ഞാൻ അതെടുത്തു നടന്നെങ്കിലും എന്റെ മനസ്സിൽ മറ്റേ കീ എവിടെ പോയി എന്ന് തന്നെ ആയിരുന്നു കുറേ സമയം.. എവിടെ എങ്കിലും വീണു പോയത് ആണേൽ റോഡിൽ….

എഴുത്ത്:- നൗഫു ചാലിയം

കഥകൾ whatsapp ചാനലിൽ ലഭിക്കാൻ ഈ ചാനൽ ഫോളോ ചെയ്യു

“നാട്ടിലേക് ലീവടിച്ച് വന്ന സമയം…”

ഒരു ദിവസം രാവിലെ തന്നെ അമ്മായി വീട്ടിലേക് കയറി വന്നു

“മോനേ ഷാജു.. ഇജ്ജ് ഈ ഞായറാഴ്ച വീട്ടിലേക് ഒന്ന് വരണം… നമുക്ക് നാഫി യുടെ ഭാര്യയെ അവളുടെ വീട്ടിൽ നിന്നും കൂട്ടി കൊണ്ട് വരണം…”

“നാഫി എന്റെ ഉറ്റ സുഹൃത്തും ഞങ്ങൾ ഏകദേശം ഒരേ പ്രായക്കാരുമാണ്…

“അവനും ഞാനും സൗദിയിൽ തന്നെ…

അവന്റെ വിവാഹത്തിന് നാട്ടിൽ ഉണ്ടായിരുന്നിലേലും നാട്ടിൽ വരുന്ന സമയം അവന്റെ ഭാര്യ വീട്ടിൽ ഉണ്ടാവാറുള്ള ഓരോ ഫങ്ക്ഷനും അമ്മള് സ്പെഷ്യൽ ഗെസ്റ്റ് ആയിരിക്കും…”

“വേറെ ഒന്നും കൊണ്ടല്ല… അമ്മായിയുടെ മക്കൾ രണ്ടു പേരും ഗൾഫിൽ ആയത് കൊണ്ട് നാട്ടിൽ ഉണ്ടാവുമ്പോൾ ഞാൻ ആണ് അവരുടെ കൃഷ്ണൻ… മനസിലായില്ലേ അത് തന്നെ…സാരഥി…

അതിപ്പോ എന്റെ വീട്ടിൽ ഞാനും അനിയനും ഇല്ലാത്തപ്പോൾ അവർ ആയിരിക്കും എന്റെ പൊസിഷൻ കീപ് ചെയ്യുക…അത് അത്രയേ ഉള്ളൂ..”

“ഞാൻ വരാം അമ്മായി… പരിവാടി ഉച്ചക്ക് ശേഷമാണ്…അവിടുന്ന് ഒരു ഗംഭീര ഭക്ഷണവും കഴിച്ചു നമുക്ക് പോരാം..

അതേതായാലും പൊളിക്കും…”

ഞാൻ അമ്മായിയോട് പറഞ്ഞു..

“ആ സമയം ഇതെല്ലാം കേട്ട് അമ്മായി ക്കുള്ള ചായയും കൊടുത്തു എന്നെ ഇപ്പൊ വിളിക്കും ഇപ്പൊ വിളിക്കും എന്നും കരുതി ഒരാൾ അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു..

മാറ്റാരുമേ അല്ലേ… എന്റെ സ്വന്തം പൊണ്ടാട്ടി, എന്നും എന്റെ കൂടേ അവൾ ഉണ്ടാവാറുള്ളത് കൊണ്ടാണെന്ന് തോന്നുന്നു അവൾ ഇപ്പൊ വിളിക്കും ഇപ്പൊ വിളിക്കും എന്നും കരുതി നിൽക്കുന്നത്…

എന്തോ ഇന്ന് അമ്മായി ഇത്ര സമയം ആയിട്ടും അവളോട്‌ ഒന്നും പറഞ്ഞില്ല.. മാത്രമല്ല അമ്മായി എന്നാൽ നീ ഞായറാഴ്ച വാ എന്നും പറഞ്ഞു ഇറങ്ങുവാനും തുടങ്ങി…”

