സായാഹ്നസൂര്യൻ
Story written by Saji Thaiparambu
ഒരുപാട് നിർബന്ധിച്ചപ്പോഴാണ് നാട്ടിൽ നിന്നും അച്ഛനും അമ്മയും നഗരത്തിലുള്ള മകൻ്റെ വീട്ടിലേയ്ക്ക് ചെന്നത്
കുട്ടികൾക്ക് വെക്കേഷൻ കൂടി ആയത് കൊണ്ട് ,ഉദ്യോഗസ്ഥരായ മകനും മരുമകളും ഒരാഴ്ചത്തെ.ലീവെടുത്തിട്ട് അച്ഛനെയും അമ്മയെയും കൂട്ടി ബീച്ചിലും പാർക്കിലുമൊക്കെ പോയി
പ്രായമായ മാതാപിതാക്കൾ മകൻ്റെയും കുടുംബത്തിൻ്റെയുമൊപ്പമുള്ള ആ സുന്ദര നിമിഷങ്ങൾ പരമാവധി ആസ്വദിച്ചു
ഒടുവിൽ ഒരാഴ്ച കഴിഞ്ഞ് ചെറുമക്കൾക്ക് ക്ളാസ്സിലും മകനും മരുമകൾക്കും ജോലിക്കും പോകണമെന്നും പറഞ്ഞ്,ലീവ് തീരുന്നതിൻ്റെ തലേ ദിവസം തന്നെ മാതാപിതാക്കളെ അയാളും ഭാര്യയും കൂടി ,തറവാട്ട് വീട്ടിലേയ്ക്ക് തിരിച്ച് കൊണ്ടാക്കി
ദിവസങ്ങളായി അടഞ്ഞ് കിടന്ന ആ പഴയ വീട്ടിൽ തങ്ങളെ കൊണ്ട് വിട്ടിട്ട്,
യാത്ര പറഞ്ഞ് തിരിച്ച് പോയ മകൻ്റെ കാറ്, കണ്ണിൽ നിന്ന് മറയുവോളം അവർ നോക്കി നിന്നു.
ഊറാൻ കുത്തിയ മുൻവാതിൽ തുറന്ന്അ.കത്ത് കയറുമ്പോൾ, മങ്ങിയ വെളിച്ചവും കടുത്ത നിശബ്ദതയും ആ വൃദ്ധരെ നിരാശയിലാക്കി
“എന്നാലും, അവർക്ക് നമ്മളോട് കുറച്ച് ദിവസം കൂടി അവിടെ നില്ക്കാൻ പറയാമായിരുന്നു,.അല്ലേ ഭാനുമതീ,,
വേദനയോടെ അയാൾ ഭാര്യയോട് ചോദിച്ചു.
“ഉം,, ശരിയാ ,, അമ്മയും അച്ഛനും ഇനി ഞങ്ങളോടൊപ്പം നിന്നാൽ മതിയെന്ന് അവൻ പറയുമെന്ന് ഞാനും ഒരുപാട് ആഗ്രഹിച്ചു,,
“അതേ ഭാനൂ,,അവനും കുടുംബവുമായി ഒരുമിച്ച് ഒരാഴ്ച ജീവിച്ചപ്പോൾ തന്നെ, എനിക്ക് പത്ത് വയസ്സ് കുറഞ്ഞത് പോലെ ആയിരുന്നു, പക്ഷേ എത്ര പെട്ടെന്നാണ് ദിവസങ്ങൾ കടന്ന് പോയത് ,
“എനിക്കും തോന്നി, ദിവസങ്ങൾ ഇവിടുത്തെക്കാൾ വേഗത്തിലാണ് അവിടെ ഓടി മറയുന്നത്, ചിലപ്പോൾ നഗരത്തിൽ അങ്ങനെ ആയിരിക്കാം”
ഭാനുമതി നിഷ്കളങ്കതയോടെ പറഞ്ഞു.
