കിളിപോയ ജീവിതം – രചന: നീഹാര നിഹ
ഹലോ, കഥയുടെ പേര് കേട്ടിട്ട് കിളി ഒന്നും പോവണ്ട , അത്രയ്ക്ക് വലിയ സംഭവം ഒന്നും ഇല്ല. ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾക്കെല്ലാം കൂടി ഇങ്ങനൊരു പേരങ്ങിട്ടു. ഇനി ആണ് ശരിക്കും കഥയിലേക്ക് കടക്കാൻ പോകുന്നത്.
പാലാക്കാരൻ ജേക്കബ് പുളിങ്കുന്നത്തിന്റേയും ആലീസ് പുളിങ്കുന്നത്തിന്റേയും ഏക സന്തതി മരിയാ ജേക്കബ് പുളിങ്കുന്നത്ത്. ഒറ്റമോളായതിനാൽ അത്യാവശ്യം കൊഞ്ചിച്ചാണ് അപ്പനും അമ്മയും വളർത്തിയത്. അതിന്റെ എല്ലാവിധ ഗുണങ്ങളും ഉണ്ടെന്ന് നാട്ടുകാരും വീട്ടുകാരും ഒക്കെ പറയും.
നമ്മളിതൊക്കെ ദേ ഇപ്പുറത്തെ ചെവിയിൽ കൂടി കേട്ട്, അപ്പുറത്തേതിൽ കൂടെ അങ്ങ് കളയും. പഠിത്തം ഒക്കെ കഴിഞ്ഞു, ജോലിക്കുള്ള പരീക്ഷ എഴുതിയിട്ട് കട്ട വെയ്റ്റിംഗിലാണ്. യാത്രകളും ഭക്ഷണവും നമ്മടെ സന്തത സഹചാരികളായത് കൊണ്ട് പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേ ദിവസം തന്നെ ‘ജേക്കബച്ചായൻ ‘ വാങ്ങിത്തന്ന ബുള്ളറ്റിൽ കയറി നാട് വിട്ടു.
ആലിസ് പുളിങ്കുന്നത്ത് ആദ്യം ഒന്നും സമ്മതിച്ചില്ലെങ്കിലും അമ്മച്ചിയെ ഒന്ന് പതപ്പിച്ചപ്പോഴേക്കും ഓൾ സെറ്റ്. പരീക്ഷ കഴിയുന്നതിന്റെ അന്ന് യാത്രാ പാർട്ണർ ആണ് പ്രേരിപ്പിച്ചത്. “മറിയാമ്മോ, നമുക്ക് കൂർഗിലേക്ക് വിട്ടാലോ….?”
“അതിനെന്നാ കൊച്ചേ, നമുക്ക് പോയി വരാന്നേ. അപ്പച്ചനേം അമ്മച്ചിയേം ഒന്ന് സമ്മതിപ്പിച്ചാൽ മാത്രം മതി.” വീട്ടിൽ നിന്ന് ഇറങ്ങി ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ദേവികയുടെ കാൾ എത്തി.
“ആഹ്, പറ ദേവുക്കൊച്ചേ.” അവൾ പറഞ്ഞത് കേട്ടിട്ട് എന്റെ കിളിപോയി. ഇതിനാണോ മാതാവേ 16 ന്റെ പണീന്ന് പറയുന്നെ ! ഇത്രേം ദൂരം ഒറ്റയ്ക്കോ…? എന്തായാലും ഇനി പിന്നോട്ടില്ല എന്ന് തന്നങ്ങ് തീരുമാനിച്ചു.
അവൾടെ അപ്പൻ ഒരു ആലോചന കൊണ്ടു വന്നിട്ടുണ്ടത്രേ. അവരൊക്കെക്കൂടി ഇന്ന് വീട്ടിൽ വരും. ബാഗ് ഒക്കെ പാക്ക് ചെയ്ത് ഇറങ്ങാൻ നേരം ആണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. നേരത്തേ പറഞ്ഞാൽ പുന്നാരമോൾ അതൊഴിവാക്കാൻ ശ്രമിക്കും എന്ന് നന്നായി അറിയാവുന്നതിനാലാണ് കൃത്യ സമയത്ത് തന്നെ പറഞ്ഞത്. ഇന്നത്തേക്ക് പുറത്തേക്ക് ഇറങ്ങേണ്ട എന്ന ഭീഷണിയും.
നല്ല ഫ്രീഡമാണ്, ഇപ്പഴെങ്ങും കെട്ടിക്കത്തില്ല എന്നൊക്കെ പറഞ്ഞു നടന്ന കൊച്ചാ. ഈശോയെ, അപ്പൊ എല്ലാരുടേം കാര്യം ഇത്രയൊക്കെയേ ഒള്ളല്ലേ…?
