള മുത്തം കവിളുകൾ കൊതിച്ചു എങ്കിലും അടക്കിവെച്ചു. പോയി എന്നുറപ്പായപ്പോൾ ഉരുണ്ടുകൂടിയ മേഘങ്ങൾ പതിയെ പെയ്തു തുടങ്ങി. ആർത്തുപെയ്യാതെ പതംപറയാതെ.

എന്താണെനിക്ക് പറ്റിയത്? പുലര്കാലം തൊട്ടു സായാഹ്നം വരെ കഠിനാധ്വാനം ചെയ്തു വന്ന ആ മനുഷ്യൻ എല്ലാ വിഷമതകളും എന്നിൽ മറക്കാൻ നീട്ടിയ കരങ്ങളെ തട്ടി മാറ്റുമ്പോൾ അഹങ്കാരം കൊടുമുടിയിലെത്തിയോ ?ഇല്ല ഇതഹങ്കാരമല്ല പ്രതിഷേധമാണ്.

ആദ്യമൊക്കെ തിരക്കുപിടിച്ച ജീവിതരീതിയോട് പൊരുത്ത പെടാനാവാതെ പരിഭവിച്ചു, പിന്നെ കലഹിച്ചു. അതൊക്കെ ശബ്ദങ്ങൾ മാത്രമാരുന്നു. മനസ് അപ്പോഴും പുഴ പോലെ ആ കടലിൽ അലിഞ്ഞു. ഇപ്പോൾ അങ്ങനല്ല പരിഭവിക്കാനോ പിണങ്ങാനോ മടുപ്പ് തോന്നുന്നു. സ്വയം ഉൾവലിയുന്നു. ആ സാമിപ്യം വേണ്ടപ്പോൾ ഒക്കെ ഏകയായി അവസരങ്ങളിൽ ആഘോഷങ്ങളിൽ ചിരിയുടെ മുഖം മൂടി എടുത്തണിയുന്നു.

നല്ല ഭാര്യ, മരുമകൾ എന്നൊക്കെ ഉള്ള ലേബലുകളിൽ മറ്റുള്ളവരാൽ വിശേഷിക്കപ്പെടുമ്പോൾ എന്നിലെ പ്രണയിനി പ്രാണവായു കിട്ടാതെ പിടയുന്നു. അതവനറിയാം. അതിനൊക്കെ പരിഹാരമായാണവൻ ശരീരം കൊണ്ടു മാപ്പിരക്കുന്നതു. വേണ്ട പ്രിയനേ ലോകം മൊത്തം വിശ്രമിക്കുന്ന ആഴചയിലൊരു സായാഹ്നത്തിൽ പോലും നീ തിരക്കുകളുമായി പായുമ്പോൾ വേദനയുടെ പരമകോടിയിലൊരു മരവിപ്പ് മാത്രമാണെനിക്ക്

വാരിക്കൂട്ടുന്ന സ്വത്തോ ജീവിക്കാനുള്ള സമ്പാദ്യമോ എന്നെ പഴയ ഞാൻ ആക്കുന്നില്ല എന്റെ ചുറ്റുമുള്ള സത്യങ്ങൾ എന്നോടുറക്കെ പറയുന്നു നഷ്ടപ്പെടുകയാണ് നിനക്ക് എല്ലാം. ജീവിതമൊരു മൂഢ സ്വർഗം. അക്കരെ എത്തുമെന്ന് ഉറപ്പില്ലാത്ത തോണി ആവേശത്തോടെ തുഴയുന്ന നിനക്ക് മിച്ചം പാതി വഴി ഉപേക്ഷിക്കേണ്ട സ്വപ്നങ്ങളും കൈവിട്ടുപോകുന്ന ജീവിക്കാൻ മറന്ന നിമിഷങ്ങളും. പിന്നെ എന്തിനാണ് ഈ പരക്കം പാച്ചിൽ

കാളിങ് ബെൽ അടിച്ചപ്പോൾ ഓർമ്മകൾ ഓടിമറഞ്ഞു വാതിൽ തുറന്നപ്പോൾ പത്രക്കാരൻ. മാസവരി എടുത്തു കൊടുക്കുമ്പോൾ മക്കളുടെ സ്കൂൾ ഫീസ്, കറന്റ്‌ ചാർജ്, തുടങ്ങി ആവശ്യവും അനാവശ്യവുമായ ചെലവുകളുടെ അടക്കാനുള്ള തുക എണ്ണിയടുക്കി വച്ചിരിക്കുന്ന അവന്റെ ബാഗ് നൊമ്പര പെടുത്തുന്നു. എനിക്കു തരേണ്ട പ്രണയവും സമയവും പാഴാക്കി ഓടുന്നത് ഇതിനൊക്കെ തന്നെയല്ലേ ?നന്നായി അറിയാം എങ്കിലും കണ്ടില്ല എന്ന് നടിക്കുന്ന സത്യങ്ങൾ. കുറ്റപ്പെടുത്തലുകളും അവഗണനകളും ശ്രദ്ധിക്കാതെ പിന്നെയും ഓടുമ്പോൾ താങ്ങേണ്ടത് ഞാൻ തന്നെയല്ലേ ?വീണ്ടും തിരിച്ചറിവുകൾ എന്നെ എന്നത്തേയും പോലെ ബലഹീനയാക്കുന്നു.

അന്നുരാത്രി അവനിൽ പടർന്നു കേറുമ്പോൾ ആ പാദങ്ങളിൽ ചും ബിച്ചു മാപ്പ് ചോദിക്കുമ്പോൾ ആ കണ്ണുകൾ എന്റെ കവിളുകളിൽ പെയ്യുന്നുണ്ടായിരുന്നു. ചുണ്ടുകളിൽ ഓരോ നീർതുള്ളിയും ഒപ്പിയെടുക്കുമ്പോൾ മനസ് പറയുന്നു ആ നോവ് കാണാതിരുന്നാൽ പിന്നെ പെണ്ണ് എന്നൊരു പേരു എനിക്കെന്തിന് ?