“അവളെ വിളിക്കില്ല എന്നും കരുതി ഞാൻ അവളുടെ മുഖത്തേക് നോക്കിയപ്പോൾ മോന്ത ഒരു ഏക്കർ ഉരുണ്ടു കൂടിയിട്ടുണ്ട്…

പടച്ചോനെ പണി പാളി മിക്കവാറും അമ്മായി വല്ല ഓട്ടോയും പിടിച്ചു പോകേണ്ടി വരും… അമ്മളെ കാറിന്റെ ടയർ പഞ്ചറ് ആകിയിട്ടെങ്കിലും ഓള് എന്റെ പോക്ക് ഏറെ കുറേ മുടക്കുമെന്ന് എനിക്ക് ഉറപ്പായി..”

അമ്മായി ഇറങ്ങാൻ തുടങ്ങുന്ന സമയം ഞാൻ ചോദിച്ചു…

“അല്ല അമ്മായി ഞാൻ മാത്രം വന്നാൽ മതിയോ? “

അമ്മായി പെട്ടന്ന് അവിടെ നിന്നു എന്റെ നേരെ തിരിഞ്ഞു..

” അതെന്താടാ നീ അങ്ങനെ ചോദിച്ചത്.. “

“അല്ല അമ്മായി ഇവളെ കൂടേ കൂട്ടണ്ടേ എന്ന് ചോദിച്ചതാ…”

“ആഹാ അതാപ്പോ നന്നായെ..

ഓളെ ഞാൻ വിളിക്കേണ്ടതുണ്ടോ… ഓള് എന്റെ ആദ്യത്തെ മരുമകൾ അല്ലേ…

ഇനി നീ വന്നില്ലേലും ഞാൻ ഓളെയും കൊണ്ട് പോകും…അല്ല പിന്നെ…”

അതും പറഞ്ഞു അമ്മായി വീട്ടിൽ നിന്നും ഇറങ്ങി…

“ഞാൻ ആണേൽ അവസാനമിനിട്ടിൽ ഗോൾ അടിച്ച സന്തോഷത്തിൽ നിൽക്കുമ്പോൾ ഓഫ്‌ സൈഡ് വിളിച്ച കളിക്കാരനെ പോലെയും..

എന്റെ ഓളെ മുഖത്താണെൽ എതിർ ടീമിന്റെ സന്തോഷവും..

ഓഹ് ഡാർക്ക്‌..”

അങ്ങനെ ഞായറാഴ്ച ദിവസം…

രാവിലെ തന്നെ പമ്പിൽ പോയി ഒരു അഞ്ഞൂറ് രൂപയ്ക്കുള്ള പെട്രോൾ അങ്ങട്ട് കയറ്റി..

റിട്ടേൺ അടക്കം പത്തു പതിനഞ്ചു കിലോമീറ്റർ മാത്രം ഉള്ളത് കൊണ്ട് തന്നെ അത് ഏറെയാണ് എന്റെ കാൽകുലേറ്ററിൽ…

അങ്ങനെ വീട്ടിൽ നിന്നും പത്തു നൂറു മീറ്ററുള്ള മെയിൻ റോഡിൽ വണ്ടിയും വെച്ച് കുളിക്കാനും മറ്റുവാനുമായി ഞാൻ വീട്ടിലേക് എത്തി..

കുളിയും നനയും കഴിഞ്ഞു ഡ്രസ്സ്‌ ധരിച്ചു അവളുടെ മേക്കപ്പും ഏകദേശം കഴിഞ്ഞിട്ടുണ്ട്…

പുറത്തേക് ഇറങ്ങാനായി ചാവി വെച്ചിടത് നോക്കിയപ്പോൾ കാണാനില്ല..

ശ്ശെടാ ഇതെവിടെ പോയെന്ന് കരുതി റൂം മുഴുവൻ ഞാൻ അരിച്ചു പൊറുക്കാനായി തുടങ്ങി..

“എന്റെ പൊന്നിക്ക… അമ്മായി ഇറങ്ങിയോ എന്നും ചോദിച്ചു രണ്ടു മൂന്നു വട്ടമായി വിളിക്കുന്നു.. ഇങ്ങള് ആ സ്പെയർ കീ എടുത്തു വന്നാണി…”

എന്റെ തിരച്ചിൽ കണ്ട് അലമാരയിൽ നിന്നും സ്പെയർ കീ എടുത്തു എനിക്ക് തന്ന് കൊണ്ട് അവൾ പറഞ്ഞു..