ഒരു ദിവസം കൂടി വെയിറ്റ് ചെയ്യാൻ ക്ഷമ ഇല്ലാത്തത് കൊണ്ടൊന്നുവല്ല, ഇനി അവളെ വീട്ടിൽ നിന്നും വിടുമെന്ന് ഒരു ഉറപ്പും ഇല്ല. ഇതൊക്കെ ഇനി വീട്ടിൽ വിളിച്ച് പറഞ്ഞാൽ തിരിച്ചു പോന്നേക്കാൻ പറഞ്ഞ് അമ്മച്ചി സീനാക്കും. രണ്ടും കല്പിച്ചങ്ങ് വിട്ടടിച്ചു കൂർഗിലേക്ക്…
വീട്ടിൽ എല്ലാവരും പറയും അപ്പച്ചൻ തന്നെ വളർത്തിയിരിക്കുന്നത് ആൺകുട്ടികളെപ്പോലെ ആണെന്ന്. അപ്പോൾ അപ്പച്ചൻ അവർക്കൊക്കെ നൽകുന്ന ഒരു രസികൻ മറുപടി ഉണ്ട്.
“അതെന്നതാടാ ഉവ്വേ, അല്ലേലും പ്രതികരിക്കാൻ ശീലിച്ച പെങ്കൊച്ചുങ്ങൾ സ്ഥിരമായി കേൾക്കുന്ന ചോദ്യവാ… അതെന്നാ നീ ‘ആങ്കൊച്ചാ’ന്നോന്ന്…”ഇത്രയും പറഞ്ഞ് പുള്ളിക്കാരൻ ഒരു ചിരിയും അങ്ങ് പാസ്സാക്കും.
അതെ, ഏതൊരു പെൺകുട്ടിയേയും പോലെ തന്നെ അപ്പച്ചൻ ആണ് എന്റെ സൂപ്പർ ഹീറോ. പിന്നെ അത്യാവശ്യത്തിന് കുങ്ഫുവും കരാട്ടെയും കൂട്ടിന് ഉള്ളത് കാരണം ധൈര്യമായി യാത്ര തുടർന്നു. അങ്ങനെ കുറെ ദൂരം പിന്നിട്ടു. കറുപ്പ് പടർന്നു തുടങ്ങി. ഏതെങ്കിലും ഒരു ഹോട്ടലിൽ തങ്ങിയിട്ട് പിറ്റേന്ന് പുലർച്ചെ തന്നെ യാത്ര തിരിയ്ക്കാം എന്ന് കരുതി.
ഇപ്പൊ നിങ്ങൾ വിചാരിക്കുന്നുണ്ടാകും…’അതെന്താ ഒരു പെൺകുട്ടി രാത്രിയിൽ യാത്ര ചെയ്താൽ എന്താ…? അതെന്താ അവർക്ക് ഒറ്റയ്ക്ക് ഒരു രാത്രി യാത്ര പാടില്ലേ…? ‘ എന്നൊക്കെ…
തീർച്ചയായും, ഒരു പെൺകുട്ടിയുടെ ആഗ്രഹങ്ങളിൽ ഒന്നാണ് ഒറ്റയ്ക്ക് ഒരു നൈറ്റ് റൈഡ്. പക്ഷെ നമ്മുടെ ജീവിതം നമ്മുടെ കൈകളിൽ തന്നെ ആണ്. റിസ്ക് എടുക്കാതെ സ്വയം സുരക്ഷ അങ്ങ് ഏറ്റെടുത്തു. അന്ന് രാത്രി ഒരു ഹോട്ടലിൽ തങ്ങിയിട്ട് പിറ്റേന്ന് അതിരാവിലെ തന്നെ യാത്ര തുടർന്നു.
കുറെ ദൂരം പിന്നിട്ടു. പാതയോരത്തിനിരുവശവും മരങ്ങൾ തിങ്ങി നിറഞ്ഞ് നിൽക്കുന്നു. ചെറിയ തണുപ്പ് അന്തരീക്ഷത്തിൽ ഇപ്പോഴും തങ്ങി നിൽപ്പുണ്ട്. കൊടഗിലേക്ക് ഇനി അധിക ദൂരം ഇല്ല. വണ്ടി ഒരു സൈഡിൽ ഒതുക്കി അടുത്തുള്ള ചായക്കടയിലേക്ക് കയറി.
