ജോലിയൊക്കെ തരാം ,എല്ലാമാസവും മുടങ്ങാതെ മാന്യമായ ശബ്ബളവും തരാം ,പക്ഷേ ഇടയ്ക്കിടെ എൻ്റെ ഇംഗിതത്തിന്……

Story written by Saji Thaiparambu

ജോലിയൊക്കെ തരാം ,എല്ലാമാസവും മുടങ്ങാതെ മാന്യമായ ശബ്ബളവും തരാം ,പക്ഷേ ഇടയ്ക്കിടെ എൻ്റെ ഇംഗിതത്തിന് താൻ വഴങ്ങിത്തരേണ്ടി വരും, എന്താ സമ്മതമാണോ?

ജോലി അന്വേഷിച്ച് വന്ന തന്നോട്, യാതൊരു കൂസലുമില്ലാതെ എംഡി അങ്ങനെ ചോദിച്ചപ്പോൾ വരദയ്ക്ക് ഞെട്ടലുണ്ടായി.

അയാളുടെ മുഖത്ത് കാർക്കിച്ച് തുപ്പി ഇറങ്ങിപ്പോകാനാണ് മനസ്സ് വെമ്പിയതെങ്കിലും, അവൾ ആത്മസംയമനം പാലിച്ചു

നിരവധി വാതിലുകൾ മുട്ടി നോക്കിയിട്ടും ഒഴിവൊന്നുമില്ലെന്ന മറുമടി കേട്ട് മടുത്ത അവൾക്ക് ആ ജോലി അത്യാവശ്യമായിരുന്നു ഒരു വികാരക്ഷോഭത്താൽ കൈയ്യിൽ വന്നൊരു അവസരം നഷ്ടപ്പെടുത്താൻ അവൾക്ക് മനസ്സ് വന്നില്ല, കാരണം
ഇന്നും ജോലിയൊന്നും ശരിയായില്ലെന്ന് പറഞ്ഞ് തിരിച്ച് വീട്ടിൽ ചെല്ലാനും
തൻ്റെ ഭർത്താവിനെ അഭിമുഖീകരിക്കാനും അവൾക്കാവില്ലായിരുന്നു.

പെട്ടെന്നൊരു മറുപടി പറയാൻ എനിക്ക് കഴിയില്ല ,ഞാനൊന്ന് ആലോചിച്ചിട്ട് നാളെ മറുപടി പറഞ്ഞാൽ പോരെ സർ

ദയനീയതയോടെ ,അവൾ അയാളെ നോക്കി

ഓഹ്, ഒഫ് കോഴ്സ് ,പിന്നെ തീരുമാനം നാളെ തന്നെ പറയണം ,പറ്റില്ലെങ്കിൽ എനിക്ക് വേറെ ആളെ നോക്കാമല്ലോ?

ഇല്ല സാർ നാളെ തന്നെ ഞാൻ പറയാം

ഉം ശരി പൊയ്ക്കോളു

സ്പ്രിങ് ആക്ഷനുള്ള ഡോറ് വലിച്ച് തുറന്ന് പുറത്തേയ്ക്കിറങ്ങുമ്പോൾ അവളുടെ മനസ്സ് ഒരു തീരുമാനമെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു, തൻ്റെ യോഗ്യത വച്ച് ഇത്രയും സാലറിയുള്ളൊരു ജോബ് തനിക്ക് സ്വപ്നം കാണാൻ കൂടി കഴിയില്ല ഭർത്താവിൻ്റെ വരുമാനം നിലച്ചപ്പോൾ മുടങ്ങിയ വീട്ട് വാടക ചോദിച്ച് വന്ന ഹൗസ് ഓണർ എത്രയും പെട്ടെന്ന് വീടൊഴിഞ്ഞ് കൊടുക്കണമെന്ന്വാ ണിങ്ങ് തന്നിട്ടാണ് പോയത് , കുട്ടികളുടെ സ്കൂളിൽ നിന്നും ഫീസടയ്ക്കാനുള്ള മെസ്സേജുകൾ സ്ഥിരം വരുന്നുണ്ട് ,അദ്ദേഹത്തിന് വരുമാനമുണ്ടായിരുന്ന സമയത്താണ് സിറ്റിയിലെ പേര് കേട്ട സ്കൂളിൽ തന്നെ രണ്ട് പേരെയും കൊണ്ട് ചേർത്തത്, ഇല്ലായ്മയുടെ പേര് പറഞ്ഞ്, കുട്ടികളുടെ ഭാവി തുലയ്ക്കാൻ പാടില്ലല്ലോ? ദാരിദ്രൃം കൂടിയപ്പോൾ, പാലും പത്രവുമൊക്കെ വേണ്ടെന്ന് വച്ചെങ്കിലും, പലചരക്ക് കടയിലെ പറ്റ് ബുക്കിന് കനം കൂടി വന്നു, എംഡി, ഇന്ന് പറഞ്ഞ സാലറി മുടങ്ങാതെ കിട്ടുമെങ്കിൽ, എല്ലാ പ്രതിസന്ധികൾക്കും പരിഹാരമുണ്ടാകും

