പെണ്മ – രചന: Aswathy Joy Arakkal
അത്താഴം കഴിഞ്ഞു കുറച്ചുനേരം ടീവിയിൽ സ്പോർട്സ് ചാനലും മാറ്റിയിരുന്ന ശേഷമാണ് വിനയ് ബെഡ്റൂമിലേക്ക് ചെന്നത്. വിനയ് ചെന്നപ്പോഴേക്കും പ്രിയതമ നിഷ കിടന്നിരുന്നു.
സോഫ്റ്റ്വെയർ എൻജിനിയേർസ് ആണ് വിനയും ഭാര്യ നിഷയും. കണ്ണൂർ ആണ് നാടെങ്കിലും രണ്ടുപേർക്കും ജോലി കൊച്ചിയിൽ ആയതു കൊണ്ട് ഇവിടെ ഫ്ലാറ്റ് എടുത്തു കൂടി. രണ്ടു പേരും വിവാഹിതർ ആയിട്ടു മാസങ്ങൾ ആകുന്നതേ ഉള്ളു.
വിനയ് ബ്രഷ് ചെയ്തു പതുക്കെ നിഷയുടെ അടുത്തു ചെന്നു കിടന്നു. അവളിൽ നിന്നു വരുന്ന വിക്സിന്റെ മണം അവനിൽ ഈർഷ്യ ഉണ്ടാക്കി.
ഓ….ഇന്നും തലവേദനയാണോ…? അയാൾ പിറുപിറുത്തു. തിരിഞ്ഞു കിടന്നെങ്കിലും ഉറക്കം വരാതായപ്പോൾ അയാൾ പതുക്കെ നിഷയോട് ചേർന്ന് കിടന്ന് കൈയെടുത്തു അവളെ തന്നോട് അടുപ്പിച്ചു.
വിട് വിനയ്, എനിക്ക് തലവേദനിക്കുന്നു…അവൾ പതുക്കെ പറഞ്ഞു.
അതു ശ്രദ്ധിക്കാതെ അവൻ വീണ്ടും അവളിലേക്ക് പറ്റിച്ചേരാൻ ശ്രമിച്ചപ്പോൾ കുറച്ചു ദേഷ്യത്തോടെ അവൾ അവനെ തള്ളി മാറ്റി. അവളുടെ ഭാവമാറ്റം അവനെ ക്രുദ്ധനാക്കി.
എന്താ…നിന്റെ പ്രശ്നം..? പലപ്പോഴായി ഞാനിതു ശ്രദ്ധിക്കുന്നുണ്ട്. നിന്റെയി ഒഴിഞ്ഞു മാറ്റം…വിനയ് കുറച്ചു ദേഷ്യത്തിൽ തന്നെയായിരുന്നു.
ഞാൻ പറഞ്ഞില്ലേ വിനു…എനിക്ക് നല്ല തലവേദനയും, ബാക്ക് പെയിനും ഉണ്ട്. ഡേറ്റ് ആവാറായി അതിന്റെ ആണെന്ന് തോന്നുന്നു…നിഷ തളർച്ചയോടെ പറഞ്ഞു.
ഡേറ്റ് ആവാറായിട്ടല്ലേ ഉള്ളു, ആയിട്ടില്ലല്ലോ…എല്ലാവർക്കും അഞ്ചുദിവസമേ ഉള്ളു പ്രശ്നം ഇവിടെ ഒരുത്തിക്കു അതിനും ഒരാഴ്ച മുന്നേ തുടങ്ങും വേദനയും, അവശതയും. എനിക്കും ഉണ്ട് അമ്മയും, പെങ്ങളുമൊക്കെ…അവർക്കാർക്കുമില്ലാതെ നിനക്ക് മാത്രമെന്താ ഇങ്ങനെ ഇത്ര ബുദ്ധിമുട്ടുകൾ. എന്നെ ഒഴിവാക്കാൻ ആണെങ്കി അതു പറഞ്ഞാൽ മതി. ഈ അഭിനയം വേണ്ട…
ദേഷ്യത്തോടെ അയാൾ മൊബൈലും കൈയിൽ എടുത്തു പുറത്തേക്കിറങ്ങി. മുറിയിൽ നിന്നു കണ്ണു നിറച്ച ഭാര്യയെ അയാൾ ശ്രദ്ധിച്ചത് പോലുമില്ല.
