പുനർജന്മം
എഴുത്ത്:- രാജു പി കെ കോടനാട്
ഗ്ലാസ്സിലെ മ ദ്യം കൈയ്യിൽ എടുത്ത് സ്വിപ്പ് ചെയ്തതിന് ശേഷം ജയദേവൻ പറഞ്ഞു.അങ്ങനെ ഞാൻ ഇവിടെ നിങ്ങളോടൊപ്പം എത്തിയിട്ട് എട്ട് വർഷം ആകുന്നു.ഇന്നുവരെ നിങ്ങൾ കണ്ട എന്നിൽ നിങ്ങൾ ആരും അറിയാത്ത ഒരു ഭൂതകാലം ഉണ്ട്.. നാളേക്ക് എന്റെ വിവാഹം കഴിഞ്ഞിട്ട് ഒൻപത് വർഷം.
വിവാഹമോചനം നേടാതെ വിഭാര്യനായി ഞാൻ ജീവിക്കാൻ തുടങ്ങിയിട്ട് ഏഴ് വർഷം ആകുന്നു.
സർ.
അപ്പോൾ ഭാര്യ..?
ജീവിച്ചിരിപ്പുണ്ട് രാമേട്ടാ. മരിച്ചിട്ടില്ല തമ്മിൽ കണ്ടിട്ട് വർഷങ്ങളേറെയായി.
ഇത്തവണ അവൾ നാട്ടിൽ ഉണ്ട് നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് ഇനിയുള്ള കാലം നാട്ടിൽ ജീവിക്കാൻ തീരുമാനിച്ചിരിക്കുന്നു.
നാട്ടിൽ എത്തിയ അവൾ എന്റെ ഫോൺനമ്പർ എങ്ങിനേയോ സങ്കടിപ്പിച്ച് എനിക്ക് ഒരു മെസേജ് അയച്ചിരിക്കുന്നു.
ദേവേട്ടാ ഞാനാണ് നിഷ മറന്ന് കാണില്ലെന്നറിയാം മറന്നത് ഞാനാണല്ലോ..?
ഞാൻ എന്റെ ദേവേട്ടനെ മറന്നു നമ്മുടെ മോളെ മറന്നു ദേവേട്ടന്റെ അമ്മയെ മറന്നു. എന്റെ ജീവിതം തന്നെ ഞാൻ ജീവിക്കാൻ മറന്നു.ഒരുമിച്ച് ജീവിച്ച കുറച്ച് കാലത്തെ സുഖമുള്ള ഓർമ്മകൾ മതി ഇനിയുള്ള എന്റെ ജീവിതം എനിക്ക് ജീവിച്ച് തീർക്കാൻ..എനിക്കൊരിക്കൽക്കൂടി ഒന്ന് കാണണം ആകാൽക്കീഴിൽ വീണ് എനിക്കൊന്ന് പൊട്ടിക്കരയണം. ഈശ്വരൻ നൽകിയ നല്ലൊരു ജീവിതം തട്ടിത്തെറിപ്പിച്ചവളാണ് ഞാൻ അതിനുള്ള ശിക്ഷ ഞാൻ അർഹിക്കുന്നുമുണ്ട്.
പണം കൊണ്ട് നേടാൻ കഴിയാത്ത ഒരു പാട് കാര്യങ്ങളുണ്ട് നമുക്ക് ജീവിതത്തിൽ എന്ന് എന്റെ ജീവിതം കൊണ്ട് ഞാൻ പഠിച്ചു.എന്നേക്കാൾ നമ്മുടെ അമ്മു അവളുടെ അച്ഛനെ സ്നേഹിക്കുന്നു എന്നറിഞ്ഞപ്പോൾ എനിക്ക് ഒരു പാട് സന്തോഷം തോന്നി കുഞ്ഞുമനസ്സാണെങ്കിലും നമ്മുടെ മോൾക്ക് അവളുടെ അച്ഛനെ മനസ്സിലാക്കുന്നതിൽ തെറ്റ് പറ്റിയില്ലല്ലോ..?
രാമേട്ടാ ഞാൻ നാളെ നാട്ടിലേക്ക് പോകുന്നു അവളെ എനിക്കൊന്ന് കാണണം..
എന്താ മോനേ നിങ്ങൾ തമ്മിൽ ഇത്ര വലിയ പ്രശ്നം..?