ഞാൻ അതെടുത്തു നടന്നെങ്കിലും എന്റെ മനസ്സിൽ മറ്റേ കീ എവിടെ പോയി എന്ന് തന്നെ ആയിരുന്നു കുറേ സമയം.. എവിടെ എങ്കിലും വീണു പോയത് ആണേൽ റോഡിൽ നിർത്തി ഇടുന്ന വണ്ടി രണ്ട് ദിവസം കൊണ്ട് പൊളി മാർക്കറ്റിൽ എത്തി പീസ് പീസ് ആകും..

“ടാ പെട്രോൾ അടിക്കണ്ടേ.. “

ടൗണിലെ പ്രേട്രോൾ പമ്പ് കടന്നു പോകുമ്പോൾ അമ്മയി ചോദിച്ചു..

“ഹോ വേണ്ടമ്മായി ഞാൻ രാവിലെ അടിച്ചിട്ടുണ്ട്…”

അങ്ങനെ അമ്മായിയുടെ മരുമകളുടെ വീട്ടിലും എത്തി ഭക്ഷണവും കഴിച്ചു റാഹത്തായി തിരികെ പുറപ്പെട്ടു…

“വണ്ടി വീണ്ടും പെട്രോൾ പമ്പിന്റെ അടുത്തേക് എത്തിയപ്പോൾ അമ്മായിയും മരുമോളും പെട്രോൾ അടിക്കാൻ…പക്ഷെ എന്റെ അഹങ്കാരം ഉണ്ടോ സമ്മതിക്കുന്ന…

ഗൾഫിൽ നിന്നും ലീവിന് വന്ന ഞാൻ പത്തോ ഇരുന്നൂറോ രൂപക്കുള്ള പെട്രോൾ അവരെ കൊണ്ട് അടിപ്പിക്കുക..

നോ.. നെവർ..

പെട്രോൾ ഉണ്ടെന്നും പറഞ്ഞു ഞാൻ മുമ്പിലോട്ട് തന്നെ പോയി…”

“വളരെ വേഗത്തിൽ പോയി കൊണ്ടിരിക്കുന്നതിന് ഇടയിൽ തന്നെ വണ്ടിക്കൊരു പിൻ വലിവ്..

ആക്സിലേറ്റർ കൊടുത്തിട്ടും മുന്നോട്ട് പോകാത്ത പോലെ പോയി പോയി അവസാനം വീട്ടിലേക് എത്താൻ കഷ്ഠി മൂന്നു കിലോമീറ്റർ ഉണ്ടായിരുന്നപ്പോൾ വണ്ടി നിന്നു..”

പിന്നെ എത്ര ചാവി ഇട്ട് അടിച്ചിട്ടും മൂപ്പര് പ്രായ ആയവർക്ക് ചുമ വന്നത് പോലെ രണ്ട് ചുമ വന്നു അടിച്ചു നിൽക്കും..

“നോ രക്ഷ..

പെട്രോൾ കഴിഞ്ഞിരിക്കുന്നു…

എങ്ങനെ.. അഞ്ഞൂറ് രൂപക്ക് അടിച്ചത് ആണല്ലോ..”

“നിന്നോട് ഞാൻ അപ്പൊയെ പറഞ്ഞില്ലേ ഷാജു എണ്ണ അടിക്കാൻ…

അപ്പൊ എന്തായിരുന്നു ഓന്റെ നെഗളിപ്പ്.. നിന്റെ കൂടേ വന്നാൽ എവിടേലും നിൽക്കേണ്ടി വരുമെന്ന് എനിക്കറിയാമായിരുന്നു…”

അമ്മായി വളെടുത്തു വെട്ടാനായി തുടങ്ങി..