കലുഷിതമായ മനസ്സുമായാണ് വരദ,വീട്ടിൽ ചെന്ന് കയറിയത്

എന്താടീ ഇന്നും മൂഞ്ചിയോ?

ഭർത്താവിൻ്റെ ആ ചോദ്യത്തിൽ കടുത്ത നിരാശയും ആത്മനിന്ദയുമൊക്കെയുണ്ടന്ന് അവൾക്ക് തോന്നി.

ഇല്ല ചേട്ടാ … അത് ശരിയായി പക്ഷേ, നാളെ തന്നെ ജോയിൻ ചെയ്യണമെന്ന് പറഞ്ഞപ്പോൾ, ഞാൻ ഏട്ടനോട് ആലോചിച്ചിട്ട് മറുപടി പറയാമെന്ന് പറഞ്ഞു,

ങ്ഹേ സത്യം ,അപ്പോൾ ശബ്ബളം ?

നല്ല ശബ്ബളമാ ചേട്ടാ.. നമ്മുടെ എല്ലാ കാര്യങ്ങളും ബുദ്ധിമുട്ടില്ലാതെ നടക്കും, പഴയത് പോലെ അന്തസ്സായിട്ട് തന്നെ നമുക്ക് ജീവിക്കാം ചേട്ടാ..

എങ്കിൽ പിന്നെ, ഇപ്പോൾ തന്നെ വിളിച്ച് പറയെടീ.. ഇനിയെന്തിനാ ആലോചിക്കുന്നത്?

അത് വേണ്ട ചേട്ടാ.. നാളെ ഞാൻ ജോയിൻ ചെയ്യാൻ തയ്യാറായിട്ട് പോകാം,

ഉം ശരി,നിൻ്റെ ഇഷ്ടം,

അന്ന് രാത്രി ,വഴക്കൊന്നു മിടാതെ ,അയാൾ ശാന്തമായുറങ്ങുന്നത് കണ്ട്, അവൾക്ക് സമാധാനമായി.

*******************

ങ്ഹാ വരണം വരണം, എന്ത് തീരുമാനിച്ചു? ജോലി വേണോ? വേണ്ടേ?

പിറ്റേന്ന് എംഡിയുടെ കാബിനിൽ ചെന്നപ്പോൾ അയാൾ ചോദിച്ചു

വേണം സാർ ,ഈ ജോലിക്ക് തയ്യാറായിട്ടാണ് ഞാൻ വന്നിരിക്കുന്നത് ,അതിനായി എന്ത് വിട്ട് വീഴ്ചയ്ക്കും ഞാൻ തയ്യാറാണ്

ഉം വെരി ഗുഡ്

അതും പറഞ്ഞയാൾ മേശപ്പുറത്തിരുന്ന ഇൻ്റർ കോമിലൂടെ ആരെയോ ക്യാബിനിലേക്ക് വിളിച്ചു.

ങ്ഹാ മീരാ… ഇത് വരദ , ബി സെക്ഷനിൽ സൗമ്യയുടെ സീറ്റ് ഇനി മുതൽ വരദയാണ് കൈകാര്യം ചെയ്യുന്നത് , എന്താ ചെയ്യേണ്ടതെന്ന് മീര ഒന്ന് പറഞ്ഞ് കൊടുക്കണം

ശരി സർ,വരദേ ..വരൂ,

മീരയോടൊപ്പം കോറിഡോറിലൂടെ നടക്കുമ്പോൾ വരദയുടെ മനസ്സ് അശാന്തമായിരുന്നു

വരാൻ പോകുന്ന വലിയൊരു വിപത്തിനെ എങ്ങനെ നേരിടുമെന്ന ചിന്ത അവളെ ഇടയ്ക്കിടെ ചുട്ട് പൊള്ളിച്ചു

ഏത് നിമിഷവും ,തന്നിലേക്ക് അയാളുടെ കടന്ന് കയറ്റമുണ്ടാവും, കുറച്ച് ദിവസമെങ്കിലും പിടിച്ച് നില്ക്കാൻ കഴിഞ്ഞാൽ അതിനിടയിൽ മറ്റൊരു ജോലിക്കുള്ള ശ്രമവും നടത്താം എന്തായാലും ഉടനെയൊന്നും അയാൾ തന്നോട് മിസ് ബിഹേവ് ചെയ്യില്ലെന്ന് അവൾ സമാധാനിച്ചു.

