ഞാൻ ആയിരംവട്ടം പറഞ്ഞിട്ടില്ലേ മുത്തിനോട് അവനുമായി ന്റെ പൊന്നു സംസാരിക്കുന്നത് എനിക്കിഷ്ടല്ലാന്ന്……

വികാരപ്രെക്ഷോപകൻ

Story written by Shaan Kabeer

“ഫോൺ ഇത്രേം നേരം ബിസി ആയിരുന്നല്ലോ…? ഹോ മറ്റവൻ ആയിരിക്കും അല്ലേ വിളിച്ചത്…? ഈ നട്ടപാതിരാക്ക് അവനൊന്നും ഉറക്കമില്ലേ…? നാണമില്ലാത്തവൻ”

ഷാൻ കബീർ ദേഷ്യം കൊണ്ട് ഉറഞ്ഞുതുള്ളി, ഷാഹിനയുടെ ഹൃദയമിടിപ്പ് കൂടി, തൊണ്ടയിടറി

“ഷാനിക്കാ, ഇങ്ങനെ ചൂടാവല്ലേ, ഞാൻ കാലുപിടിക്കാം”

ഷാൻ കബീർ തന്റെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീർ തുള്ളികൾ തന്റെ മുണ്ടിന്റെ അറ്റം കൊണ്ട് തുടച്ചുമാറ്റി

“ഞാൻ ആയിരംവട്ടം പറഞ്ഞിട്ടില്ലേ മുത്തിനോട് അവനുമായി ന്റെ പൊന്നു സംസാരിക്കുന്നത് എനിക്കിഷ്ടല്ലാന്ന്”

ഒന്ന് നിറുത്തിയിട്ട് ഷാൻ വിതുമ്പി

“മടുത്തു എനിക്കീ ജീവിതം, ഞാൻ ന്റെ ഫോൺ എറിഞ്ഞ് പൊട്ടിക്കാൻ പോവാണ്, എന്നെയിനി വിളിക്കരുത്. എല്ലാം ഇവിടെ അവസാനിക്കുന്നു, ഞാൻ നമ്പർ മാറ്റുകയാണ്”

ഷാഹിന പൊട്ടിക്കരഞ്ഞു

“ന്റെ ഷാനിക്കാ, നിങ്ങൾ എന്നെയിട്ട് പോയാൽ സത്യായിട്ടും ഞാൻ മരിക്കും. അത്രക്ക് ഇഷ്ടാടാ പൊന്നോ നിന്നെ”

ഷാൻ വിങ്ങി

“ന്നാ സത്യം ചെയ്യ്, ഇനി അവനോട് മിണ്ടില്ല എന്ന്”

ഷാഹിന ഒന്ന് മൂളി, പക്ഷേ ആ മൂളലിൽ ഷാൻ തൃപ്തനല്ലായിരുന്നു

“മൂളിയാൽ പോരാ മുത്തൂസേ, ഈ ഷാനിക്കയുടെ തലയിൽ പിടിച്ച് സത്യം ചെയ്യ്”

“അതിന് ന്റെ ഷാനിക്ക ഇവിടില്ലല്ലോ തലയിൽ പിടിക്കാൻ, നമ്മൾ കോളിലല്ലേ”

ഷാനിന്റെ വാക്കുകളിൽ തേനോഴുകി

“ന്റെ, മുത്ത് പറഞ്ഞാൽ നിക്ക് വിശ്വാസാണ്… ആ പിന്നേ…”

“ന്താ ഇക്കുസേ”

“നാളെ ഞാൻ കുറച്ച് ബിസി ആയിരിക്കും ട്ടോ, പകൽ വിളിക്കില്ല, രാത്രിയേ ഫ്രീ ആവൂ”

“എന്തുപറ്റി മുത്തേ”

ഷാനിന്റെ കണ്ണുകൾ നിറയാൻ തുടങ്ങി, തന്റെ സങ്കടം കടിച്ചമർത്തി ഷാൻ കബീർ വികാരപ്രെക്ഷോപകനായി