“അതെങ്ങനെ അമ്മായി അഞ്ഞൂറ് രൂപകെന്നും പറഞ്ഞു രാവിലെ പെട്രോൾ അടിക്കാൻ പോയിരുന്നു.. അല്ലെങ്കിലേ പിശുക്കനായ നിങ്ങളെ മോൻ നൂറ് ഉറുപ്പിക്കക് പോലും അടിച്ചിട്ടുണ്ടോ എന്ന് പടച്ചോന് മാത്രം അറിയാം.. “

പടച്ചോനെ വല്ലാത്തൊരു കുടുക്ക് തന്നെ..

ഇവരുടെ ഇടയിൽ നിന്ന് ഇനി എങ്ങനെ രക്ഷപെടും… ബിരിയാണി തിന്നത് പോരാഞ്ഞിട്ടാണെന്ന് തോന്നുന്നു ഇനി എല്ലും കൂടേ എന്നെ തിന്നും…

“ആ സമയം ഒരാൾ വന്നു പറഞ്ഞു ഇവിടെ അടുത്ത് പെട്രോൾ കരിം ചന്ത യിൽ വിൽക്കുന്നുണ്ടെന്ന്..

കേട്ടപാതി കേൾക്കാത്ത പാതി ഞാൻ രണ്ട് ലിറ്ററിന്റെ കുപ്പിയും എടുത്തു അങ്ങോട്ട്‌ ഓടി..

പെട്രോളും വാങ്ങി വണ്ടിയിൽ ഒഴിച്ചു സ്റ്റാർട്ട്‌ ചെയ്യാനായി തുടങ്ങി..

നോ രക്ഷ നേരത്തെ പോലെ തന്നെ വലിവുള്ള ആളുകളുടെ ചുമ…”

“എന്നാൽ പിന്നെ വണ്ടിയിൽ ഉള്ളവർക്ക് എല്ലാം ഒരു പണി കൊടുക്കാമെന്ന് കരുതി എല്ലാത്തിനെയും വണ്ടിയിൽ നിന്നും ഇറക്കി വണ്ടി ആട്ടാനായി പറഞ്ഞു..

പെട്രോൾ എൻജിനിൽ എങ്ങനേലും എത്തിയാൽ അല്ലേ സ്റ്റാർട്ട്‌ ആവൂ.. അതിന് ചുരുങ്ങിയത് അഞ്ഞൂറ് രൂപക്കുള്ള പെട്രോൾ വേണം എന്റെ വണ്ടിക്ക്..”

ആട്ടി ആട്ടി ഓരോരുത്തർ സൈഡ് ആവാൻ തുടങ്ങിയപ്പോഴാണ് അനിയൻ അളിയന്റെ സ്വിഫ്റ്റ് കാറുമായി ഞങ്ങളുടെ വണ്ടിയുടെ അടുത്തേക് വന്നത്..

എന്താണിക്ക പ്രശ്നം…

പെട്രോൾ കഴിഞ്ഞെടാ..

“ഓ എന്നാൽ ഈ വണ്ടി കൊണ്ട് പൊയ്ക്കോ.. അവരെ ഇറക്കി വിട്ടിട്ട് ഇക്കാക്ക എന്നെ കൂട്ടാൻ വന്നാൽ മതിയെന്നും പറഞ്ഞു അവൻ എന്റെ വണ്ടിയുടെ അടുത്ത് നിന്നു.. ഞാനും കൂടേ ഉള്ളവരും ആ വണ്ടിയിൽ കയറി അവരെ ഇറക്കുവാനായി പോയി “

“പോകുന്ന സമയത്താണ് വണ്ടിയിൽ നേരത്തെ കാണാതായ കീ കണ്ടത്… അതും ഡേഷ് ബോർഡിൽ…

പെട്രോൾ എവിടെ പോയെന്ന് എനിക്കപ്പൊ മനസിലായി…എനിക്ക് മാത്രമല്ല കൂടേ ഉള്ളവർക്കും..ഏതായാലും അവനൊരു പണി കൊടുക്കണ്ടേ…

രണ്ട് രണ്ടര മണിക്കൂർ വൈറ്റ് ചെയ്യിപ്പിച്ചിട്ടാണ് പിന്നെ ഞാൻ പെട്രോളും കൊണ്ട് അവന്റെ അടുത്തേക് പോയത്…”

“അല്ല പിന്നെ എന്നോടാ കളി “

ബൈ

…😁