തൊട്ടതിനും പിടിച്ചതിനുമൊക്കെ ആവശ്യമില്ലാതെ കലഹിച്ചാൽ ആദ്യം ഒക്കെ അതൊരു രസമാണ് പിന്നെ എപ്പോഴാണ് കാര്യമാകുക എന്നറിയില്ല……

Story written by Sumayya Beegum T A

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

പാൽഗ്ലാസ്സും മുല്ലമാലയുമില്ലാത്ത മണിയറയിൽ നാണിച്ചു മുഖം കുനിച്ചിരിക്കാതെ ജനലിലൂടെ പുറത്തെ കട്ടപിടിച്ച ഇരുട്ടിലേക്ക് നോക്കി അവൾ നെടുവീർപ്പെട്ടു.

പുറകിലൊരു കാൽപ്പെരുമാറ്റം കേട്ടപ്പോൾ അദ്ദേഹം റൂമിലെത്തി എന്ന് മനസിലായി.

സംഭാഷണങ്ങൾ ഇല്ലാതെ അയാൾ കട്ടിലിൽ ഇരുന്നു.

മിനി

ഇവിടെ വന്നിരിക്ക്.

അവൾ അയാൾക്കരികിൽ ചെന്നിരുന്നു.

ഇഷ്ടപ്പെട്ടോ ഈ വീടും ചുറ്റുപാടുമൊക്കെ.

ഇഷ്ടായി.

നമുക്ക് കിടക്കാം അല്ലേ.

അതും പറഞ്ഞു ലൈറ്റ് ഓഫ് ചെയ്തു കിടക്കയിലേക്ക് ചായുമ്പോൾ പുതുമ ഒന്നും തോന്നിയില്ല.

അല്പസമയം കഴിഞ്ഞപ്പോൾ ദേഹത്തൂടെ ഒരു അട്ട അരിച്ചു കേറുന്ന പോലെ.

നിർവികാരമായ മനസ്സും ശരീരവും അയാളെ എത്ര തൃ പ്തിപ്പെടുത്തി എന്നറിയില്ല. അപ്പോൾ നടന്ന വേഴ്ചയിൽ അവൾ ഇല്ലായിരുന്നു എന്ന് മാത്രം അവൾ തിരിച്ചറിഞ്ഞു.

കണ്ണിലേക്കു ഉറക്കം എത്താൻ തുടങ്ങിയപ്പോൾ ഡോറിൽ തട്ട് കേട്ടു.

കയ്യിൽ അയാളുടെ മകളുമായി അമ്മായിയമ്മ.

വിശ്വ,മാളൂട്ടിക്ക് പനിയുണ്ട് മരുന്ന് കൊടുത്തു.

നിന്റെ കൂടെ കിടക്കണം എന്ന് പറഞ്ഞു ഭയങ്കര നിർബന്ധം.

അയാൾ കുഞ്ഞിനെ വാങ്ങി ബെഡിൽ കിടത്തി. അവൾ തൊട്ടു നോക്കിയപ്പോൾ കുഞ്ഞിന് പൊള്ളുന്ന ചൂട്.

വേഗം അടുക്കളയിൽ പോയി ഇളം ചൂട് വെള്ളത്തിൽ ടവൽ മുക്കി, നെഞ്ചൊഴിച്ചു ബാക്കി ഭാഗം ഒക്കെ തുടച്ചു കൊടുത്തു പലവട്ടം.

ഇടക്കൊക്കെ ഞെട്ടി എഴുന്നേറ്റു കരയുന്ന കുഞ്ഞിനെ ചേർത്തുപിടിച്ചു ആശ്വസിപ്പിക്കുമ്പോൾ അവൾക്കു അവളുടെ കുഞ്ഞിനെ ഓർമ്മ വന്നു.

അമ്മയെ വീട്ടിലേക്കു വിളിച്ചപ്പോൾ കേട്ട അമ്മൂസിന്റെ കരച്ചിൽ കരള് പറിച്ചു.

നിക്ക് അമ്മയെ കാണണം ഇന്ദുമ്മ എന്നെ കൊണ്ടുപോ.

കരഞ്ഞു കരഞ്ഞു സ്വരം ഇടറിയ അവളുടെ അവസ്ഥ ഓർത്തപ്പോൾ കൂർക്കം വലിച്ചുറങ്ങുന്ന അയാളെ ഒരു പിശാചായി തോന്നി.

കുട്ടി കൂടെ ഉണ്ടാവില്ല എന്നുറപ്പു തരമെങ്കിൽ മിനിയെ ഞാൻ കെട്ടാം.

അതിനു സമ്മതം മൂളിയ ശപിക്കപ്പെട്ട നിമിഷത്തെ ഓർത്തു ഒരുപാടു കരഞ്ഞു.