ബാൽകണിയിൽ ചെന്നു മൊബൈലും നോക്കി ഇരിക്കുന്നതിനിടയിലാണ് ഒരു ഓൺലൈൻ എഴുത്ത് ഗ്രൂപ്പിൽ മലയാളി പുരുഷനും ആർത്തവവും എന്ന വിഷയത്തിൽ ഒരു ചർച്ച അയാൾ കണ്ടതു…
പുരുഷന് ആർത്തവം ഉണ്ടോ…എന്നൊരു കമന്റ് കളിയാക്കി ഇടാൻ ടൈപ്പ് ചെയ്യുമ്പോഴാണ് തന്റെ സുഹൃത്ത് അർച്ചനയുടെ കമന്റ് അയാളുടെ ശ്രദ്ധയിൽപ്പെടുന്നത്.
ആർത്തവം, പ്രീമെൻസ്ട്രുൾ സിൻഡ്രോം/PMS തുടങ്ങി ഒരു പുരുഷൻ സങ്കൽപ്പിക്കുക പോലും ചെയ്യാത്ത മാനസികവും, ശാരീരികവുമായ ബുദ്ധിമുട്ടുകളിലൂടെ ആണ് ഓരോ സ്ത്രീയും മാസംതോറും കടന്നു പോകുന്നതെന്ന കമന്റ് അയാളെ ഒന്ന് ചിന്തിപ്പിച്ചു.
ഒരു പാഡ് വാങ്ങിക്കൊണ്ടു വരാൻ നിഷ പറഞ്ഞാൽ പോലും ചമ്മൽ കാരണം ചെയ്യാത്ത വിനയ്നു PMS എന്നവാക്കു പോലും അപരിചിതമായിരുന്നു. നോക്കുമ്പോൾ അർച്ചന ഓൺലൈൻ ഉണ്ട്.
ആർച്ചു…ചർച്ചയിൽ നല്ല തള്ളായിരുന്നല്ലോ. അയാളൊരു മെസ്സേജ് അവൾക്കയച്ചു. തള്ളിയതാണോ, അല്ലയോ എന്നു ഭാര്യയോട് പോയി ചോദിക്കഡാ എന്നവളുടെ റിപ്ലൈ വന്നു. അവളെങ്ങനെ ആണ് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി തരും.
അവളുടെ ആ കമന്റ് തന്നെ അയാളിലൊരു ചലനം സൃഷ്ടിച്ചിരുന്നു. ആർച്ചുവിനോടൊന്നു സംസാരിക്കണമെന്ന് അയാൾക്ക് തോന്നി. ആർച്ചു നീ ഫ്രീ ആണെങ്കിൽ ഞാൻ നിന്നെയൊന്നു വിളിക്കട്ടെ…വിനയ് ചോദിച്ചു.
നീ ധൈര്യായി വിളിക്കടാ എന്ന മറുപടി വന്നതും ഫോൺ എടുത്തു വിനയ് അവളെ വിളിച്ചു.
എന്താടാ…എന്തുപറ്റി…? നിനക്ക് ഈ രാത്രിയിൽ എന്നോട് സംസാരിക്കാൻ ഒരു തോന്നൽ.
നിഷയുമായി പ്രശ്നമുണ്ടാക്കിയതും ചർച്ചയിൽ കണ്ട അവളുടെ ആ കമന്റിനെ പറ്റിയുള്ള സംശയവും എല്ലാം അവൻ അവളോട് മടിച്ചു മടിച്ചു പറഞ്ഞു.
കഷ്ടമാണ് വിനയ്. ഇത്ര എഡ്യൂക്കേറ്റഡ് ആയിട്ടും നീയൊക്കെ ഇങ്ങനെ പെരുമാറുന്നത് അർച്ചന പറഞ്ഞു തുടങ്ങി. നീയൊക്കെ വിചാരിക്കുന്നത് പോലെ ഒരാഴ്ചക്കുള്ളിൽ വന്നു തീരുന്ന ബ്ലീഡിങ് മാത്രമല്ല ആർത്തവം എന്നത്.
ഗർഭധാരണത്തിനു സ്ത്രീ ശരീരം സജ്ജമാകുന്ന പ്രക്രിയയിലെ അതായതു ആർത്തവ ചക്രത്തിലെ ഒരു സ്റ്റേജ് മാത്രമാണ് നമ്മളീ ആർത്തവം എന്നപേരിൽ കാണുന്ന ബ്ലീഡിങ്.