“അന്ന് ന്റെ മുത്ത് കൊതുക് കടിയേറ്റ് വേദനകൊണ്ട് പുളഞ്ഞപ്പോൾ ന്റെ പൊന്നുന്റെ വേദന മാറാൻ വേണ്ടി ഞാൻ നാല് പള്ളികളിലും രണ്ട് അമ്പലങ്ങളിലും നേർച്ച നേർന്നിരുന്നു, അവിടെയൊക്കെ ഒന്നുപോയി നേർച്ചക്കടം വീട്ടണം”

ഷാൻ പറഞ്ഞ് നിർത്തിയതും ഷാഹിന പൊട്ടിക്കരഞ്ഞതും ഒരുമിച്ചായിരുന്നു

“ന്തിനാ ഷാനിക്കാ എന്നെയിങ്ങനെ സ്നേഹിക്കണേ”

ഷാൻ വീണ്ടും വികാരപ്രെക്ഷോപകനായി

“കേറിങ്ങും സ്നേഹവുമാണല്ലോ മുത്തൂസേ ഈ ഷാനിക്കയുടെ ട്രേഡ് മാർക്ക്”

സന്തോഷം കൊണ്ട് ഷാഹിനയുടെ കണ്ണുനിറഞ്ഞു. പെട്ടന്ന് ഷാഹിന ഫോൺ കട്ട് ചെയ്തു. ഷാൻ അവളെ തിരിച്ചുവിളിച്ചു പക്ഷേ, ബിസിയാണ്. ഒരു മിനിറ്റ് കഴിഞ്ഞു, പത്ത് മിനിറ്റ് കഴിഞ്ഞു, ഒടുവിൽ നാൽപത്തിരണ്ട് മിനിറ്റിന് ശേഷം അവൾ ഷാനിനെ തിരിച്ച് വിളിച്ചു. ഫോൺ എടുത്തതും ഷാൻ ഉച്ചത്തിൽ അലറി

“ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേടീ അവനോട് സംസാരിക്കുന്നത് എനിക്കിഷ്ടല്ലാ എന്ന്. അവൻ നിന്റെ ഭർത്താവാണ്, നിന്റെ രണ്ട് കുട്ടികളുടെ വാപ്പയാണ് അതൊക്കെ ശരിയാണ്, പക്ഷേ എന്റെ മുത്തൂസിനോട്‌ സംസാരിക്കാൻ നിന്റെ ഭർത്താവാരാ”

ഒന്ന് നിറുത്തിയിട്ട് ഷാൻ കബീർ വികാരപ്രെക്ഷോപകനായി

“എന്നാലും ന്റെ മുത്ത് എന്നോടീ ചതി ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. വിശ്വാസവഞ്ചന ഈ ഷാൻ കബീർ ഒരിക്കലും പൊറുക്കില്ല, ബ്ലോക്കുന്നു… ബൈ… മരിക്കുവോളം മറക്കില്ല ന്റെ മുത്തിനെ”

പത്ത് മിനിറ്റ് കഴിഞ്ഞ് മറ്റൊരു ഇൻബോക്സിൽ ഷാൻ കബീർ

“ഫോൺ ബിസി ആയിരുന്നല്ലോ, ആരാ വിളിച്ചേ…? സ്ക്രീൻഷോർട്ട് അയച്ചേ, മോളു ന്നെ ചതിക്കോ…? എന്റെ അത്രേം നിന്നെ നിന്റെ ഭർത്താവ് പോലും കെയർ ചെയ്യുന്നുണ്ടാവില്ല മുത്തേ”

തന്റെ കാര്യത്തിൽ ഇത്രേം കെയറിങ്ങുള്ള ഷാൻ കബീറിനെ ഒരു മാലാഖനെ പോലെ തോന്നി അവൾക്ക്…