പിറ്റേന്ന് ചായയുമായി ജോലിക്കു പോകാനിറങ്ങിയ അയാളുടെ അടുത്ത് ചെന്നപ്പോൾ പേടിച്ചു പേടിച്ചു ചോദിച്ചു.

ഞാൻ ഇന്നുപോയി എന്റെ മോളെ ഒന്ന് കണ്ടോട്ടെ.

ഇന്നോ എന്റെ കുഞ്ഞിന് സുഖമില്ല എന്നറിയില്ലേ മാത്രല്ല ഇനി അങ്ങനെയൊരു ഓർമ്മ ഒന്നും വേണ്ട.

എനിക്കിഷ്ടമല്ല അതൊന്നും!നിന്റെ മോളെ ഓർത്തു എന്റെ കുഞ്ഞിനോട് പോര് കാണിച്ചാൽ ആ നിമിഷം ഈ ബന്ധവും അവസാനിക്കും.

ഇനി അങ്ങനെ ഒരു കുഞ്ഞിനെ പറ്റി നീ ഓർക്കാൻ കൂടി പാടില്ല. ആദ്യ വിവാഹത്തെപ്പറ്റിയും.

അയാൾ അതും പറഞ്ഞു രോഷത്തോടെ ഇറങ്ങിപ്പോകുമ്പോൾ വെറുതെ കേട്ടു നിൽക്കാനേ പറ്റിയുള്ളൂ.

പേടിച്ചു പേടിച്ചു ആരും കാണാതെ മൊബൈൽ എടുത്തു വീട്ടിലേക്കു വിളിച്ചപ്പോൾ മോൾ ഓടി വന്നു ഫോൺ എടുത്തു.

ഒറ്റ കരച്ചിൽ.

★★★★★★★

മോളെ…

എന്നുറക്കെ വിളിച്ചു കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു.

അടുത്ത റൂമിൽ കിടന്ന അമ്മ ഓടിവന്നു.

എന്താ മിനി പകൽ സ്വപ്നം കണ്ടു കരയുന്നോ ?

നോക്കുമ്പോൾ അമ്മയുടെ കയ്യിൽ അമ്മൂസ്.

അമ്മേ സമയം എത്രയായി.

നാലുമണി.

അമ്മേ എനിക്കിപ്പോ വിവേകിന്റെ അടുത്തേക്ക് പോകണം.

ഹഹഹ നീയല്ലേ ഇന്നലെ പറഞ്ഞത് വിവേകുമായി ചേർന്നുപോകാൻ പറ്റില്ല ഇനി അങ്ങോട്ട് പോകില്ല വിവേക് വേറെ കെട്ടട്ടെ എന്നൊക്കെ.

എന്നിട്ടിപ്പോ എന്തുപറ്റി ?

അമ്മേ എനിക്ക് പോകണം.

മ്മ് അല്ലെങ്കിലും നീ പോയേ പറ്റൂ മോളെ.

അച്ഛൻ ഇന്നലെ തന്നെ നീ കാണിച്ച തന്നിഷ്ടത്തിനു ക്ഷമ ചോദിച്ചിരുന്നു വിവേകിനോട്.

അവനൊരു പാവമാണ്. അവൻ അപ്പോഴേ അതൊക്കെ ക്ഷമിച്ചു.

തൊട്ടതിനും പിടിച്ചതിനുമൊക്കെ ആവശ്യമില്ലാതെ കലഹിച്ചാൽ ആദ്യം ഒക്കെ അതൊരു രസമാണ് പിന്നെ എപ്പോഴാണ് കാര്യമാകുക എന്നറിയില്ല. എല്ലാരും മനുഷ്യരാണ് എപ്പോ വേണമെങ്കിലും സ്വഭാവം മാറാം.

അതുകൊണ്ടു മോൾ കുറച്ചൂടെ പക്വത കാണിക്കുക. നിന്റെ അമ്മൂസിനെ ഇതുപോലെ നോക്കാൻ അവളുടെ അച്ഛനെ കൊണ്ട് മാത്രേ പറ്റൂ. ബാക്കിയൊക്കെ നാട്യങ്ങൾ ആണ്. നിനക്ക് ഒരു പെൺകുഞ്ഞാണ് അതോർത്തു തന്നെ നീ ജീവിക്കുക കാലം അത്രയ്ക്ക് മോശമാണ്.

എനിക്ക് എല്ലാം മനസിലായി അമ്മേ അച്ഛനോട് കൊണ്ടുവിടാൻ പറയമ്മേ.

അതുകേട്ടു കൊണ്ട് അവളുടെ അച്ഛൻ അവിടേക്കു വന്നു.