നല്ല പ്രായം തോന്നിക്കുന്ന ഒരാളാണ് ചായ അടിക്കുന്നത്. ഒരു മധ്യവയസ്കനും വൃദ്ധനും മറ്റു രണ്ടുപേരും കടയിലെ ബെഞ്ചുകളിൽ ഇരുന്ന് നല്ല ചർച്ചയിലാണ്. അതിൽ മാധ്യവയസ്കന്റെ കയ്യിൽ ഒരു കന്നഡ പത്രവും ഉണ്ട്. രണ്ടു കൈകളും ജാക്കറ്റിനുള്ളിൽ തിരുകി ചുറ്റുപാടൊക്കെ ഒന്ന് വീക്ഷിച്ചു. സ്ഥലം കൊള്ളാം.
കുറച്ചു മാറി ഒരാൾ ബൈക്കിൽ ചാരി ചായയും ആസ്വദിച്ചു കൊണ്ട് നിൽക്കുന്നുണ്ട്. പുറം തിരിഞ്ഞാണ് നിൽപ്പ്. ചായയും വാങ്ങി ഞാൻ വ്യൂ പോയിന്റിലേക്ക് നടന്നു. അവിടെ നിന്ന് താഴേയ്ക്ക് നോക്കിയാൽ കോടമഞ്ഞ് പുതച്ചു കിടക്കുന്ന മലനിരകൾ കാണാം.
“മ്മ് കുറ്റം പറയാനൊക്കത്തില്ല…രണ്ടും ബെസ്റ്റ്…” ചായ ഊതി കുടിച്ചു കൊണ്ട് പറഞ്ഞത് ഇത്തിരി ഒച്ചത്തിൽ ആയിരുന്നെന്ന് തോന്നുന്നു.
“എവിടെപ്പോയാലും കാണാൻ പറ്റുന്ന ഒരേ ഒരാൾ ! മലയാളി “ബൈക്കിൽ ചാരി നിന്ന ആളാണ് പറഞ്ഞത്.
അയാളെ ഒന്ന് സൂക്ഷിച്ചു നോക്കിയ ശേഷം തിരിച്ചു നടന്നു. ഗ്ലാസ് തിരികെ കൊടുത്തിട്ട് പൈസ നൽകി. അപ്പോഴേക്കും അയാളും വന്ന് പൈസ നൽകി.
“എങ്ങോട്ടാ ഒറ്റയ്ക്കുള്ള യാത്ര? “അയാൾ എന്റടുത്ത് ചോദിച്ചു.
“കൂർഗ്…എന്തേ…?”
“ഞാനും അങ്ങോട്ടേയ്ക്കാ” “റൈഡർ ആന്നോ…?”
“ഏയ് അല്ല. യാത്രകളെ ഇഷ്ടപ്പെടുന്ന ഒരാൾ. എന്താ അങ്ങനെ ചോദിച്ചത്..? “
“ഒന്നുവില്ല…ഗെറ്റപ്പൊക്കെ കണ്ടപ്പോൾ തോന്നിയതാ ” അയാൾ ഒന്ന് ചിരിച്ചു. “അച്ചായത്തി ആന്നല്യോ…? “
“അതേല്ലോ, എങ്ങനെ മനസിലായി…?
“അത് പിന്നെ നമ്മൾ കോട്ടയംകാർക്കാന്നോ ഭാഷ മനസിലാക്കാൻ ബുദ്ധിമുട്ട്…?
എന്നാ അച്ചായോ നമുക്ക് കൂർഗിലോട്ട് വിട്ടാലോ…?
പിന്നെന്താ…
അങ്ങനെ എനിക്ക് യാത്ര ചെയ്യാൻ കൂട്ടിന് ഒരാളെ കിട്ടി. അതും ഒരു കോട്ടയംകാരൻ അച്ചായൻ. ഓരോ കൊച്ചു വർത്താനോം പറഞ്ഞു കൊണ്ട് ഞങ്ങൾ യാത്ര തുടർന്നു. അധികം വൈകാതെ ലക്ഷ്യസ്ഥാനത്തെത്തി.
അവിടെ ഒരു മലമുകളിൽ ഇരുന്ന് പരസ്പരം കഥകളുടെ കെട്ടാഴിച്ചപ്പോഴാണ് അറിയുന്നത് റിജോ അപ്പച്ചന്റെ ബന്ധത്തിലുള്ള ഒരച്ചായന്റെ മോനാണെന്ന്. ഇതിനിടയിൽ അപ്പച്ചന്റെ കാൾ വന്നു. എന്തായാലും ഇനി എന്തിനാ എല്ലാം മറച്ചു വയ്ക്കുന്നത് എന്ന് കരുതി യാത്രേടെ സത്യാവസ്ഥ മൊത്തോം അപ്പച്ചന്റടുക്കൽ പറഞ്ഞു. എന്നിട്ട് അപ്പച്ചൻ പറഞ്ഞിട്ട് ഫോൺ റിജോയുടെ കയ്യിൽ കൊടുത്തു. അവർ ഫോണിൽക്കൂടി ഒരുപാട് നേരം സംസാരിച്ചു.