രാമേട്ടനറിയാമല്ലോ അച്ഛനും അമ്മയും രണ്ടനുജത്തിമാരും അടങ്ങിയ ഞങ്ങളുടെ കുടുംബം.സ്കൂൾ അധ്യാപകനായ അച്ഛന്റെ കൂട്ടുകാരന്റെ ബന്ധത്തിലുള്ള ഒരു കുട്ടിയായിരുന്നു നിഷ. രണ്ട് സഹോദരിമാരുടേയും വിവാഹശേഷം എന്റെ വിവാഹത്തിന് വേണ്ടി ആലോചനകൾ നടക്കുന്ന സമയം. സൗദിയിൽ നേഴ്സ് ആയിരുന്ന നിഷ മൂന്ന് മാസത്തെ അവധിയിൽ നാട്ടിൽ വന്ന സമയം.
രണ്ട് സഹോദരിമാരുടെ വിവാഹത്തോടെ സാമ്പത്തിക നില തകർന്ന് നിൽക്കുന്ന സമയം. ഒരു ജോലിയുള്ള പെൺകുട്ടിയാണെന്നറിഞ്ഞപ്പോൾ എല്ലാവർക്കും താൽപ്പര്യമായി.
ആദ്യ കാഴ്ച്ചയിൽ തന്നെ ഞങ്ങൾക്ക് പരസ്പരം ഇഷ്ടമായി.വളരെ പെട്ടന്ന് വിവാഹവും കഴിഞ്ഞു.
മധുവിധുവിന്റെ നാളുകൾ പരസ്പരം പരിധികൾ ഇല്ലാതെ ഞങ്ങൾ സ്നേഹിച്ചു. തിരിച്ച് പോകാൻ ദിവസങ്ങൾ അടുക്കുന്തോറും അവളുടെ കണ്ണുകൾ ചുവന്ന് കലങ്ങിയിരുന്നു എന്റെ മുന്നിൽ കരയാതെ പിടിച്ച് നിൽക്കാൻ അവൾ ഒരു പാട് കഷ്ടപ്പെടുന്നുണ്ടായിരുന്നു ഞാനും.
തിരികെ പറഞ്ഞയക്കാൻ മനസ്സുണ്ടായിട്ടല്ല നിഷയുടെ വീട്ടിലെ സ്ഥിതിയും വളരെ പരിതാപകരമായിരുന്നു. സുഖമില്ലാത്ത അച്ഛനും അമ്മയും ഡിഗ്രിക്ക് പഠിക്കുന്ന അനുജനും. തിരിച്ചുപോയി കുറച്ച് ദിവസങ്ങൾക്കുള്ളിൽ എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാർത്ത എന്നേത്തേടി എന്തി ഞാൻ ഒരച്ഛനാകാൻ പോകുന്നു….പ്രിയപ്പെട്ടവൾ അടുത്തില്ലെങ്കിലും സന്തോഷം കൊണ്ട് തുള്ളിച്ചാടിയ നാളുകൾ.
എട്ടാം മാസത്തിൽ അവൾക്ക് നാല് മാസത്തെ അവധി അനുവധിച്ചു കിട്ടി നിഷ വരുന്നതിന്റെ രണ്ട് ദിവസം മുൻപേ തൊടിയിൽ പണി ചെയ്തു കൊണ്ടിരുന്ന അച്ഛനെ വിഷം തീണ്ടി അച്ഛൻ ഞങ്ങളെ തനിച്ചാക്കി യാത്രയായി.ജീവന്റെ ജീവനായി സ്നേഹിച്ചിരുന്ന അച്ഛൻ പെട്ടന്ന് തനിച്ചാക്കി പടിയിറങ്ങിയപ്പോൾ അമ്മയുടെ മനസ്സിന്റെ സമനില നഷ്ടപ്പെട്ടു.
പെട്ടന്നുള്ള ഷോക്കിൽ സംഭവിച്ചതായത് കൊണ്ട് പതിയെ ശരിയാകും എന്ന് വൈദ്യശാസ്ത്രവും വിധിയെഴുതി.നിഷയുടെ വരവോടെ എല്ലാം ശരിയാകും എന്നായിരുന്നു എന്റെ പ്രതീക്ഷകൾ.എന്നാൽ സ്വന്തം ഭർത്താവിന്റെ പെട്ടന്നുള്ള വിയോഗത്തിൽ മനസൊന്നിടറിയ അമ്മയോടൊപ്പം നിൽക്കാൻ അല്പം ആശ്വാസമേകാൻ അവളും കൂട്ടാക്കിയില്ല.