നീയെന്ത് മണ്ടിയാണ് ഭാനുമതീ,,ദിവസങ്ങൾക്ക് എല്ലായിടത്തും ഒരേ ദൈർഘ്യം തന്നെയല്ലേ ? പിന്നെ പെട്ടെന്ന് കഴിഞ്ഞ് പോയെന്ന് നമുക്ക് തോന്നുന്നത്, അവിടുത്തെ ഓരോ നിമിഷവും നമ്മൾ, പരമാവധി ആസ്വദിച്ച് ജീവിച്ചത് കൊണ്ടല്ലേ ?
“ഉം, ഇനി എന്നാണ് നമ്മളെ അവർ കൂട്ടികൊണ്ട് പോകുന്നത് ?
“അത് ഞാനിപ്പോൾ പറയാം,,
അയാൾ, ആവേശത്തോടെ ചുമരിൽ തൂക്കിയ കലണ്ടറെടുത്ത്, തുറന്ന് കിടന്ന ജനാലയുടെ അടുത്ത് കൊണ്ട് വന്ന് സൂക്ഷിച്ച് നോക്കി .
“ങ്ഹാ,,, ഇനിയിപ്പോൾ അഞ്ചെട്ട് മാസങ്ങൾ കഴിയുമ്പോൾ ഓണാവധിയുണ്ട് ,അന്ന് അവരെന്തായാലും നമ്മളെ വന്ന് കൂട്ടിക്കൊണ്ട് പോകും ,അത് വരെ നമുക്ക് പഴയത് പോലെ എന്തേലും മിണ്ടീം പറഞ്ഞുമൊക്കെ ഇരിക്കാം,,,
പ്രത്യാശയോടെ,, എത്രയും പെട്ടെന്ന് ദിവസങ്ങളും മാസങ്ങളും ഓടിപ്പോയിരുന്നെങ്കിൽ, എന്നവർ വല്ലാതെ കൊതിച്ച് പോയി.
#
ഈ സമയം ,അച്ഛനെയും അമ്മയെയും വീട്ടിലാക്കിയിട്ട് അയാൾ
നേരെ പോയത് വില്ലേജോഫീസിലേക്കായിരുന്നു
സാർ ,പ്രായമായ മാതാപിതാക്കൾ എൻ്റെ സംരക്ഷണയിലാണ് കഴിയുന്നതെന്നും, അവരുടെ ഒരേ ഒരു മകനാണ് ഞാനെന്നും, രണ്ട് ദിവസം മുമ്പ് ,അപ്രതീക്ഷിതമായി എൻ്റെ വീട്ടിൽ വന്നപ്പോൾ സാറിന് മനസ്സിലായിക്കാണുമല്ലോ?ഇനിയിപ്പോൾ എൻ്റെ ട്രാൻസ്ഫർ റദ്ദ് ചെയ്യാനുള്ള ആ സർട്ടിഫിക്കറ്റ് എനിക്ക് തന്നു കൂടെ?
തല കുലുക്കി കൊണ്ട് വില്ലേജോഫീസർ അയാൾ ആവശ്യപ്പെട്ട സർട്ടിഫിക്കറ്റ് നല്കി
അവിടെ നിന്നിറങ്ങുമ്പോൾ തന്നെ സഹായിച്ച ക്ളർക്ക് കുമാരൻ്റെ കൈയ്യിലേക്ക് അഞ്ഞൂറ് രൂപ വച്ച് കൊടുക്കാനും അയാൾ മറന്നില്ല
കാരണം ഒരാഴ്ച മുമ്പ്, അങ്ങനെയൊരു സർട്ടിഫിക്കറ്റിനായി അയാളീ ഓഫീസിലെത്തുമ്പോൾ.കുമാരനാണ് പറഞ്ഞത് വില്ലേജോഫീസർ നേരിട്ട് വന്ന് ബോധ്യപ്പെട്ടാൽ മാത്രമേ സർട്ടിഫിക്കറ്റ് തരികയുള്ളുവെന്ന് ,അയാളുടെ നിർദ്ദേശപ്രകാരമാണ് ഭാര്യയ്ക്ക് താല്പര്യമില്ലാതിരുന്നിട്ട് കൂടി.തൻ്റെ മാതാപിതാക്കളെ ഒരാഴ്ചത്തേയ്ക്കയാൾ വീട്ടിലേയ്ക്ക് കൂട്ടി കൊണ്ട് വന്നത് .