ഇതെന്തുവാന്നേ ഇവർക്കിത്ര സംസാരിക്കാൻ…? അതും ആലോചിച്ചു നിന്നപ്പോഴാണ് റിജോ എനിക്ക് ഫോൺ കൊണ്ടുത്തന്നത്. ഞാൻ ഫോൺ ചെവിയോട് ചേർത്തു.
മറിയക്കൊച്ചേ, നിന്നെ പൂട്ടാൻ ഇതല്ലാതെ ഞാനും നിന്റമ്മച്ചിയും വേറെ വഴി ഒന്നും കണ്ടില്ല. പ്ലാൻ മൊത്തോം മാത്തുക്കുട്ടിച്ചായന്റേം എന്റെയുമാ. എങ്ങനുണ്ട് എന്റെ ഭാവി മരുമകൻ…?
അമ്മച്ചീടെ ശബ്ദവും മറുവശത്തു നിന്നും കേൾക്കുന്നുണ്ട്. ഞാൻ നോക്കിയപ്പോൾ റിജോ നിന്ന് ചിരിക്കുകയാണ്. എന്നാലും അപ്പച്ചൻ ചെയ്തത് വല്ലാത്ത ചതി ആയിപ്പോയി. ഒരു വാക്ക് പറയാമായിരുന്നില്ലേ…? അറിയാതെ കണ്ണുകൾ നിറഞ്ഞു. അപ്പോഴേക്കും റിജോയും അടുത്തെത്തി. മറുപടി ഒന്നും പറയാത്ത കാരണം അപ്പച്ചന്റെ ശബ്ദം.
എന്താ മോളെ , നിനക്ക് റിജോയെ ഇഷ്ടപ്പെട്ടില്ലേ…? അതോ അപ്പച്ചനോട് പിണങ്ങിയോ…?
അല്ലപ്പച്ചാ, ഈ തെണ്ടിയെ എന്റെ തലയിൽ കെട്ടി വയ്ക്കുവാന്ന് ഒരു സൂചന പോലുംതന്നില്ലല്ലോ…?
ഫോൺ കട്ടാക്കിയിട്ട് റിജോയെ അവിടെ മൊത്തോം ഇട്ട് ഓടിച്ചു. അവസാനം അവൻ കീഴടങ്ങി. അങ്ങനെ കൂർഗ് ഒക്കെ ചുറ്റിയടിച്ച ശേഷം ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു. അവിടെ ചെന്നപ്പോൾ ആകെ ബഹളം. ജോലി ഒക്കെ കിട്ടിയിട്ട് മതി കെട്ടെന്ന് ഞാൻ പറഞ്ഞു. എല്ലാവരും അതിനോട് യോജിക്കുകയും ചെയ്തു.
കാരണം അവന് ഒരു ജോലി ഉണ്ട്. അങ്ങനെ കൂർഗിൽ പോയത് കൊണ്ട് ഒരു ഗുണമുണ്ടായി. എന്റെ ഇഷ്ടങ്ങളെ സപ്പോർട്ട് ചെയ്യുന്ന ഒരു സൂപ്പർ അച്ചായനെ കിട്ടി. ഇനിയുള്ള യാത്രകളിൽ എന്നും കൂടെ ഉണ്ടാകാനായി……
മറ്റുള്ളവർ പറയും ‘എന്തൊരു ജീവിതമാ, കിളി പോയ കേസ് ‘എന്നൊക്കെ. പക്ഷേ ജീവിതം എന്നത് ഒന്നേ ഉള്ളൂ. അത് എങ്ങനെ ജീവിച്ചു തീർക്കണം എന്ന് തീരുമാനിക്കുന്നത് നമ്മളാണ്. എന്നതായാലും ഒള്ള ജീവിതം ആസ്വദിച്ചങ്ങ് ജീവിക്കുക. “സന്തോഷവും ദുഃഖവും മാറി മാറി വരും. ദുഃഖംത്തിനു പിന്നാലെ സന്തോഷം വരും…(എവിടെയോ കേട്ട് മറന്നതു പോലെ…? അല്ലേ..? ഞാനല്ല, ഷേരുക്കടുവ പറഞ്ഞതാ )
കഥ ഇഷ്ടമായെങ്കിൽ ഒരു ലൈക്ക് അടിച്ചേക്കണേ. ആദ്യത്തെ പരീക്ഷണം ആണ്. നിങ്ങളുടെ ഒക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ ഇനിയും ഒരുപിടി നല്ല കഥകളുമായി വരാം.