കൂടെ നിർത്താൽ അവളുടെ മാതാപിതാക്കളും…
പതിയെ പതിയെ അമ്മ പഴയ രീതിയിലേക്ക് തിരിച്ചു വന്നു.അമ്മുവിന്റെ വരവോടെ വീണ്ടും പഴയ സന്തോഷം എല്ലാവരുടെയും മനസ്സുകളിൽ തിരികെ വന്നു.
അവധി കഴിഞ്ഞ് നിഷ തിരികെ പോകുന്ന ദിവസം ഞാൻ എന്റെ മോളെ എന്നോടൊപ്പം കൂട്ടാൻ തീരുമാനിച്ചാണ് ചെന്നത്. എന്നാൽ മനസ്സിന്റെ സമനില തെറ്റിയ അമ്മയോടൊപ്പം താമസിക്കുന്ന നിങ്ങളോടൊപ്പം എന്റെ മകളെ ഞാൻ അയക്കില്ലെന്ന് അവൾ പറഞപ്പോൾ…
അവളെ യാത്രയാക്കാൻ പോലും നിൽക്കാതെ തിരികെ ഞാൻ ആ പടികളിറങ്ങി. മകളെക്കൂടാതെ തിരികെ എത്തിയ എന്നെക്കണ്ട അമ്മ കാരണം തിരക്കിയപ്പോൾ ഞാൻ അമ്മയുടെ മുന്നിൽ കരയാതിരിക്കാൻ ഒരു പാട് പാട് പെട്ടു ചുണ്ടുകൾ കടിച്ചമർത്തി ഞാൻ അമ്മയോട് ഇത്രയും പറഞ്ഞു.
സാരമില്ലമ്മേ അമ്മക്ക് ഞാനും എനിക്ക് അമ്മയും ഉണ്ടല്ലോ…?
ഞാനെങ്ങനെ അമ്മയോട് പറയും.
“ഭ്രാന്തിയായ അമ്മയുടെ അടുത്തേക്ക് അവൾ എന്റെ മകളെ അയക്കില്ലെന്ന്.”
എന്റെ നാട്ടിലെ ജോലി കൊണ്ട് കാര്യങ്ങൾ മുന്നോട്ട് പോകാത്ത അവസ്ഥ യിലാണ് ഞാൻ പ്രവാസിയാകുന്നത്. ഇവിടെ എത്തിയ ഞാൻ ഇന്ന് വലിയ ഒരു കമ്പനിയുടെ എം ഡിയായി കോടികളുടെ ബാങ്ക് ബാലൻസ് ചേട്ടനേപ്പോലെ യുള്ള ഒരു പാട് സൗഹ്യദങ്ങൾ.
ഒരു ഭാഗത്ത് ജീവിതം തന്നെ നഷ്ടമായപ്പോൾ മറുഭാഗത്ത് വലിയ വിജയങ്ങൾ. നാട്ടിൽ ചെല്ലുന്ന സമയങ്ങളിൽ മകളുമൊത്തുള്ള നിമിഷങ്ങളാണ് ജീവിതത്തിൽ വലിയ ആശ്വാസം നൽകിയിരുന്നത്.
അമ്മയുടെ മടിയിൽ ആ സ്നേതലോടലിൽ തല ചായ്ച്ച് കിടക്കുമ്പോൾ പലപ്പോഴും അമ്മയുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പുന്നത് കാണാറുണ്ട്. ഒരിക്കലും അമ്മയോ അനുജത്തിമാരോ എന്നോട് പറഞ്ഞിട്ടില്ല ഒരു പുനർവിവാഹത്തെ പറ്റി..
സമയം ഒരു പാടായിരിക്കുന്നു രാമേട്ടാ പോയി വന്നിട്ട് കാണാം ഇനി നാട്ടിൽ എത്താതെ ഒന്നുറങ്ങാൻ കഴിയും എന്ന് തോന്നുന്നില്ല… പെട്ടന്നുള്ള യാത്രയായതുകൊണ്ട് വീട്ടിൽ പറഞ്ഞില്ല നിഷ നാട്ടിൽ എത്തി എനിക്ക് മെസേജ് അയച്ച കാര്യം അമ്മയോട് മാത്രം പറഞ്ഞിട്ടുണ്ട് അമ്മ ഏത് നിമിഷവും പ്രതീക്ഷിക്കുന്നുണ്ടാവാം മകന്റെ വരവ്.