പക്ഷേ ആ സമാധാനം വൈകുന്നേരം അഞ്ച് മണി വരെ നീണ്ട് നിന്നുള്ളു

ജോലി കഴിഞ്ഞ് പുറത്തേയ്ക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് ഇൻ്റർകോ മിലുടെ എംഡി ക്യാബിനിലേക്ക് ചെല്ലാൻ പറഞ്ഞത്

എന്താ സാർ വിളിച്ചത്?

ങ്ഹാ വരദയ്ക്ക് നാളെ ഡ്യൂട്ടി ഇവിടെയല്ല എൻ്റെ വീട്ടിലാണ് ,നാളെ അവളും പിള്ളേരും തറവാട്ടിൽ പോകുന്നു, അപ്പോൾ പിന്നെ ഹോട്ടലിലൊക്കെ റൂമെടുത്ത് വെറുതെ പൈസ കളയുന്നതെന്തിനാ?

ഇടിവെട്ടേറ്റത് പോലെ അവൾ വിറച്ച് പോയി.

സർ അത് ,നാളെ ?

എന്താ നാളെ വല്ല പ്രശ്നവുമുണ്ടോ ?

അതല്ല സർ, പെട്ടെന്നിങ്ങനെ പറഞ്ഞപ്പോൾ ,പിന്നീടൊരിക്കൽ പോരെ സർ?

ഹേയ് ,എന്താ വരദേ ഇത് ?നമ്മൾ തമ്മിലുണ്ടാക്കിയ എഗ്രിമെൻ്റ് മറന്ന് പോയൊ?
ഇതൊക്കെ ഒരു മൂഡൊള്ളപ്പോഴല്ലേ ചെയ്യേണ്ടത്? തുടക്കത്തിലേ താനിങ്ങനെ ഉഴപ്പിയാൽ, ഞാൻ വേറെ ആരെയെങ്കിലും ജോലിക്ക് വയ്ക്കേണ്ടി വരുമല്ലോ?

അയ്യോ വേണ്ട സർ ,ഞാൻ വരാം,

ഒന്നുമാലോചിക്കാതെ അവൾ സമ്മതം മൂളി.

തിരിച്ച് വീട്ടിലേക്ക് പുറപ്പെടുമ്പോൾ കുറ്റബോധം കൊണ്ട് അവളുടെ മനസ്സ് നീറി.

ബസ് സ്റ്റോപ്പിലിറങ്ങിയിട്ട്, ഇട വഴിയിലൂടെ വീട്ടിലേക്ക് നടക്കുമ്പോൾ, ബാഗിൽ നിന്ന് മൊബൈലെടുത്ത് അവൾ എംഡിയുടെ നമ്പരിലേക്ക് വിളിച്ചു.

ഹലോ സർ, ഞാൻ വരദയാണ്,

ആഹ് പറയൂ വരദ?

സർ നാളെ ഞാൻ അങ്ങോട്ട് വന്നാൽ ,അവിടെ ജോലിക്കാരൊക്കെ ഉണ്ടാവില്ലേ? അവരൊക്കെ എന്നെ കണ്ടാൽ, അതെൻ്റെ ഇമേജിനെ ബാധിക്കില്ലേ? പിന്നീടവരെന്നെ ആ ഒരർത്ഥത്തിൽ കമൻറടിക്കുകയും, ചിരിക്കുകയുമൊക്കെ ചെയ്താൽ, എനിക്കത് സഹിക്കാൻ കഴിയില്ല സർ ,അത് കൊണ്ട് നാളെ എൻ്റെ വീട്ടിലോട്ട് വരാവോ സർ? ഇവിടെയും ഞാനൊറ്റയ്ക്കായിരിക്കും സർ, നാളെ ഇവിടുത്തെ അമ്പലത്തിൽ കൊടിയേറ്റായത് കൊണ്ട് ,പരിസരത്തൊന്നും ആരുമുണ്ടാവില്ല