ഞാൻ കൊണ്ടുവിടാം പക്ഷേ ഇനി ഇതുപോലൊന്ന് ഉണ്ടായാൽ നിന്നെ ഈ പടി ചവിട്ടിക്കില്ല. ന്യായമല്ലാത്ത ഒരു കാര്യത്തിനും ഞാൻ മകൾക്കു കൂട്ടു നിൽക്കില്ല ഇന്നലെ നീ കാരണം വിവേകിനോട് ഞാൻ മാപ്പു പറയേണ്ടി വന്നു.

സോറി അച്ഛാ ഇനി ഒരിക്കലും ഉണ്ടാവില്ല ആദ്യമായിട്ടല്ലേ മാപ്പു പ്ളീസ്.

മ്മ് ഇന്ദു നമ്മൾക്ക് മോൾടെ കാര്യത്തിൽ ഇത്തിരി പുന്നാരം കൂടിയോ എന്നൊരു സംശയം. ഇനി അത് വേണ്ട കേട്ടോ.

ഇല്ലേയില്ല നിങ്ങൾ അതുമിതും പറഞ്ഞു നിൽക്കാതെ കൊച്ചിനെ കൊണ്ട് വിട് മോനിപ്പോൾ വന്നിട്ടുണ്ടാകും.

വീട്ടിൽ ചെന്ന് മാപ്പൊക്കെ പറഞ്ഞു അടുക്കളയിൽ കയറി ചായ വെക്കുമ്പോൾ വിവേക് വന്നു. കുഞ്ഞു അച്ഛന്റെ കയ്യിൽ മുറ്റത്തായിരുന്നു.

എന്തുപറ്റി ഇന്നലെ പുലി പോലെ പോയിട്ട് ഇന്ന് എലിപോലെ കേറി വന്നത്.

ഇനി അങ്ങോട്ട് ഞാൻ എലിയാണ് പോരെ?

എലി ഒന്നും ആവണ്ട. നല്ലൊരു ഭാര്യയായി ജീവിച്ചാൽ മതി. അല്ലാതെ ഭാര്യ ഭർത്താവിന്റെ അടിമ ഒന്നും ആവണ്ട. എന്തേലും അഭിപ്രായ ഭിന്നത വരുമ്പോൾ എടുത്തു ചാടുന്നത് നിർത്തി നമ്മുടെ ജീവിതത്തെ പറ്റി ഒന്നോർക്കുക.

ശരിയാണ് വിവേക് എന്നാലും ആ വിശ്വൻ എന്തൊരു ദു ഷ്ടൻ ആണ്.

ഏതു വിശ്വൻ ?

നിലാമഴ സീരിയലിലെ കെട്യോൾ ഇട്ടിട്ടു പോയ ആ നായകൻ ഇല്ലേ അയാൾ വിവേകുമായി പിരിഞ്ഞു നിൽക്കുന്ന എന്നെ കെട്ടുന്നത് സ്വപ്നം കണ്ടു. ന്റെ കുഞ്ഞിനെ ഒന്ന് കാണാൻ പോലും അയാൾ സമ്മതിച്ചില്ല.

ഹഹഹ പൊട്ടി, മന്ദബുദ്ധി നിന്റെ ഒരു കാര്യം വെറുതെയല്ല ഇങ്ങോട്ട് ഇങ്ങു പോന്നത്.

മ്മ്.

ഡി കല്യാണമേ കഴിഞ്ഞുള്ളു അതോ ഫസ്റ്റ് നൈറ്റും ?

മ്മ് അതും……

ദ്രോഹി ഒരു ദിവസം പിണങ്ങിയപ്പോൾ കാര്യങ്ങൾ അവിടം വരെയെത്തിയോ ?നിന്നെ ഇന്ന് കൊ ല്ലും ഞാൻ.

വിറക് കൊ ള്ളിയെടുത്തു തമാശക്ക് വിവേക് അ ടിക്കാൻ ആഞ്ഞപ്പോൾ അവളോടി.

എന്നെ കൊന്നാലും ഇനി നിങ്ങളെ വിട്ടുപോകില്ല ഹഹഹ.

തിളച്ച പാൽ പാത്രം കവിഞ്ഞു ഒഴുകുന്ന കണ്ടു സ്റ്റവ് ഓഫ് ചെയ്തു വിവേക് തലയിൽ കൈവെച്ചു.

ഈ പെണ്ണ്…..

(പിണക്കം അതിരു കവിഞ്ഞു എല്ലാം വേണ്ടെന്നു വെച്ച് പുതിയ ജീവിതത്തിലേക്ക് ധൃതി പിടിച്ചു ഓടുന്നവർ ഇടയ്ക്കു ഇതുപോലൊരു സ്വപ്നം കണ്ടിരുന്നെങ്കിൽ പ്രാർത്ഥനകളോടെ സുമി )