വീടിന്റെ മുന്നിൽ ആരെയും കാണുന്നില്ല പൂട്ടിയിരിക്കുകയാണല്ലോ. അടുത്ത വീട്ടിലെ ബീനേച്ചി എത്തി നോക്കുന്നുണ്ട്.
ചേച്ചി ഞാനാ ജയദേവൻ.
ദേവനോ.. വരുന്ന കാര്യമൊന്നും ദേവേടത്തിപറഞ്ഞില്ലല്ലോ.?
പെട്ടന്നുള്ള വരവാണ് ആരോടും പറഞ്ഞില്ല എവിടെ അമ്മ..?
മായവന്ന് അമ്മയേയും കൂട്ടി പോയി ഇന്ന് നാല് ദിവസമായല്ലോ..
ആണോ ഇന്നലേയും ഞാൻ വിളിച്ചതാണല്ലോ ഒന്നും പറഞ്ഞില്ല. വരുന്ന കാര്യം ഞാനും പറഞ്ഞിരുന്നില്ല.
വിളിച്ചു നോക്കട്ടെ..
അമ്മേ ഞാൻ വീട്ടിൽ ഉണ്ട് അമ്മ എവിടാ..?
മോനേ ഞാൻ ലിസി ആശുപത്രിയിൽ ഉണ്ട് പേടിക്കുകയൊന്നും വേണ്ട ആർക്കും ഒരു കുഴപ്പവും ഇല്ല മോൻ ഇങ്ങോട്ട് വന്നേ വന്നിട്ട് പറയാം കാര്യങ്ങൾ. അത്രയും പറഞ്ഞ് അമ്മ ഫോൺ കട്ട് ചെയ്തു.
ആശുപത്രിയുടെ മുന്നിൽ ഇറങ്ങുമ്പോൾ രണ്ട് കൈകളും ഉയർത്തി ഒരു പൂമ്പാറ്റയേപ്പോലെ പറന്ന് വരുന്നുണ്ട് അമ്മുക്കുട്ടി പിറകെ അമ്മയും അനുജത്തി രമ്യയും.
അമ്മൂട്ടിയെ വാരിയെടുത്ത് കൊണ്ട് ചോദിച്ചു എന്താ എല്ലാരും ഇവിടെ..?
എന്നെ ചേർത്ത് പിടിച്ചു കൊണ്ട് അമ്മ പറഞ്ഞു മോൻ വാ.. അമ്മ പറയാം..
നിഷ വന്ന കാര്യം മോൻ പറഞ്ഞതിന്റെ പിറ്റേന്ന് ഞാൻ അവരുടെ വീട്ടിൽ പോയിരുന്നു. വല്ലാത്തൊരു അന്തരീഷത്തിലാണ് ഞാൻ അവിടെ ചെന്നത്.
ആർക്കും വേണ്ടാത്തവർക്ക് കയറി താമസിക്കാനുള്ള വഴിയമ്പലമൊന്നുമല്ല ഞങ്ങളുടെ വീട് സ്വന്തം ഭർത്താവിന് പോലും വേണ്ടല്ലോ നിങ്ങളെ..? പൊയ്ക്കൂടെ ഞങ്ങളുടെ ജീവിതത്തിൽ ഒരു ശല്യമാകാതെ എങ്ങോട്ടെങ്കിലും..
സംസാരത്തിൽ നിന്നും മനസ്സിലായി നിഷയുടെ സഹോദരന്റ ഭാര്യ സന്ധ്യയാണ്. പറയുന്നത് നിഷയോടും.
പുറത്ത് എന്നെക്കണ്ടതും എല്ലാവരും നിശബ്ദരായി.എന്നെക്കണ്ട നിഷ കരഞ്ഞുകൊണ്ട് എന്റെ കാൽക്കൽ വീണു..അമ്മേ എന്നോട് ഷമിക്കണം. എന്റെ ഇത്രയും കാലത്തെ സമ്പാദ്യം എല്ലാം കൈക്കലാക്കി ഇവരെന്നെ പുറത്താക്കാൻ നോക്കുകയാണ്.അവളെ പിടിച്ചെഴുന്നേൽപ്പിച്ചപ്പോൾ മുഖവും കൈകാലുകളും ആകെ നീരുവന്ന് വീർത്ത പോലെ മുഖത്തെ ചൈതന്യം പോലും നഷ്ടമായിരിക്കുന്നു.