ഓഹ് അതിനെന്താ അങ്ങനാവട്ടെ, വീട് ,ബേക്കറി ജംഗ്ഷന് അടുത്താണെന്നല്ലേ പറഞ്ഞത്, നാളെ ഒരു ഒൻപത് മണിയാകുമ്പോൾ ഞാനങ്ങോട്ട് വരാം, ജംഗ്ഷനിൽ വന്ന് വിളിക്കുമ്പോൾ വഴിപറഞ്ഞ് തന്നാൽ മതി ,ഒകെ അപ്പോൾ നാളെ കാണാം

അതും പറഞ്ഞയാൾ ഫോൺ വയ്ക്കുമ്പോൾ, അവൾക്ക് പാതി സമാധാനമായിരുന്നു

പിറ്റേന്ന് വരദയുടെ ഫോണിൽ വിളിച്ച്, വഴി മനസ്സിലാക്കിയ അയാൾ, കൃത്യമായി അവളുടെ അടഞ്ഞ് കിടന്ന വീടിൻ്റെ കതകിൽ മുട്ടി.

അല്പം കഴിഞ്ഞ് വരദ വന്ന് കതക് തുറന്നു.

വരു സർ,

ഭംഗിയുള്ള നൈറ്റി ധരിച്ചിരിക്കുന്ന അവൾ തലേ ദിവസം കണ്ടതിലും സുന്ദരിയാണെന്ന് അയാൾക്ക് തോന്നി .

വീടൊക്കെ അത്യാവശ്വം സൗകര്യമുള്ളതാണല്ലോ വരദേ ?ഒരു ജോലിക്ക് വേണ്ടി താൻ എൻ്റെ ഡിമാൻറുകൾ അംഗീകരിച്ചപ്പോൾ ഞാൻ കരുതിയത് ,അത്ര ഗതികേട് കൊണ്ടായിരിക്കുമെന്നാണ്, ഇപ്പോഴല്ലേ മനസ്സിലായത് സുഖലോലുപതയിൽ ജീവിക്കാനുള്ള ആഗ്രഹം കൊണ്ടാണ് താൻ സമ്മതിച്ചതെന്ന്, അതെന്തായാലും എന്നെ ബാധിക്കുന്ന കാര്യമല്ല, വെറുതെ സമയം കളയേണ്ട? താനിവിടെ അടുത്ത് വന്നിരിക്ക്

അയാൾ അവളുടെ കൈയ്യിൽ പിടിച്ച് വലിച്ച് കൊണ്ട് പറഞ്ഞു.

അയ്യോ സർ , നമുക്ക് ബെഡ് റൂമിലേക്ക് പോകാം, ഇവിടെ വച്ച് വേണ്ട

ഓകെ, എന്നാൽ അകത്തേയ്ക്ക് പോകാം

വരദയുടെ പിന്നാലെ അകത്തേയ്ക്ക് കയറുമ്പോൾ അയാൾ ഉന്മാദ ചിത്തനായിരുന്നു.

പെട്ടെന്ന് ആ കാഴ്ച കണ്ട് അയാൾ വിറങ്ങലിച്ച് നിന്ന് പോയി.