ആർത്തവ ചക്രവും, ഓവുലേഷനും, ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൺ ഉയർച്ച താഴ്ചകളും, അതുമൂലം ഉണ്ടാകുന്ന സെറോടോണിന് പോലുള്ള ന്യൂറോട്രാൻസ്മിറ്റർസിന്റെ വ്യതിയാനവും അതൊരു സ്ത്രീയിൽ ബ്ലീഡിങ് തുടങ്ങുന്നതിനും ഒരാഴ്ചക്കും മുന്നെയൊക്കെ ഉണ്ടാക്കുന്ന ശാരീരിക മാനസിക പ്രശ്നങ്ങളും ആ അവസ്ഥ സിവിയർ ആയാൽ അതു വിഷാദ രോഗത്തിനും, ആത്മഹത്യക്കും വരെ കാരണമാകും എന്നൊക്കെ കേട്ടപ്പോൾ തല കറങ്ങുന്നതു പോലെ തോന്നി അവനു.
നീ വിഷമിക്കണ്ട വിനയ്…ഒന്നും നിന്റെ മാത്രം കുറ്റമല്ല. സമൂഹം ആർത്തവം എന്ന വാക്കിനെപ്പോലും പാപമായി വരച്ചു കാട്ടുമ്പോൾ, മാതാ പിതാക്കളും, അധ്യാപകരും അതു സംസാരിക്കാൻ ലജ്ജിക്കുമ്പോൾ, തെറ്റായ അറിവുകളാണ് പലപ്പോഴും നിങ്ങൾക്കൊക്കെ ലഭിക്കുന്നത്. അതാണ് പ്രശ്നവും…
സത്യത്തിൽ ആർത്തവത്തെ പറ്റിയും, PMS നെ പറ്റിയുമൊക്കെ അറിഞ്ഞാലേ, അവളിലെ പെണ്മയെ ഉൾകൊണ്ടാലേ ഒരു പുരുഷൻ എല്ലാ അർത്ഥത്തിലും സ്ത്രീയെ മനസ്സിലാക്കി എന്നു പറയാനാകൂ. അല്ലെങ്കിൽ നീ ഇപ്പൊ ചെയ്ത പോലെ ഒന്നുമറിയാതെ എത്രപേർ ഭാര്യയുമായി വഴക്കിടുന്നുണ്ടാകും…
സത്യമറിയാതെ എത്ര ജീവിതങ്ങൾ വഴക്കിട്ടും, കലഹിച്ചും തീരു്ന്നുണ്ടാകും. പറയാൻ സ്ത്രീയും, കേൾക്കാൻ പുരുഷനും തയ്യാറാകുന്നില്ലെങ്കിൽ പിന്നെ ഇതൊക്കെ തന്നെ ഗതി. ബാക്കിയൊക്കെ നീ ഭാര്യയോട് നേരിട്ട് ചോദിച്ചാ മതി.
പോയ് അവളേയും കെട്ടിപിടിച്ചു കിടന്നുറങ്ങാൻ നോക്കടാ…അവൻ പാതിരാത്രിയിൽ അന്യസ്ത്രീയോട് വിശേഷം പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു ദേഷ്യം അഭിനയിച്ചു ആ കാന്താരി ആർച്ചു ഫോൺ കട്ട് ആക്കി.
ഒരു നെടുവീർപ്പുമായി എന്തൊക്കെയോ ആലോചിച്ചു വിനയ് പിന്നെയും കുറേനേരം ആ ഇരിപ്പു തുടർന്നു. തെല്ലൊരു കുറ്റബോധത്തോടെ വിനയ് റൂമിലേക്ക് ചെന്നു. ഉറങ്ങാതെ വേദനിക്കുന്ന ശരീരവും, മനസ്സുമായി തലയിൽ കൈകൊടുത്തിരുന്ന നിഷയെ പിടിച്ചെഴുന്നേല്പിച്ചു നെറ്റിയിൽ വിക്സ് പുരട്ടി കൊടുക്കുമ്പോൾ നിഷയുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
ദാമ്പത്യം എന്നത് അങ്ങനെയാണ് പരസ്പരം സ്നേഹിച്ചും, എല്ലാം തുറന്ന് പറഞ്ഞു മുന്നോട്ടു പോകുമ്പോഴേ അതു പൂർണമാകുന്നുള്ളു. വിനയന് അർച്ചനയെന്ന പോലെ എല്ലാവർക്കും ഒരു നല്ല സുഹൃത്തിനെ എപ്പോഴും കിട്ടില്ല.
അതു കൊണ്ട് ഭാര്യാഭർത്താക്കന്മാർക്ക് നല്ല സുഹൃത്തുക്കളാകാം…പരസ്പരം പറഞ്ഞും, കേട്ടും ജീവിതം ശോഭനമാക്കാം.
പ്രീമെൻസ്ട്രുൾ സിൻഡ്രോം എന്ന അവസ്ഥയെ പറ്റി കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യൂ