ഞാൻ മോളേയും നിഷയേയും കൂട്ടി ഇങ്ങോട്ട് പോന്നു ഇവിടെ എത്തിയപ്പോഴാണ് അറിയുന്നത് രണ്ട് കിഡ്ണികളുടേയും പ്രവർത്തനശേഷി നഷ്ടപ്പെട്ട് ജീവിതത്തിന്റെ അവസാന നാളുകളിലൂടെ അവൾ സഞ്ചരിക്കുകയാണെന്ന്.
വേറെ ഒന്നും നോക്കിയില്ല എത്രയും പെട്ടന്ന് കിഡ്ണി മാറ്റി വക്കുക അതു മാത്രമാണ് പരിഹാരം എന്ന് ഡോക്ടർ പറഞ്ഞു. പിന്നെ എല്ലാം വേഗത്തിലായി നിന്റെ രണ്ടനുജത്തിമാരും നിഷക്ക് സ്വന്തം ശരീരം പകുത്ത് നൽകാൻ തയ്യാറായി അങ്ങനെ മായയുടെ കിഡ്ണി നിഷക്ക് മാറ്റിവച്ചു രണ്ടു പേരും സുഖമായിരിക്കുന്നു.
ആദ്യം മായയെ കയറി കണ്ടു. എന്റെ നിറഞ്ഞൊഴുകുന്ന കണ്ണുനീർത്തുള്ളികൾ അവളുടെ വിറക്കുന്ന കൈകൾ കൊണ്ട് തുടച്ച് മാറ്റി എനിക്ക് ഒന്നുമില്ലഏട്ടാ..
ഏട്ടത്തിയെ കണ്ടോ.?
ഇല്ല.
പോയ് കാണൂ ന്റെ ഏട്ടാ..
ചെറിയ മയക്കത്തിലായിരുന്ന നിഷയെ ഞാൻ പതിയെ തട്ടിയുണർത്തി കൺമുന്നിൽ എന്നെക്കണ്ടതും എഴുന്നേൽക്കാനായി ഒരു ശ്രമം നടത്തി അവളുടെ ശിരസ്സിൽ കൈയമർത്തി തലോടി ഞാൻ അവളുടെ അരികിൽ ഇരുന്നു ഒരു പാട് കാര്യങ്ങൾ പറയാനുണ്ടായിട്ടും ഒന്നും പറയാൻ കഴിയാത്ത പോലെ…!
തിരികെ വീട്ടിലെത്തിയ നിഷ എന്നോട് പറയുകയുണ്ടായി സ്വന്തം ശരീരം വരെ പകുത്ത് നൽകി എനിക്കൊരു പുനർജന്മം നൽകിയവർ സ്വന്തം അമ്മക്കും സഹോദരന് പോലും തോന്നാത്ത ഒരു പാട് വലിയ മനസ്സുള്ളവർ സ്വന്തം അച്ഛനും അമ്മക്കും വരെ മാസാമാസം ഞാൻ അയക്കുന്ന പണത്തിനോട് മാത്രമായിരുന്നു സ്നേഹം പക്ഷെ ഇവിടെ….!
അധികം താമസിയാതെ നിഷയുടെ അച്ഛനേയും അമ്മയേയും സഹോദരനും ഭാര്യയും പുറത്താക്കി. അവരേയും ഞാൻ കൂടെ ചേർത്തു.അദ്യമൊന്നും നിഷ അവരോട് വലിയ അടുപ്പമൊന്നും കാണിച്ചില്ല.
മകളോടൊപ്പം ചേർന്ന് കിടക്കുമ്പോൾ എന്നോട് നിഷപറയുകയുണ്ടായി ഏട്ടാ കൂടുതൽ മാതാപിതാക്കളും ആൺകുട്ടികളോടാണ് ഇന്നും സ്നേഹവും കരുതലും കാണിക്കുന്നത് സമ്പത്തിന്റെ ഭൂരിഭാഗവും ആൺകുട്ടികൾക്ക് പകുത്ത് നൽകും വാർദ്ധക്യത്തിൽ അവരാകും തങ്ങളുടെ സംരക്ഷകർ എന്ന് കരുതി സംഭവിക്കുന്നതോ എല്ലാം കൈക്കലാക്കിയ ശേഷം അവർ അവരെ അനാഥരാക്കുന്നു സത്യത്തിൽ എന്നാണ് ഇതിനൊരു മാറ്റം ഉണ്ടാവുക..!
മറുപടി ഒന്നും പറയാതെ ഞാൻ ആ നെറ്റിയിൽ എന്റെ ചുണ്ടുകൾ ചേർത്തമർത്തി ‘