അവിടെ കട്ടിലിന് മുകളിൽ ,കഴുത്ത് വരെ കമ്പിളി പുതച്ച് ഒരു പുരുഷൻ കിടക്കുന്നു

ഇരിക്കു സർ,

കട്ടിലിൽ കിടന്ന് കൊണ്ട് വരദയുടെ ഭർത്താവ് അയാളോട് പറഞ്ഞു

ഇതെൻ്റെ ഭർത്താവാണ് സർ, സാറിപ്പോൾ വിചാരിക്കുന്നുണ്ടാവും, ഇവിടെ ആരുമുണ്ടാവില്ലെന്ന് പറഞ്ഞ് വിളിച്ചിട്ട്, ഭർത്താവിൻ്റെ മുന്നിൽ പ്രസൻറ് ചെയ്തതെന്തിനാന്നെന്ന്, അത് സാറിന് എന്നെക്കുറിച്ച് ഇത് വരെയുണ്ടായിരുന്ന തെറ്റിദ്ധാരണ മാറാൻ വേണ്ടിയാണ് , കാരണം ഒരു വർഷമായി കഴുത്തിന് കീഴ്പോട്ട് തളർന്ന് കിടക്കുന്ന ഇദ്ദേഹം, ഉള്ളതും ഇല്ലാത്തതും കണക്കാണ് സാർ, ഞാനോ സാറോ ഈ വീടിൻ്റെ മറ്റൊരു മുറിയിൽ എന്ത് കാണിച്ചാലും, ഇദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിയില്ല ,പിന്നെ സാറ് കുറച്ച് മുൻപ് പറഞ്ഞില്ലേ?സുഖലോലുപതയോടെ ജീവിക്കാനാണ് ,ഞാൻ സാറിൻ്റെ ഡിമാൻ്റ് അംഗീകരിച്ചതെന്ന്, ഗതികേട് കൊണ്ടല്ലാതെ, ഒരു സ്ത്രീയും അങ്ങനെയൊരു ജീവിതം തേടി പോകുമെന്ന് എനിക്ക് തോന്നുന്നില്ല സർ ,ഞാനെന്ത് കൊണ്ടാണ് അങ്ങയെ ഇങ്ങോട്ട് ക്ഷണിച്ചതെന്ന് ഇപ്പോൾ മനസ്സിലായി കാണുമല്ലോ?, അങ്ങയെ പോലെയുള്ള മുതലാളിമാരുടെ കാൽക്കീഴിൽ, ഒരു സ്ത്രീ തൻ്റെ മാനം കാഴ്ചവയ്ക്കേണ്ടി വരുന്നത്ഇ ത് പോലൊരു സാഹചര്യമുണ്ടാകുമ്പോഴാണ് ,എന്നെപ്പോലെയുള്ളവരുടെ ദൗർബ്ബല്യത്തെയാണ് സാർ നിങ്ങളെപ്പോലുള്ളവർ ദുരുപയോഗം ചെയ്യുന്നത്ഇ പ്പോൾ സാറ് ചിന്തിക്കുന്നുണ്ടാവും ഇത്ര ഗതികേടാണ്ടെങ്കിൽ പോയി ആത്മഹത്യ ചെയ്ത് കൂടേന്ന് അതും ഞങ്ങൾ ആലോചിച്ചതാണ് സർ ,പക്ഷേ എട്ടും പൊട്ടും തിരിയാത്ത ഞങ്ങളുടെ മക്കൾ, അവർ ജീവിച്ച് തുടങ്ങുന്നതല്ലേയുള്ളു സർ, ജീവിക്കാനുള്ള അവകാശം അവർക്കുമില്ലേ ?സർ, അവരെ ഓർത്തിട്ടാണ് ഞങ്ങൾ ഇപ്പോഴും ജീവിക്കുന്നത്

എംഡിയുടെ മുഖത്തെ വിളർച്ച അവൾ കാണുന്നുണ്ടായിരുന്നു

സോറി വരദേ..എന്നോട് ക്ഷമിക്കു, ഇതൊന്നും ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല ,കാശും സൗകര്യങ്ങളുമൊക്കെ ആയപ്പോൾ ഞാൻ ഒരു പാട് അഹങ്കരിച്ച് പോയി ,ഇന്ന് വരദയുടെ ഭർത്താവിൻ്റെ ഈ അവസ്ഥ നാളെ എനിക്കും വരാവുന്നതേയുള്ളു ,അന്ന് വരദയുടെ സ്ഥാനത്ത് എൻ്റെ ഭാര്യ വരുന്നത് എനിക്കോർക്കാൻ കൂടി കഴിയില്ല ,ഞാൻ പോകുന്നു വരദ ,എനിക്ക് തിരിച്ചറിവുണ്ടാക്കിതന്നതിന് തനിക്ക് ഞാനൊരു സമ്മാനം തരുന്നുണ്ട് ,നാളെ മുതൽ താൻ കമ്പനിയുടെ അസിസ്റ്റൻ്റ് മാനേജരായിട്ടായിരിക്കും ജോലിയിൽ തുടരുന്നത് ,അപ്പോൾ തൻ്റെ ഭർത്താവിൻ്റെ ചികിത്സാ ചിലവിനുള്ള കുറച്ച് കൂടി നല്ല ശബ്ബളവും കിട്ടും ,എങ്കിൽ ഞാനിറങ്ങട്ടെ നാളെ ഓഫീസിൽ കാണാം

അയാൾ ,യാത്ര പറഞ്ഞിറങ്ങുമ്പോൾ ഒരു വലിയ സുനാമിയെ അതിജീവിച്ച ആശ്വാസമായിരുന്നു വരദയ്ക്ക് .